നിർമ്മിതബുദ്ധി (എഐ) അടുത്ത മൂന്ന് ദശകങ്ങൾക്കുള്ളിൽ മനുഷ്യരാശിയെ ഭൂമുഖത്തുനിന്ന് തുടച്ചുനീക്കാനുള്ള സാധ്യത 10 മുതൽ 20 ശതമാനം വരെയാണെന്ന പ്രവചനാത്മകമായ മുന്നറിയിപ്പ് ഭരണകൂടങ്ങളെയും മാനുഷിക സാംസ്കാരിക മൂല്യങ്ങളിൽ വിശ്വസിക്കുന്ന എല്ലാവരെയും ഇരുത്തിച്ചിന്തിപ്പിക്കാൻ നിർബന്ധിതമാക്കുന്നു. നിർമ്മിത ബുദ്ധിയുമായി ബന്ധപ്പെട്ട കണ്ടെത്തലുകൾക്ക് ഇക്കൊല്ലത്തെ ഭൗതികശാസ്ത്ര നൊബേൽ പുരസ്കാര സമ്മാനിതനായ ബ്രിട്ടീഷ്-കനേഡിയൻ കമ്പ്യൂട്ടർ ശാസ്ത്രജ്ഞൻ പ്രൊഫ. ജഫ്രി ഹിന്റണ്‍ന്റേതാണ് മുന്നറിയിപ്പെന്നത് പ്രവചനത്തെ ഏറെ പ്രസക്തമാക്കുന്നു. പ്രൊഫ. ഹിന്റണ്‍ന്റെ മുന്നറിയിപ്പ്, ഈരംഗത്തെ തുടക്കക്കാരായ പ്രതിഭകളിൽ പലരും ഇതിനോടകം പങ്കുവച്ച ആശങ്കകളുടെ തുടർച്ച മാത്രമല്ല, അവഗണിക്കാനാവാത്ത അപായമണി കൂടിയാണ്. പരിമിതമായ അർത്ഥത്തിൽ, മനുഷ്യബുദ്ധി ആവശ്യമായ കർത്തവ്യങ്ങൾ നിർവഹിക്കുന്ന കമ്പ്യൂട്ടറുകളും അവയുടെ ബൃഹദ് ശൃംഖലകളും ഉൾപ്പെട്ട അതിശക്തമായ നൂതന ബുദ്ധികേന്ദ്രം എന്ന് നിർമ്മിതബുദ്ധിയെ നിർവചിക്കാം. എഐ എന്ന സംജ്ഞ ഉത്ഭവിച്ചിട്ട് ആറ് ദശകങ്ങൾ പൂർത്തിയാവാൻ ഇനിയും രണ്ടുവർഷങ്ങൾകൂടി വേണമെങ്കിലും ഈ രംഗത്ത് ശാസ്ത്ര‑സാങ്കേതിക ലോകം കൈവരിച്ച നേട്ടങ്ങൾ ഒരുപോലെ വിസ്മയാവഹവും അമ്പരപ്പിക്കുന്നതുമാണ്. വിവിധ എഐ സംവിധാനങ്ങൾ കഴിഞ്ഞ ചുരുങ്ങിയ വർഷങ്ങളിൽ ആർജിച്ച ധിഷണാ വൈഭവവുമായുള്ള താരതമ്യത്തിൽ സാധാരണ മനുഷ്യന്റെ ബുദ്ധിശക്തി കേവലം ശിശുസമാനമായിരിക്കുമെന്ന് പ്രൊഫ. ഹിന്റൺ അടക്കമുള്ള ശാസ്ത്രജ്ഞരും നിർമ്മിതബുദ്ധി സംശയാലുക്കളും ഒരുപോലെ ആശങ്കപ്പെടുന്നു. അങ്ങനെയാണ് വസ്തുത എന്നിരിക്കെ സഹസ്രാബ്ദങ്ങളായി മനുഷ്യരാശി കൈവരിച്ച സമസ്ത നേട്ടങ്ങളുടെയും യജമാനൻ അവൻതന്നെ ആയിരുന്നെങ്കിൽ ആ സ്ഥാനത്തുനിന്നും നിർമ്മിതബുദ്ധി അവനെ സ്ഥാനഭ്രഷ്ടനാക്കുമോയെന്ന ആശങ്കയാണ് ഇപ്പോൾ ഉയർന്നുവന്നിരിക്കുന്നത്.
