26 April 2024, Friday

കെ പി കറുപ്പനും കേരളനവോത്ഥാനവും

ഡോ. സജിത കെ ആര്‍
May 24, 2023 4:45 am

കേരളനവോത്ഥാനം പുതിയ ഉണർവായല്ല ജ്ഞാനോദയമായാണ് കാണേണ്ടത്. സമൂഹം എങ്ങനെ ചിന്തിക്കണമെന്നു കേരളത്തെ പഠിപ്പിച്ചത് ഈ ജ്ഞാനോദയമാണ്. സാമാന്യബോധം, ശാസ്ത്രയുക്തി ഇവ പുതിയ ചിന്തകളെ ഉല്പാദിപ്പിച്ചു. അതുണ്ടായത് കീഴാള‑ദളിത് സമൂഹങ്ങളിൽ നിന്നായിരുന്നു. ഫ്യൂഡൽബോധ്യങ്ങളിൽ നിന്നു വ്യത്യസ്തമായിരിക്കണം ഇനിയുളള കാഴ്ചപ്പാടുകൾ. എന്നാൽ മാത്രമേ ഭൂരിഭാഗം വരുന്ന അടിസ്ഥാനജനതയ്ക്ക് തങ്ങളുടേതുകൂടിയാണ് ഈ നാടെന്ന ബോധ്യം വരൂ എന്നാണ് താഴെത്തട്ടിൽ നിന്നുളള ഈ ചിന്തയുടെ അടിസ്ഥാനം. ദേശീയമായും പ്രാദേശികമായും ഉണ്ടായ അത്തരം ഉണർവുകളെ നാം കണ്ടെത്തുന്നത് വൈകുണ്ഠസ്വാമി, നാരായണഗുരു, അയ്യന്‍കാളി, പണ്ഡിറ്റ് കറുപ്പൻ, സഹോദരൻ അയ്യപ്പൻ, അംബേദ്കര്‍ തുടങ്ങിയവര്‍ ഒരേപോലെ ചിന്തിച്ച കാലത്തിലൂടെയാണ്. കേരളമെന്ന് ഔദ്യോഗികമായി അറിയപ്പെടാത്ത അക്കാലത്ത് വ്യത്യസ്തമായ നാട്ടുരാജ്യങ്ങളിലിരുന്ന് അവർ കേരളത്തെപ്പറ്റിയും ഇന്ത്യയെപ്പറ്റിയും ലോകത്തെപ്പറ്റിയും ആഴത്തിൽ ചിന്തിച്ചു; പരിവർത്തനങ്ങൾക്ക് സജ്ജരാക്കി. കൊച്ചിരാജ്യത്തിലെ നവോത്ഥാനപ്രവർത്തനങ്ങളുമായി ബന്ധപ്പെട്ടാണ് കെ പി കറുപ്പൻ പ്രവർത്തനങ്ങൾ നടത്തിയത്. കീഴാളരുടെയും ദളിതരുടെയും വിദ്യാഭ്യാസത്തെയും സാമൂഹ്യോന്നമനത്തെയുമാണ് അദ്ദേഹം ലക്ഷ്യംവച്ചത്. പ്രധാനമായും മൂന്നുവഴികളാണ് അതിനായി തിരഞ്ഞെടുത്തത്-സാഹിത്യരചനകൾ, സംഘടനകൾ, നിയമസഭാപ്രാതിനിധ്യം.

