22 December 2024, Sunday
KSFE Galaxy Chits Banner 2

മരപ്പൊട്ടന്മാരുടെ കാനേഷുമാരി കണക്കെടുപ്പ്

ദേവിക
വാതില്‍പ്പഴുതിലൂടെ
October 4, 2021 4:03 am

ങ്ങളുടെ നാട്ടില്‍ ഒരു കരിം ഡോക്ടര്‍ ഉണ്ടായിരുന്നു. മൂന്നാം ക്ലാസുവരെ പഠിച്ചിട്ടുണ്ട്. ആക്രിപെറുക്കി ചായംപൂശി ബ്രാന്‍ഡ് ന്യൂ എന്നു പറഞ്ഞ് വിറ്റുനടന്നു. നാട്ടുകാര്‍ കയ്യോടെ പിടികൂടിയപ്പോള്‍ പയ്യന്‍ കരിം മദ്രാസിലേക്കു മുങ്ങി. ഇന്നത്തെ ചെന്നെെ. പിന്നെ വച്ചടിവച്ചടി കയറ്റമായിരുന്നു. ഒരാശുപത്രി തന്നെയങ്ങു സ്ഥാപിച്ചു. ഡോ. കരിം എന്ന ബോര്‍ഡ് മുന്നില്‍ തൂക്കി. സഹായികളായി ഷാ, സലാം തുടങ്ങിയവര്‍. അവരും പേരിനു മുന്നില്‍ ഡോക്ടര്‍ എന്നു ഫിറ്റു ചെയ്തു. നിരക്ഷരരും അന്ധവിശ്വാസികളുമായ പാവങ്ങള്‍ ചികിത്സയ്ക്കായി തള്ളിക്കയറി. രോഗിയെ കരിം ഡോക്ടര്‍ പരിശോധിച്ച ശേഷം അകത്തെ മുറിയിലേക്ക് കൊണ്ടുപോകും. രോഗി എത്തുന്നത് മുറിയുടെ മുകളറ്റം മുട്ടുന്ന ഒരു ഭീമാകാര പ്രതിമയ്ക്കു മുന്നില്‍. കണ്ണുകളില്‍ ചുവന്ന ബള്‍ബുകള്‍. ആനച്ചെവികളാണ് പ്രതിമയ്ക്ക്. രോഗിയെ പ്രതിമയ്ക്ക് മുന്നില്‍ നിര്‍ത്തി കരിം ഡോക്ടര്‍ ചോദിക്കും, ‘ഇന്ത വ്യാധി ഭേദമാകുമോ’. പ്രതിമയ്ക്കുള്ളില്‍ നിന്ന് ഡോക്ടര്‍ സലാമോ, ഡോക്ടര്‍ ഷായോ പറയും, ഭേദമാകും കടവുളേ. പിന്നെ ഡോക്ടര്‍ കരിം കയ്യിലിരിക്കുന്ന ചാട്ടവാര്‍ മൂന്നുതവണ അന്തരീക്ഷത്തിലേക്ക് ചുഴറ്റും, അതുകഴിഞ്ഞു മന്ത്രോച്ചാരണം; ‘പച്ചക്കദളി കുലകള്‍ക്കിടക്കിടെ മെച്ചത്തില്‍ നന്നായ് പഴുത്ത പഴങ്ങളും.’ പാവം പാണ്ടിക്കുണ്ടോ അറിയാന്‍ കുഞ്ചന്‍ നമ്പ്യാരുടെ ഓട്ടന്‍തുള്ളല്‍ പാട്ടാണ് മന്ത്രമെന്ന്. ഡോക്ടര്‍ തന്റെ വ്യാജചികിത്സയിലൂടെ ലക്ഷങ്ങള്‍ കൊയ്തു. പിന്നീടൊരിക്കല്‍ മദ്രാസ് മേയറുമായി. ഇതു താന്‍ട്രാ മലയാളി!

