28 April 2024, Sunday

സുപ്രീം കോടതി വിധിയും കശ്മീരിന്റെ ഭാവിയും

സുരേന്ദ്രന്‍ കുത്തനൂര്‍
December 15, 2023 4:35 am

”ചില പോരാട്ടങ്ങൾ പരാജയപ്പെടാൻ വേണ്ടിയുള്ളതാണ്. കാരണം, തലമുറകൾക്ക് അറിയാൻ സുഖകരമല്ലാത്ത വസ്തുതകൾ ചരിത്രം രേഖപ്പെടുത്തണം. സ്ഥാപനപരമായ പ്രവർത്തനങ്ങളുടെ തെറ്റുംശരിയും വരുംവർഷങ്ങളിൽ ചർച്ച ചെയ്യപ്പെടും. ചരിത്രം മാത്രമാണ് അന്തിമ വിധികർത്താവ്”- മുതിര്‍ന്ന അഭിഭാഷകന്‍ കപിൽ സിബൽ ഏതാനുംദിവസം മുമ്പ് സമൂഹമാധ്യമത്തില്‍ കുറിച്ചു. അദ്ദേഹം ഇത് കുറിച്ച സമയത്തിനുമുണ്ട് പ്രത്യേകത. ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയ നടപടി ശരിവച്ചുകൊണ്ടുള്ള സുപ്രീം കോടതി വിധി വരുന്നതിന് തൊട്ടുമുമ്പായിരുന്നു ഇത് പുറത്തുവന്നത്. പ്രത്യേക പദവി റദ്ദാക്കിയതിനെതിരെ ഹര്‍ജിക്കാർക്ക് വേണ്ടി ഹാജരായ അഭിഭാഷകന്‍ കൂടിയായിരുന്നു കപിൽ സിബൽ. തോല്‍വിയെക്കുറിച്ചുള്ള കപിലിന്റെ നിഗമനത്തില്‍ ഭരണസ്ഥാപനങ്ങളുടെ ശരിതെറ്റുകളെ ഭാവിചരിത്രം വിലയിരുത്തുമെന്ന വ്യക്തമായ രാഷ്ട്രീയ ചിന്തയുണ്ട്. സുപ്രീം കോടതിയുടെ വിധി സമ്പൂര്‍ണ കീഴടങ്ങലിന്റേതാണെന്ന് വിലയിരുത്താനാകില്ലെങ്കിലും ‘തെറ്റുംശരിയും വരുംനാളുകളിൽ’ ചര്‍ച്ച ചെയ്യേണ്ടതുതന്നെയാണെന്ന് തെളിയിക്കുന്നതാണ്.
ജമ്മു കശ്മീരിന്റെ പ്രത്യേകാധികാരം എടുത്തുകളഞ്ഞ കേന്ദ്ര നടപടി ശരിവച്ച സുപ്രീം കോടതി, സംസ്ഥാനത്തെ വിഭജിച്ചു കേന്ദ്രഭരണ പ്രദേശങ്ങളാക്കിയ നടപടിയുടെ നിയമസാധുതയിലേക്ക് കടന്നിട്ടില്ല. ഒരു സംസ്ഥാനത്തെ വിഭജിച്ച് കേന്ദ്രഭരണ പ്രദേശമാക്കി മാറ്റാൻ പാർലമെന്റിന് അധികാരമുണ്ടോ എന്ന നിർണായക നിയമപ്രശ്നത്തിലേക്ക് കോടതി കടന്നില്ല. കേന്ദ്രഭരണ പ്രദേശമാക്കാൻ ഭരണഘടനയുടെ മൂന്നാം വകുപ്പ് അനുവദിക്കുന്നുവെന്നാണ് അഞ്ചംഗ ബെഞ്ച് വിധിയില്‍ പറഞ്ഞത്. അതോടൊപ്പം ഒരു സംസ്ഥാനത്തെ കേന്ദ്രഭരണ പ്രദേശമായി തരംതാഴ്ത്താമോ എന്ന വിഷയം ഉചിതമായ മറ്റൊരു ഘട്ടത്തിൽ പരിശോധിക്കാമെന്നാണ് കോടതി നിലപാടെടുത്തത്. അതുകൊണ്ടുതന്നെ തങ്ങളുടെ നടപടി കോടതി ശരിവച്ചുവെന്നാണ് ഭരണപക്ഷത്തിന്റെ വാദം.