നിർമ്മിതബുദ്ധിയും മനുഷ്യ ധിഷണയും തമ്മിലുള്ള ബന്ധത്തെ നിർവചിക്കാൻ ഒരു അമ്മയും കുഞ്ഞും തമ്മിലുള്ള ബന്ധത്തിന്റെ സ്വാഭാവിക പരിണാമത്തിലൂടെ വരുന്ന പരിവർത്തനത്തെയാണ് പ്രൊഫ. ഹിന്റൺ ഉദാഹരിക്കുന്നത്. ഒരു ശിശുവിനെ നിയന്ത്രിക്കാൻ അമ്മയ്ക്കു കഴിയും. എന്നാൽ ശിശു, പരിണാമ ദശകളിലൂടെ അമ്മയെക്കാൾ മികച്ച ബുദ്ധിശക്തി കൈവരിക്കുകയെന്നത് സ്വാഭാവിക മനുഷ്യ പരിണാമത്തിന്റെ ഭാഗമാണ്. അവിടെ മനുഷ്യബന്ധങ്ങളും അതിൽനിന്ന് ഉളവാകുന്ന കീഴ്‌വഴക്കങ്ങളും നിയമങ്ങളുമാണ് പരസ്പരബന്ധങ്ങളെ നിർണയിക്കുന്നത്. മനുഷ്യനിർമ്മിതമായ നിർമ്മിതബുദ്ധിക്ക് അത്തരം കീഴ്‌വഴക്കങ്ങളും നിയമങ്ങളും നിബന്ധനകളും ബാധകമായിരിക്കില്ല. കമ്പ്യൂട്ടറുകളുടെയും അവയുടെ ആഗോളശൃംഖലയായ ഇന്റർനെറ്റിന്റെയും വ്യാപനത്തോടെ സാധ്യമായ ബിഗ് ഡാറ്റ, ബ്ലോക്ചെയിൻ, ഇന്റർനെറ്റ് ഓഫ് തിങ്സ്, റോബോട്ടിക്സ് എന്നിങ്ങനെയുള്ള സാങ്കേതിക കുതിച്ചുചാട്ടങ്ങൾ വഴി നിർമ്മിതബുദ്ധിക്ക് അവയുടെ ഉപജ്ഞാതാക്കളെ അമ്പരപ്പിക്കുന്ന ധിഷണാ വളർച്ച ഇതിനകം കൈവരിക്കാൻ കഴിഞ്ഞിട്ടുണ്ട്. അത് ലോകം നാളിതുവരെക്കണ്ട മനുഷ്യധിഷണാ മികവുകളെയും മറികടക്കുന്ന കാലം അതിവിദൂരമാവാൻ സാധ്യതയില്ലെന്ന മുന്നറിയിപ്പുകളാണ് പുറത്തുവരുന്നത്. നിർമ്മിതബുദ്ധിയുടെ വികാസം, അതിന്റെ പ്രയോഗം, വിന്യാസം, നിയന്ത്രണം, അതിന് അനിവാര്യമായ പ്രാദേശികവും ദേശീയവും ആഗോളികവും പ്രാപഞ്ചികവുമായ നിയമ ചട്ടക്കൂടുകളെപ്പറ്റി വ്യാപകമായ ചർച്ചകളും സമാന്തരമായി ഉയർന്നുവന്നിട്ടുണ്ട്. എഐ വികസന പ്രക്രിയയുടെ ഏതാണ്ട് സമ്പൂർണ നിയന്ത്രണം വൻകിട സ്വകാര്യ കോർപറേറ്റുകളുടെ കൈകളിലാണ്. അതിൽ പൊതുതാല്പര്യങ്ങളോ ഭരണകൂടങ്ങളോ ഇടപെടുന്നത് കോർപറേറ്റ് ലാഭതാല്പര്യങ്ങൾക്ക് വിരുദ്ധമാവുക തികച്ചും സ്വാഭാവികം മാത്രം. അത്തരം താല്പര്യങ്ങളാണ് വികസിത എഐ സമൂഹ ഭരണകൂടങ്ങളെ നിയന്ത്രിക്കുന്നത്. ഇവിടെയാണ് പ്രൊഫ. ഹിന്റൺ നൽകുന്ന മുന്നറിയിപ്പിന്റെ പ്രസക്തി.
സഹസ്രാബ്ദങ്ങൾ ദൈർഘ്യമുള്ള മനുഷ്യരാശിയുടെ ചരിത്രത്തിലെ ഏറ്റവും ഹ്രസ്വമെങ്കിലും വിപ്ലവകരവും സംഭവബഹുലവും അഭൂതപൂർവം വേഗതയേറിയതുമായ ഒരു കാലത്തെയാണ് കഴിഞ്ഞ ഏതാണ്ട് രണ്ട് നൂറ്റാണ്ടുകൾ അടയാളപ്പെടുത്തുന്നത്. അതിന് മുമ്പുള്ള അനേക സഹസ്രാബ്ദങ്ങളുടെ ചരിത്രത്തെ അപ്പാടെ വാമനീകരിക്കുന്ന കുതിച്ചുചാട്ടമാണ് ചുരുങ്ങിയ കാലംകൊണ്ട് മനുഷ്യൻ നടത്തിയത്. ഈ കാലഘട്ടത്തെ അടയാളപ്പെടുത്തുന്ന അഞ്ചാമത്തെ വ്യാവസായിക വിപ്ലവത്തിലേക്ക് മനുഷ്യൻ മുന്നേറിക്കഴിഞ്ഞു. ഈ വിപ്ലവകരമായ മുന്നേറ്റത്തിന്റെ കൊടിയടയാളമായി മാറുകയാണ് നിർമ്മിതബുദ്ധി. കരുതലോടെ സമീപിച്ചില്ലെങ്കിൽ മാനവ സംസ്കാരത്തെയാകെ അസ്ഥിരീകരിക്കുക മാത്രമല്ല മനുഷ്യരാശിയെത്തന്നെ പ്രപഞ്ചമുഖത്തുനിന്ന് തുടച്ചുമാറ്റാൻ പ്രാപ്തമായ രാക്ഷസീയ ശക്തിയായി മാറിയേക്കാമെന്ന മുന്നറിയിപ്പാണ് അതിന്റെ ഉപജ്ഞാതാക്കൾതന്നെ നൽകുന്നത്. സമസ്ത ഉല്പാദന പ്രക്രിയകളിലും വിജ്ഞാനാർജന‑വ്യാപന രംഗങ്ങളിലും സാംസ്കാരിക വ്യാപാരത്തിലും എന്തിന് യുദ്ധതന്ത്രങ്ങളിൽ മാത്രമല്ല യുദ്ധമുഖത്തുപോലും അത് നിലയുറപ്പിച്ചുകഴിഞ്ഞു. ഇനി മാറ്റിവയ്ക്കാൻ കഴിയാത്തവിധം നിർമ്മിതബുദ്ധി മനുഷ്യരാശിക്കും അവന്റെ ധിഷണയ്ക്കും നേരെ അഭൂതപൂർവമായ വെല്ലുവിളിയാണ് ഉയർത്തുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.