22 December 2024, Sunday
KSFE Galaxy Chits Banner 2

രാഷ്ട്രനിലനില്പിനെ വെല്ലുവിളിക്കുന്ന വര്‍ഗീയ രാഷ്ട്രീയം

Janayugom Webdesk
December 25, 2021 5:00 am

ലോക്‌സഭയിലേക്കുള്ള അടുത്ത പൊതു തെരഞ്ഞെടുപ്പിന്റെ ഫലക്ഷമതാ പരീക്ഷണം എന്ന് പരക്കെ വിലയിരുത്തപ്പെടുന്ന അഞ്ച് സംസ്ഥാന നിയമസഭകളിലേക്കുള്ള തെരഞ്ഞെടുപ്പു ഫലത്തെ തങ്ങള്‍ക്ക് അനുകൂലമാക്കി മാറ്റാനുള്ള ഹിന്ദുത്വ ഉന്മാദത്തിന്റെ വാര്‍ത്തകളാണ് രാജ്യത്തിന്റെ പല ഭാഗത്തുനിന്നും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. സെപ്റ്റംബര്‍ 17–19 തീയതികളില്‍ ഉത്തരാഖണ്ഡിലെ ഹരിദ്വാറില്‍ നടന്ന ‘ധര്‍മ്മസന്‍സദ്’ (മത പാര്‍ലമെന്റ്) മുസ്‌ലിങ്ങള്‍ക്കെതിരെ പരസ്യമായി ഉന്മൂലനത്തിനാണ് ആഹ്വാനം നല്കിയത്. മതവിദ്വേഷ പ്രചാരണത്തിന് അപ്പുറം തെരഞ്ഞെടുക്കപ്പെട്ട കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരായ യുദ്ധപ്രഖ്യാപനമാണ് ‘സന്‍സദി‘ല്‍ നിന്ന് ഉയര്‍ന്നത്. പ്രധാനമന്ത്രിയായിരുന്ന രാജീവ് ഗാന്ധിയുടെ അരുംകൊലയ്ക്ക് ഉത്തരവു നല്കുകയും ഗൂഢാലോചനയ്ക്ക് നേതൃത്വം നല്കുകയും ചെയ്ത എല്‍ടിടിഇ നേതാവ് പ്രഭാകരന്‍, രാജ്യത്തിന്റെ ഐക്യത്തിനെതിരെ സായുധ കലാപത്തിന് ആഹ്വാനം നല്കുകയും നേതൃത്വം നല്കുകയും ചെയ്ത ഭിന്ദ്രന്‍വാലെ, ജനറല്‍ സാഹേബ് സിങ് എന്നിവരെ പോലുള്ളവര്‍ ‘രാജ്യത്തെ ഓരോ ഹൈന്ദവ ക്ഷേത്രത്തിലും ഉണ്ടെങ്കില്‍ മാത്രമേ ഹിന്ദുമതത്തെ സംരക്ഷിക്കാന്‍ കഴിയു’ എന്ന പരസ്യമായ ആഹ്വാനമാണ് ഹരിദ്വാര്‍ ധര്‍മ്മ സന്‍സദ് നല്കിയത്. ഗാസിയാബാദില്‍ നിന്നുള്ള കുപ്രസിദ്ധ ഹിന്ദുത്വ തീവ്രവാദി സരസ്വതി എന്ന് അറിയപ്പെടുന്ന യതി നരസിംഹാനന്ദ് ഗിരിയുടെ മേല്‍പറഞ്ഞ ആഹ്വാനത്തെ തുടര്‍ന്ന് മതന്യൂനപക്ഷങ്ങള്‍ക്കെതിരെ ഉന്മൂലനത്തിനുള്ള ആഹ്വാന പരമ്പരകളാണ് സന്‍സദില്‍ നിന്നും ഉയര്‍ന്നത്. സന്‍സദിലെ സംഘപരിവാര്‍ ഉന്നത നേതാക്കളുടെ സാന്നിധ്യം ഒരു പറ്റം മതഭ്രാന്തന്മാരുടെ ജല്പനം എന്നതിലുപരി ആസന്നമായ നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ വര്‍ഗീയതയെ ആയുധമാക്കി മാറ്റാനുള്ള ഹിന്ദുത്വ‑സംഘപരിവാര്‍ കേന്ദ്രങ്ങളുടെ ആസൂത്രിത ഗൂഢാലോചനയിലേക്കാണ് വിരല്‍ചൂണ്ടുന്നത്.

