27 April 2024, Saturday

തെക്കേ അമേരിക്ക തിരിച്ചെത്തുന്നു

പി ദേവദാസ്
June 10, 2023 4:30 am

അടുത്തിടെ ബ്രസീലിയയിൽ പ്രസിഡന്റ് ലുല ഡ സിൽവ വിളിച്ചുചേർത്ത ദക്ഷിണ അമേരിക്കൻ ഭരണാധികാരികളുടെ ഉച്ചകോടി, രാഷ്ട്രീയവും തെരഞ്ഞെടുപ്പ് അധിഷ്ഠിതവുമായി മേഖലയിലെ പുരോഗമനപരമായ മാറ്റത്തിന്റെ പ്രായോഗിക പ്രതിഫലനമാണെന്ന് പൊതുവായി പറയാവുന്നതാണ്. ഭൗമരാഷ്ട്രീയ രംഗത്തെ ഈ മാറ്റം, ചെറിയ കാലയളവിലേക്കെങ്കിലും വലിയ സാധ്യതകൾ ഉറപ്പുനൽകുന്നില്ലെങ്കിലും ബ്രസീലിയൻ തലസ്ഥാനത്തെ ഉച്ചകോടി ചരിത്രപരം തന്നെയാണ്. അത് കാലഘട്ടത്തിലെ മാറ്റത്തെയാണ് സൂചിപ്പിക്കുന്നത് എന്നതുതന്നെ കാരണം. 21-ാം നൂറ്റാണ്ടിന്റെ ആദ്യവർഷങ്ങളിൽ ദക്ഷിണ‑ഉത്തര അമേരിക്കകളുടെ കുത്തകാവകാശത്തിന് ബദലായി ഉയർന്നുവന്ന അന്തർസർക്കാർ കൂട്ടുകെട്ടുകളെ ശിഥിലീകരണത്തിലൂടെയും രാഷ്ട്രീയ തർക്കങ്ങളുണ്ടാക്കിയും ഇല്ലാതാക്കുന്നതിന് യുഎസ് നേതൃത്വത്തിൽ ആസൂത്രിത ശ്രമങ്ങൾ നടന്നുകൊണ്ടിരിക്കുകയാണ്. അത്തരമൊരു ഘട്ടത്തെ എതിർക്കുന്നതിന് ഔദ്യോഗിക തലത്തിൽ പ്രതീകാത്മകമായെങ്കിലും ശ്രമമാരംഭിക്കുന്നു എന്നതുകൊണ്ട് ഈ ഉച്ചകോടിക്ക് പ്രാധാന്യമേറുന്നു. കഴിഞ്ഞ ദശകങ്ങളിൽ ഉദാരവൽക്കൃത‑യാഥാസ്ഥിതിക നയങ്ങളുടെ അടിസ്ഥാനത്തിലുള്ള ഭരണകൂടങ്ങളാണ് മേഖലയിലെ പല രാജ്യങ്ങളിലുമുണ്ടായിരുന്നത്. അതുകൊണ്ടുതന്നെ പ്രാദേശിക സംയോജനനീക്കങ്ങൾ പ്രധാനമായും തിരിച്ചടിയാകുന്നത് യുഎസിനായിരിക്കുമെന്നതാണ് ഈ പ്രക്രിയയുടെ പ്രധാന ഫലം. എങ്കിലും മേഖലയിലെ ഭൗമ രാഷ്ട്രീയ സാഹചര്യങ്ങൾ ഒരു തിരിച്ചുവരവിന് വലിയ വെല്ലുവിളികൾ സൃഷ്ടിക്കുന്നുണ്ട്. ക്ഷയിച്ചുകൊണ്ടിരിക്കുന്നതും ഉയർന്നു വരുന്നതുമായ ശക്തികൾ തമ്മിലുള്ള പോരാട്ടം രൂക്ഷമായി നടക്കുകയും ചെയ്യുന്നുണ്ട്.