 


ഇതുകൂടി വായിക്കൂ; ഫെഡറല്‍ ജനാധിപത്യത്തില്‍ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുന്ന വിധി


സുപ്രീം കോടതി തങ്ങളുടെ അവസാന പ്രതീക്ഷയായിരുന്നെന്നും വിധിയില്‍ നിരാശയുണ്ടെന്നുമാണ് ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രിയും ഡെമോക്രാറ്റിക് പ്രോഗ്രസീവ് ആസാദ് പാര്‍ട്ടി പ്രസിഡന്റുമായ ഗുലാം നബി ആസാദ് പ്രതികരിച്ചത്. 2019 ഓഗസ്റ്റ് അഞ്ചിന് അനുച്ഛേദം 370 തിടുക്കപ്പെട്ട് റദ്ദാക്കിയത് തെറ്റായ നടപടിയായിരുന്നു. അതിനു മുമ്പ് സംസ്ഥാനത്തെ നേതാക്കളുമായി കൂടിയാലോചിക്കേണ്ടതായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ജമ്മു കശ്മീര്‍ ജനത പ്രതീക്ഷ കൈവിടില്ലെന്നാണ് പിഡിപി നേതാവും മുന്‍ മുഖ്യമന്ത്രിയുമായ മെഹ്ബൂബ മുഫ്തിയുടെ പ്രതികരണം. അനുച്ഛേദം 370 താല്‍ക്കാലികമായതുകൊണ്ടാണ് റദ്ദാക്കിയത് എന്നാണ് സുപ്രീം കോടതി പറയുന്നത്. ഇത് ഇന്ത്യ എന്ന ആശയത്തിന്റെ പരാജയമാണെന്നും മെഹ്‌ബൂബ പറഞ്ഞു. കശ്മീര്‍ ജനത പ്രതീക്ഷ കൈവിടുകയോ തോല്‍ക്കുകയോ ചെയ്യില്ല. അന്തസിനു വേണ്ടിയുള്ള പോരാട്ടം തുടരുകതന്നെ ചെയ്യുമെന്നും അവര്‍ പറയുന്നു. നിരാശയുണ്ടെങ്കിലും മനസ് തളര്‍ന്നിട്ടില്ലെന്ന് മുന്‍ മുഖ്യമന്ത്രിയും നാഷണല്‍ കോണ്‍ഫറന്‍സ് വൈസ് പ്രസിഡന്റുമായ ഒമര്‍ അബ്ദുല്ലയും പറഞ്ഞു. പതിറ്റാണ്ടുകളെടുത്താണ് ബിജെപി ഇവിടെയെത്തിയത്. ഞങ്ങളും ദീര്‍ഘകാല പോരാട്ടത്തിന് തയ്യാറാണ്- അദ്ദേഹം പറഞ്ഞു.
ജമ്മു കശ്മീരിൽ 1980കൾ മുതലുള്ള മനുഷ്യാവകാശ ലംഘനങ്ങളെക്കുറിച്ച് നിഷ്പക്ഷമായ അന്വേഷണം വേണമെന്ന ജസ്റ്റിസ് സഞ്ജയ് കിഷൻ കൗളിന്റെ വിധിയിലെ പരാമര്‍ശം പൊതുവേ സ്വാഗതം ചെയ്യപ്പെട്ടിട്ടുണ്ട്. ‘വസ്തുതാ, അനുരഞ്ജന കമ്മിഷ’നെ നിയമിച്ച് അന്വേഷണം നടത്തണമെന്നാണ് നിർദേശം. ഇതിനായി സർക്കാരിനോ മറ്റേതെങ്കിലും ഏജൻസികൾക്കോ മുൻകൈയെടുക്കാം. അന്വേഷണ റിപ്പോർട്ട് കോടതിയിൽ സമർപ്പിച്ച് നടപടികൾക്ക് ആവശ്യപ്പെടാമെന്നും ജസ്റ്റിസ് കൗൾ വ്യക്തമാക്കുന്നു. ‘എല്ലാം മറന്ന് മുന്നോട്ടുപോകാൻ മുറിവുകൾ ഉണങ്ങേണ്ടതുണ്ട്. തലമുറകളായി ജനങ്ങൾ അവിടെ വേദന അനുഭവിക്കുന്നു. അധികാരം ഉപയോഗിച്ച് ജനങ്ങളോട് ചെയ്ത ക്രൂരതകൾ എന്താണെന്ന് തിരിച്ചറിയുകയും, അതിൽ നടപടികളെടുക്കുകയും ചെയ്യുന്നതാണ് മുറിവുണക്കാൻ ആദ്യം ചെയ്യേണ്ട നടപടി‘യെന്നും ജസ്റ്റിസ് കൗൾ പറഞ്ഞു.

