21 December 2024, Saturday
KSFE Galaxy Chits Banner 2

സ്ത്രീത്തൊഴിലാളികളേ മുന്നോട്ട്…

കവിത രാജൻ
എഐടിയുസി സംസ്ഥാന സെക്രട്ടറി
May 29, 2023 4:30 am

നവോത്ഥാന പ്രസ്ഥാനങ്ങൾ കേരളത്തിന്റെ സാമൂഹിക, സാംസ്കാരിക, വിദ്യാഭ്യാസ മണ്ഡലങ്ങളിൽ വരുത്തിയ ക്രിയാത്മകമായ ഇടപെടലുകൾ സ്ത്രീകളുടെ വിദ്യാഭ്യാസത്തിന്റെയും സാമ്പത്തിക സ്വയംപര്യാപ്തതയുടെയും കാര്യത്തിൽ മാത്രമല്ല, ലിംഗസമത്വത്തിലും ഏറെ മുന്നോട്ടു പോകാൻ നമ്മെ പ്രാപ്തരാക്കിയിട്ടുണ്ട്. എന്നാൽ ആ വിപ്ലവകരമായ നേട്ടങ്ങളുടെ തുടർചലനം എത്രത്തോളം മുന്നോട്ടുകൊണ്ടുപോകാൻ സാധിച്ചിട്ടുണ്ട് എന്നത് പ്രസക്തമായ വിഷയമാണ്.  വി ടി ഭട്ടതിരിപ്പാടിന്റെ അടുക്കളയിൽ നിന്നും അരങ്ങത്തേക്ക് എന്ന ആഹ്വാനത്തിൽ ആകൃഷ്ടരായി സ്ത്രീകൾ മുന്നോട്ടു വരുമ്പോൾ അവരെ ഉൾക്കൊള്ളുവാൻ നമ്മുടെ സമൂഹത്തിന് എത്രമേൽ സാധിക്കുന്നു എന്നതും ചിന്തനീയമാണ്. ‘നഃ സ്ത്രീ സ്വാതന്ത്യ്രമർഹതി ’ എന്ന മനുവാക്യം എവിടെയെല്ലാമോ ഇന്നും അലയടിക്കുന്നത് നമുക്ക് കേൾക്കാം. അത്തരം സാഹചര്യം പലയിടത്തും അനുഭവപ്പെടുന്നുമുണ്ട്. ഉന്നത വിദ്യാഭ്യാസം ലഭ്യമായ സ്ത്രീകളുടെയും തൊഴിലെടുക്കുന്ന സ്ത്രീകളുടെയും അനുപാതം നോക്കിയാൽ ഇതിന്റെ സത്യാവസ്ഥ ബോധ്യമാകും.

 

