10 December 2025, Wednesday

‘വിശ്വവിഖ്യാത’മായ ഒരു ഭൂമി കയ്യേറ്റക്കേസ്

പി എ വാസുദേവൻ
കാഴ്ച
May 27, 2023 4:30 am

ഒരു ഭൂമി കയ്യേറ്റക്കേസും തുടര്‍ചിന്തകളുമാണ് നമ്മുടെ വിഷയം. സംഗതി ലളിതവും വ്യക്തവുമാക്കാം. കയ്യേറ്റം നടന്നത് ശാന്തിനികേതന്‍ വിശ്വഭാരതി സര്‍വകലാശാലയില്‍. കയ്യേറ്റം നടത്തിയത് അമര്‍ത്യാ സെന്‍ എന്ന വ്യക്തി. ടാഗോര്‍ ഈ വിശ്വവിദ്യാലയം തുടങ്ങിയപ്പോള്‍ ഒരു സഹായി വേണമെന്നതിനാല്‍ ക്ഷിതിമോഹന്‍ എന്നൊരു വ്യക്തിയെ കത്തയച്ചു വരുത്തി. ഇദ്ദേഹം മേല്പറഞ്ഞ ഭൂമികയ്യേറ്റക്കാരന്റെ മുത്തച്ഛന്‍. ഹിമാലയന്‍ താഴ്‌വരയില്‍ ഒരു സ്കൂള്‍ നടത്തിയിരുന്ന അദ്ദേഹം ഒരു വന്‍ കുടുംബപ്പടയുമായാണ് വന്നത്. ഗുരുദേവ് അദ്ദേഹത്തെ ആദരിച്ചിരുത്തി. അരനൂറ്റാണ്ട് ക്ഷിതിമോഹന്‍ അവിടെ പാര്‍ത്തു.
ക്ഷിതി മഹാപണ്ഡിതനായിരുന്നു. വിദ്യാഭ്യാസമെന്ന സങ്കല്പത്തെക്കുറിച്ച് വന്‍ സ്വപ്നങ്ങളുള്ള വ്യക്തി. അമര്‍ത്യയുടെ അമ്മ അമിത മരിക്കുന്നതുവരെ ഇവിടെത്തന്നെയായിരുന്നു താമസം. അമ്മയുടെ ഓര്‍മ്മയില്‍, അമര്‍ത്യ വര്‍ഷംതോറും അവിടെയെത്തും. ഗുരുദേവും തന്റെ മുത്തച്ഛനും നടന്ന വഴികളിലൂടെ നടക്കും. താന്‍ ജനിച്ചുവളര്‍ന്ന സ്ഥലത്തിന്റെ മുഗ്ധതയില്‍ മുഴുകും. 1933 നവംബര്‍ മൂന്നിന് ഇവിടെ ജനിച്ച്, ഗുരുദേവ് തന്നെ അമര്‍ത്യ എന്നു പേരിട്ട, തലമുറകളായി ഇവിടെ ജീവിച്ച കക്ഷിയാണ് ഭൂമി അപഹരണ കേസിലെ പ്രതി. തന്റെ വീടായ ‘പ്രതീക്ഷ’യില്‍ ഏറെക്കാലം താമസിച്ചു അമര്‍ത്യ. അമ്മ അമിത ടാഗോറിന്റെ നാടകങ്ങളില്‍ രംഗപ്രവേശം നടത്തി. പിന്നെ പഠനവുമായി അമര്‍ത്യ പുറത്തിറങ്ങി, പ്രശസ്തനായി.