ട്രൂത്ത് ആന്റ് ജസ്റ്റിസ് കമ്മിഷന്‍, ട്രൂത്ത് കമ്മിഷന്‍ എന്നൊക്കെ അറിയപ്പെടുന്നതാണ് വസ്തുതാ, അനുരഞ്ജന കമ്മിഷന്‍. ഭരണകൂടങ്ങളുടെയോ മറ്റ് വ്യവസ്ഥാപിത സ്ഥാപനങ്ങളുടെയോ മനുഷ്യാവകാശ ലംഘനങ്ങള്‍ കണ്ടെത്തുന്നതിന് വേണ്ടിയുള്ള സമിതിയാണിത്. നിലവിലെ പ്രശ്നങ്ങളെക്കാള്‍, കഴിഞ്ഞുപോയ സംഭവങ്ങള്‍ക്കാണ് ട്രൂത്ത് കമ്മിഷനുകള്‍ മുന്‍ഗണന നല്‍കുക. ഒരു കാലഘട്ടത്തില്‍ നടന്ന സംഭവങ്ങളുടെ ഗതിവിഗതികള്‍ കമ്മിഷനുകള്‍ പഠിക്കും. ബാധിതരുമായി നേരിട്ട് ഇടപെട്ട് വിവരങ്ങള്‍ ശേഖരിക്കും. ഈ കമ്മിഷനുകളെ നിയോഗിക്കേണ്ടതും പ്രവര്‍ത്തനങ്ങള്‍ക്ക് സഹായിക്കേണ്ടതും സര്‍ക്കാരാണ്. നിലവിലെ കേന്ദ്ര സര്‍ക്കാര്‍ നിയോഗിക്കുന്ന കമ്മിഷന്റെ വസ്തുതാന്വേഷണം എങ്ങനെയായിരിക്കുമെന്ന് കണ്ടറിയണ്.
ജമ്മു കശ്മീരിന് പ്രത്യേക പദവി നൽകുന്ന അനുച്ഛേദമായിരുന്നു 370. പാർലമെന്റിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ കൊണ്ടുവന്ന പ്രമേയത്തിലൂടെയാണ് ഇത് റദ്ദാക്കപ്പെട്ടത്. ഇത് ചോദ്യംചെയ്തുള്ള നിരവധി ഹർജികളാണ് സുപ്രീം കോടതി പരിഗണിച്ചതും വിധി പ്രസ്താവിച്ചതും. ‘ജമ്മു കശ്മീർ ഇന്ത്യയുടെ ഭാഗമായതോടെ ഇന്ത്യയുടെ പരമാധികാരത്തിന് മുകളിൽ പ്രത്യേക അധികാരമില്ലെ‘ന്നാണ് സുപ്രീം കോടതി വ്യക്തമാക്കിയത്. അതേസമയം, ജമ്മു കശ്മീരിൽ നിയമസഭാ തെരഞ്ഞെടുപ്പ് അടുത്ത വർഷം സെപ്തംബർ 30നകം നടത്തണമെന്നും എത്രയും വേഗം കശ്മീരിന് സംസ്ഥാന പദവി തിരിച്ചു നൽകണമെന്നും കോടതി കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. കശ്മീരിൽ തെരഞ്ഞെടുപ്പ് നടത്തുമെന്നും സംസ്ഥാന പദവി തിരിച്ചുനൽകുമെന്നും കേന്ദ്രം നേരത്തെ കോടതിയെ അറിയിക്കുകയും ചെയ്തിരുന്നു.