ജാതിക്കുമ്മി, ഉദ്യാനവിരുന്ന്, ബാലാകലേശം എന്നീ കൃതികളാണ് അദ്ദേഹത്തിന്റേതായി പൊതുവെ അറിയപ്പെടുന്നവ. എന്നാൽ നാടകങ്ങൾ, ഖണ്ഡകാവ്യങ്ങൾ, ലഘുകാവ്യങ്ങൾ, മംഗളശ്ലോകങ്ങൾ, ചരമശ്ലാേകങ്ങൾ എന്നിങ്ങനെ പലഗണത്തിൽപ്പെട്ട സാഹിത്യകൃതികൾക്കു പുറമേ സാമൂഹ്യസംബന്ധിയായ ലേഖനങ്ങളടക്കം വൈവിധ്യമാർന്ന രചനകൾ അദ്ദേഹത്തിന്റേതായിട്ടുണ്ട്. തനിക്കു പറയാനുളളതെല്ലാം പറയാനുളള ഇടമായാണ് അദ്ദേഹം സാഹിത്യത്തെ കണ്ടത്. സൗന്ദര്യാനുഭൂതികളല്ല സാമൂഹ്യാവശ്യങ്ങളാണ് സാഹിത്യത്തിന് സൗന്ദര്യശാസ്ത്രമാക്കേണ്ടതെന്ന നിലപാട് അദ്ദേഹത്തിന്റെ കൃതികളില്‍ കാണാം. ജാതിക്കുമ്മി ഏറ്റവും നല്ല ഉദാഹരണമാണ്. ജാതിയെ ഇത്രയധികം വിശദീകരിച്ച കൃതി മലയാളത്തിൽ വേറെയില്ല. ജാത്യാചരണത്തിന്റെ കാഠിന്യം പലരൂപത്തിൽ ചർച്ചചെയ്യുന്ന ഈ കൃതി ബ്രാഹ്മണനിൽ നിന്നോ നായരിൽ നിന്നോ പുലയരോ പറയരോ അനുഭവിക്കുന്ന സാമൂഹ്യബഹിഷ്കരണമായി മാത്രമായല്ല ജാതി വായിക്കപ്പെടേണ്ടെതെന്ന് ഉദ്ബോധിപ്പിക്കുന്നു. കേരളത്തിലെ ജാത്യാചരണങ്ങൾ എന്തായിരുന്നവെന്നുവെന്നു കാണിക്കുന്ന ഒരു രേഖയാണ് ജാതിക്കുമ്മി.

 


ഇതുകൂടി വായിക്കു; ഈ പോരാട്ടത്തോട് കൈകള്‍ കോര്‍ക്കുക


ശങ്കരാചാര്യർക്ക് കാശിയിൽ വച്ചുണ്ടായ അനുഭവത്തിൽത്തുടങ്ങി ഇന്ത്യ, ഏഷ്യ, യൂറോപ്പ് എന്നിവിടങ്ങളിലെ ജാതിരഹിത നഗരജീവിതങ്ങളെ ചൂണ്ടിക്കാണിച്ചാണ് ജാതിക്കുമ്മി അവസാനിക്കുന്നത്. ഇന്ത്യൻ നഗരങ്ങളിലും ലോകനഗരങ്ങളിലും മനുഷ്യർ സമത്വത്തോടെ പുലരുന്നുണ്ടെന്നും ഗ്രാമങ്ങളിലാണ് ജാത്യാചരണം രൂക്ഷമെന്നും കാവ്യം നിരീക്ഷിക്കുന്നു. ഒരു നമ്പൂതിരിയും നായരും സഞ്ചരിക്കുന്ന വള്ളം മറിഞ്ഞു. അപ്പോൾ നായരോട് നമ്പൂതിരി വെളളം കലക്കിക്കുടിക്കാൻ ആവശ്യപ്പെട്ടു എന്ന ജാതിക്കഥ ‘നിലയില്ലാത്തപ്പോഴും ജാതിഭേദം ചൊല്ലിക്കലഹിച്ചു പോയല്ലോ’ എന്നാണ് ജാതിക്കുമ്മി ചർച്ചചെയ്യുന്നത്. ഉയർന്ന ജാതികൾ മാത്രമല്ല താഴ്ന്നതെന്നു പറയപ്പെടുന്ന തീയർ, പുലയർ, കണക്കൻ, പറയൻ എന്നിവരിലും കടുത്ത ജാതിവ്യത്യസങ്ങളുണ്ടെന്നും ജാതിക്കുമ്മി സാക്ഷ്യപ്പെടുത്തുന്നു. ഹിന്ദുമതത്തിലെ ജാതിയിൽ നിന്നു രക്ഷപ്പെടാൻ ആളുകൾ മതം മാറുന്നതും കാവ്യം ചർച്ചചെയ്യുന്നു.
ഇടക്കൊച്ചി ജ്ഞാനോദയം സഭ പ്രസിദ്ധീകരിച്ച കെ പി കറുപ്പന്റെ സമ്പൂർണകൃതികളിൽ ജാതിക്കുമ്മി 1912ൽ എഴുതിക്കഴിഞ്ഞെന്നും 1914ൽ പ്രസിദ്ധീകരിച്ചെന്നുമാണുള്ളത്. 1913ൽ നാടകപരീക്ഷയിൽ സമ്മാനിതമായ, 1914ൽ പ്രസിദ്ധീകരിച്ച ബാലാകലേശത്തിൽ ജാതിക്കുമ്മിയിലെ ആദ്യത്തെ 20 പാട്ടുകൾ പാടിക്കൊണ്ടാണ് കൊച്ചാലു പുലയൻ രംഗത്തുവരുന്നത്. 1913ൽ തന്നെയാണ് പുലയരുടെ ‘കായൽ സമ്മേളന’വും നടക്കുന്നത്. കുറച്ചു പുലയർ ഒരു ദിവസം തങ്ങൾക്കു പാടുവാൻ പാട്ടെഴുതിക്കൊടുക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് സമീപിച്ചതായി കറുപ്പൻ രേഖപ്പെടുത്തുന്നുമുണ്ട്. സന്ധ്യാനാമം പോലെ വിളക്കുകൊളുത്തിവെച്ച് ജാതിക്കുമ്മി പാടിയിരുന്ന ചെറുപ്പകാലം കഥാകൃത്ത് ടി കെ സി വടുതലയുടെ സ്മരണയിലുണ്ടെന്നതും ഇക്കാര്യം ഉറപ്പിക്കുന്നു.