 


ഇതുകൂടി വായിക്കു; വായനയും ചോദ്യങ്ങളും


ഇത്രയൊക്കെ പറഞ്ഞാലും ഈ അമര്‍ത്യയുടെ ജീവരേഖ അറിഞ്ഞാലേ ഭൂമി കയ്യേറ്റക്കേസിനു മിഴിവ് വരൂ. ഒരു സംഗ്രഹചിത്രം മാത്രം തരാം. കല്‍ക്കത്ത പ്രസിഡന്‍സി കോളജില്‍ നിന്ന് ബിരുദവും കേംബ്രിഡ്ജ് ട്രിനിറ്റിയില്‍ മേല്‍പഠനവും. 1957–63 കാലത്ത് ട്രിനിറ്റിയില്‍ ഫെല്ലോ. 1971–77 കാലത്ത് ലണ്ടന്‍ സ്കൂള്‍ ഓഫ് ഇക്കണോമിക്സില്‍ പ്രൊഫസര്‍. പിന്നെ മൂന്ന് വര്‍ഷം ഓക്സ്ഫഡില്‍ പ്രൊഫസര്‍. 1987 മുതല്‍ ഒരു ദശാബ്ദം ഹാര്‍വാഡില്‍ ധനശാസ്ത്രം, തത്വശാസ്ത്രം എന്നിവ പഠിപ്പിച്ചു. 1998ല്‍ ലണ്ടന്‍ ട്രിനിറ്റിയില്‍ പരമോന്നത സ്ഥാനമായ മാസ്റ്റര്‍ പദവി. പിന്നെ എല്ലാം ഇങ്ങോട്ട് തേടിയെത്തി. 1998ല്‍ നൊബേല്‍ സമ്മാനം. വിശ്വഭാരതി സര്‍വകലാശാലയിലേക്ക് രണ്ടാം നൊബേല്‍. ആദ്യത്തേത്, അമര്‍ത്യയുടെ ദെെവതുല്യനായ ഗുരുദേവിന് 1913ല്‍. പിന്നെ ഭാരതരത്ന പുരസ്കാരവും.
ഇതൊക്കെത്തന്നെ ന്യൂനോക്തിയാണ്. അമര്‍ത്യ ഇതിലും എത്രയോ അധികമാനങ്ങളുള്ള മഹാവ്യക്തിയാണ്. മൗലികമായ ഒട്ടേറെ രചനകള്‍, ഗവേഷണ പ്രബന്ധങ്ങള്‍, 1970ല്‍ പ്രസിദ്ധം ചെയ്ത ‘കളക്ടീവ് ചോയ്സ് ആന്റ് സോഷ്യല്‍ വെല്‍ഫെയര്‍ എന്ന പ്രഖ്യാത കൃതി, ക്ഷേമധനശാസ്ത്ര ദര്‍ശനങ്ങള്‍, പിന്നെ വ്യാപകമായ മനുഷ്യവിജ്ഞാന മേഖലകളിലെ ഒരുപാട് ഗ്രന്ഥങ്ങള്‍. ഇത് സെന്നിനെക്കുറിച്ചുള്ള പ്രബന്ധമല്ലാത്തതുകൊണ്ട് കൂടുതല്‍ വിസ്തരിക്കുന്നില്ല. ക്ഷാമത്തെക്കുറിച്ച് 1981ലെ ‘പോവര്‍ട്ടി ആന്റ് ഫാമിന്‍’ എന്ന കൃതി ഏറെ ചര്‍ച്ച ചെയ്യപ്പെട്ടതായിരുന്നു. രാഷ്ട്രീയ ഇടപെടലുകള്‍, സാമൂഹിക അപാകം നികത്തുമെന്നദ്ദേഹം വാദിച്ചു.
