15 November 2024, Friday
KSFE Galaxy Chits Banner 2

നീറ്റും നെറ്റും

അഡ്വ. കെ പ്രകാശ്ബാബു
ജാലകം
June 23, 2024 4:23 am

1964ൽ യുജിസി ചെയർമാനായിരുന്ന ദൗലത് സിങ് കോത്താരിയെ അധ്യക്ഷനാക്കി കേന്ദ്ര സര്‍ക്കാര്‍ നിയോഗിച്ച ദേശീയ വിദ്യാഭ്യാസ കമ്മിഷൻ 1966 ജൂണിൽ അവരുടെ റിപ്പോർട്ട് സമർപ്പിച്ചു. ”ഇന്ത്യയുടെ ഭാവി ക്ലാസ് മുറികളിലാണ് രൂപപ്പെടുന്നത്” എന്ന് കോത്താരി കമ്മിഷൻ അവരുടെ റിപ്പോർട്ടിൽ പരാമർശിച്ചിരുന്നു. എന്നാൽ രാജ്യത്തിന്റെ ഭാവി തീരുമാനിക്കുന്ന വിദ്യാർത്ഥി സമൂഹം ഇന്ന് അക്കാദമിക് ഇതര ഏജൻസികൾ നടത്തുന്ന ചൂഷണങ്ങൾക്ക് വിധേയരാകുന്നതും അവരുടെ കഴിവും സാമർത്ഥ്യവും പണത്തിന്റെ മുമ്പിൽ കീഴടങ്ങുന്നതും നിത്യക്കാഴ്ചകളായി മാറിക്കൊണ്ടിരിക്കുകയാണ്. ചോദ്യപ്പേപ്പർ ചോർച്ചയെ തുടർന്ന് ‘നെറ്റ്’ പരീക്ഷ റദ്ദുചെയ്തു. നീറ്റ് പരീക്ഷയിൽ ഗ്രേസ് മാർക്ക് ലഭിച്ച 1,563 കുട്ടികളുടെ ഗ്രേസ് മാർക്ക് റദ്ദുചെയ്തുകൊണ്ട് അവർക്ക് ജൂൺ 23ന് പുനഃപരീക്ഷ നടത്തുകയാണ്. 11ലക്ഷത്തിലധികം കുട്ടികൾ ജൂൺ 18ന് എഴുതിയ ‘നെറ്റ്’ പരീക്ഷയാണ് ചോദ്യപ്പേപ്പർ ചോർച്ചയെ തുടർന്ന് അടുത്തദിവസം റദ്ദുചെയ്തത്. കോളജ് അധ്യാപക യോഗ്യത ടെസ്റ്റായ ‘നെറ്റ്’ പരീക്ഷയുടെ നടത്തിപ്പ് ‘നാഷണൽ ടെസ്റ്റിങ് ഏജൻസി’ (എൻടിഎ)യ്ക്കാണ്. പ്രൊഫ. പ്രദീപ് കുമാർ ജോഷി ചെയർമാനായ നാഷണൽ ടെസ്റ്റിങ് ഏജൻസിയാണ് മെഡിക്കൽ പ്രവേശന പരീക്ഷയായ നീറ്റിന്റെയും (നാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ്) നടത്തിപ്പുകാർ. 23,33,297 വിദ്യാർത്ഥികളാണ് ഈ വർഷം നീറ്റ് പരീക്ഷയെഴുതിയത്. അതിൽ 13,16,268 വിദ്യാർത്ഥികൾ യോഗ്യത നേടി. പൊതുവിഭാഗത്തില്‍ ആകെ മാർക്കായ 720ൽ 164 ആണ് കട്ട് ഓഫ് മാർക്കായി കണക്കാക്കിയിരുന്നത്. പരീക്ഷാ തീയതിയായ മേയ് അഞ്ചിനുണ്ടായ ഏതെങ്കിലും തരത്തിലുള്ള തടസങ്ങളുടെയോ കാലതാമസത്തിന്റെയോ അടിസ്ഥാനത്തിൽ 1,563 കുട്ടികൾക്ക് ഗ്രേസ് മാർക്ക് നൽകാൻ എൻടിഎയുടെ ഹൈ പവർ കമ്മിറ്റി ശുപാർശ ചെയ്തു. എന്നാൽ ഏറ്റവും രസകരമായ കാര്യം, ഗ്രേസ് മാർക്ക് കിട്ടിയ രണ്ടു വിദ്യാർത്ഥികൾക്ക് ലഭിച്ച മാർക്ക് 720ൽ 718ഉം 719ഉം ആണ്. കൂടാതെ 67 പേർക്ക് മുഴുവന്‍ മാർക്കും കിട്ടി. ഇത് വലിയ ഒച്ചപ്പാടുകൾക്ക് ഇടയാക്കി. ഇതിനെ തുടർന്നാണ് ചോദ്യപ്പേപ്പർ ചോർന്നു എന്ന വാർത്ത പുറത്തുവരുന്നത്. 