2018ൽ നടന്ന ഐഎൽഒ കൺവെൻഷൻ ഇത് ശരിവയ്ക്കുന്ന കണക്കുകളാണ് പുറത്തുവിട്ടത്. 2016ൽ ഇന്ത്യയിൽ തൊഴിലെടുക്കുന്ന സ്ത്രീകൾ 36 ശതമാനം ഉണ്ടായിരുന്നുവെങ്കിൽ 2018ൽ അത് 26 ശതമാനമായി കുറഞ്ഞു. തോത് കുറയുവാനുണ്ടായ കാരണം അന്ന് വിലയിരുത്തിയത്, സ്ത്രീകൾക്കുനേരെ നടക്കുന്ന അതിക്രമങ്ങളുടെ ആകെത്തുകയായിട്ടാണ്. പണിയെടുക്കുന്ന സ്ത്രീകളെ ദൂരെ സ്ഥലങ്ങളിലേക്ക് സ്ഥലംമാറ്റം ചെയ്യുമ്പോൾ അവർക്ക് നേരെയുണ്ടാവുന്ന അതിക്രമങ്ങളെ ചെറുക്കേണ്ട ഭരണകൂടം തന്നെ കയ്യൊഴിയുന്നു. സ്വന്തം സുരക്ഷയ്ക്കും സ്വാഭിമാനത്തിനും സ്ത്രീ വിലകൊടുക്കുന്നത് സ്വന്തം സ്വപ്നങ്ങളെ കൊട്ടിയടച്ചുകൊണ്ടാണ് എന്നത് പരിഷ്കൃത സമൂഹത്തിന് അപമാനമാണ്.
ലിംഗസമത്വം ഏറെ കൊട്ടിഘോഷിക്കുന്ന സമൂഹത്തിൽ സ്ത്രീയുടെ പ്രവർത്തനത്തെ ‘എക്സ്പ്രഷ’ന്റെ അടിസ്ഥാനത്തിലും പുരുഷന്റെ പ്രവർത്തനത്തെ പ്രാപ്തിയുടെ അടിസ്ഥാനത്തിലും വിലയിരുത്തപ്പെടുമ്പോൾ സ്ത്രീക്ക് ഇരട്ടിഅധ്വാനം വേണ്ടിവരിക സ്വാഭാവികം. കുടുംബം എന്നത് സ്ത്രീയുടെ മാത്രം കടമയാകുമ്പോഴും അവിടെയുണ്ടാകുന്ന ചെറിയ അസ്വസ്ഥതകൾ പോലും അവളെ ബാധിക്കുമെന്നതും സ്വാഭാവികം. എന്നാൽ അവൾ കുടുംബത്തിനായി നടത്തുന്ന പ്രവർത്തനങ്ങൾക്ക് മൂല്യം കല്പിക്കപ്പെടുന്നില്ല. മാത്രമല്ല അത് കടമയും സേവനവുമായി മാത്രം ഒതുക്കുന്നത് പരിഷ്കൃതം എന്ന് വിളിക്കപ്പെടുന്ന സമൂഹത്തിന്റെ മനോഭാവം മാറിയിട്ടില്ല എന്നതിന് ഉത്തമ ദൃഷ്ടാന്തമാണ്.

 


ഇതുകൂടി വായിക്കൂ;ഇന്ത്യ ഭയത്തിന്റെയും നാണക്കേടിന്റെയും രാജ്യം


ഭൂമിയുടെ നേർപകുതിക്ക് അവകാശികളായ സ്ത്രീകള്‍ ഇന്നും പുരുഷകേന്ദ്രീകൃത സമൂഹത്തിന്റെ അടിച്ചമർത്തലുകൾക്കും ദീനാനുകമ്പയ്ക്കും വിധേയരാണ് എന്നത് ഭരണഘടനാ അവകാശങ്ങൾക്ക് മേലുള്ള കടന്നുകയറ്റമാണ്. ഭരണഘടനയുടെ അനുച്ഛേദം 15(1)ൽ അനുശാസിക്കുന്നത് ഒരു പൗരനെയും ലിംഗ വിവേചനം നടത്താൻ പാടില്ലെന്നും, 15(3) സ്ത്രീകളെ സംരക്ഷിക്കുന്ന പ്രത്യേക നിയമമുണ്ടാക്കാമെന്നും, അനുച്ഛേദം 39(എ)യിൽ ജോലിക്കുള്ള തുല്യഅവകാശവും 39 (ഡി) തുല്യജോലിക്ക് തുല്യ വേതനവും സംരക്ഷിക്കപ്പെടുന്നു. അനുച്ഛേദം 16(2)ൽ ലിംഗവിവേചനത്തിന്റെ അടിസ്ഥാനത്തിൽ ജോലി നിഷേധിക്കാൻ പാടില്ലെന്ന് എഴുതിവച്ചിട്ടുള്ള ഒരു ഭരണഘടനയുള്ള ഒരു രാജ്യത്താണ് ബാങ്കിങ് മേഖലയിൽ സ്ത്രീകൾക്ക് മെറ്റേണിറ്റിയുടെ പേരിൽ ജോലി നിഷേധം സംഭവിച്ചത്.
പൊതുരംഗത്തേക്കുള്ള സ്ത്രീമുന്നേറ്റത്തിന് ഉതകുന്നതും ത്വരിതപ്പെടുത്തുന്നതുമായ കാൽവയ്പായിരുന്നു തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ സ്ത്രീകൾക്ക് സംവരണം നടപ്പിലാക്കിയ നടപടി. ഇന്ന് വോട്ടർമാരുടെ അനുപാതത്തിൽ സ്ത്രീ വോട്ടർമാർ മുന്നിൽ നിൽക്കുന്ന സാഹചര്യത്തിൽ തദ്ദേശ ഭരണസ്ഥാപനങ്ങൾക്കു മുകളിൽ നിയമസഭയിലും പാർലമെന്റിലും അവർക്ക് കഴിവ് തെളിയിക്കുവാനുള്ള അവസരം നൽകേണ്ടതുണ്ട്. ഇവിടെയും സംവരണം ഏർപ്പെടുത്തേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ആതുര സേവനത്തിന് സജ്ജമായ തൊഴിലാളികളെ, നഴ്സുമാർ ഉൾപ്പെടെ തൊഴിലിൽ നിന്നും മാറ്റി സേവനം എന്ന വിഭാഗത്തിൽപ്പെടുത്തുക വഴി ആ മേഖലയിൽ പ്രവർത്തിക്കുന്നവർ തൊഴിലാളികൾ അല്ലാതാവുകയും അവരുടേത് ശമ്പളം എന്ന നിർവചനത്തിൽ നിന്നും പ്രതിഫല(റെമ്യൂണറേഷന്‍)ത്തിലേക്ക് മാറ്റപ്പെടുകയും ചെയ്തു. തൊഴിലാളി എന്ന നിർവചനത്തിൽ ഉൾപ്പെടാത്ത അവർക്ക് തൊഴിലവകാശങ്ങൾ നിഷേധിക്കുകയും ചൂഷണത്തിന് വിധേയമാവുകയും ചെയ്യുകയാണ്.

