ഡ്രൈവിങ് വളരെ സൂക്ഷ്മതയും ശ്രദ്ധയും വേണ്ടുന്ന ഒരു കാര്യമാണ്. പെട്ടെന്നു തീരുമാനമെടുക്കുകയും നടപ്പിലാക്കുകയും വേണം. ഭാവനാകുബേരന്മാരായ കവികൾ ഈ പണിയിൽ ഏർപ്പെടാറില്ല. പലകവികൾക്കും കാറുണ്ടായിരുന്നെങ്കിലും വാർധക്യത്തിലും കാറോടിച്ചത് ചെമ്മനം ചാക്കോ ആയിരുന്നു. പുതുതലമുറക്കവികൾ കാറോടിക്കുന്നതിൽ തല്പരരാണ്. കെ വി സുമിത്രയടക്കം പുതുകവിതയിലെ ഉണ്ണിയാർച്ചകൾ കാറോടിക്കുന്നതിൽ സമർത്ഥരുമാണ്. ഡ്രൈവിങ് തൊഴിലായി സ്വീകരിച്ച എം എൻ പാലൂർ വ്യത്യസ്തനായി ഈ ചരിത്രവാനത്തുണ്ട്. പുതുതലമുറയിൽപ്പെട്ട പല കവികളും ഓട്ടോഡ്രൈവർമാരായി പണിയെടുക്കുന്നുമുണ്ട്. കടമ്മനിട്ടയുടെയും സി എസ് രാജേഷിന്റെയും മറ്റും കവിതകളിൽ ഓട്ടോറിക്ഷ കടന്നുവരുന്നുണ്ട്. എങ്കിലും ഓട്ടോക്കവിതകൾ മലയാളത്തിൽ പൊതുവേ കുറവാണ്. കവിതയോട് ഗാഢബന്ധമുള്ള ഹരികുമാർ ചങ്ങമ്പുഴയും ദിലീപ് കുറ്റിയാനിക്കാടും മുച്ചക്രവാഹനം പയറ്റിയവരാണ്. ഹരികുമാറിന്റെ ഓട്ടോയിൽ കവി ജോസ് വെമ്മേലിയെ കാണാൻ പോയതും ദിലീപിന്റെ ഓട്ടോയിൽ നീലംപേരൂർ പടയണി കാണാൻ പോയതും ഓർക്കുന്നു. കാത്തിരിപ്പ് വേളയിൽ ഓട്ടോഡ്രൈവർ പുസ്തകം വായിക്കുന്നത് ശ്രദ്ധിച്ച ജസ്റ്റിസ് ഡി ശ്രീദേവി, ദിലീപിനെ പരിചയമേഖലയിൽപ്പെടുത്തിയിരുന്നു. ഹരികുമാർ പിന്നീട് ഡോക്ടറേറ്റ് കരസ്ഥമാക്കുകയും മഹാത്മാഗാന്ധി സർവകലാശാലയിൽ എത്തുകയും ചെയ്തു.
തലസ്ഥാനത്ത് മൂന്നു നിയമസഭാമന്ദിരങ്ങൾ കണ്ടതിനെ കുറിച്ച് ഓട്ടോ എന്നപേരിൽ ഒരു നഗ്ന കവിതയുമുണ്ട്.