നീറ്റ് പരീക്ഷയെഴുതിയ ബിഹാറുകാരനായ അനുരാഗ് യാദവ് പൊലീസിന്റെ മുമ്പിൽ വെളിപ്പെടുത്തിയ വിവരങ്ങൾ കേന്ദ്ര പരീക്ഷ ഏജൻസിയുടെ വിശ്വാസ്യതയുടെ കടയ്ക്കൽ കത്തിവയ്ക്കുന്നതും ആരെയും ഞെട്ടിപ്പിക്കുന്നതുമായിരുന്നു. പരീക്ഷയുടെ കോച്ചിങ്ങിനായി ‘കോട്ട’യിൽ ആയിരുന്ന തന്നോട് തന്റെ അമ്മാവനും ബിഹാറിലെ ദാനാപൂർ മുനിസിപ്പൽ കോർപറേഷനിലെ ജൂനിയർ എന്‍ജിനീയറുമായ സിക്കന്ദർ പ്രസാദ് യാദവേന്ദു എത്രയും പെട്ടെന്ന് പട്നയിലേക്കു തിരിച്ചുവരാൻ ആവശ്യപ്പെട്ടു. തിരിച്ചുവന്ന അനുരാഗിനെ സിക്കന്ദർ പ്രസാദ് ഇപ്പോൾ അറസ്റ്റു ചെയ്യപ്പെട്ട അമിത് ആനന്ദ്, നിതീഷ് കുമാർ എന്നിവരുടെ അടുക്കലേക്ക് കൂട്ടിക്കൊണ്ടുപോയി. അവർ ചോദ്യപ്പേപ്പറും, അവ എഴുതാനുള്ള ആൻസർ ഷീറ്റുകളും (ഉത്തരക്കടലാസുകൾ) അനുരാഗ് യാദവിന് നൽകി. രാത്രിയിൽ ഉറക്കമിളച്ചിരുന്ന് ആ ചോദ്യങ്ങളുടെ ഉത്തരം മനഃപാഠമാക്കി. രാവിലെ പരീക്ഷാകേന്ദ്രത്തിൽ പ്രവേശിച്ചപ്പോൾ തനിക്കു ലഭിച്ച ചോദ്യപ്പേപ്പർ തന്നെയാണ് ഇപ്പോഴും കിട്ടിയതെന്ന് ബോധ്യപ്പെട്ടു. അതുകൊണ്ടു കാണാതെ പഠിച്ച ഉത്തരങ്ങളെല്ലാം ഉത്തരക്കടലാസിലാക്കി. ഓരോ കുട്ടികളുടെ രക്ഷാകർത്താക്കളുടെ കയ്യിൽ നിന്നും 30 മുതൽ 32 ലക്ഷം രൂപവരെയാണ് ചോദ്യപ്പേപ്പർ ചോർത്തിക്കൊടുത്ത ഈ റാക്കറ്റ് വാങ്ങിയത്. എത്ര കുട്ടികൾക്ക് ചോദ്യപ്പേപ്പർ ചോർത്തിക്കൊടുത്തു എന്നതും എല്ലാവരിൽ നിന്നുമായി എത്ര കോടി രൂപ ഈ കോക്കസിനു കിട്ടിയെന്നതും ഇതിന്റെ വിഹിതം ആർക്കെല്ലാം കിട്ടിയെന്നതും പൊലീസ് അന്വേഷണത്തിൽക്കൂടി വെളിച്ചത്തുവരേണ്ടതാണ്. ഇതുവരെയായി 17 പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
ഭാവിയിലെ ഡോക്ടർമാരാകേണ്ടുന്ന യുവരക്തങ്ങൾ പൊതുസമൂഹത്തിന്റെ മുമ്പിൽ ചോദ്യചിഹ്നങ്ങളായി നിൽക്കേണ്ട അവസ്ഥ എത്ര ഭീതിജനകമാണ്. 2024ലെ നീറ്റ് പരീക്ഷയുമായി ബന്ധപ്പെട്ട് സുപ്രീം കോടതി നിരവധി ഹർജികളാണ് പരിഗണനയ്ക്ക് എടുത്തിട്ടുള്ളത്. അവയിലെ ചില ഉള്ളടക്കങ്ങളിൽ ഉത്തരം കിട്ടാത്ത ചില ചോദ്യങ്ങളും ഉണ്ട്. ഇന്ന് പുനഃപരീക്ഷ എഴുതുന്ന 1,563 കുട്ടികൾ ആരെല്ലാമാണെന്നത് നാഷണൽ ടെസ്റ്റിങ് ഏജൻസി വെള്ളിയാഴ്ച വരെ വെബ്സൈറ്റിലെങ്കിലും പ്രസിദ്ധപ്പെടുത്തുകയോ പരസ്യപ്പെടുത്തുകയോ ചെയ്തിട്ടില്ല. മറ്റൊന്ന് ഈ 1,563 കുട്ടികളെ റീ ടെസ്റ്റിന് തിരഞ്ഞെടുത്തതിന്റെ മാനദണ്ഡം എന്താണെന്ന് വ്യക്തമാക്കാൻ എൻടിഎയ്ക്ക് കഴിയുന്നില്ല. ഗ്രേസ് മാർക്ക് നൽകിയതിന്റെ മാനദണ്ഡവും എൻടിഎയുടെ ചെയർമാന്റെ നിയമനവും എല്ലാം സുപ്രീം കോടതിയിൽ ചോദ്യം ചെയ്യപ്പെട്ടിരിക്കുകയാണ്. 

