25 January 2026, Sunday

ജനങ്ങളെ അണിനിരത്തുന്ന കടമ ഏറ്റെടുക്കും

സത്യന്‍ മൊകേരി
September 11, 2025 4:15 am

രോ കമ്മ്യൂണിസ്റ്റുകാരനും സ്ഥാനമോഹം, തൻപ്രമാണിത്തം, വീഴ്ചകളോട് ബോധപൂർവം കാണിക്കുന്ന അയഞ്ഞ സമീപനം, സ്വയം വിമർശനത്തിന്റെ അഭാവം, വ്യക്തിപരമായ ഇഷ്ടാനിഷ്ടങ്ങൾ, കമ്മിറ്റികളിൽ അഭിപ്രായം പറയാതെ പുറത്തുനിന്നുമുള്ള കുറ്റംപറച്ചിലുകൾ, പണത്തോടുള്ള ആസക്തി, അവിഹിതമാർഗത്തിൽ സ്വത്ത് സമ്പാദിക്കൽ, പാർട്ടിയിലും ബഹുജന സംഘടനകളിലുമുള്ള പദവി വ്യക്തിപരമായ നേട്ടങ്ങൾക്ക് വേണ്ടി ദുരുപയോഗപ്പെടുത്തല്‍, പൊതുപണം ഘടകത്തിന്റെ തീരുമാനം ഇല്ലാതെ ഇഷ്ടാനുസരണം ചെലവഴിക്കുക, പാർട്ടി ഘടകങ്ങളുടെയും ബഹുജന സംഘടനകളുടെയും കണക്കുകൾ യഥാസമയം സമർപ്പിക്കാതിരിക്കുകയും സാമ്പത്തിക ക്രമക്കേടുകൾ നടത്തുകയും ചെയ്യുക തുടങ്ങിയ പ്രവണതയും ഉയർന്നു വരുന്നതായി പാര്‍ട്ടി ചൂണ്ടിക്കാട്ടിയിട്ടുണ്ട്. തങ്ങളുടെ തെറ്റുകൾ തിരുത്തുവാൻ കഴിയാത്തവർക്ക് പാർട്ടിയിൽ നിന്നും പുറത്തേക്ക് പോകുകയല്ലാതെ മറ്റ് വഴികളില്ല എന്ന് പെരുമാറ്റച്ചട്ടങ്ങൾ വ്യക്തമാക്കിയിട്ടുണ്ട്. അംഗങ്ങളില്‍ വളർന്നുവരുന്ന സ്ഥാനമോഹങ്ങളെക്കുറിച്ച് പല ഘട്ടങ്ങളിലും പാർട്ടി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ബൂർഷ്വാ രാഷ്ട്രീയത്തിന്റെയും തൊഴിലാളിവർഗേതര വീക്ഷണത്തിന്റെയും മുഖമുദ്രയാണ് സ്ഥാനമോഹങ്ങൾ. പാർലമെന്റ്, നിയമസഭ, തദ്ദേശ സ്ഥാപനങ്ങള്‍, സഹകരണരംഗം തുടങ്ങി വിവിധ തലങ്ങളിൽ പ്രവർത്തിക്കുന്നവരുടെയിടയിലെ സ്ഥാനമോഹങ്ങൾ പാർട്ടി ചർച്ച ചെയ്തിട്ടുള്ളതാണ്. ഇത്തരം പ്രവണതകൾക്കെതിരായി കമ്മ്യൂണിസ്റ്റുകാർ ജാഗ്രത കാണിക്കേണ്ടതായിട്ടുണ്ട്.

