കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നാല് സ്ഥാപകാംഗങ്ങളിൽ ഒരാളായിരുന്നു എന്നത് മാത്രമല്ല ചരിത്രത്തിൽ കെ ദാമോദരനുള്ള പ്രാധാന്യം. ഒരു പക്ഷെ, പി കൃഷ്ണപിള്ളയ്ക്കും ഇ എം എസിനും എൻ സി ശേഖറിനും മുൻപുതന്നെ കാശി വിദ്യാപീഠത്തിലെ പഠനകാലത്ത് ആർ ഡി ഭരദ്വാജിന്റെയും ഓംപ്രകാശ് ശാസ്ത്രിയുടെയും സ്വാധീനത്തിൽ ദാമോദരൻ കമ്മ്യൂണിസ്റ്റായി കഴിഞ്ഞിരുന്നു. കെ ദാമോദരന്റെ 46-ാം ചരമ വാർഷിക ദിനമാണ് ഇന്ന്. ഏറനാട്ടിലെ വളരെ സമ്പന്നമായ കുടുംബത്തിൽ ജനിച്ച കെ ദാമോദരൻ കോഴിക്കോട് സാമൂതിരി കോളജ് വിദ്യാർത്ഥിയായിരിക്കുമ്പോൾ 1931ൽ കോഴിക്കോട് കടപ്പുറത്ത് നടന്ന ചരിത്രപ്രസിദ്ധമായ ഉപ്പ് നിയമലംഘന സമരത്തിൽ പങ്കെടുക്കുകയും ജയിൽശിക്ഷ അനുഭവിക്കുകയും ചെയ്തു. ജയിൽവാസം കഴിഞ്ഞ് മടങ്ങിവന്നപ്പോൾ കോളജിൽ തുടർപഠനം അനുവദിച്ചില്ല. അദ്ദേഹം കാശി വിദ്യാപീഠത്തിൽ ചേർന്ന് പഠനം തുടർന്നു. അവിടെവച്ച് ഇന്ത്യൻ പുരോഗമന സാഹിത്യത്തിന്റെ കുലപതിയായ മുൻഷി പ്രേംചന്ദിനെ പരിചയപ്പെട്ടതാണ് കെ ദാമോദരന്റെ ജീവിതത്തിലെ വഴിത്തിരിവ്. കാശി വിദ്യാപീഠത്തിലെ അളവറ്റ ഗ്രന്ഥശേഖരത്തിൽ നിന്ന് പുരോഗമന ആശയങ്ങളും മാർക്സിയൻ ചിന്തയും അദ്ദേഹം സ്വായത്തമാക്കി. അവിടത്തെ പഠനകാലത്ത് അദ്ദേഹം കമ്മ്യൂണിസ്റ്റ് സഖാക്കളുമായി ബന്ധപ്പെട്ടു. കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ അംഗമായി. പാർട്ടി തീരുമാനം അനുസരിച്ച് പാർട്ടി പ്രവർത്തനത്തിനായി കോഴിക്കോട് മടങ്ങിയെത്തി. 1937ൽ സിപിഐ ജനറൽ സെക്രട്ടറി എസ് വി ഘാട്ടെ പാർട്ടി ഘടകം കേരളത്തിൽ രൂപീകരിക്കുന്നതുമായി ബന്ധപ്പെട്ട് കോഴിക്കോട് വിളിച്ചുചേർത്തവരിൽ കെ ദാമോദരൻ, പി കൃഷ്ണപിള്ള, എൻ സി ശേഖർ, ഇ എം എസ് എന്നിവരാണ് ഉണ്ടായിരുന്നത്. ഈ ആലോചനാ യോഗത്തിന്റെ ഫലമായാണ് 1939ലെ പിണറായി പാറപ്രത്ത് നടന്ന സമ്മേളനം.
കേരളത്തിലെ ഗ്രന്ഥശാലാ പ്രസ്ഥാനത്തിന് മലബാറിൽ തുടക്കമിട്ടത് കെ ദാമോദരനായിരുന്നു. തൊഴിലാളി സംഘടനാ പ്രസ്ഥാനത്തിലും സ്വാതന്ത്ര്യസമരത്തിലും പങ്കെടുത്ത കെ ദാമോദരൻ പൊലീസ് മർദ്ദനങ്ങൾക്കും ഏഴു വർഷം നീണ്ട ജയിൽവാസത്തിനും ഇരയായി.