വൈദഗ്ധ്യം ആവശ്യമില്ലാത്തിടങ്ങളിൽ കൂടുതലായി സ്ത്രീത്തൊഴിലാളികളെ നിയമിക്കുന്നത് കാണാം. ഇത് വലിയ തരത്തിലുള്ള ചൂഷണമാണ്. ടെക്സ്റ്റെെൽ മേഖലയിൽ നമ്മൾ ഇത് കണ്ടതാണ്. രാവിലെ മുതൽ ഡ്യൂട്ടി അവസാനിക്കുന്നത് വരെയുള്ള തൊഴിലാളികളുടെ നിൽപ്പുസമരം അതിന്റെ ഭാഗമാണ്. അവിദഗ്ധ വിഭാഗത്തിലേക്ക് ചുരുക്കുക വഴി ചൂഷണം മാത്രമല്ല തുല്യജോലിക്ക് തുല്യവേതനം എന്ന അവകാശ സംരക്ഷണവും നടക്കാതെ പോകും. ഇത് സ്ത്രീയുടെ അന്തസിനും അവളുടെ മാനസികമായ ആവശ്യത്തെയും വളരെയധികം ബാധിക്കും. തൊഴിലിടങ്ങളിൽ, അത് സംഘടിത മേഖലയായാലും അസംഘടിത മേഖലയായാലും സ്ത്രീ സംരക്ഷണവും സുരക്ഷയും ഏർപ്പെടുത്തേണ്ടത് സർക്കാരുകളുടെ കടമയാണ്. പോഷ് ആക്ട് പോലുള്ള നിയമങ്ങൾ തൊഴിലിടങ്ങളിലെ അതിക്രമങ്ങൾ തടയാൻ ഉതകുന്ന നിയമങ്ങളാകുമ്പോൾ, എത്രകണ്ട് ഫലപ്രദമായി അവ നടപ്പിലാക്കുന്നു എന്നത് ചിന്തനീയമാണ്. ഇതിനേറ്റവും പുതിയ ഉദാഹരണമാണ് ഡൽഹിയിൽ ബ്രിജ്ഭൂഷണ്‍ എംപിക്കെതിരെ ഗുസ്തിതാരങ്ങള്‍ നടത്തുന്ന സമരം. ഭരണകർത്താക്കൾ സംരക്ഷകരാകേണ്ടിടത്ത് അവർ വേട്ടക്കാരാകുമ്പോൾ എവിടെ നിന്നാണ് നീതി ലഭിക്കുന്നത്. അധികാര സ്ഥാനങ്ങളിലിരിക്കുന്ന ദുശ്ശാസനൻമാരിൽ കുഴലൂത്തുകാർ ഉണ്ടായേക്കാം. എന്നാൽ സ്ത്രീശക്തി എന്തെന്ന് ബോധ്യപ്പെടുത്താൻ ഇത്തരം അവസരങ്ങളിൽ ഒന്നിക്കുക തന്നെ വേണം.