 


ഇതുകൂടി വായിക്കു; ആഗോള ഇന്ധന വിലയും ഇന്ത്യയിലെ വില നിര്‍ണയവും


ഏകദേശം പത്തു വർഷങ്ങൾക്ക് മുമ്പാണ്, അതായത് 2014ൽ യൂണിയൻ ഓഫ് സൗത്ത് അമേരിക്കൻ നാഷന്‍സി (യുഎൻഎഎസ്‍യുആർ)ന്റെ യോഗം അവസാനമായി ചേർന്നത്. അന്നും ബ്രസീലിയയിലെ കൊട്ടാരത്തിൽ തന്നെയായിരുന്നു യോഗം ചേർന്നിരുന്നത്. ഇക്കാലത്തിനിടയിൽ അമേരിക്കയിലെ മാത്രമല്ല അന്താരാഷ്ട്രതലത്തിലും ഭൗമ രാഷ്ട്രീയ ഘടനയിലും അധികാര സന്തുലിതാവസ്ഥയിലും വലിയ മാറ്റങ്ങൾ സംഭവിച്ചുകഴിഞ്ഞിട്ടുണ്ട്. ഇതുവരെ തെക്കേ അമേരിക്കയ്ക്ക് പ്രാതിനിധ്യപരമായ പങ്ക് വഹിക്കുന്നതിന് സാധിക്കാത്ത സ്ഥിതിയുമുണ്ടായി. എങ്കിലും യോഗത്തിന്റെ ഫലത്തെ ശുഭാപ്തി വിശ്വാസത്തോടെയാണ് സമീപിക്കേണ്ടത്.
ഏകീകരണ സംവിധാനങ്ങളും യുഎൻഎഎസ്‍യുആറും ശക്തിപ്പെടുത്തുന്നതിന് ഒരു പ്രവർത്തന പദ്ധതി കൃത്യമായ സമയക്രമത്തോടെ നിർവചിക്കപ്പെട്ടിട്ടുണ്ട്. 2008ലാണ് യുഎൻഎഎസ്‍യുആർ സ്ഥാപിതമായത്. ആ ഘട്ടത്തിൽ സംഘടനയ്ക്ക് പ്രദേശത്തിന്റെ അന്തസ് ഉയർത്തിപ്പിടിക്കുവാനും വലിയ സ്വാധീനം ചെലുത്തുവാനും സാധിച്ചിരുന്നതുമാണ്. വർഷങ്ങൾ കഴിഞ്ഞുവെങ്കിലും, ഇപ്പോൾ വീണ്ടും ഒരു ഏകീകൃത മേഖലയ്ക്കായുള്ള ശ്രമങ്ങൾ സ്വന്തമായും സാമ്പത്തികമായ പരസ്പര പൂരകത്തിലൂടെയും ശക്തിപ്പെടുത്താൻ അനുവദിക്കുന്ന ഒരു വേദിയായി യുഎൻഎഎസ്‍യുആർ മടങ്ങിവരുന്നതിന്റെ സൂചനകളാണ് ഉച്ചകോടി നല്‍കുന്നത്. എത്രയോ വർഷങ്ങളായി നിലനിൽക്കുന്ന അപ്രസക്തതയുടെയും പ്രതിച്ഛായ മങ്ങലിന്റെയും പശ്ചാത്തലപ്രതീതിയാണ് യോഗത്തിലുണ്ടായതെങ്കിലും തിരിച്ചുവരവിനുള്ള സാധ്യത തന്നെയാണ് പ്രധാനമായും ചർച്ച ചെയ്തത്. സഖ്യത്തിൽ നിന്ന് പിരിഞ്ഞതിന് ശേഷമുള്ള അട്ടിമറി സാഹചര്യത്തെ അഭിമുഖീകരിച്ചുകൊണ്ടിരിക്കുന്ന കൊളംബിയയുടെ യുഎൻഎസ്‍യുആറിലേക്കുള്ള മടങ്ങിവരവാണ് പ്രസിഡന്റ് ഗുസ്താവോ പെട്രോ പ്രഖ്യാപിച്ചത്.


