3 October 2024, Thursday
KSFE Galaxy Chits Banner 2

കലതന്നെ ജീവിതമാക്കിയ ഒ മാധവന്‍

പി എസ് സുരേഷ്
August 19, 2024 4:33 am

വിദ്യാർത്ഥി രാഷ്ട്രീയത്തിലും അരങ്ങിലും ഒരുപോലെ തിമിർത്താടിയ ഒ മാധവന്റെ ജന്മശതാബ്ദി വർഷമാണിത്. അരശതാബ്ദത്തിലധികം നിറഞ്ഞുനിന്ന ആ പൊതുജീവിതത്തിൽ അദ്ദേഹം പകർന്നാടിയ വേഷങ്ങൾ അനവധിയാണ്. ദുരിതവും കഷ്ടപ്പാടും നിറഞ്ഞ ബാല്യം. കാർഷികോല്പന്നങ്ങൾക്ക് വിലയില്ലാത്ത കാലത്ത് ചുനക്കര എന്ന നാട്ടിൻപുറത്തെ ഒരു കർഷക കുടുംബത്തിന്റെ അവസ്ഥ പറയേണ്ടതില്ലല്ലോ. അഭിനയം ജന്മവാസനയായിരുന്നു. സ്കൂൾ വാര്‍ഷികത്തിന് തട്ടിക്കൂട്ടിയ നാടകം പൊളിയുമെന്ന് മനസിലായപ്പോൾ വേലുത്തമ്പിയുടെ അന്ത്യരംഗം അഭിനയിച്ച് നടത്തിയ ഏകാംഗ പ്രകടനം വിദ്യാർത്ഥികളെയും അധ്യാപകരെയും ഒരുപോലെ അതിശയിപ്പിച്ചു. അണ്ണാമലെെ സർവകലാശാലാ വിദ്യാഭ്യാസം അദ്ദേഹത്തെ രാഷ്ട്രീയത്തോടടുപ്പിച്ചു. കോളജ് അധികൃതർ നല്‍കിയ സ്വഭാവ സർട്ടിഫിക്കറ്റ് പുറത്തുകാണിക്കാൻ കൊള്ളുന്നതായിരുന്നില്ല. പക്ഷേ അല്പം മിടുക്ക് പ്രയോഗിച്ച് കൊല്ലം എസ്എൻ കോളജിൽ ബിഎ ഇക്കണോമിക്സ് ഐച്ഛികവിഷയമായെടുത്തു ചേർന്നു. കോളിളക്കം സൃഷ്ടിച്ച ഇന്റർമീഡിയറ്റ് സമരത്തെത്തുടര്‍ന്ന് പുതിയ വിദ്യാർത്ഥി പ്രവേശനം കർശന വ്യവസ്ഥകളോടെയായിരുന്നു. സംഘടന ഉണ്ടാക്കില്ലെന്നും സമരം ചെയ്യില്ലെന്നും എഴുതി വാങ്ങിയാണ് കുട്ടികളെ പ്രവേശിപ്പിച്ചത്. പക്ഷെ സംഘടനയില്ലെങ്കിൽ വേണ്ട കോളജ് യൂണിയൻ വേണമെന്ന് വിദ്യാർത്ഥികൾ ശഠിച്ചു. ഈ വർഷം യൂണിയനില്ലെന്ന് പ്രിൻസിപ്പൽ ശഠിച്ചു. മാധവനും ഏതാനും വിദ്യാർത്ഥികളും കോളജ് മുറ്റത്തു നിന്ന് മുദ്രാവാക്യം മുഴക്കി. കുട്ടികൾ കൂട്ടമായെത്തി. അതൊരു പൊതുയോഗമായി മാറി. അവിടെ വച്ച് എഐഎസ്എഫിന്റെ യൂണിറ്റ് ഉദ്ഘാടനം ചെയ്തതായി മാധവൻ പ്രഖ്യാപിച്ചു. 