പാണ്ടിയെ പറ്റിക്കാന്‍ എന്തെളുപ്പം. പക്ഷേ മലയാളിയെ കബളിപ്പിക്കാന്‍ കൊറേ പുളിക്കും എന്നു നാം വീമ്പു പറയുന്നതിനിടെ ഇതാ ഒരു മോന്‍സണ്‍ മാവുങ്കല്‍ അവതരിച്ചിരിക്കുന്നു. ചലച്ചിത്ര പ്രതിഭയായ ജോണ്‍ എബ്രഹാം ‘കോട്ടയത്ത് എത്ര മത്തായിമാരുണ്ട്’ എന്നു ചോദിച്ചതുപോലെ മോന്‍സണ്‍ ചോദിച്ചു, കേരളത്തില്‍ എത്ര മരപ്പൊട്ടന്മാരുണ്ട് എന്ന്. മണ്ടന്മാരുടെ കാനേഷുമാരി കണക്കെടുപ്പുകാലം. കരിം ഡോക്ടറെപ്പോലെ വ്യാജ ഡോക്ടറായ മോന്‍സൻ‍ വില്ലാളിവീരനും വീരമണികണ്ഠനുമായ കെപിസിസി പ്രസിഡന്റ് കെ സുധാകരനെ ചര്‍മ്മരോഗത്തിനു ചികിത്സിക്കുന്നു. ഡിജിപി ലോക്‌നാഥ് ബെഹ്റ ടിപ്പുവിന്റെ വ്യാജ സിംഹാസനത്തിലിരുന്ന് ഇളിഭ്യച്ചിരി ചിരിക്കുന്നു. എഡിജിപി മനോജ് എബ്രഹാം മോശയുടെ അംശവടിയും ടിപ്പുവിന്റെ വാളും വീശി നൃത്തം ചവിട്ടുന്നു. ഗായകന്‍ എം ജി ശ്രീകുമാര്‍ ഭാര്യയുമൊത്ത് എത്തിയപ്പോള്‍ കളിവാച്ചും കണ്ണാടിച്ചില്ലു പതിച്ച ഉഡായിപ്പു മോതിരവും സമ്മാനിക്കുന്നു. ഇതെല്ലാം ചാനലില്‍ വന്നിരുന്ന് ജനത്തെ കാട്ടി പറയുന്നു, ഇതെല്ലാം ഞങ്ങള്‍ക്ക് ഡോ. മോന്‍സൻ‍ സമ്മാനിച്ചതാണെന്ന്. നടനവിസ്മയങ്ങളായ മോഹന്‍ലാലും ശ്രീനിവാസനും ഡോ. മോന്‍സന്റെ ആതിഥ്യവും അംശവടിയും സ്വീകരിക്കുന്നു.

 


ഇതുംകൂടി വായിക്കു; മോന്‍സന്‍ മാവുങ്കല്‍ റിമാന്‍ഡില്‍


 