‘ഉദ്യാനവിരുന്ന് ‘തന്റെ പ്രതിഷേധത്തിന്റെ രേഖപ്പെടുത്തലാണ്. മദിരാശി ഗവർണർ ഗോഷെൻ പ്രഭുവിന് കൊച്ചിയില്‍ ഒരുക്കിയ വിരുന്നിൽ എംഎൽസിയായ തനിക്കു ക്ഷണം കിട്ടിയില്ലെന്നത് കാര്യകാരണ സഹിതം ചോദ്യം ചെയ്യുകയാണ് ഈ കൃതി. ‘മതിരാശി രാഷ്ട്രസഭയിൽ ചണ്ഡാലവർഗീയനായ് രാജാവെന്നൊരു മർത്ത്യനുണ്ട് ’ എന്നൊരു പൊതുവിവരവും അദ്ദേഹം ഇതോടൊപ്പം ചേർത്തു വയ്ക്കുന്നുണ്ട്. പിൽക്കാലത്ത് ‘മറ്റൊരുദ്യാനവിരുന്ന് ‘എന്ന കൃതിയും അദ്ദേഹം രചിച്ചിട്ടുണ്ട്. കറുപ്പനെ ആദരിച്ചുകൊണ്ട് ശിഷ്യഗണം നടത്തിയ ഉദ്യാനവിരുന്നിൽ മുഖ്യാതിഥിയായി എത്തേണ്ടിയിരുന്നത് രാജാവിന്റെ ഭാര്യ വി കെ പാറുക്കുട്ടി നേത്യാരമ്മയായിരുന്നു. അവർ എത്താഞ്ഞ ദുഃഖത്തിലാണ് ഈ രചന നടത്തിയത്. കെ പി കറുപ്പൻ തന്റെ പ്രവർത്തനങ്ങൾ, പുലയരുടെയും അരയരുടെയും ആചാരപരിഷ്കരണങ്ങളിലാണ് കേന്ദ്രീകരിച്ചത്. ഏതാണ്ടെല്ലാ കൃതികളിലും ഏതെങ്കിലും സന്ദർഭമുണ്ടാക്കി അദ്ദേഹം അതു ചർച്ച ചെയ്യും. ആചാരഭൂഷണം, ജനനം മുതൽ മരണം വരെ പുലയർ പാലിക്കേണ്ട കാര്യങ്ങളുടെ കൈപ്പുസ്തകമാണ്. അതിലെ പ്രധാന നിർദേശങ്ങളിലൊന്ന് ചാത്തൻ, വളവൻ, വണ്ടി, കൂറ്റൻ തുടങ്ങിയ പേരുകളല്ല ഇനിയിടേണ്ടതെന്നാണ് . അപകർഷതയുണ്ടാക്കുന്ന ജാതിനാമങ്ങൾ ഉപേക്ഷിച്ചുകൊണ്ട് കൃഷ്ണൻ, രാമൻ, ഗോവിന്ദൻ, രവി, പാർവതി, ജാനകി, നാരായണി, ലീല, ശാന്ത, കമലം എന്നിങ്ങനെയുളള പേരുകൾ സ്വീകരിക്കാൻ ആവശ്യപ്പെടുന്നു. 1929ൽ ആചാരഭൂഷണത്തിന്റെ അവതാരികയിൽ എഴുതി, ‘ഈ പുസ്തകം വായിച്ചു മനസിലാക്കാനുളള ഭാഷാപരിജ്ഞാനവും ഇതിലെ നിർദേശങ്ങളെ നടപ്പിൽ വരുത്തുവാനുളള മനക്കരുത്തും സിദ്ധിച്ചിട്ടുളള അധഃകൃതർ കൊച്ചിസംസ്ഥാനത്തിന്റെ പല ദിക്കിലുമുണ്ടെന്നുളളത് പ്രത്യേകം പ്രസ്താവ്യമാകുന്നു’. വിദ്യാഭ്യാസമുളള ഒരു തലമുറ സജ്ജരായിക്കഴിഞ്ഞുവെന്ന പ്രഖ്യാപനമാണിത്. അത് ആത്മാഭിമാനത്തിന്റെ ഉയർന്ന ശബ്ദത്താൽ ഗംഭീരവുമാണ്. ദാരിദ്ര്യത്തിന്റെ എല്ലാ അടയാളങ്ങളും പേറുന്ന അരയർക്ക് പാടിപ്പഠിക്കുവാൻ വേണ്ടി വഞ്ചിപ്പാട്ട്, കുറത്തിപ്പാട്ട്, തുളളൽ എന്നിങ്ങനെയുളള താളങ്ങളിൽ രചിച്ച ഗാനമാണ് പ്രബോധനം.