ഇതുകൂടി വായിക്കൂ;തിരുമുറിവുമായി കക്കുകളി


 

സംഘടിത മേഖലയിലാണെങ്കിൽ ഈ നിയമം എത്തിനോക്കുന്നു പോലുമില്ല. ലെെംഗിക പീഡനത്തെക്കാള്‍ വലുതാണ് മാനസിക പീഡനം. ഇത് എവിടെയും ചർച്ച ചെയ്യുന്നില്ല എന്നത് തന്നെ സ്ത്രീസമൂഹം സർവംസഹയാണെന്ന ലേബലിലാണ്. തൊഴിലിടങ്ങൾക്കുമപ്പുറം യാത്രാവേളകളിലും ഇത്തരം അതിക്രമങ്ങളെ നിയമ പരിധിക്കുള്ളിലാക്കാൻ ശ്രമങ്ങൾ നടത്തേണ്ടതുണ്ട്. മാന്യമായി സഞ്ചരിക്കുവാനുള്ള സ്ത്രീയുടെ അവകാശത്തെ സംരക്ഷിക്കേണ്ടതിന് അതിക്രമങ്ങൾ തടയുന്നതിനോടൊപ്പം മറ്റു പശ്ചാത്തല സംവിധാനവും ഒരുക്കേണ്ടതുണ്ട്. അവിടെയാണ് സ്ത്രീ ടോയ്‌ലെറ്റുകളുടെ പ്രസക്തി ഏറുന്നത്. ഒരു ക്ഷേമരാഷ്ട്രം കെട്ടിപ്പടുക്കുക എന്നത് ഒരു സർക്കാരിന്റെ കടമയാണ്. അത് പൗരന്മാരുടെ അവകാശമാണ്. സ്ത്രീകൾക്ക് ഭരണഘടന കല്പിച്ചു നൽകിയ അവകാശങ്ങൾ തുല്യമാണ്. പുരുഷകേന്ദ്രീകൃത സമൂഹത്തിൽ നവോത്ഥാന വിപ്ലവ മാറ്റങ്ങൾ ഇനിയും ലഭ്യമാക്കേണ്ടതുണ്ട്. ഇത്തരം പ്രശ്നങ്ങൾ ഉയർത്തിക്കാട്ടി സമസ്ത സ്ത്രീത്തൊഴിലാളികളുടെയും അവകാശങ്ങൾ സംരക്ഷിക്കാന്‍ വർക്കിങ് വിമന്‍ ഫോറം (എഐടിയുസി) നേതൃത്വത്തിൽ സ്ത്രീമുന്നേറ്റ ജാഥ ഇന്ന് കാസർകോട് നിന്നും ആരംഭിച്ച് അടുത്തമാസം മൂന്നിന് തിരുവനന്തപുരത്ത് സമാപിക്കുകയാണ്. തൊഴിലെടുക്കുന്ന സ്ത്രീകളുടെ പ്രശ്നങ്ങൾ ഉയർത്തിക്കാട്ടി അവ പരിഹരിക്കാൻ വേണ്ട ശ്രദ്ധക്ഷണിക്കൽ കൂടിയാണ് ഈ ജാഥ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.