മലയാളത്തിലെ സാഹിത്യ പത്രപ്രവർത്തന രംഗത്ത് നക്ഷത്രശോഭയോടെ തിളങ്ങുന്ന ചില പേരുകളുണ്ട്. നൂറുകണക്കിന് കത്തുകളുമായി നോവലിസ്റ്റിനെ ചെന്നുകണ്ട്, പ്രതിഫലം പണമായിത്തരാൻ ഞങ്ങളുടെ കയ്യിലില്ല, ഇതാണ് പ്രതിഫലമെന്നു പറഞ്ഞ കാമ്പിശേരി, ഓണപ്പതിപ്പിനുവേണ്ടി എഴുത്തുകാരെ നേരിൽക്കണ്ട് രചനകൾ സമ്പാദിക്കാനായി കേരളത്തിലുടനീളം സഞ്ചരിച്ച കെ ബാലകൃഷ്ണൻ, മദിരാശിയിൽ ഇരുന്നുകൊണ്ട്, മലയാളത്തിലെ ഭാവിവാഗ്ദാനങ്ങളായ പ്രതിഭകളെ ചൂണ്ടയിട്ടുപിടിച്ച എം ഗോവിന്ദൻ… ഇങ്ങനെ കുറെ പത്രാധിപന്മാർ കേരളസാഹിത്യത്തിനു മറക്കാൻ കഴിയാത്തവരായി അവശേഷിക്കുന്നുണ്ട്. അതേസമയം യുവകവിതയോട് മുഖംതിരിഞ്ഞു നിൽക്കുന്ന എഡിറ്റർമാരും, സ്വജനപക്ഷപാതത്തിന്റെ യോഗ്യതയായി ജാതിയും മതവും പോലും കണക്കാക്കുന്നവരും കേരളത്തിൽ ഉണ്ടായിട്ടുണ്ട്. പ്രസിദ്ധീകരിക്കാൻ കിട്ടിയ ഒരു കവിത വായിച്ചുനോക്കുമ്പോൾ ഒരു വാക്ക് തിരുത്തിയാൽ കൊള്ളാമെന്നു തോന്നിയാൽ അത് ആ കവിയോട് ചോദിച്ചശേഷം ചെയ്തിരുന്ന പത്രാധിപന്മാരും കേരളത്തിലുണ്ടായിട്ടുണ്ട്. മാതൃഭൂമിയുടെ ബാലപംക്തി, കുട്ടേട്ടൻ എന്നപേരിൽ നോക്കിയിരുന്ന കുഞ്ഞുണ്ണിമാഷ് അതിനൊരു ഉദാഹരണമാണ്. എഡിറ്റിങ് എന്നാൽ തുന്നൽ പോലെയോ മുടിമുറിക്കൽ പോലെയോ ഉള്ള ഒരു കത്രിക പ്രയോഗമാണെന്ന് ധരിച്ചുവശായ പത്രാധിപന്മാരെയും കേരളം കണ്ടിട്ടുണ്ട്. തിരുത്തൽവാദികളാണവർ. വൈലോപ്പിള്ളിയുടെ ഒരു വാക്ക് മാറ്റി മറ്റൊരു വാക്ക് പ്രതിഷ്ഠിക്കാൻ ശ്രമിച്ച ഒരു പത്രാധിപർ ഒമ്പതുവാക്കുകൾ ചേർത്തുനോക്കിയിട്ടും തൃപ്തിവരാതെ വൈലോപ്പിള്ളി എഴുതിയ വാക്കുതന്നെ സ്വീകരിച്ച കഥ, ഉദാരമനസ്കതയുടെയും മറ്റു കവികളോടുള്ള ആദരവിന്റെയും പ്രതീകമാണ്. ഇതേ പത്രാധിപ കവിക്ക് ഒരു കവിത അയച്ചുകൊടുത്ത അയ്യപ്പപ്പണിക്കർ, കവിത തിരുത്തിയാലും തന്റെ ഫോട്ടോ തിരുത്തരുതെന്നു കത്തെഴുതിയതും രസകരമായ ചരിത്രമാണ്.