ഇതുകൂടി വായിക്കൂ; മുതലാളിത്തത്തിന്റെ സത്ത


 

എന്നാല്‍ സുപ്രീം കോടതി ഇക്കഴിഞ്ഞ ഓഗസ്റ്റില്‍ ഇതേ കേസില്‍ നടത്തിയ പരാമര്‍ശങ്ങളുമായി ഇപ്പോഴത്തെ വിധി സമരസപ്പെടുന്നില്ലെന്ന് നിയമവൃത്തങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. ‘ജമ്മു കശ്മീരിന്റെ ഭരണഘടനാ നിർമ്മാണത്തിന് ശേഷം ഭരണഘടനാ സഭയുടെ കാലാവധി അവസാനിച്ചപ്പോൾ തന്നെ അനുച്ഛേദം 370 അസാധുവായതാണ്’ എന്ന വാദം സ്വീകാര്യമല്ല എന്നാണ് സുപ്രീം കോടതി അന്ന് പറഞ്ഞത്. 1957 ജനുവരി 26ന് ജമ്മു കശ്മീർ ഭരണഘടന നിലവിൽ വരികയും സംസ്ഥാനത്തിന്റെ ഭരണഘടനാസഭയുടെ കാലാവധി അവസാനിക്കുകയും ചെയ്തതോടെ പ്രത്യേക പദവി നൽകിയിരുന്ന അനുച്ഛേദം 370ൽ ഒന്നും നിലനിന്നിരുന്നില്ല എന്ന് മുതിർന്ന അഭിഭാഷകൻ ദിനേഷ് ദ്വിവേദി വാദിച്ചപ്പോഴായിരുന്നു ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ അഞ്ചംഗ ബെഞ്ച് പരാമർശം നടത്തിയത്. ‘1957 ജനുവരി 26 മുതൽ ഇന്ത്യൻ ഭരണഘടനയും ജമ്മു കശ്മീരിലേക്കുള്ള അതിന്റെ പ്രയോഗവും മരവിപ്പിച്ചിരിക്കുമെന്നതായിരിക്കും ഈ വാദത്തിന്റെ അനന്തരഫല’മെന്നാണ് ചീഫ് ജസ്റ്റിസ് ചൂണ്ടിക്കാട്ടിയത്. 1957ന് ശേഷമുള്ള ജമ്മു കശ്മീർ സംസ്ഥാനത്തിന് ഇന്ത്യൻ ഭരണഘടനാ നിയമത്തിലെ ഒന്നും ബാധകമല്ല എന്നത് എങ്ങനെ സ്വീകാര്യമാകുമെന്നും കോടതി ചോദിച്ചു.
‘സംസ്ഥാന സർക്കാരുമായി കൂടിയാലോചിച്ച് എടുത്ത എല്ലാ തീരുമാനങ്ങളും ജമ്മു കശ്മീരിന്റെ ഭരണഘടനാ സഭയ്ക്ക് മുമ്പാകെ വയ്ക്കേണ്ടതായിരുന്നു. അതിനാൽ അനുച്ഛേദം 370 ഒരു താൽക്കാലിക വ്യവസ്ഥയാണ് എന്നും ദ്വിവേദി വാദിച്ചിരുന്നു. വ്യവസ്ഥകളും ഭരണഘടനസഭാ ചർച്ചകളും നോക്കുമ്പോഴും ഇക്കാര്യം വ്യക്തമാകുമെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ ‘ഇത് ഭരണഘടനയുടെ വ്യാഖ്യാനത്തെ ബാധിക്കു‘മെന്നാണ് ചീഫ് ജസ്റ്റിസ് പറഞ്ഞത്. 