 


ഇതു കൂടി വായിക്കാം; കാശി-ഗംഗാ; ഇടനാഴിയുടെ രാഷ്ട്രീയം


ഹരിദ്വാറിനെ തുടര്‍ന്ന് സമാനരീതിയില്‍ രാഷ്ട്രതലസ്ഥാനത്തും ‘ഹിന്ദു യുവവാഹിനി‘യുടെ ആഭിമുഖ്യത്തില്‍ നടന്ന തീവ്ര ഹിന്ദുത്വവാദികളുടെ മറ്റൊരു കൂട്ടായ്മ ഇന്ത്യയെ ഒരു ‘ഹിന്ദുരാഷ്ട്രമാക്കി മാറ്റാന്‍ പോരാടാനും വേണ്ടി വന്നാല്‍ കൊല്ലാനും’ ആഹ്വാനം നല്കുക ഉണ്ടായി. അഞ്ചു ലക്ഷത്തോളം ട്വിറ്റര്‍ അനുയായികള്‍ ഉണ്ടെന്ന് അവകാശപ്പെടുന്ന തീവ്രഹിന്ദുത്വവാദി സുരേഷ് ചവങ്കെയുടെ വിദ്വേഷ പ്രചാരണം യാതൊരു പ്രതിബന്ധവും കൂടാതെ തുടരുകയാണ്. ഹരിദ്വാറിലെയും ഡല്‍ഹിയിലെയും സംഭവങ്ങളില്‍ കര്‍ക്കശമായ നിയമനടപടികള്‍ക്ക് തയാറാവാത്ത പൊലീസും ഭരണനേതൃത്വവും വിദ്വേഷപ്രചാരണത്തില്‍ തങ്ങള്‍ക്കുള്ള രാഷ്ട്രീയ താല്പര്യവും പിന്തുണയുമാണ് ഫലത്തില്‍ തുറന്നുകാട്ടുന്നത്. ദേശദ്രോഹത്തിന്റെയും സാമുദായിക വിദ്വേഷ പ്രചാരണത്തിന്റെയും പേരില്‍ സമൂഹ മാധ്യമങ്ങള്‍ക്ക് മൂക്കുകയറിടാനും യുഎപിഎ അടക്കം മാരണനിയമങ്ങള്‍ യഥേഷ്ടം പ്രയോഗിക്കാനും യാതൊരു വൈമുഖ്യവും കാണിക്കാത്തവര്‍ ഹിന്ദുത്വത്തിന്റെ പേരില്‍ അരങ്ങേറുന്ന അതീവ ഗുരുതരമായ കുറ്റകൃത്യങ്ങള്‍ക്ക് നേരെ കണ്ണടയ്ക്കുന്നത് നല്കുന്ന സന്ദേശം വ്യക്തമാണ്. തുടര്‍ച്ചയായ ഭരണപരാജയത്തിന്റെയും ആഴമേറിയ സാമ്പത്തിക കുഴപ്പങ്ങളുടെയും പശ്ചാത്തലത്തില്‍ അതീവ നിര്‍ണായകമായ നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ വര്‍ഗീയ വിദ്വേഷം ആളിക്കത്തിച്ച് സമൂഹത്തെ നെടുകെ പിളര്‍ത്താതെ തങ്ങള്‍ക്ക് രാഷ്ട്രീയ നിലനില്പ് ഇല്ലെന്ന തിരിച്ചറിവാണ് സംഘപരിവാര്‍ ശക്തികളെ നയിക്കുന്നത്. കര്‍ഷക പ്രക്ഷോഭത്തിന്റെ പ്രഭവകേന്ദ്രമായി വര്‍ത്തിച്ച പഞ്ചാബില്‍ നിന്നും നിര്‍ബന്ധിത മതപരിവര്‍ത്തനം ആരോപിച്ച് സമാധാനപരമായ ജനജീവിതം വെല്ലുവിളിക്കപ്പെടുന്ന കര്‍ണാടകത്തില്‍ നിന്നും ലഭിക്കുന്ന സൂചനകളും അവഗണിക്കാവുന്നതല്ല.

അഭൂതപൂര്‍വമായ വെല്ലുവിളികളെ നേരിടുന്ന സമ്പദ്‌ഘടന, കാര്‍ഷിക‑വ്യാവസായിക രംഗങ്ങള്‍, റെക്കോഡ് തകര്‍ക്കുന്ന തൊഴിലില്ലായ്മ, നിരന്തരം പരാജയം മാത്രം നേരിടുന്ന ഭരണനയങ്ങള്‍ എന്നിവയെ മറികടക്കാന്‍ വര്‍ഗീയതയെ കൂട്ടുപിടിക്കുകയും പ്രോത്സാഹിപ്പിക്കുകയും അല്ലാതെ മറ്റൊരു മാര്‍ഗവും മോഡി ഭരണകൂടത്തിനു മുന്നില്‍ ഇല്ലെന്ന് വന്നിരിക്കുന്നു. വര്‍ഗീയതയില്‍ പിറവികൊണ്ട് അതിന്റെ കരുത്തില്‍ വളര്‍ന്ന സംഘപരിവാറിനും അതിന്റെ ഭരണ സംവിധാനത്തിനും വര്‍ഗീയത മാത്രമാണ് നിലനില്പിന് ആധാരം. തങ്ങളുടെ രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്ക് അനുസൃതമായി നിയമവാഴ്ചയെ വ്യാഖ്യാനിക്കുന്നവര്‍ രാജ്യത്തിന്റെ നിലനില്പിനെയാണ് വെല്ലുവിളിക്കുന്നത്.

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.