മാർക്സിസത്തിന്റെ അടിസ്ഥാന സിദ്ധാന്തങ്ങളും ഭാരതീയ തത്വചിന്തയും ആധികാരികതയോടെ അവതരിപ്പിക്കാനും സന്ദർഭോചിതമായി വ്യാഖ്യാനിക്കാനുമുള്ള അപാരസിദ്ധി കെ ദാമോദരന് ഉണ്ടായിരുന്നു. നിശിതമായ വിമർശനത്തിന്റെ കുറിക്കുകൊള്ളുന്ന അസ്ത്രങ്ങൾകൊണ്ട് പ്രതിയോഗിയെ അസ്തപ്രജ്ഞനാക്കുന്ന അദ്ദേഹത്തിന്റെ തൂലിക കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് ദിശാബോധം നല്കുന്നതിൽ വഹിച്ച പങ്ക് അതിമഹത്താണ്. ഏത് ദർശനത്തിന്റെയും അടിസ്ഥാന ശിലയായി മനുഷ്യത്വത്തെ പ്രതിഷ്ഠിക്കാൻ അദ്ദേഹം ശ്രമിച്ചിട്ടുണ്ട്. കെ ദാമോദരന്റെ പ്രതിഭാശേഷിയുടെ നിറമാർന്ന സാക്ഷാത്ക്കാരമാണ് പല ഭാഷകളിലേക്കും വിവർത്തനം ചെയ്യപ്പെട്ട പ്രശസ്തമായ ‘മനുഷ്യൻ’ എന്ന പഠന ഗ്രന്ഥം. മനുഷ്യൻ എന്ന ഒരേയൊരു സത്യത്തെ നിസ്തന്ത്രം അന്വേഷിച്ച ദീർഘയാത്രയായിരുന്ന കെ ദാമോദരന്റെ ജീവിതത്തെപ്പറ്റി ഒ എൻ വി എഴുതിയ കവിതയുടെ പേരും ‘മനുഷ്യൻ’ എന്നാണ്. തീക്ഷ്ണമായ നൈതിക ജാഗ്രതയോടെ മലയാളിയുടെ സമരോത്സുകതയ്ക്ക് മുനയും മൂർച്ചയും നല്കുകയായിരുന്നു കെ ദാമോദരൻ. പ്രത്യയശാസ്ത്രംകൊണ്ട് ഒരു പ്രസ്ഥാനത്തിന് മുന്നേറാനുള്ള ചരിത്രപാതകൾ വെട്ടിത്തുറന്ന ചിന്തകനും പോരാളിയുമായിരുന്നു അദ്ദേഹം. സ്വാതന്ത്ര്യ പോരാട്ടത്തിന്റെ തീച്ചൂളയിലേക്ക് എടുത്തു ചാടി, തൊഴിലാളി സമര സംഘാടകനായി മാറിയ കെ ദാമോദരൻ 1937ൽ രചിച്ച ‘പാട്ടബാക്കി’ നാടകം അടിയാളരുടെ ദുർവിധിയുടെ ശിരോരേഖയെ തിരുത്തിക്കുറിക്കുകയായിരുന്നു.
സാഹിത്യം, ധനതത്വം, നരവംശശാസ്ത്രം, ധാർമ്മികമൂല്യങ്ങൾ, ദർശനം, മതങ്ങൾ, ചരിത്രം എന്നിങ്ങനെ ഏത് വിഷയത്തെ വിലയിരുത്തുമ്പോഴും വർഗസമര മൂല്യത്തെ അദ്ദേഹം ഉയർത്തിപ്പിടിച്ചു. 1964ൽ രാജ്യസഭാംഗമായി തെരഞ്ഞെടുക്കപ്പെട്ട സഖാവ് മികച്ച ഒരു പാർലമെന്റേറിയൻ ആണെന്ന് തെളിയിച്ചു.
കെ ദാമോദരൻ അവസാനമായി നല്കിയ അഭിമുഖത്തിൽ, ”ഇന്ത്യൻ കമ്മ്യൂണിസത്തിന്റെ ഭൂതകാലം മുഴുവൻ നിഷേധിക്കേണ്ട വീക്ഷണം ഞാൻ നിരാകരിക്കുന്നു. വൈരുധ്യങ്ങളും തെറ്റുകളുമെല്ലാമിരിക്കെത്തന്നെ, സോഷ്യലിസത്തിനും വിപ്ലവത്തിനും വേണ്ടി സമരം ചെയ്യുകയും സഹനമേൽക്കുകയും ചെയ്ത നൂറുകണക്കിന്, ആയിരക്കണക്കിനുള്ള കമ്മ്യൂണിസ്റ്റുകാർ ഇന്ത്യയിലുണ്ട്. ഒട്ടനവധി കർഷക സമരങ്ങളും തൊഴിലാളി സമരങ്ങളും നടത്തിയ ഒന്നാംതരം കലാപകാരികൾ ഇവിടെ ഉണ്ടായിട്ടുണ്ട്. അനുഭവത്തെ ആകപ്പാടെ എഴുതിത്തള്ളിക്കൂടാ. രാജ്യത്തിന്റെ എല്ലാ കമ്മ്യൂണിസ്റ്റ് ശക്തികളെയും മാർക്സിസം ലെനിനിസത്തിന്റെ അടിസ്ഥാനത്തിൽ യോജിപ്പിക്കുന്നത് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ വികാസത്തിന് അത്യാവശ്യമാണെന്ന് ഞാൻ കരുതുന്നു” എന്നു പറയുകയുണ്ടായി. ഇന്ത്യയിലെ ഇന്നത്തെ രാഷ്ട്രീയ സാഹചര്യത്തിൽ കമ്മ്യൂണിസ്റ്റ് പാർട്ടികളുടെ പുനരേകീകരണം ആവശ്യമായിരിക്കുന്നു. അതിനാണ് കമ്മ്യൂണിസ്റ്റ് പാർട്ടി ശ്രമിക്കുന്നത്. വർഗീയതയ്ക്ക് എതിരെ ഉയർന്നുവരുന്ന ജനകീയ പ്രസ്ഥാനത്തിന് കെ ദാമോദരന്റെ സ്മരണ കരുത്തു പകരട്ടെ.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.