6 May 2024, Monday

ഒക്ടോബർ വിപ്ലവം; മാനവ ചരിത്രത്തിലെ വിപ്ലവേതിഹാസം

കാനം രാജേന്ദ്രൻ
November 7, 2021 5:30 am

നവംബർ ഏഴിന് മഹത്തായ ഒക്ടോബർ വിപ്ലവത്തിന്റെ നൂറ്റിഅഞ്ചാം വാർഷികമാഘോഷിക്കുകയാണ്. 1917 ഒക്ടോബർ 25ന് (പുതിയ കലണ്ടർ പ്രകാരം നവംബർ ഏഴ്) തൊഴിലാളി വർഗത്തിന്റെ നേതൃത്വത്തിൽ റഷ്യയിൽ നടത്തിയ ഒക്ടോബർ വിപ്ലവം മാനവ ചരിത്രത്തിൽ പുതിയ അധ്യായം സൃഷ്ടിച്ച യുഗപ്രഭാവമുള്ള വിപ്ലവമായിരുന്നു. ലോകത്തിന്റെ ചരിത്ര ഗതിയെതന്നെ മാറ്റിമറിച്ച ഒക്ടോബർ വിപ്ലവം ”മനുഷ്യ സമുദായ ചരിത്രത്തിലെ മഹത്തരവും സുവർണവുമായ” സംഭവമായിട്ടാണ് രവീന്ദ്രനാഥ ടാഗോർ വിലയിരുത്തിയിട്ടുള്ളത്. ഒക്ടോബർ വിപ്ലവത്തിന് പ്രചോദനമേകിയതും അതു സംഘടിപ്പിച്ചതും തൊഴിലാളി വർഗത്തിന്റെയും അതിന്റെ എക്കാലത്തെയും മഹാനായ നേതാവ് ലെനിന്റെയും നേതൃത്വത്തിലായിരുന്നു.

ആഫ്രിക്കൻ വിമോചന പ്രസ്ഥാനത്തിന്റെ നേതാവായ അമില്‍കർ കാബ്രാളിന്റെ വാക്കുകൾ ഇത്തരുണത്തിൽ സ്മരണാർഹമാണ്. ”മഹത്തായ ഒക്ടോബർ സോഷ്യലിസ്റ്റ് വിപ്ലവം റഷ്യയിലെ ജനതകളുടെ ജീവിതത്തിൽ മാറ്റം വരുത്തി. കൂടാതെ കോടിക്കണക്കിന് മർദ്ദിത ജനവിഭാഗങ്ങൾക്ക് അത് വിപ്ലവ സമരത്തിന്റെ പാത കാട്ടിക്കൊടുക്കുകയും ചെയ്തു. ലോകത്തൊട്ടാകെ ദേശീയ വിമോചന പ്രസ്ഥാനത്തിന്റെ വിജയകരമായ ജൈത്രയാത്രയെ അത് ഉത്തേജിപ്പിച്ചു”. എത്രയോ വിലയേറിയതും യാഥാർത്ഥ്യപൂർണവുമാണ് ഈ അഭിപ്രായ പ്രകടനം. ഒരു നൂറ്റാണ്ടിനപ്പുറം റഷ്യയിൽ നടന്ന സോഷ്യലിസ്റ്റ് വിപ്ലവം ലോകത്താകമാനം നടന്ന വിമോചന പോരാട്ടങ്ങൾക്ക് പ്രചോദനവും കരുത്തും നൽകി. ഇന്ത്യയിലെ ദേശീയ സ്വാതന്ത്ര്യ സമരത്തിലും റഷ്യൻ വിപ്ലവ വിജയത്തിന്റെ സ്വാധീനം വളരെ വലുതാണ്.