തിരുത്തൽവാദിയായ ഒരു പത്രാധിപരുമായി എനിക്കുണ്ടായ ഒരനുഭവം ഇപ്പോൾ ഓർക്കുന്നത് എം ടി വാസുദേവൻ നായരുടെ സാഹിത്യ പത്രപ്രവർത്തനത്തെക്കുറിച്ചുള്ള കുറിപ്പുകൾ വായിച്ചതുകൊണ്ടാണ്. എന്നെ സംബന്ധിച്ചിടത്തോളം, കവിത തിരുത്തിയ പത്രാധിപരെ തിരുത്തിയ പത്രാധിപരാണ് എംടി. ഓരോ വാക്കും പ്രതിനിധാനം ചെയ്യുന്ന മഹാസങ്കടങ്ങളെക്കുറിച്ച് എംടിക്ക് നല്ല നിശ്ചയം ഉണ്ടായിരുന്നു. 1988ൽ ഞാനെഴുതിയ കൊടുങ്കാറ്റ് എന്ന കവിത മാതൃഭൂമി ആഴ്ചപ്പതിപ്പിൽ ഒരു സുപ്രധാന തിരുത്തലോടെ പ്രസിദ്ധീകരിക്കുന്നു. ‘സ്വാസ്ഥ്യം കെടുത്തും നിശബ്ദതയാണിനി, പാട്ടിന്റെ പായ തെറുത്തുവയ്ക്കാമിനി’ എന്ന വരികളിൽ ഇനി എന്ന വാക്ക് ആവർത്തിക്കുന്നതിനാൽ ഒരു ഇനി പത്രാധിപർ മുറിച്ചുമാറ്റുകയും അദ്ദേഹത്തിന്റെ പരിചയപരിധിയിലുള്ള ഒരു വാക്ക് അവിടെ പ്രതിഷ്ഠിക്കുകയും ചെയ്തു. വാക്കുകൾ ആവർത്തിക്കുന്നത് പഴയ കാവ്യബോധമനുസരിച്ച് അഭംഗിയാണ്. എന്നാൽ ഒഴിവാക്കാൻ കഴിയാത്ത സന്ദർഭങ്ങളിൽ ഒരേ വാക്ക് ആവർത്തിക്കുന്നത് വികാരതീവ്രത അടയാളപ്പെടുത്താൻ ഉപകരിക്കും. ചങ്ങമ്പുഴയുടെ വേദന വേദന ലഹരിപിടിക്കും വേദന എന്ന പ്രയോഗമാണ് മികച്ച ഉദാഹരണം.
പത്രാധിപരുടെ കത്രികപ്രയോഗം എന്നെ വല്ലാതെ വേദനിപ്പിച്ചു. തിരുത്തൊഴിവാക്കി ശരിയായ രീതിയിൽ കവിത പ്രസിദ്ധീകരിക്കണം എന്നാവശ്യപ്പെട്ടുകൊണ്ട് ഞാൻ പത്രാധിപർക്ക് കത്തെഴുതി. എന്റെ സങ്കടഹര്‍ജികളെ അദ്ദേഹം മൗനത്തിന്റെ ചവറ്റുകുട്ടയിലേക്ക് പുച്ഛിച്ചുതള്ളി. ഞാൻ വീണ്ടും കത്തെഴുതി. ‘താങ്കൾ പണ്ഡിതനായ മേൽപ്പത്തൂരും ഞാൻ മലയാളപാമരനായ പൂന്താനവുമായിരിക്കാം. എന്നാൽ പൂന്താനത്തെ നോവിച്ച മേൽപ്പത്തൂർ ഉറങ്ങിയിട്ടില്ലെന്നു താങ്കൾ ഓർക്കണം’ എന്നാണെഴുതിയത്. ആ ദൃഢചിത്തൻ അനങ്ങിയില്ല. ‘താങ്കൾ അലക്സാണ്ടറും ഞാൻ പോറസുമായിരിക്കാം. അലക്സാണ്ടർ പോറസിനോട് കാണിച്ച മാന്യത താങ്കൾ എന്നോടുകാണിക്കണം’ എന്നൊക്കെ വിനയപൂർവം എഴുതിനോക്കി. അവിടെ ഒരു കുലുക്കവും ഉണ്ടായില്ല.