ഇതുകൂടി വായിക്കു; വായനയും ചോദ്യങ്ങളും


സാമ്പത്തികോന്നമനത്തിനായി ദളിതരും കീഴാളരും പാർക്കുന്നയിടങ്ങളിൽ സഹകരണസംഘങ്ങൾ സ്ഥാപിക്കുവാൻ അദ്ദേഹം മുൻകൈയെടുത്തു. തങ്ങൾക്കു കിട്ടുന്ന കൂലിയിൽ ഏതാണ്ടു മുഴുവനായും മദ്യത്തിനായി ചെലവഴിക്കുന്നത് തടയാനായിരുന്നു ഇത്. അതുപോലെ ആത്മീയകാര്യങ്ങളിൽ ശ്രദ്ധിക്കുവാൻ ഭജനമഠങ്ങൾ പണിതു. അവിടെ പാടുവാൻ ഭക്തിഗാനങ്ങൾ രചിച്ചു. ഇങ്ങനെ ഒരു സമൂഹത്തിന്റെ വികസനരേഖ കൃത്യമായി പ്ലാൻ ചെയ്തുകൊണ്ടാണ് അദ്ദേഹം സാമൂഹ്യപ്രവർത്തനം നടത്തിയത്. ചരിത്രത്തിൽ തീർച്ചയായും ഓർക്കേണ്ട ആളുകളെ അദ്ദേഹം തന്റെ കവിതകളിൽ ചേർത്തുവച്ചുവെന്നതും ശ്രദ്ധേയമാണ്. അയ്യാക്കുട്ടി ജഡ്ജി, മദ്രാസ് സഭയിൽ അംഗമായിരുന്ന എം സി രാജ, പി സി ചാഞ്ചൻ, അയ്യന്‍കാളി, നാരായണഗുരു, ചട്ടമ്പിസ്വാമി, കൊട്ടിലിൽ മാരാർ ജഡ്ജി, ടി കെ കൃഷ്ണമേനോൻ എന്നിവരെയെല്ലാം അദ്ദേഹം തന്റെ കവിതകളിൽ പ്രതിഷ്ഠിച്ചു. നാരായണഗുരുവിനെക്കുറിച്ച് നാലു കവിതകൾ അദ്ദേഹം എഴുതി. പറയാനുളള കാര്യങ്ങൾ ചരിത്രത്തിൽ രേഖപ്പെടുത്തിവയ്ക്കാനുളള ഒരു ഇടമായി രചനകളെ കണ്ടു എന്നതുകൊണ്ട് കറുപ്പന്റെ കൃതികൾ കൊച്ചിരാജ്യചരിത്രം കൂടിയാണെന്നു പറയാം.