ക്ഷുഭിതനായ പ്രിൻസിപ്പൽ പാഞ്ഞെത്തി കുട്ടികൾ പിരിഞ്ഞു പോകണമെന്ന് അലറി. സമരം ശക്തമായി. ഇതോടെ വിദ്യാർത്ഥികളുമായി മാനേജ്മെന്റ് അനുര‍ഞ്ജനത്തിന് തയ്യാറായി. മനസില്ലാമനസോടെ യൂണിയൻ തെരഞ്ഞെടുപ്പ് നടത്താമെന്ന് അധികൃതർ സമ്മതിച്ചു. തെരഞ്ഞെടുപ്പിൽ ഒ മാധവൻ തോല്പിച്ചത് ഒഎൻവി കുറുപ്പിനെ. യൂണിയൻ ഉദ്ഘാടനത്തിന് എഐടിയുസി പ്രസിഡന്റ് ചക്കര ചെട്ടിയാരെ വിളിക്കുന്നതിനെ ചൊല്ലി പ്രിൻസിപ്പലും യൂണിയൻ നേതാക്കളും തമ്മിൽ തെറ്റി. യൂണിയൻ നേതാക്കളെ സസ്പെന്റ് ചെയ്തതോടെ സമരം ആരംഭിച്ചു. പൊലീസ് മർദനവും തുടങ്ങി. മാധവനും മറ്റൊരു കുട്ടിയും കോളജ് ഓഫിസിനു മുന്നിൽ സാഹസികമായി പൊലീസ് വലയം ഭേദിച്ച് നിരാഹാര സത്യഗ്രഹത്തിനെത്തി. മാധവനും ഏതാനും സഖാക്കളും അറസ്റ്റിലായി. മാധവനെ കസബാ സ്റ്റേഷനിൽ തടവുപുള്ളികളോടൊപ്പം താമസിപ്പിച്ചു. ലോക്കപ്പിലും മാധവന്‍ നിരാഹാരം തുടർന്നു. പന്ത്രണ്ടാം ദിവസം ഡോക്ടറുടെ നിർദേശപ്രകാരം ബലം പ്രയോഗിച്ച് മൂക്കിലൂടെ ആഹാരം നല്‍കാന്‍ ശ്രമം നടന്നു. പക്ഷെ മാധവനും കൂട്ടരും അതിനു വഴങ്ങിയില്ല.
സമരം നാടാകെ ആളിപ്പടര്‍ന്നു. വിദ്യാർത്ഥികളും നാട്ടുകാരും സമരം ഏറ്റെടുത്തു. സർക്കാർ ഒത്തുതീർപ്പിനായി കൗമുദി പത്രാധിപർ കെ ബാലകൃഷ്ണനെയും സ്പീക്കർ വി ഗംഗാധരനെയും കൊല്ലത്തേക്കയച്ചു. ശിക്ഷണനടപടികളും കേസും പിൻവലിക്കാമെന്ന ഉറപ്പിൽ സമരം പിൻവലിച്ചു. പിറ്റേ ദിവസം പ്രിൻസിപ്പൽ രാജിവച്ച് മദ്രാസിലേക്കു കടന്നുകളഞ്ഞു. പുതിയ പ്രിൻസിപ്പൽ ചാർജെടുത്തു. യൂണിയൻ ഉദ്ഘാടനത്തിനെത്തിയത് പുരോഗമന സാഹിത്യകാരനായ കിഷൻ ചന്ദറായിരുന്നു. 

വിദ്യാർത്ഥി സംഘടനാ പ്രവർത്തനം ശക്തിയായതോടെ മാധവന്‍ നിരന്തരം യോഗങ്ങളും പ്രസംഗങ്ങളുമായി നാടാകെ സഞ്ചരിച്ചു, അറസ്റ്റിലായി. തിരുവനന്തപുരത്ത് സബ് ജയിൽവാസം കഴിഞ്ഞ് കോളജിലെത്തിയത് പഠിത്തം പൂർത്തിയാക്കണമെന്ന ഉദ്ദേശത്തോടെയാണ്. പക്ഷെ പ്രിൻസിപ്പൽ സമ്മതിച്ചില്ല. അങ്ങനെ വിദ്യാഭ്യാസം അവസാനിച്ചു. എഐഎസ്എഫിന്റെ സംസ്ഥാന സെക്രട്ടറിയായി തിരുവനന്തപുരം കേന്ദ്രമാക്കി പ്രവർത്തനം തുടങ്ങി. തികച്ചും അപ്രതീക്ഷിതമായാണ് കെപിഎസിയിലെത്തുന്നത്. ആദ്യ നാടകമായ ‘എന്റെ മകനാണ് ശരി’ യുടെ സമയമാണ്. കെപിഎസിയുടെ കൺവീനർ കോട്ടയം ശ്രീനി രണ്ടു രൂപ വായ്പ ചോദിക്കാനായി തിരുവനന്തപുരം പുളിമൂട്ടിലുള്ള വിദ്യാർത്ഥി ഫെഡറേഷൻ സംസ്ഥാന കമ്മിറ്റി ഓഫിസിലെത്തി. അഭിനയിക്കുന്നയാൾക്ക് വരാൻ പറ്റാത്തതുകൊണ്ട് നാടകം മാറ്റിവയ്ക്കണമെന്നു കാണിച്ച് ടെലഗ്രാം ചെയ്യാനായിരുന്നു പണം ചോദിച്ചത്. ആ വേഷം താനഭിനയിക്കാമെന്ന് മാധവൻ പറഞ്ഞു. ഒറ്റ രാത്രി കൊണ്ട് സ്ക്രിപ്റ്റ് പഠിച്ചു, അഭിനയിച്ചു. മറ്റു നടീനടന്മാർ അഭിനന്ദിച്ചു. തുടർന്നുള്ള നാടകങ്ങളിലും മാധവൻ മതിയെന്നായി, അങ്ങനെ കെപിഎസിയുടെ ഭാഗമായി. ചരിത്രം സൃഷ്ടിച്ച ‘നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി‘യിൽ പപ്പുവിന്റെ റോളിലാണ് ആദ്യം അഭിനയിച്ചത്. നിരോധനവും, പൊലീസ് കേസും, ഗുണ്ടാ അക്രമവും എല്ലാം നേരിട്ട് ആ നാടകം ജൈത്രയാത്ര നടത്തുമ്പോൾ മാധവൻ ആ സമിതിയുടെ സെക്രട്ടറിയായി. വലിയ ചുമതലയാണ് സെക്രട്ടറിക്ക്. ഒരു നടനോ നടിയോ വന്നില്ലെങ്കിൽ പകരം ആളെ കണ്ടെത്തുക, നാടകത്തിന്റെ നടത്തിപ്പിലെ പ്രതിസന്ധി പരിഹരിക്കുക, പാർട്ടി നേതൃത്വവുമായി ഇടപെടുക അങ്ങനെ നിരവധി ജോലികളുണ്ട്. അതിന്റെ കൂടെ അഭിനയവും. കാമ്പിശേരി കരുണാകരന് സുഖമില്ലാതായപ്പോൾ പി ജെ ആന്റണിയെ കൊണ്ടുവന്നതും സാംബശിവൻ പോയപ്പോൾ കുമരകം ശങ്കുണ്ണി മേനോനെ എത്തിച്ചതും മുടിയിൽത്തറ ഭാസ്കറെ ജനാർദ്ദനക്കുറുപ്പിന് പകരം കണ്ടെത്തിയതും പരമുപിള്ളയുടെ റോൾ സ്വയം ഏറ്റെടുത്തതും എല്ലാം കെപിഎസിയെ മുന്നോട്ടു നയിക്കുന്നതിൽ അദ്ദേഹം കാട്ടിയ അസാമാന്യ സമർത്ഥ്യത്തെയാണ് കാട്ടുന്നത്.