ഇതുകൂടി വായിക്കു; ഹാപ്പിലി ഡിവോഴ്സ്ഡ്


സംഘടനയുടെ പ്രധാന ഘടകങ്ങളിൽ ഒന്നായ അർജന്റീനയിൽ ഈ വർഷാവസാനം പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടക്കുന്നു എന്നതുകൊണ്ട് സംയോജന പ്രക്രിയയിൽ കാലതാമസം നേരിട്ടേക്കാം. എങ്കിലും സാമ്പത്തികവും ഘടനാപരവുമായി രാജ്യം അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾ കാരണം അവർക്ക് ഇതിൽ നിന്ന് ഒഴിഞ്ഞു നില്‍ക്കാനാവില്ല. മറുവശത്ത്, പെറുവിലെ ഭരണപരമായ പ്രതിസന്ധി പരിഹരിക്കപ്പെടുന്നില്ലെന്നതും പ്രസിഡന്റ് ഗബ്രിയേൽ ബോറിക്കും ഉറുഗ്വേ പ്രസിഡന്റ് ലൂയിസ് ലക്കല്ലെ പോയും തമ്മിലുള്ള വിയോജിപ്പുകളും സംയോജനത്തിനായുള്ള ശ്രമങ്ങൾ വൈകിപ്പിച്ചേക്കുമെന്ന സൂചനയുമുണ്ട്.
എങ്കിലും പ്രതീക്ഷിച്ചതുപോലെ വെനസ്വേലൻ പ്രസിഡന്റ് മഡുറോയുടെ സാന്നിധ്യവും നേതൃത്വപരമായ മുൻകൈയ്യും യോഗത്തിന് പ്രാധാന്യം വർധിപ്പിക്കുന്നു. രാജ്യത്തിനകത്ത് പ്രസിഡന്റ് എന്ന നിലയിലുള്ള നിയമസാധുത ചോദ്യം ചെയ്യപ്പെടുന്നുണ്ടെങ്കിലും പ്രാദേശിക സംയോജന വേദിയിലേക്കുള്ള അദ്ദേഹത്തിന്റെ കടന്നുവരവ് പ്രതീക്ഷ നല്കുന്നതാണ്. വെനസ്വേലൻ നേതാവിനെ ഒറ്റപ്പെടുത്തുവാനും അദ്ദേഹത്തിനെതിരെ യോജിച്ച വേദിയുണ്ടാക്കുന്നതിനും ശ്രമം നടത്തിയ ബ്രസീൽ ഭരണാധികാരി ജെയ്ർ ബോൾസാനാരോയുടെ സർക്കാരിന് പകരമെത്തിയ ലുല ഡ സിൽവയുടെ ഭരണ നേതൃത്വത്തിന് സാമ്പത്തികവും അല്ലാത്തതുമായ പ്രതിസന്ധിയുണ്ടെങ്കിലും പുതിയ നാഴികക്കല്ലാകുന്ന പ്രാദേശിക സംയോജന വേദിയിൽ സാന്നിധ്യമുണ്ടായത് പ്രതീക്ഷ നല്കുന്നതായി. ഈ അർത്ഥത്തിൽ, ബ്രസീലിയയിലെ ഉച്ചകോടി ഒരു നിർണായക നാഴികക്കല്ലായിരുന്നു. യുഎൻഎഎസ്‍യുആർ മുഖേനയുള്ള പ്രാദേശിക സംയോജനത്തിന്റെ പുനരുജ്ജീവനത്തിൽ വെനസ്വേലയെ ഉൾപ്പെടുത്തുന്നതും അതാത് രാജ്യങ്ങൾ മറ്റ് രാജ്യങ്ങളുമായി തങ്ങൾ നേരിടുന്ന സാമ്പത്തിക‑സാമൂഹ്യ പ്രശ്നങ്ങളുടെ പരിഹാരത്തിന് പരസ്പര സഹായം ശക്തിപ്പെടുത്തുന്നതും പ്രദേശത്തിന് ആഗോള രാഷ്ട്രീയ പരിസരങ്ങളിൽ പ്രധാന സ്ഥാനം നല്കുമെന്നുറപ്പാണ്. രാഷ്ട്രീയമായി വ്യത്യസ്തമായ സാഹചര്യങ്ങളാണ്- ഒരിടത്ത് സുസ്ഥിരതയെങ്കിൽ മറ്റൊരിടത്ത് അസ്ഥിരത‑വിവിധ രാജ്യങ്ങൾ നേരിടുന്നത്. കൊളംബിയയിലെ സംഭവങ്ങളും അർജന്റീന നേരിടുന്ന അനിശ്ചിതത്വവും വെനസ്വേലയ്ക്കെതിരായ യുഎസ് അതിക്രമങ്ങളും അങ്ങനെ പ്രശ്നങ്ങൾ പലതാണ്. എങ്കിലും യോജിപ്പിന്റെ സാധ്യതകൾ വലുതാണ്. ഇത്തരമൊരു സംയോജനം വീണ്ടും സാധ്യമാകുന്നത് യുഎസിന്റെ മേഖലയിലെ ആധിപത്യത്തിന് വെല്ലുവിളിയാകുമെന്നും ഉറപ്പാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.