ഒക്ടോബർ വിപ്ലവം ലോകത്തെമ്പാടും കമ്മ്യൂണിസ്റ്റുകാരെ മാത്രമല്ല അല്ലാത്ത പ്രതിഭാശാലികളെയും സ്വാധീനിക്കുകയുണ്ടായി. ”ക്രിസ്തുവിനു ശേഷമുള്ള ഏറ്റവും സുപ്രധാനമായ സംഭവം” എന്നാണ് പ്രൊഫ. ഹാരോൾഡ് ലാസ്കി വിലയിരുത്തിയത്. വിശ്വചരിത്രകാരനായ എച്ച് ജി വെൽസ് ”ഇസ്‌ലാമിക ആവിർഭാവത്തിന് ശേഷമുള്ള ഏറ്റവും സുപ്രധാന സംഭവമെന്ന്” രേഖപ്പെടുത്തി. അമേരിക്കൻ പത്രപ്രവർത്തകനായ ആൽബർട്ട് റിസ് വില്യംസ് യുദ്ധകാര്യ ലേഖകനായി യൂറോപ്പ് സന്ദർശിച്ച വേളയിൽ 1917 റഷ്യൻ വിപ്ലവത്തിന് നേർസാക്ഷിയായി. അദ്ദേഹം എഴുതിയ ‘റഷ്യൻ വിപ്ലവത്തിലൂടെ’ എന്ന ഗ്രന്ഥവും ‘ലോകത്തെ പിടിച്ചു കുലുക്കിയ പത്ത് ദിവസങ്ങൾ’ എന്ന ജോൺ റീഡിന്റെ വിഖ്യാത ഗ്രന്ഥവും ഒക്ടോബർ വിപ്ലവത്തെ അപകീർത്തിപ്പെടുത്തിക്കൊണ്ട് ഒട്ടേറെ നുണക്കഥങ്ങൾ മെനഞ്ഞ പാശ്ചാത്യ മാധ്യമങ്ങൾക്കുള്ള മറുപടിയാണ്. ഒക്ടോബർ വിപ്ലവത്തിലും മാർക്സിസത്തിലും ആകൃഷ്ടരായി കോളനി വിരുദ്ധ പോരാട്ടങ്ങൾ സംഘടിപ്പിക്കുകയും നേതൃത്വം നൽകുകയും ചെയ്തുകൊണ്ട് രാജ്യങ്ങളെ കൊളോണിയൽ നുകത്തിൽ നിന്നു മോചിപ്പിച്ച നിരവധി നേതാക്കളുണ്ട്. ആഫ്രിക്കൻ ഭൂഖണ്ഡത്തിൽ നോയൽ സങ്കാര, നെൽസൺമണ്ടേല, ജൂലിയസ് നരേര അങ്ങനെ എത്രയോ മഹത് വ്യക്തിത്വങ്ങൾ. വിമോചന പോരാട്ടങ്ങളിലൂടെ സ്വാതന്ത്ര്യം നേടിയ ഇന്ത്യയുൾപ്പെടെയുള്ള വികസ്വര രാജ്യങ്ങൾക്ക് നിർലോഭമായ സഹകരണം സോവിയറ്റ് യൂണിയൻ നൽകിപ്പോന്നു.


ഇതുകൂടി വായിക്കുക: ക്യൂബയിലെ വാക്സിൻ വിപ്ലവം


ലോക വിപ്ലവ പ്രസ്ഥാനത്തിന്റെ കേന്ദ്രമായി റഷ്യ മാറിയ ഘട്ടത്തിലാണ് റഷ്യൻ വിപ്ലവം നടക്കുന്നത്. റഷ്യൻ വിപ്ലവത്തിന്റെ മാതൃകയിൽ ഒരു വിപ്ലവവും ചരിത്രത്തിൽ പിന്നീടുണ്ടായിട്ടില്ല. രാഷ്ട്രങ്ങളുടെ കാരാഗൃഹം എന്നാണ് സാറിസ്റ്റ് റഷ്യയെ വിളിച്ചിരുന്നത്. സാർ ചക്രവർത്തിയുടെ ഭരണത്തിൻകീഴിൽ ലോകത്തിലെ തന്നെ ഏറ്റവും പിന്നാക്കം നിൽക്കുന്ന രാജ്യം. ഉണ്ണാനും ഉടുക്കാനും ഇല്ലാതെ കൊടും ദാരിദ്ര്യത്തിന്റെ കൊടുമുടിയില്‍ ദുരവസ്ഥയിലായിരുന്നു റഷ്യൻ ജനങ്ങളിൽ തൊണ്ണൂറ്റി ഒമ്പതു ശതമാനവും. തൊഴിലാളി വർഗം അതി പൈശാചികമായ കൊടിയ ചൂഷണത്തിനും സ്വേച്ഛാധിപത്യ ഭരണകൂടത്തിൽ നിന്നും ദയാരഹിതമായ മർദ്ദനങ്ങൾക്കും അടിച്ചമർത്തലിനും വിധേയമായിരുന്നു. ലെനിന്റെ ജ്യേഷ്ഠ സഹോദരനായ അലക്സാണ്ടറെ പോലെ സാറിസ്റ്റ് ഏകാധിപത്യത്തിനെതിരെ പ്രതിഷേധ സ്വരങ്ങളുയർത്തിയവരെ ഭരണകൂടം നിഷ്കരുണം ഇല്ലായ്മ ചെയ്തു. മഹാനായ ലെനിന്റെ നേതൃത്വത്തിൽ 1895ൽ സ്ഥാപിച്ച തൊഴിലാളി വർഗ വിമോചന സമര ലീഗിനേയും തച്ചുതകർത്തു. 1898ൽ റഷ്യൻ സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടി രൂപീകരിച്ചു. 1903ൽ ലണ്ടനിൽ ചേർന്ന രണ്ടാം പാർട്ടി കോൺഗ്രസാണ് റഷ്യൻ വിപ്ലവത്തിനുള്ള വ്യക്തമായ വിപ്ലവ പരിപാടിക്ക് രൂപം നൽകിയതും അംഗീകരിച്ചതും. ഈ പരിപാടി അവതരിപ്പിച്ച ലെനിന്റെ നേതൃത്വത്തിലുള്ളവരെ ബോൾഷെവിക്കുകളെന്നും ഇതിനെ എതിർത്തവര്‍ മെൻഷെവിക്കുകളെന്നും അറിയപ്പെട്ടു. മാർക്സിസ്റ്റ് സിദ്ധാന്തത്തെ റഷ്യൻ സാഹചര്യത്തിൽ, റഷ്യയുടെ വിപ്ലവ പാത നിർണയിക്കുന്നതിനുള്ള മൂർത്തമായ പരിപാടികൾക്ക് വഴികാട്ടിയായി, ബോൾഷെവിക്ക് പാർട്ടിയും അതിന്റെ നേതാവായ ലെനിനും സ്വീകരിച്ചു. റഷ്യൻ വിപ്ലവത്തിലേക്ക് നയിച്ച സംഭവ പരമ്പരകളെയും സങ്കീർണതകളെയും ഗതിവിഗതികളെയും അതിന്റെ ചരിത്രത്തെയും ഒരു ലേഖനത്തിൽ ഒതുക്കുക അസാധ്യമാണ്. അത്രയേറെ സംഭവബഹുലമായിരുന്നു റഷ്യൻ വിപ്ലവം.