ഒരു ഓട്ടോ ഡ്രൈവറുടെ തീക്ഷ്ണമായ ജീവിതമുഹൂർത്തങ്ങൾ കവിതയിൽ ആവിഷ്കരിച്ചത് ആറ്റൂർ രവിവർമ്മയാണ്. ഓട്ടോവിൻ പാട്ട് എന്ന കവിതയിലൂടെ. കടം കയറി ജീവിതം വഴിമുട്ടിയ കുഞ്ഞിക്കുട്ടൻ പഴയ ഇല്ലം പൊളിച്ചുവിറ്റ് ഒരു ഓട്ടോറിക്ഷ വാങ്ങുന്നു. ‘കെഎൽഡി നൂറ്റിനാല്’ എന്ന ഓട്ടോറിക്ഷയ്ക്ക് ഗണപതി എന്നു വിളിപ്പേരുമിട്ടു. ചാഞ്ഞും ചരിഞ്ഞും കൂന്നും നിവർന്നുമിരുന്ന് കുഞ്ഞിക്കുട്ടൻ വണ്ടിയോട്ടി. മദിരാശിയിൽ നിന്നും കൊച്ചിയിൽ നിന്നുമൊക്കെയുള്ള തീവണ്ടികളിൽ വന്നവരും പോകുന്നവരും ഗണപതിക്ക് പ്രാതലായി. പുതിയൊരു കിടപ്പാടമുണ്ടാക്കാനും ചിട്ടിക്ക് അടയ്ക്കാനുമൊക്കെ പണം ആവശ്യമുണ്ട്. ഓട്ടോയാണ് ഏക അവലംബം. തന്റെ വരുമാനം വച്ച് കുഞ്ഞിക്കുട്ടൻ മനസിൽ കണക്കുകൂട്ടി. ഒന്നാം ദിവസത്തെയും രണ്ടാം ദിവസത്തെയും വരവ് ബാങ്കിലിട്ടു. മൂന്നാം ദിവസം മുടക്കം വന്നു. നാലാം ദിവസമായപ്പോഴേക്കും നഷ്ടംതന്നെ സംഭവിച്ചു. കടത്തിൻമേൽ കടമായി. ഒപ്പം വിലക്കയറ്റവും ഉണ്ടായി. ഉപ്പിനും മുളകിനും ഇരുമ്പിനും പൊന്നിന്നുമൊക്കെ വിലകൂടി. ഓട്ടോയിൽ നിന്നു കിട്ടിയ വരുമാനമൊക്കെ ഊണിനും ഉടുപ്പിനും മരുന്നിനും വിരുന്നിനും ചെലവായി. ഉണ്ണിക്കണ്ണനെ വിളിച്ചിട്ടും പ്രയോജനമുണ്ടായില്ല. പിന്നെ കുഞ്ഞിക്കുട്ടന്റെ മുന്നിൽ ഒരുമാർഗമേ തെളിഞ്ഞുള്ളൂ. ഗുരുവായൂരപ്പനു നേർച്ച കൊടുക്കുക.
പൂന്താനമോ മേൽപ്പത്തൂരോ ഒന്നും അല്ലാത്തതിനാൽ അക്ഷരനേർച്ചയൊന്നും ആ പാവത്തിന് പറ്റില്ല. ഗുരുവായൂർ അമ്പലത്തിന് ചുറ്റും ഓട്ടോ ഓടിച്ചു നൂറ്റൊന്നു വലത്തു വയ്ക്കാം. ഇത് നടപ്പാക്കാനായി വെളുപ്പിനെ കുളിച്ച് പുറപ്പെട്ടെങ്കിലും വഴിയിൽ വച്ച് ഓട്ടോ ‘കിടധീമെന്ന്’ മറിഞ്ഞു. ഇനി എന്താമാർഗം. കുഞ്ഞിക്കുട്ടന്റെ മനസിലേക്കു കുട്ടിക്കാലത്തുകണ്ട കഥകളി തിരശീല നീക്കിവന്നു. കുഞ്ചുവിന്റെ പൂതന വേഷം. പുതിയൊരാശയം അയാളിലുണ്ടായി. ഗണപതി എന്ന പേരിനു മുകളിൽ കുഞ്ഞിക്കുട്ടൻ പെയിന്റടിച്ചു. അവിടെ ഭദ്രകാളിയെന്നെഴുതി. തീവണ്ടിസ്റ്റേഷന് മുന്നിൽ നിന്നും ആശുപത്രി മുക്കിലേക്ക് പാർപ്പ് മാറ്റി.
ആംബുലൻസൊന്നും ഇന്നത്തെപ്പോലെ ലഭ്യമല്ലാതിരുന്ന 1984 ആണ് കവിതയുടെ രചനാകാലം. ആളുകൾ ശവവുമായി ഓട്ടോയിൽ കയറി. ശവത്തിന് ഉടുപ്പണിയിച്ചു. ഇരുതോളിലും കൂട്ടുകാർ പിടിച്ചു. ജീവനുള്ള ആളിനെപ്പോലെ ശവയാത്ര. നാലുദിക്കിലേക്കും ഭദ്രകാളി ഓടി. കുഞ്ഞിക്കുട്ടന്റെ കടം ക്രമേണ തീർന്നു. കിടപ്പാടമായി. പുതിയൊരോട്ടോറിക്ഷയും വാങ്ങി. ഇതാണ് കവിതയിലെ കഥ. കടബാധ്യത, ഗുരുവായൂരപ്പനു നേർച്ചനേർന്നാൽ പരിഹാരമാവില്ല എന്ന വാസ്തവം കവിതയിൽ നിന്നും വായിച്ചെടുക്കാം. സർഫാസി നിയമം കണ്ണുരുട്ടുന്ന ഇക്കാലത്ത് ഓട്ടോവിൻ പാട്ടിന് പ്രസക്തിയേറുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.