ഞാൻ ഡ്രാക്കുളയെ പേക്കിനാവ് കണ്ടു. ഉറക്കം നഷ്ടപ്പെട്ടു. ഒഎൻവി, കുഞ്ഞുണ്ണി മാഷ്, പഴവിള രമേശൻ തുടങ്ങിയ കവികളോടും പ്രൊഫ. എം കൃഷ്ണൻ നായരോടുമൊക്കെ കിട്ടിയ സന്ദർഭങ്ങളിൽ ഞാനെന്റെ സങ്കടം പറഞ്ഞു. ഓരോരുത്തരും ഓരോ പരിഹാരമാർഗവും അനുതാപവുമൊക്കെ അറിയിച്ചു. ഒടുവിൽ പത്രാധിപർക്കൊരു വക്കീൽ നോട്ടീസ് അയച്ചാലോ എന്ന് എന്റെ അഭിഭാഷകസുഹൃത്തുക്കളോട് ആലോചിച്ചു. അപ്പോഴാണ് ആ പത്രാധിപർ മാറുകയും എം ടി വാസുദേവൻ നായർ ആ കസേരയിൽ എത്തുകയും ചെയ്തത്. അദ്ദേഹത്തിന്റെ മുന്നിൽ ഞാനീ വിഷയം അവതരിപ്പിച്ചു. മുൻ പത്രാധിപരുടെ കത്രികപ്രയോഗം ആവശ്യമില്ലാത്തതായിരുന്നു എന്ന്, മാറ്റർ പരിശോധിച്ചതിന്റെ അടിസ്ഥാനത്തിൽ അദ്ദേഹം അഭിപ്രായപ്പെടുകയും കവിതയുടെ പരിക്കേൽപ്പിക്കപ്പെട്ടഭാഗം എന്റെ ഒരു കത്തിന്റെ രൂപത്തിൽ പ്രസിദ്ധീകരിക്കുകയും ചെയ്തു. ഒരു വലിയ ദുഃഖത്തിൽ നിന്നും പരിക്കുകളോടെയെങ്കിലും രക്ഷപ്പെട്ട ആശ്വാസത്തിലായി ഞാൻ.
പിന്നീടൊരിക്കൽ കോഴിക്കോട് പ്രസ് ക്ലബ്ബിൽ വച്ച് ആദ്യത്തെ നഗ്നകവിതാ സമാഹാരമായ ‘യക്ഷിയുടെ ചുരിദാർ’ അദ്ദേഹം അജിതയ്ക്ക് കൊടുത്തുകൊണ്ട് പ്രകാശിപ്പിച്ച സന്ദർഭത്തിൽ ഞാനീ അനുഭവം സൂചിപ്പിച്ചിരുന്നു. ഒരു ചെറുചിരിയായിരുന്നു മറുപടി. രമണീയമായിരുന്നു അതിൽ ഒളിഞ്ഞിരുന്ന ഒരു വേദനയുടെ രചനാകാലം. അതേ എംടി പുതിയ തലമുറയിലെ പല എഴുത്തുകാരെയും വെളിച്ചത്തിലേക്ക് നീക്കിനിര്‍ത്തി. എനിക്കാണെങ്കിൽ, കവിത തിരുത്തിയ പത്രാധിപരെ തിരുത്തിയ പത്രാധിപരായി എംടി മാറുകയും ചെയ്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.