ഇക്കണോമിക് ഒഫൻസസ് യൂണിറ്റിൽ ചോദ്യപ്പേപ്പർ അഴിമതിയെ സംബന്ധിച്ച് വേണ്ടത്ര തെളിവ് ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചത്. ജസ്റ്റിസ് വിക്രംനാഥും ജസ്റ്റിസ് എസ് വി ഭാട്ടിയും അടങ്ങിയ ഡിവിഷൻ ബെഞ്ച് ജൂലൈ ആറിന് നടക്കുന്ന കൗൺസിലിങ് സ്റ്റേ ചെയ്യാനോ നീട്ടിവയ്ക്കാനോ അനുമതി നൽകിയിട്ടില്ല. എങ്കിലും രാജ്യത്തിന്റെ ചികിത്സാരംഗത്തെ ഗുരുതരമായി ബാധിക്കുന്ന ഈ വിഷയത്തിൽ 0.001 ശതമാനം പോലും തെറ്റു സംഭവിക്കാൻ പാടില്ലായെന്ന് സുപ്രീം കോടതി നിരീക്ഷിക്കുകയുണ്ടായി. എത്ര ഗൗരവത്തോടെയാണ് കോടതി നീറ്റ് പരീക്ഷയെ കാണുന്നത് എന്ന് ഇതിൽ നിന്നും വ്യക്തമാണ്. എന്നിരുന്നാലും സുപ്രീം കോടതിയുടെ മേൽനോട്ടത്തിൽ പുനഃപരീക്ഷ നടത്തണമെന്ന ഹർജിക്കാരുടെ ആവശ്യം കോടതി അംഗീകരിച്ചിട്ടില്ല.
2015 വരെ നടത്തിയിരുന്ന ഓൾ ഇന്ത്യാ പ്രീ മെഡിക്കൽ ടെസ്റ്റ് പരീക്ഷയാണ് ഇപ്പോള്‍ നീറ്റ് എന്ന പേരിൽ നടത്തിക്കൊണ്ടിരിക്കുന്നത്. ശരാശരി 20–24 ലക്ഷം വിദ്യാർത്ഥികൾ വർഷംതോറും അഭിമുഖീകരിക്കുന്ന എഴുത്തുപരീക്ഷ ഒറ്റ ഏജൻസിയുടെ കീഴിൽ നടത്തുമ്പോൾ വേണ്ടത്ര ജാഗ്രത പുലർത്താനും സുതാര്യത ഉറപ്പാക്കാനും സാധ്യമാകുന്നില്ലെങ്കിൽ ഇന്നത്തെ രീതിയിലുള്ള ‘നീറ്റ്’ ആവശ്യമാണോ എന്നത് ഗൗരവമായി ആലോചിക്കണം. 2014 വരെ സുപ്രീം കോടതിയുടെ കാഴ്ചപ്പാടിതായിരുന്നു. നാഷണൽ മെഡിക്കൽ കമ്മിഷൻ ആക്ടും മറ്റ് ചട്ടങ്ങളും കൊണ്ടുവന്നുകൊണ്ട് ഇവയെ ഒരു കുടക്കീഴിൽ കൊണ്ടുവന്നത് ഗുണകരമാകുന്നില്ലയെന്നതാണ് യാഥാർത്ഥ്യം.