മുടിയനായ പുത്രനിലെ ചട്ടമ്പിയായ ‘രാജനെ’ അവതരിപ്പിച്ചത് ഏറെ ശ്രദ്ധ നേടി. ”എന്റെ രാജനെ ഞാൻ പ്രതീക്ഷിച്ചതിലും വലിയവനാക്കിയിരിക്കുന്നു” എന്നാണ് തോപ്പിൽ ഭാസി ആ അഭിനയത്തെപ്പറ്റി പറഞ്ഞത്. പില്‍ക്കാലത്ത് അഭിനയലോകത്ത് എന്നെ വലുതാക്കിയതും ആ രാജൻ തന്നെയെന്ന് ഒ മാധവൻ എഴുതിയിട്ടുണ്ട്. പുതിയ ആകാശം പുതിയ ഭൂമിയിലെ നല്ലവനായ എന്‍ജിനീയറുടെ വേഷവും അനശ്വരമാക്കി. ദുരാഗ്രഹിയായ എന്‍ജിനീയറുടെ വേഷം കെട്ടിയത് കോട്ടയം ചെല്ലപ്പനായിരുന്നു. ഇരുവരും മത്സരിച്ചഭിനയിച്ചു. നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കിയിലെ കിലുക്കാംപെട്ടിയായി അഭിനയിച്ച വിജയകുമാരിയെ അദ്ദേഹം വിവാഹം കഴിച്ചു. കല്യാണത്തലേന്നും പിറ്റേന്നും അവർ നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി അവതരിപ്പിച്ചു. മാധവൻ പരമുപിള്ളയായും വിജയകുമാരി മകളായും അരങ്ങ് തകര്‍ത്തത് ചരിത്രം.
കെപിഎസി വിട്ട ശേഷവും അദ്ദേഹം പാർട്ടി നേതാവായി തുടർന്നു. കാളിദാസ കലാകേന്ദ്രം എന്ന നാടക സമിതി കൊല്ലം കേന്ദ്രമായി സംഘടിപ്പിച്ചു. നിരവധി അനശ്വര നാടകങ്ങൾ ആ ബാനറിൽ അവതരിപ്പിച്ചു. 18 വർഷത്തോളം വടക്കേവിള പഞ്ചായത്ത് പ്രസിഡന്റായിരുന്നു. ഇസ്കസിന്റെ സംസ്ഥാന വൈസ് പ്രസിഡന്റ്, സിപിഐ ജില്ലാ കൗണ്‍സില്‍ അംഗം, സംഗീത നാടക നിർവാഹക സമിതി അംഗം, മുള്ളുവിള സഹകരണ സംഘം പ്രസിഡന്റ് തുടങ്ങിയ ഭാരവാഹിത്വങ്ങളുമുണ്ടായിരുന്നു. എണ്ണായിരം വേദികളിൽ പ്രധാന നടനായും സംഘാടകനായും പ്രവർത്തിച്ച അദ്ദേഹത്തിന് നിരവധി പുരസ്കാരങ്ങളും ലഭിച്ചു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.