1957ന് മുമ്പും ശേഷവും ജമ്മു കശ്മീരിന് ബാധകമാക്കുന്ന ഉത്തരവുകൾ പുറപ്പെടുവിച്ചിട്ടുണ്ട് എന്ന് ജസ്റ്റിസ് എസ് കെ കൗളും പറഞ്ഞിരുന്നു. അതേ കോടതിയില്‍ നിന്നാണ് ‘ജമ്മു കശ്മീർ ഇന്ത്യയുടെ ഭാഗമായതോടെ ഇന്ത്യയുടെ പരമാധികാരത്തിന് മുകളിൽ പ്രത്യേക അധികാരമില്ലെ‘ന്ന വിധിയുണ്ടായത്.
സ്വതന്ത്ര രാജ്യങ്ങളായി 75 വര്‍ഷങ്ങള്‍ക്കിടയില്‍ ഇന്ത്യയും പാകിസ്ഥാനുമായി മൂന്ന് യുദ്ധങ്ങളുണ്ടായത് ജമ്മു കശ്മീരിനെ ചൊല്ലിയാണ്. പതിനായിരക്കണക്കിന് സൈനികരും സാധാരണ പൗരന്മാരും ജീവൻ നൽകേണ്ടിവന്നു. അതിമനോഹരമായ കശ്മീരിൽ പൂർണമായും സ്വസ്ഥമായ ഒരുദിവസം പോലും ഉണ്ടായിട്ടില്ല എന്നതാണ് സത്യം. പലതവണ രാഷ്ട്രനേതാക്കൾ ഉഭയകക്ഷി ചർച്ചകൾ നടത്തുകയും കരാറുകളിലൊപ്പിടുകയുമൊക്കെ ചെയ്തുവെങ്കിലും അവസ്ഥയ്ക്ക് മാറ്റമുണ്ടായില്ല. അന്യോന്യം ഏറ്റുമുട്ടിയ ആദ്യ സന്ദർഭത്തിൽത്തന്നെ ഐക്യരാഷ്ട്രസഭ പ്രശ്നത്തിലിടപെടുകയും പ്രമേയം പാസാക്കുകയും ചെയ്തുവെങ്കിലും അവസരം ലഭിച്ചപ്പോഴൊക്കെ ഇരുരാജ്യങ്ങളും പരസ്പരം പഴിചാരാന്‍ യുഎൻ വേദികളെ ഉപയോഗിച്ചുവെന്നതും സത്യം. സുപ്രീം കോടതിയുടെ വിധി യുഎൻഎസ്‌സി പ്രമേയങ്ങളുടെ ലംഘനമാണെന്ന് ജയിലിൽ കഴിയുന്ന പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ പറയുന്നു. കശ്മീർ പ്രശ്‌നമാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള പ്രധാന തർക്കമെന്നും ഇമ്രാന്‍ പറയുന്നു. വിധി പാകിസ്ഥാന് അനുകൂലമായില്ലെന്നും കശ്മീർ വിഷയം ഉന്നയിക്കുന്നത് തുടരുമെന്നുമാണ് മറ്റൊരു മുൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് പറഞ്ഞത്. ഈ സാഹചര്യത്തില്‍ ആഭ്യന്തരമായും അയല്‍രാജ്യങ്ങളുമായും സമാധാനവും സൗഹാര്‍ദവുമുണ്ടാക്കാന്‍ കോടതി വിധിക്ക് കഴിയണം. അത് പരിപാലിക്കാന്‍ ഭരണകൂടത്തിനും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.