മുകളിലുളള ജാതികൾ താഴേക്കു കൊടുക്കുന്ന മർദമാണ് ജാതി എന്നാണ് വിവക്ഷയെങ്കിലും ജാതി അതിന്റെ മർദം കുത്തനെ മാത്രമല്ല വിലങ്ങനെയും ഏല്പിക്കുന്നുണ്ട്. അതുകൊണ്ടാണ് സമൂഹത്തിൽ സമാനസ്വഭാവമുളള ജാതികളിൽപ്പോലും കൂടിപ്പുലർച്ചകളില്ലാതിരുന്നത്. ഇത് രാഷ്ട്രീയോന്നമനത്തിന് ഉതകുന്നതല്ലെന്നുളള ബോധ്യമാണ് ശ്രീനാരായണ ധർമ്മപരിപാലനയോഗം, സാധുജനപരിപാലനസംഘം തുടങ്ങിയ ജാതി വെളിപ്പെടുത്താത്ത പേരുകളുള്ള സമുദായസംഘടനകൾക്കു പിന്നില്‍. സമാനസ്വഭാവമുളള ഒരുകൂട്ടം ജാതികളെ ഒരുമിച്ചു ചേർത്തുകൊണ്ടാണ് നവോത്ഥാന സംഘടനകൾ രൂപീകരിച്ചത്. കെ പി കറുപ്പനും ആ വഴി തന്നെയാണ് സ്വീകരിച്ചത്. തേവരയിൽ വാലസമുദായ പരിഷ്കരിണിസഭ, ആനാപ്പുഴ കല്യാണദായിനി സഭ, കുമ്പളം സന്മാർഗപ്രദീപം സഭ, തേവര സുധർമ്മ സൂര്യോദയം സഭ, ഇടക്കൊച്ചി ജ്ഞാനോദയം സഭ, ഷൺമുഖവിലാസം സഭ, അയ്യമ്പിള്ളി സുധർമ്മോദയം സഭ, വടക്കൻ പറവൂർ പ്രബോധചന്ദ്രോദയം സഭ… അദ്ദേഹത്തിന്റെ നേതൃത്വം സ്വീകരിച്ച സമുദായസംഘടനാ നാമങ്ങളാണ്. ഇതിൽ ജാതി നാമം വരുന്നത് വാലസമുദായ പരിഷ്കരിണി സഭ മാത്രമാണ്. ജ്ഞാനോദയം, പരിഷ്കരണം എന്നിങ്ങനെ സംഘടനയുടെ ഉദ്ദേശലക്ഷ്യങ്ങൾ അതിന്റെ പേരുകളിൽ തന്നെ അടയാളപ്പെടുത്തിയിരുന്നു. 1929ൽ സമസ്ത തിരുവിതാംകൂർ വാലമഹാജനസഭയുടെ അഞ്ചാമത് വാർഷികസമ്മേളനത്തിൽ അദ്ദേഹം ചെയ്ത ഉപക്രമപ്രസംഗത്തിൽ, ‘ഈ കോൺഫ്രൻസുപോലുളള ദേശീയസഭകൾ ഉണ്ടാകുന്നതോടുകൂടി നമുക്ക് ഒരു സമസ്തകേരള ധീവര മഹാമണ്ഡലം സൃഷ്ടിക്കണം. അതിന്റെ സംഘടന ഏകദേശം എസ്എൻഡിപി യോഗത്തിന്റെതു പോലെയാക്കി തീർക്കണം. ഈ മണ്ഡലത്തിൽ അവാന്തരഭേദം ഗണിക്കാതെ എല്ലാ ധീവരന്മാരെയും അംഗങ്ങളായി ചേർക്കേണ്ടതാകുന്നു’ എന്നു പറയുമ്പോൾ അപ്പോഴേക്കും മാതൃകയാക്കാവുന്ന ഒരു സംഘടനയായി എസ്എൻഡിപി മാറിയെന്നു മാത്രമല്ല കറുപ്പൻ വിഭാവനചെയ്യുന്ന ദേശീയതയും സമുദായബോധ്യങ്ങളും കൂടിയാണ് വെളിപ്പെടുന്നത്.