ഇത്രയൊക്കെ പറഞ്ഞത് അനവസരത്തിലാണെന്ന് കരുതരുത്. ഇത്രയൊക്കെ പ്രസിദ്ധനായ 92കാരനായ വ്യക്തിയാണ്, താന്‍ ജീവനുതുല്യം സ്നേഹിക്കുന്ന സ്ഥാപനത്തിന്റെ 0.13 ഏക്കര്‍ ഭൂമി കയ്യേറിയെന്ന് അവിടുത്തെ വെെസ് ചാന്‍സലര്‍ കണ്ടെത്തിയിരിക്കുന്നത്. പരമ്പരാഗതമായി കിട്ടിയ 1.25 ഏക്കറിന് പുറമെ, അമര്‍ത്യാ സെന്‍ വളച്ചുകെട്ടിയ ഭൂമിയാണിതത്രെ. ‘അനുവാദമില്ലാതെ താമസിക്കുന്നയാള്‍’ എന്നാണ് സര്‍വകലാശാല സെന്നിനെ വിശേഷിപ്പിച്ചത്. വീടിന് പുറത്ത് നോട്ടീസും പതിച്ചത്രെ. ഗുരുദേവ് സര്‍വവും വിറ്റുപെറുക്കി ആരംഭിച്ച സ്ഥാപനത്തിലെ ആദ്യതാമസക്കാരനായി ക്ഷണിച്ചുകൊണ്ടുവന്നത് ക്ഷിതി സെന്നെന്ന, അമര്‍ത്യയുടെ മുത്തച്ഛനെയാണ്. വിശ്വഭാരതിയെ ഈ നിലയ്ക്കെത്തിച്ചതില്‍ അമര്‍ത്യക്കും പങ്കുണ്ട്.
അവിടെ നിന്ന് അമര്‍ത്യ എന്ന അമരനായ ചിന്തകനെ എടുത്തെറിയുന്നത് കേന്ദ്രത്തിന്റെ പ്രേരണകൊണ്ടാണ്. ഇന്ത്യ ഇന്ന് ഭരിക്കുന്നവരുടെ ജനാധിപത്യ നിരാസവും വര്‍ഗീയതയും സെന്നിന്റെ വിമര്‍ശനത്തിന് വിധേയമായി. സെന്‍ ഇന്ത്യയിലില്ലാത്ത നേരത്ത് നോട്ടീസ് പതിച്ചു. സ്ഥലം കാലിയാക്കാന്‍ പറഞ്ഞു. പിന്നീട് മമതാ ബാനര്‍ജി ഈ വീട്ടില്‍ വന്ന് സെന്നിനെ കണ്ട് അമര്‍ത്യയുടെ അച്ഛന്‍ അശുതോഷ് സെന്നിന് 1.38 ഏക്കര്‍ പാട്ടമായി നല്കിയതിന്റെ പ്രമാണവും കെെമാറി. പക്ഷെ ഇപ്പോഴത്തെ വെെസ് ചാന്‍സലര്‍ക്ക് അമര്‍ത്യയോട് പക തീരുന്നില്ല. അമര്‍ത്യയുടെ മുന്നില്‍ ആരുമല്ലാത്ത ഈ കേന്ദ്ര ഭൃത്യന്‍, മറ്റാരെയോ തൃപ്തിപ്പെടുത്താനാണിത് ചെയ്യുന്നത്. അമര്‍ത്യക്ക് വിരോധത്തിന് പോന്ന വ്യക്തിയല്ല വെെസ് ചാന്‍സലര്‍. കേന്ദ്രത്തോട് അദ്ദേഹത്തിനുള്ള എതിര്‍പ്പിന് കാരണം ഇവിടെ നടക്കുന്ന ജനാധിപത്യ ധ്വംസനമാണ്. സ്വാതന്ത്ര്യത്തിന്റെ നിഷേധമാണ്. വികസനം, സ്വാതന്ത്ര്യം, പ്രാപ്തി എന്നീ വിഷയങ്ങളെക്കുറിച്ച് ഏറ്റവുമധികം പ്രായോഗികമായും സെെദ്ധാന്തികമായും ചിന്തിക്കുകയും എഴുതുകയും ചെയ്ത വ്യക്തിയാണല്ലോ അമര്‍ത്യ.