മുപ്പത്തിമുക്കോടി സ്വത്തിന്റെ ഉടമയായ താന്‍ ഇരുന്നൂറില്‍പരം രാജ്യങ്ങള്‍ സന്ദര്‍ശിച്ചിട്ടുണ്ടെന്നും ഇനി രാജ്യങ്ങളില്ലാത്തതിനാല്‍ സന്ദര്‍ശനം തല്‍ക്കാലം നിര്‍ത്തിവച്ചിരിക്കുകയാണെന്നും ഡോ. മോന്‍സൻ‍ പറയുമ്പോള്‍ ആ തരികിട പത്താം ക്ലാസ് പോലും പാസായിട്ടില്ലെന്നും ഒരു പാസ്പോര്‍ട്ട് പോലുമില്ലാത്തവനെന്നറിയാതെ കണ്ണുമിഴിച്ചിരിക്കുന്നു ഡിജിപിയും സുധാകരനും മറ്റും മറ്റും. എന്തായാലും ആ ബെഹ്റയായിരുന്നല്ലോ നമ്മുടെ ഡിജിപി എന്നോര്‍ത്ത് ജനം ഞെട്ടുന്നു. ഹവ്വ ആദ്യമായണിഞ്ഞ അടിവസ്ത്രം, ആദാമിന്റെ ആദ്യ കൗപീനം, അലക്സാണ്ടര്‍ ചക്രവര്‍ത്തിയുടെഎട്ടാം വയസിലെയും മരിച്ച ശേഷവുമുള്ള തലയോട്ടികള്‍ എന്നിവ കാട്ടി മരപ്പൊട്ടന്മാരുടെ കാനേഷുമാരിയുമായി ഡോ. മോന്‍സൻ കൊണ്ടുകയറുമ്പോള്‍ ജനം ചോദിക്കുന്നു; ഇവിടെ ഒരു ഡിജിപി ഉണ്ടായിരുന്നോ സര്‍! വെള്ളത്തില്‍ ജീവിക്കുന്ന അഞ്ചു ജീവികളുടെ പേരു ചോദിച്ചാല്‍ മൂന്നു മീനും രണ്ട് തവളയുമെന്നു പറയുന്ന മോന്‍സനെയാണ് ബെഹ്റ മഹാനായി വാഴ്ത്തിയത്. കടല്‍പ്പാമ്പിനെ എങ്ങനെ തിരിച്ചറിയാം ഡോക്ടറേ എന്ന് മോഹന്‍ലാല്‍ മോന്‍സനോട് ചോദിച്ചത്രെ. റെഡിമണിയായി ഉത്തരം; ‘നക്കിനോക്കിയാല്‍ ഉപ്പുരസമുണ്ടെങ്കില്‍ കടല്‍പാമ്പ്. ഉപ്പുരസമി‘ല്ലെങ്കില്‍ രാജവെമ്പാല!

ഈ മുതല്‍ എന്തായാലും ഉഡായിപ്പിന്റെ ഒരു ലോക റെക്കോഡ് തന്നെ കേരളത്തിലേക്കു കൊണ്ടുവന്നിരിക്കുന്നു. ബിഹാറിലെ ബംഗ്രാഗ്രാമത്തില്‍ ജനിച്ച മിതിലേഷ് കുമാര്‍ ശ്രീവാസ്തവ എന്ന നട്‌വര്‍ലാലും ഓസ്ട്രേലിയന്‍ പയ്യനായ വിക്ടര്‍ലസ്റ്റിംഗും പേറിയിരുന്ന കിരീടമാണ് മോന്‍സണ്‍ തട്ടിയെടുത്തിരിക്കുന്നത്. മോന്‍സനും നട്‌വര്‍ലാലും ലസ്റ്റിംഗും തട്ടിപ്പിന്റെ ഹരിശ്രീ കുറിച്ചത് വേശ്യാലയത്തില്‍ നിന്നും അവിഹിതഗര്‍ഭത്തില്‍ നിന്നും. ചൂതാട്ടവും പെണ്ണുപിടിയും യഥേഷ്ടം നടത്തിയ ലസ്റ്റിംഗ് ആക്രിവിലയ്ക്കാണ് വിശ്വാതിശയിയായ ഈഫല്‍ടവര്‍ വിറ്റത്. ടവര്‍ പൊളിക്കാനെത്തിയ പാവം അറസ്റ്റിലുമായി. വേശ്യാലയങ്ങളിലെത്തി അഭിസാരികകള്‍ക്കു മയക്കുമരുന്നു നല്കി ആഭരണങ്ങള്‍ കൊള്ളയടിച്ചായിരുന്നു നട്‌വര്‍ലാലിന്റെ തുടക്കം. ചേര്‍ത്തലയിലെ ഒരു വികാരിയച്ചന്‍ ഗര്‍ഭിണിയാക്കിയ കന്യാസ്ത്രീയുടെ അവിഹിതഗര്‍ഭം ഏറ്റെടുത്ത് ദശലക്ഷങ്ങള്‍ പ്രതിഫലം വാങ്ങി തന്റെ ബിസിനസിനു തുടക്കമിട്ട ലോകത്തെ ആദ്യ കപ്യാരായി മോന്‍സൻ. ലോകാതിശയങ്ങളിലൊന്നായ താജ്മഹല്‍ വിദേശികള്‍ക്കു വിറ്റ കിടിമന്നനാണ് നട്‌വര്‍ലാല്‍. ചെങ്കോട്ട രണ്ടുതവണ വിറ്റ നട്‌വര്‍ലാല്‍ ഒരു തവണ രാഷ്ട്രപതി ഭവനും മുഗള്‍ ഉദ്യാനവും വിറ്റുകാശാക്കി. 545 എംപിമാരെയടക്കം പാര്‍ലമെന്റ് മന്ദിരവും വിറ്റുകാശാക്കിയ ഉഡായിപ്പു ശിരോമണി. ഒരിക്കല്‍ തന്റെ മോഷണവസ്തുക്കള്‍ കണ്ടെടുക്കാന്‍ നട്‌വര്‍ലാല്‍കൊണ്ടുപോയത് ഏക്കല്‍ കണക്കിന് വിസ്തൃതമായ ഒരു പറമ്പിലേക്ക്. പൊലീസ് പറമ്പു മുഴുവന്‍ കിളച്ചുമറിച്ചു. ഇനി ഇവിടെയെനിക്കു ചോളവും ഗോതമ്പും കൃഷി ചെയ്യണം. ഭൂമി പാകത്തിന് ഉഴുതിട്ടുണ്ട്. ഇതെന്റെ ഭൂമിയാണ് എന്ന് നട്‌വര്‍ലാല്‍ പറഞ്ഞപ്പോള്‍ പൊലീസ് പോലും തലയറഞ്ഞു ചിരിച്ചുപോയി. ഇനി മോന്‍സൻ‍ ബെഹ്റയേയും മനോജ് എബ്രഹാമിനേയും കൊണ്ട് എവിടെയെല്ലാം കിളപ്പിക്കുമെന്നു നമുക്കു കാത്തിരുന്നു കാണാം.