1925ലാണ് കൊച്ചിരാജ്യത്ത് ജനപ്രതിധികളെ നിയമസഭയിലേയ്ക്കെടുത്തത്. വാലസമുദായത്തെ പ്രതിനിധീകരിച്ചുകൊണ്ടാണ് കെ പി കറുപ്പൻ നാമനിര്‍ദേശം ചെയ്യപ്പെടുന്നത്. 1928ല്‍ സഹോദരൻ അയ്യപ്പനും 1930ൽ കെ പി വള്ളോനും ഈഴവ‑പുലയ പ്രതിനിധികളായി നിയമസഭയിലെത്തി. അവിടെ മൂന്നുപേരും തങ്ങളുടെ പ്രാതിനിധ്യം ശക്തമായി ഉപയോഗിച്ചത് ചരിത്രമാണ്. സഭയില്‍ എത്രമാത്രം ജാഗരൂകനായിരുന്നുെവെന്ന് ഹോസ്റ്റലുകളിലെ ജാതി വ്യത്യാസത്തെക്കുറിച്ചുള്ള കറുപ്പന്റെ ശ്രദ്ധക്ഷണിക്കലിലൂടെ മനസിലാക്കാം. ‘നമ്മുടെ മഹാരാജാസ് ഹോസ്റ്റലിന് ഹിന്ദു ഹോസ്റ്റൽ എന്നു പേരുണ്ടെങ്കിൽ അത് അവ്യാപ്തി ദോഷത്താൽ ദൂഷിതമായിട്ടുണ്ടെന്നു ശാസ്ത്രയുക്ത്യാ ആർക്കും സമർത്ഥിക്കാവുന്നതാണ്. അത് ഒരു ഹിന്ദു ഹോസ്റ്റലാണെങ്കിൽ അവിടെ എല്ലാ ഹിന്ദുക്കൾക്കും പ്രവേശാധികാരം വേണ്ടതായിരുന്നു. ഇവിടത്തെ അധഃകൃതർ തെങ്ങു ചെത്തിയും മത്സ്യം പിടിച്ചും തൂമ്പാ കിളച്ചും മറ്റു തീവ്രവ്യവസായങ്ങൾ കൊണ്ടും സമ്പാദിച്ചുകൊടുക്കുന്ന പൊതുമുതലിൽ നിന്നും അനേകായിരം ഉറുപ്പിക ചെലവു ചെയ്തു നിർമ്മിച്ചിരിക്കുന്ന ഹിന്ദു ഹോസ്റ്റലിൽ അവരുടെ വിദ്യാർത്ഥികൾക്ക് എന്തുകൊണ്ടു പ്രവേശം നൽകുന്നില്ലെന്നു ഞാൻ ഗവൺമെന്റിനോടു വിനയപുരസരം ചോദിച്ചുകൊള്ളുന്നു’. ചോദ്യത്തിൽ വിനയമുണ്ടെങ്കിലും പൗരബോധത്താൽ സൂക്ഷ്മവും ഉറച്ചതുമായ ഈ നിലപാട് ഉള്‍ച്ചേര്‍ക്കല്‍രാഷ്ട്ര സങ്കല്പമായാണ് മനസിലാക്കേണ്ടത്.
ജാതിത്തൊഴിലുകളിൽ നിന്നുളള വിച്ഛേദമാണ് ആധുനിക വിദ്യാഭ്യാസത്തിലൂടെ ഉന്നം വയ്ക്കുന്നതെങ്കിലും നിലവിലുളള തൊഴിലുകളുടെ സാമൂഹ്യദൗത്യം സർക്കാരിനെ മാത്രമല്ല അതു ചെയ്തു ജീവിക്കുന്നവരെയും ബോധ്യപ്പെടുത്തുകയാണ് അദ്ദേഹം. അക്കാദമികവും സാമൂഹികവുമായ കേരളനവോത്ഥാന ചർച്ചകളുടെ ഇക്കാലത്ത് കെ പി കറുപ്പൻ എന്ന സാമൂഹ്യപരിഷ്കർത്താവ് കൂടുതൽ കൂടുതൽ ദൃശ്യമായിക്കൊണ്ടിരിക്കുന്നത് അദ്ദേഹത്തിന്റെ പ്രവർത്തനങ്ങളുടെ ഗുണഭോക്താക്കൾക്ക് സന്തോഷവും അഭിമാനവും ഉണ്ടാക്കുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.