ഇതുകൂടി വായിക്കു; കെ പി കറുപ്പനും കേരളനവോത്ഥാനവും


പരാതികളൊക്കെ പാഴായിപ്പോവുകയാണ്. ആഗോളതലത്തില്‍ത്തന്നെ അക്കാദമിക്കുകള്‍, ഇതിനെതിരെ നീക്കം തുടങ്ങിയിട്ടുണ്ട്. ലോകത്തിലെ ഏറ്റവും നല്ല പണ്ഡിതരെയും ചിന്തകരെയും വിശ്വഭാരതിയിലെത്തിക്കാനാണ് ടാഗോര്‍ ശ്രമിച്ചത്. അതിനാണ് ആ സ്ഥാപനം തുടങ്ങിയത്. അതിരില്ലാത്ത ചിന്ത, എഴുത്ത്, ആത്മപ്രകാശനം, ഭയമില്ലാത്ത ജീവിതം, അതില്‍ നിന്നുണ്ടാവുന്ന സ്വാതന്ത്ര്യം. കേന്ദ്രം ടാഗോര്‍ വിരുദ്ധ നടപടികളും തുടങ്ങിക്കഴിഞ്ഞു. ടാഗോറിന്റെ ജന്മദിനമായ മേയ് ഏഴിന് ശാന്തിനികേതനിലെ രവീന്ദ്രഭവന മ്യൂസിയം അടച്ചിട്ടത്രെ.
മഹാത്മാഗാന്ധിയടക്കം, സ്ഥാപനത്തിനായി ടാഗോറിനെ സാമ്പത്തികമായിപ്പോലും സഹായിച്ചിട്ടുണ്ട്. ഇന്ദിരയെ നെഹ്രുവാണ് അവിടെ കൊണ്ടുചേര്‍ത്തത്. പിന്നെ എത്രയെത്ര മഹാന്മാര്‍. അതിന്റെയൊക്കെ ചരിത്രം ഈ കൂലി അക്കാദമിക്കുകള്‍ക്കും വെെസ് ചാന്‍സലര്‍മാര്‍ക്കും അറിയില്ല. അമരനായ രവീന്ദ്രനാഥ ടാഗോറിനെ തിരസ്കരിക്കാന്‍ ഇവര്‍ക്കാവുമോ.
അമര്‍ത്യ എന്നു പേരിട്ട ഗുരുദേവ് മര്‍ത്യനാവാനല്ല, അമര്‍ത്യനാവാനാണ് ഉപദേശിച്ചത്. അതിനാണ് അദ്ദേഹം എഴുതിയതും ചിന്തിച്ചതും. സ്വാതന്ത്ര്യത്തിന്റെ മഹത്വം പാടിപ്പുകഴ്ത്തിയ ടാഗോറിന് പുതിയ ഭാഷ്യമാണ് അമര്‍ത്യ നല്കിയത്. സ്വാതന്ത്ര്യമാണ് വികസനം എന്ന മഹാതത്വം തന്റെ ഗ്രന്ഥത്തിന്റെ കേന്ദ്രബിന്ദുവാക്കി. വികസനം സ്വാതന്ത്ര്യത്തിലേക്കെത്തിയതല്ല; മറിച്ച് സ്വാതന്ത്ര്യം തന്നെയാണ് വികസനം എന്നാണദ്ദേഹം സിദ്ധാന്തിച്ചത്. സാമ്പ്രദായിക ധനശാസ്ത്രചിന്തകളെ അട്ടിമറിച്ച ദര്‍ശനമായിരുന്നു സെന്നിന്റേത്.
സെന്നിനെ ഇവര്‍ക്ക് മനസിലാവില്ല. സ്വീഡിഷ് അക്കാദമിക്കും കുറേക്കാലം മനസിലായിരുന്നില്ല. അവരുടെ ചിന്തകളെയും സെന്‍ കീഴ്‌മേല്‍ മറിച്ചു. കാരണം സെന്നിനെ ജീവിതം പഠിപ്പിച്ചത് ഭരണാധികാരികളും വെെസ് ചാന്‍സലര്‍മാരുമല്ല; ഗുരുദേവ് ആയിരുന്നു.
‘എങ്ങു ഗാര്‍ഹിക ഭിത്തികള്‍ ഭേദിച്ച
തുണ്ടുകളല്ലഖണ്ഡം മഹീതലം…
ആ മനോഹര സ്വാതന്ത്ര്യസ്വര്‍ഗമായ്
മാമക നാടുണരേണമീശ്വരാ’. എന്നു പാടിയ മഹാകവി രവീന്ദ്രനാഥ്.
ആ അമര്‍ത്യയാണ് തുക്കടാ സ്ഥലം വളച്ചുകെട്ടിയതത്രേ. എന്തൊരധഃപതനം.

Kerala State - Students Savings Scheme

TOP NEWS

December 10, 2025
December 10, 2025
December 10, 2025
December 10, 2025
December 10, 2025
December 9, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.