11.21 ലക്ഷത്തിലധികം കുട്ടികളെഴുതിയ ‘നെറ്റ്’ പരീക്ഷയും എൻടിഎയ്ക്ക് റദ്ദുചെയ്യേണ്ടി വന്നു. സമൂഹത്തിനാകെ വെളിച്ചം പകരേണ്ടുന്ന സർവകലാശാലാ അധ്യാപകരെ യോഗ്യരാക്കുന്ന നെറ്റ് പരീക്ഷയുടെ പുതിയ തിയതി ഇനിയും തീരുമാനിച്ചിട്ടില്ല. ഇതും കൂടാതെയാണ് സിഎസ്ഐആർ‑നെറ്റ് പരീക്ഷയും ഇപ്പോൾ ‘അനിവാര്യമായ സാഹചര്യങ്ങളാൽ’ മാറ്റി വച്ചിരിക്കുന്നതായി കഴിഞ്ഞ ദിവസം രാത്രി എട്ട് മണിക്ക് നാഷണൽ ടെസ്റ്റിങ് ഏജൻസി പ്രഖ്യാപിച്ചിരിക്കുന്നത്. ശാസ്ത്ര‑സാങ്കേതിക രംഗത്തേക്കുള്ള അധ്യാപക നിയമനത്തിനുള്ള യോഗ്യതാ പരീക്ഷയാണ് കൗൺസിൽ ഓഫ് സയന്റിഫിക് ആന്റ് ഇൻഡസ്ട്രിയൽ റിസർച്ച് (സിഎസ്ഐആർ) നെറ്റ് പരീക്ഷ. ഇതിന്റെയും കാരണം ചോദ്യപ്പേപ്പർ ചോർച്ചയാകാനാണ് സാധ്യതയെന്നു തോന്നുന്നു.
രാജ്യം മുഴുവൻ ശക്തമായ വിദ്യാർത്ഥി പ്രക്ഷോഭം ഈ സംഭവങ്ങളുമായി ബന്ധപ്പെട്ട് ഉരുത്തിരിഞ്ഞുവരുന്നു. ലക്ഷക്കണക്കിന് വിദ്യാർത്ഥികൾ അവരുടെ ഭാവി തിരഞ്ഞെടുക്കുന്നതിനായി കഠിനാധ്വാനം നടത്തുമ്പോൾ ബൃഹത്തായ ഒരു രാജ്യത്തിന്റെ വിദ്യാഭ്യാസവും യോഗ്യതാ പരീക്ഷകളും ഒറ്റ ഏജൻസിയിൽ കേന്ദ്രീകരിക്കുന്നതിന്റെ പരിണിതഫലം കൂടിയാണിത്. കേന്ദ്ര വിദ്യാഭ്യാസമന്ത്രി ഇതിനെ നിസാരവൽക്കരിക്കാൻ നടത്തുന്ന പരിശ്രമങ്ങൾ തികച്ചും പരിഹാസ്യമാണ്. പരീക്ഷകളുടെയും അവയുടെ നടത്തിപ്പിന്റെയും പവിത്രതയും സുതാര്യതയും ഉറപ്പുവരുത്താൻ കഴിഞ്ഞില്ലെങ്കിൽ രാജ്യത്തിന്റെ ഭാവിയായിരിക്കും ഇരുളടഞ്ഞതാകുന്നത്. യോഗ്യതാ പരീക്ഷയ്ക്ക് ഒറ്റ കേന്ദ്ര ഏജൻസിയെന്നത് തിരുത്തുകയാണ് അഭികാമ്യം. 

TOP NEWS

November 14, 2024
November 14, 2024
November 14, 2024
November 14, 2024
November 14, 2024
November 14, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.