ഒന്നാം ലോകയുദ്ധത്തിന്റെ കെടുതികൾക്കിടയിൽ 1917 ഫെബ്രുവരി വിപ്ലവത്തിലൂടെ സാർ ഭരണം അവസാനിപ്പിച്ചെങ്കിലും വിപ്ലവത്തിന്റെ രണ്ടാം ഘട്ടമായ ഒക്ടോബർ 25നാണ് വിപ്ലവത്തിന്റെ രണ്ട് ഘട്ടങ്ങൾ പൂർത്തീകരിച്ചത്. പഴയ ജൂലിയൻ കലണ്ടർ പ്രകാരം ഒക്ടോബർ 26 (നവംബർ ഏഴ്) സോവിയറ്റുകളുടെ രണ്ടാം അഖില റഷ്യൻ കോൺഗ്രസ് ചേർന്നു. ലെനിന്റെ നേതൃത്വത്തിൽ ഭരണാധികാരം ഏറ്റെടുത്തുവെന്നും സോവിയറ്റ് ഗവണ്മെന്റ് സ്ഥാപിതമായെന്നും കോൺഗ്രസ് പ്രഖ്യാപിച്ചു. യുദ്ധം അവസാനിപ്പിച്ച് സമാധാനം പുനഃസ്ഥാപിക്കാൻ എല്ലാ ഗവണ്മെന്റുകളോടും ആവശ്യപ്പെടുന്ന പ്രമേയം അംഗീകരിച്ചു. ലെനിന്റെ നേതൃത്വത്തിൽ ഒരു ജനകീയ മന്ത്രിസഭയ്ക്ക് കോൺഗ്രസ് അംഗീകാരം നൽകി. സോവിയറ്റ് ഗവണ്മെന്റിനെ തകർക്കാനായി റഷ്യയിലെ ഭൂമിയും വ്യവസായങ്ങളും സ്വാധീനവും നഷ്ടപ്പെട്ട ജന്മിമാരുടെയും മുതലാളിമാരുടെയും നേതൃത്വത്തിൽ പ്രതി വിപ്ലവകാരികൾ രംഗത്തിറങ്ങിയപ്പോൾ അമേരിക്കയുൾപ്പെടെയുള്ള സാമ്രാജ്യത്വ ശക്തികൾ സൈനികമായി അവർക്ക് പിന്തുണയുമായി രംഗത്തുവന്നു. ഇവർ ഉയർത്തിയ കലാപങ്ങൾ അവസാനിച്ച 1922 ൽ മാത്രമാണ് സോവിയറ്റ് ഭരണകൂടത്തിന് സർഗാത്മകമായ പ്രവർത്തനം ആരംഭിക്കാൻ കഴിഞ്ഞത്. വിപ്ലവാനന്തര സോഷ്യലിസ്റ്റ് ഭരണത്തെ തച്ച് തകർക്കാനുള്ള എല്ലാ കുത്സിത മാർഗങ്ങളും ലോക സാമ്രാജ്യത്വശക്തികൾ സ്വീകരിച്ചെങ്കിലും ഏവരെയും അമ്പരപ്പിച്ചുകൊണ്ട് സാമ്രാജ്യത്വ ശക്തികൾക്ക് അഭിമുഖമായി വൻ ശാക്തിക ചേരിയായി മാറുകയായിരുന്നു സോവിയറ്റ് യൂണിയൻ.