 


ഇതുംകൂടി വായിക്കു; കെ സുധാകരനെതിരേ വിജിലന്‍സ് അന്വേഷണം; സംസ്ഥാന കോണ്‍ഗ്രസ് രാഷ്ട്രീയം കൂടുതല്‍ പ്രതിസന്ധിയിലേക്ക്


 

ലെെഫ്ബോയ് എവിടെയുണ്ടോ, അവിടെയുണ്ട് ആരോഗ്യം’ എന്ന പഴയൊരു പരസ്യമുണ്ട്. ധാര്‍മ്മികതയെ ആലവട്ടവും വെണ്‍ചാമരവുമായി ആനപ്പുറത്തെഴുന്നെള്ളിച്ചവരാണ് മാധ്യമരംഗത്തെ നമ്മുടെ പൂര്‍വസൂരികള്‍. പക്ഷേ ഇന്നോ. എവിടെ തട്ടിപ്പുണ്ടോ അവിടെ കൂട്ടായി ചില മാധ്യമപ്രവര്‍ത്തകരുമുണ്ടെന്ന ദയനീയാവസ്ഥ. പൊതുഇടങ്ങളില്‍ മാധ്യമപ്രവര്‍ത്തനത്തിന്റെ അപനിര്‍മ്മാതാക്കള്‍. വനംകൊള്ളയ്ക്കായാലും പുരാവസ്തു തട്ടിപ്പിലായാലും വ്യാജ ശബരിമല ചെമ്പുതീട്ടൂരത്തിലായാലും മാധ്യമപ്രവര്‍ത്തകര്‍ കാവലാളുകളാകുന്ന കെട്ടകാലം. സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയുടെയും കേസരിബാലകൃഷ്ണപിള്ളയുടേയും പിന്മുറക്കാരാണു തങ്ങളെന്ന കാര്യംപോലും മറക്കുന്ന ഇവരോടു ചോദിച്ചാല്‍ പറയും ഏതു കേസരി, ഏതു സ്വദേശാഭിമാനി എന്ന മറുചോദ്യം. ഇതിനെയെല്ലാം ന്യായീകരിക്കാനും ഇവര്‍ വളഞ്ഞവഴികള്‍ തേടുന്നു, കേസ് കൊടുക്കുമെന്നു ഭീഷണിപ്പെടുത്തുന്നു. എന്തിന് സ്വദേശാഭിമാനിയുടെ സ്മാരകത്തിനു ലഭിച്ച 35 ലക്ഷം രൂപപോലും പുട്ടടിച്ചവര്‍. ഇതിനെയെല്ലാം ചോദ്യം ചെയ്യുമ്പോള്‍ മാനനഷ്ടക്കേസു കൊടുക്കുമെന്നു ഭീഷണിയും. മാനമുള്ളവരല്ലേ മാനനഷ്ടക്കേസു കൊടുക്കൂ. മാനമില്ലാത്ത ഇത്തരം മാധ്യമജന്മങ്ങള്‍ക്ക് ജയിലല്ലേ അഭികാമ്യം. നല്ലവരായ മാധ്യമപ്രവര്‍ത്തകര്‍ ദീനതയോടെ ‘ഉരിഞ്ഞെടുത്തു കാട്ടാളാ നീയെന്‍ ഉടയാടകളൊക്കെയും, ഉയിരു മാത്രമെടുക്കാതിരിക്കുക നടന്നു തീര്‍ത്തിടട്ടെ ബാക്കി ജീവിതം’ എന്നു പാടേണ്ട മാധ്യമ മൂല്യച്യുതിയുടെ കാലം. നാം നമിച്ച ശിരസുകളെ മറക്കരുത്.

നമിച്ച ശിരസുകളെ മറക്കരുതെന്നു പറഞ്ഞപ്പോഴാണ് തൃശൂരിലെ ഒരു പള്ളീലച്ചനെ ഓര്‍ത്തുപോയത്. പള്ളിപ്പറമ്പിലെ കൃഷിയിടത്തില്‍ കയറിയ രണ്ട് മയിലുകളെ വികാരിയച്ചന്‍ വെടിവച്ചുകൊന്നു. അച്ചനെ പൊലീസ് പൊക്കുകയും ചെയ്തു, വന്യജീവി സംരക്ഷണ നിയമമനുസരിച്ച് പൊലിസുകാര്‍ അച്ചനോട് ചോദിച്ചു; അച്ചോ ബെെബിളില്‍ മയില്‍ വിശുദ്ധപക്ഷിയല്ലേ? ഉവ്വ് എന്ന് അച്ചന്‍. യേശുക്രിസ്തു പുനര്‍ജനിച്ചതിന്റെ പ്രതീകമാണ് മയില്‍. സഹനത്തിന്റെയും നന്മയുടെ ഉയിര്‍ത്തെഴുന്നേല്പിന്റെയും അവതാര സ്വരൂപമാണ് മയില്‍. പിന്നെയെന്തിന് യേശുമിശിഹായുടെ തിരുഅവതാരത്തെ കൊന്നതെന്ന് പൊലീസ്. അത് മോന്‍സനെപ്പോലുള്ളവരുള്ളിടത്ത് ക്രിസ്തുദേവന്‍ പുനര്‍ജനിച്ചാല്‍ അദ്ദേഹത്തിന് വിനാശായ ചഃദുഷ്കൃതാം’ എന്നപോലെ മോന്‍സനെ കൊന്നിട്ട് ജയിലില്‍ പോകേണ്ടി വരും. അതു കഷ്ടമല്ലേ ഏമാനേ. യേശുക്രിസ്തു കൊലപാതകിയാകാതിരിക്കാന്‍ ഞാന്‍ പുനരവതാരങ്ങളായ മയിലുകളെ കൊന്നതാണ്! അമ്മയെ തല്ലിയാലും രണ്ടുണ്ടു ന്യായം പള്ളീലച്ചന് എന്നല്ലേ ചൊല്ല്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.