വിവിധ തലങ്ങളിൽ ചുമതല നിർവഹിക്കേണ്ടവരെ സംഘടനാ രീതിയിൽ തീരുമാനിക്കുന്നതാണ് പാർട്ടി തുടർന്നുവരുന്ന ശെെലി. ബൂർഷ്വാ ജനാധിപത്യ വ്യവസ്ഥയിൽ ജീവിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്ന കമ്മ്യൂണിസ്റ്റുകാരിൽ തെറ്റുകളും ദൗർബല്യങ്ങളും കടന്നുവരും. വിമർശനങ്ങൾ ഉണ്ടാകുമ്പോള്‍ തിരുത്തുവാൻ തയ്യാറാകണം. സ്വയം ടോർച്ചടിച്ച് നോക്കുക എന്ന് പികെവി എപ്പോഴും പറയുന്നതാണ്. അത് സ്വയം വിമർശനമാണ്. അതിലൂടെതെറ്റുകൾ മനസിലാക്കാനും തിരുത്തി മുന്നോട്ടുപോകാനും കഴിയണം. തെറ്റിൽക്കൂടി മാത്രമേ പോകൂ എന്ന വാശി സ്വയം നശിക്കലും പാർട്ടി സംഘടനയ്ക്ക് പ്രയാസം ഉണ്ടാക്കുന്നതുമാണ്.
കമ്മ്യൂണിസ്റ്റ് പാർട്ടിയെ വേറിട്ട രീതിയിലാണ് ജനങ്ങൾ കാണുന്നത്. കമ്മ്യൂണിസ്റ്റുകാർ എങ്ങനെയാകണം എന്ന ചിന്ത പൊതുസമൂഹത്തിൽ പൊതുവെയുണ്ട്. ജനങ്ങള്‍ക്ക് ഉൾക്കൊള്ളാനും ബോധ്യപ്പെടാനും പ്രയാസമുള്ള തരത്തിൽ കമ്മ്യൂണിസ്റ്റുകാർ പെരുമാറാൻ പാടില്ല. പരസ്യമായി മദ്യപിച്ചു നടക്കുന്ന കമ്മ്യൂണിസ്റ്റ് പ്രവർത്തകനെ പൊതുസമൂഹം ഉൾക്കൊള്ളില്ല. മറ്റ് പാർട്ടി പ്രവർത്തകരിൽ നിന്നും തെറ്റുകൾ ഉണ്ടായാൽ സമൂഹം ഗൗരവമായി കാണാറുമില്ല. കമ്മ്യൂണിസ്റ്റുകാർ എങ്ങനെയാകണം എന്ന ചിന്ത പൊതുസമൂഹത്തിലുണ്ട്. പാർട്ടിയുടെ പെരുമാറ്റച്ചട്ടത്തിൽ കമ്മ്യൂണിസ്റ്റുകാർ എങ്ങനെയാണ് സമൂഹത്തിൽ പ്രവർത്തിക്കേണ്ടതെന്ന് വ്യക്തമാക്കിയിട്ടുമുണ്ട്. പാർട്ടിയുടെ പ്രവർത്തനങ്ങൾക്കായി ജനങ്ങളെ സമീപിച്ചാണ് ഫണ്ട് സംഭരിക്കുന്നത്. ജനങ്ങളില്‍ നിന്ന് നിർലോഭമായ സഹായങ്ങൾ ലഭിച്ചിട്ടുണ്ട്. സമൂഹം നൽകുന്ന സഹായങ്ങൾ സ്വീകരിച്ചാണ് പാർട്ടി പ്രവർത്തനങ്ങൾ മുന്നോട്ടു കൊണ്ടുപോകുന്നത്. എന്നാല്‍ കളങ്കിതരായ വ്യക്തികളെ സമീപിച്ച് ഫണ്ട് ശേഖരിക്കാൻ പാടില്ലെന്ന് കമ്മ്യൂണിസ്റ്റ് പാർട്ടി പ്രത്യേകമായി തന്നെ നിർദേശിച്ചിട്ടുള്ളതാണ്. ഓരോ ഘടകവും വ്യക്തികളിൽ നിന്നും എത്രവരെ പണം സംഭാവനയായി ശേഖരിക്കാം എന്നും വ്യക്തമായ നിർദേശങ്ങൾ രൂപപ്പെടുത്തിയിട്ടുണ്ട്. സർക്കാർ ഓഫിസുകളിൽ നിന്ന് ഫണ്ട് പിരിക്കുവാൻ പാടില്ലെന്നും സർക്കാർ ജീവനക്കാരനിൽ നിന്നും അവർക്ക് ലഭിക്കുന്ന ശമ്പളത്തിന്റെ ഒരു ചെറിയഭാഗം മാത്രമേ ശേഖരിക്കാന്‍ പാടുള്ളൂവെന്നും പാർട്ടിയുടെ പെരുമാറ്റച്ചട്ടത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. 

കമ്മ്യൂണിസ്റ്റ് മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്നതിനും പോരായ്മകൾ തിരുത്തി മുന്നോട്ടുപോകുന്നതിനും നിരന്തരമായി ശ്രമിക്കുന്ന പാർട്ടിയാണ് സിപിഐ. വേറിട്ട പാർട്ടി എന്ന ഖ്യാതിയുള്ളതുകൊണ്ടാണ് പൊതുസമൂഹം എല്ലാ സഹായങ്ങളും പിന്തുണയും നൽകുന്നത്. ഏതെങ്കിലും അർത്ഥത്തിലുള്ള തെറ്റായ വ്യതിയാനങ്ങളും കമ്മ്യൂണിസ്റ്റുകാർക്ക് നിരക്കാത്ത ശൈലികളും ഉയർന്നുവന്നാൽ അതിനെതിരായ ഉറച്ച നിലപാട് പാർട്ടി സ്വീകരിക്കും. കമ്മ്യൂണിസ്റ്റ് മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചുകൊണ്ടുതന്നെ സിപിഐ മുന്നോട്ടുപോകും. ചണ്ഡീഗഢിൽ ഈ മാസം 21 മുതൽ 25 വരെ നടക്കുന്ന 25-ാം പാർട്ടി കോൺഗ്രസും 10 മുതൽ 12 വരെ ആലപ്പുഴയിൽ നടക്കുന്ന സംസ്ഥാന പ്രതിനിധി സമ്മേളനവും സാർവദേശീയ, ദേശീയ, പ്രാദേശിക രാഷ്ട്രീയം വിശദമായി ചർച്ച ചെയ്യും. അതിശക്തമായ സംഘടന കെട്ടിപ്പടുക്കുന്നതിനുള്ള പ്രവർത്തനങ്ങൾക്ക് രൂപം നൽകും. കമ്മ്യൂണിസ്റ്റ് മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചുകൊണ്ട് ശക്തമായ പാർട്ടി കേരളത്തിൽ കെട്ടിപ്പടുക്കുക എന്ന കടമയാണ് ആലപ്പുഴ സംസ്ഥാന സമ്മേളനം ഏറ്റെടുക്കുക. പാർട്ടിയുടെ നൂറാം വാർഷികം ആഘോഷിക്കുന്ന കാലഘട്ടത്തിൽ, രാജ്യത്ത് ഉയർന്നുവരുന്ന വെല്ലുവിളികൾക്കെതിരെ ജനങ്ങളെ അണിനിരത്താനുള്ള കടമ, സംസ്ഥാന സമ്മേളനവും 25-ാം പാർട്ടി കോൺഗ്രസും ഏറ്റെടുക്കുകതന്നെ ചെയ്യും. 

(അവസാനിച്ചു)

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.