ഇതുകൂടി വായിക്കുക: കര്‍ഷക സമരം ഒരു രാഷ്ട്രീയ ശക്തിയാകും


1940കളിൽ ജർമ്മനിയിൽ ഫാസിസ്റ്റ് ഭരണം നടപ്പിലാക്കിക്കൊണ്ട് രാജ്യങ്ങളെ ഒന്നൊന്നായി കീഴടക്കാൻ ഹിറ്റ്ലർ ആരംഭിച്ച രണ്ടാം ലോകമഹായുദ്ധത്തിൽ നിന്ന് മാനവരാശിയെ ആകെ രക്ഷിക്കാൻ സോവിയറ്റ് ജനതയും റെഡ് ആർമിയും നടത്തിയ ത്യാഗപൂർണമായ പോരാട്ടത്തിന് ലോകം എക്കാലവും അവരോട് കടപ്പെട്ടിരിക്കുന്നു. സോവിയറ്റ് യൂണിയൻ ഇന്ത്യയുടെ ഏറ്റവും ഉറ്റ സുഹൃത്‌രാജ്യമായിരുന്നു.ഏഴ് ദശാബ്ദത്തിലധികം സോവിയറ്റ് യൂണിയനിൽ നിലനിന്ന സോഷ്യലിസ്റ്റ് ഭരണക്രമത്തേയും റഷ്യൻ ജനത കൈവരിച്ച നേട്ടങ്ങളെയും നിരാകരിക്കാനും നിഷേധിക്കാനും ചിലർ നടത്തുന്ന ശ്രമങ്ങൾ പാഴ്‌വേലയാണ്. ലോകത്തിലെ ഒരു വ്യവസ്ഥ എന്ന നിലയിൽ സോഷ്യലിസ്റ്റ് ഭരണക്രമമാണ് മെച്ചപ്പെട്ടതെന്ന് ബോധ്യപ്പെടുത്തുന്ന സംഭവഗതികളാണ് സമകാലീന ലോകത്തുണ്ടാകുന്നത്.

സോവിയറ്റ് യൂണിയന്റെയും കിഴക്കൻ യൂറോപ്പിലെ സോഷ്യലിസ്റ്റ് രാജ്യങ്ങളുടെയും തകർച്ചയ്ക്ക് ശേഷം മാർക്സിസം ലെനിനിസം പ്രതിസന്ധി നേരിടുന്നു എന്നുള്ളത് വാസ്തവമാണ്. ഫ്രാൻസിസ് ഫുക്കുയാമയുടെ ചരിത്രത്തിന്റെ അന്ത്യം (എന്റ് ഓഫ് ഹിസ്റ്ററി) ലോകത്തുള്ള വലതുപക്ഷ രാഷ്ട്രീയ പരിസരങ്ങളിൽ ആഘോഷിക്കപ്പെട്ടു. 2018ൽ ന്യൂ സ്റ്റേറ്റ്സ് മെൻ എന്ന പത്രത്തിൽ ഫ്രാൻസിസ് ഫുക്കുയാമ നൽകിയ അഭിമുഖത്തിൽ സോഷ്യലിസം തിരികെ വന്നേക്കാമെന്നും ഉദാര ജനാധിപത്യം ശാശ്വതമല്ല എന്നും പറയേണ്ടിവന്നു. എന്നാൽ അതിന് ശേഷവും മാർക്സിസ്റ്റ് ലെനിനിസ്റ്റ് പ്രത്യയശാസ്ത്രം തളരുകയല്ല മറിച്ചു പ്രസക്തമായി മാറുകയാണുണ്ടായത്. 2008ൽ സംഭവിച്ച ആഗോള സാമ്പത്തിക പ്രതിസന്ധിക്ക് ശേഷം തൊഴിലാളിവർഗ രാഷ്ട്രീയം വീണ്ടും ശക്തമായ ചർച്ച വിഷയമായി. വാൾസ്ട്രീറ്റ് സമരമടക്കം ലോകത്ത് ഒരുപാട് പ്രതിഷേധ അലയൊലികൾ ഉണ്ടായി. ഏറ്റവും ഒടുവിൽ ചിലിയിൽ നവലിബറൽ മുതലാളിത്ത നയങ്ങൾ ചോദ്യം ചെയ്യപ്പെടുകയാണ്. എന്നു മാത്രമല്ല, സോഷ്യലിസ്റ്റ് ഭരണാധികാരിയായിരുന്ന സാൽവദോർ അലൻഡേയ്ക്കുള്ള അംഗീകാരവും അലൻഡേ ഉയർത്തിപ്പിടിച്ച ആശയങ്ങൾക്ക് സ്വീകാര്യതയും വർധിച്ചു വരുന്നുണ്ട്. ഈ കഴിഞ്ഞ സെപ്റ്റംബറിൽ റഷ്യയിൽ ഡ്യൂമയിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ ക്രമക്കേടുകൾ നടന്നിട്ട് പോലും റഷ്യൻ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ വർധിച്ച വോട്ട് വിഹിതം മറച്ചു വയ്ക്കാൻ ഭരണകൂടത്തിന് കഴിഞ്ഞില്ല. ഇന്ന് പ്രധാന പ്രതിപക്ഷം റഷ്യൻ കമ്മ്യൂണിസ്റ്റ് പാർട്ടിയാണ്. സ്കാന്റിനേവിയൻ രാജ്യങ്ങളിൽ പലയിടത്തും ഭരണപക്ഷത്താണ് ഇടതുപക്ഷം.


ഇതുകൂടി വായിക്കുക: ധവളവിപ്ലവം യാഥാര്‍ത്ഥ്യമാകുന്ന കേരളം


ലോക സോഷ്യലിസ്റ്റ് പ്രസ്ഥാനങ്ങൾ ഇല്ലാതായി എന്ന് പറയപ്പെടുന്ന ഈ കാലഘട്ടത്തിലും ലോകത്തുള്ള കമ്മ്യൂണിസ്റ്റ് പാർട്ടികൾ യോഗങ്ങൾ ചേരുകയും പരസ്പരം വിവിധ പ്രശ്നങ്ങളെക്കുറിച്ചു ചർച്ചകൾ നടത്തുകയും ആശയവിനിമയം നടത്തുകയും ചെയ്തുവരുന്നുണ്ട്. കമ്മ്യൂണിസത്തിലേക്ക് റഷ്യയിലെ യുവാക്കൾ ആകൃഷ്ടരാകുന്നുണ്ട്. സ്ലോവേനിയ, ചിലി, ബ്രിട്ടൻ, ഫ്രാൻസ്, ഇറ്റലി തുടങ്ങിയ രാജ്യങ്ങളിൽ വലതുപക്ഷ ഭരണകൂടങ്ങൾക്ക് എതിരെ ശക്തമായ പ്രതിഷേധങ്ങൾ ഉയരുന്നു. പലയിടത്തും പ്രത്യക്ഷപ്പെട്ട ചുമരെഴുത്തുകളിൽ ബോൾഷെവിക് വിപ്ലവത്തിനെ ഓർമ്മപ്പെടുത്തുന്ന മുദ്രാവാക്യങ്ങൾ ഉണ്ടായിരുന്നു.സോവിയറ്റ് യൂണിയന്റെ പതനത്തോടെ ചരിത്രം അവസാനിച്ചു എന്ന് ഉദ്ഘോഷിക്കുന്നവർ അമേരിക്കയുൾപ്പെടെയുള്ള മൂലധന സാമ്രാജ്യത്വ ശക്തികൾ അഗാധ പ്രതിസന്ധിയിലാണെന്നത് ബോധപൂർവം വിസ്മരിക്കുകയാണ്. സോഷ്യലിസം തന്നെയാണ് ലോകത്തിന്റെ മുന്നിലുള്ള ശരിയായ പന്ഥാവ്. ലോകസംഭവ ഗതികൾ നമ്മെ ഓർമ്മിപ്പിക്കുന്നത് അത് തന്നെയാണ്. മഹത്തായ സോഷ്യലിസ്റ്റ് വിപ്ലവത്തിന്റെ സ്മരണകൾ എക്കാലവും ജ്വലിച്ചു തന്നെ നിൽക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.