ആഗോളരാഷ്ട്രീയത്തിൽ തീവ്ര വലത്-വലതുപക്ഷ‑യാഥാസ്ഥിതിക ശക്തികൾ അടുത്തകാലത്തായി പിടിമുറുക്കാൻ നടത്തിയ ശ്രമങ്ങൾക്കെതിരെ വിവിധ രാജ്യങ്ങളിലും ഭൗമരാഷ്ട്രീയ മേഖലകളിലും തൊഴിലാളിവർഗ-ഇടത്-പുരോഗമന രാഷ്ട്രീയ കൂട്ടുകെട്ടുകൾ പ്രതിരോധം ശക്തമാക്കുന്നതിന്റെ സൂചനകളാണ് പുറത്തുവരുന്നത്. ജൂൺ ഒമ്പതിന് പൂർത്തിയായ യൂറോപ്യൻ പാർലമെന്റ് തെരഞ്ഞെടുപ്പിൽ തീവ്ര വലതുപക്ഷം ഗണ്യമായ നേട്ടങ്ങൾ കൈവരിച്ചിരുന്നു. ആ തെരഞ്ഞെടുപ്പിൽ പങ്കാളികളായ രാഷ്ട്രങ്ങളിൽ യൂറോപ്പിന്റെ പൊതു പ്രശ്നങ്ങളെക്കാൾ ഉപരി അംഗരാഷ്ട്രങ്ങളുടെ സവിശേഷ പ്രശ്നങ്ങളാണ് നിർണായക തെരഞ്ഞെടുപ്പ് വിഷയങ്ങളായി മാറിയതെങ്കിലും, മൂലധനശക്തികൾക്കും കുടിയേറ്റ വിരുദ്ധർക്കും കാലാവസ്ഥാ നിഷേധികൾക്കും കൈവരിക്കാനായ നേട്ടം അവഗണിക്കാവുന്നതല്ല. യൂറോപ്യൻ പാർലമെന്റിലേക്ക് ഏറ്റുവുമധികം അംഗങ്ങളെ തെരഞ്ഞെടുത്തയയ്ക്കുന്ന ജർമ്മനി, ഫ്രാൻസ്, ഇറ്റലി എന്നിവിടങ്ങളിലെ ഇടത്-പുരോഗമന ശക്തികൾക്ക് തെരഞ്ഞെടുപ്പ് ഫലം നൽകിയ മുന്നറിയിപ്പുകൾ അർഹിക്കുന്ന ഗൗരവത്തോടെ ഉൾക്കൊള്ളാൻ ആ രാജ്യങ്ങളിലെ പല രാഷ്ട്രീയ ശക്തികളും മുന്നോട്ടുവന്നതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ജർമ്മനിയിലെ സോഷ്യൽ ഡെമോക്രാറ്റുകളുടെ നേതൃത്വത്തിലുള്ള ത്രികക്ഷി ഭരണമുന്നണി 31 ശതമാനം വോട്ടിൽ ഒതുങ്ങിയപ്പോൾ മുഖ്യ പ്രതിപക്ഷമായ ക്രിസ്ത്യൻ ഡെമോക്രാറ്റ് സഖ്യം 30 ശതമാനം വോട്ടുമായി തൊട്ടുപിന്നിൽ നിലയുറപ്പിച്ചു. എന്നാൽ തീവ്ര വലതുപക്ഷ പാർട്ടിയായ ‘ജർമ്മൻ ബദൽ’ (എഎഫ്ഡി) 16 ശതമാനം വോട്ടുകളുമായി രണ്ടാമത്തെ ഏറ്റവും വലിയ പാർട്ടിയായി മാറിയത് ഒട്ടും ശുഭസൂചകമല്ല. ഫ്രാൻസിലെ തെരഞ്ഞെടുപ്പ് ഫലം ഒരു രാഷ്ട്രീയ ഭൂചലനംതന്നെയാണ് സൃഷ്ടിച്ചത്. അവിടെ പാർലമെന്റിൽ ഭൂരിപക്ഷമുള്ള പ്രസിഡന്റ് മാക്രോണിന്റെ നവോത്ഥാന (റണൈസൻസ്) പാർട്ടിക്ക് ലഭിച്ചത് കേവലം 14.6 ശതമാനം വോട്ടുമാത്രം. മാക്രോൺ, പാർലമെന്റ് പിരിച്ചുവിട്ട് ഇടക്കാല തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കുകയാണ്. അവിടെ തീവ്ര വലതുപക്ഷ മാരിന്‍ ലു പെൻ നയിക്കുന്ന ‘നാഷണല്‍ റാലി’ (ആർഎന്‍) അധികാരത്തിലെത്തുമെന്ന ആശങ്ക നിലനിൽക്കുന്നു.
തീവ്ര വലതുപക്ഷം ഫ്രഞ്ച് രാഷ്ട്രീയത്തിൽ ഉയർത്തുന്ന ഫാസിസ്റ്റ് ഭീഷണിക്കെതിരെ അവസരത്തിനൊത്ത് ഉയർന്ന് പ്രവർത്തിക്കാൻ ആ രാജ്യത്തെ ഇടത്- പുരോഗമന ശക്തികൾ സന്നദ്ധമായിരിക്കുന്നുവെന്നത് യൂറോപ്പിന് ഏറെ പ്രതീക്ഷ നൽകുന്നു. അവിടെ ഫ്രഞ്ച് കമ്മ്യൂണിസ്റ്റ് പാർട്ടി, ഴോണ്‍ ലുക് മിലന്‍ഷോണ്‍ നയിക്കുന്ന ‘ഫ്രാൻസ് അൻസൗമിസ്’ (ശിരസുകുനിക്കാത്ത ഫ്രാൻസ്), മധ്യ‑ഇടതുപക്ഷ സോഷ്യലിസ്റ്റ് പാർട്ടി, ഫ്രഞ്ച് ഗ്രീൻ പാർട്ടിയായ ‘ഇക്കോളജിസ്റ്റ് എൻവയോണ്മെന്റ് പാർട്ടി’ എന്നിവ ചേർന്ന് രൂപീകരിച്ച ‘ന്യൂ പോപ്പുലർ ഫ്രണ്ട് ’ വലതുപക്ഷ ആർഎന്നിന് കനത്ത വെല്ലുവിളിയാണ് ഉയർത്തുന്നത്. കഴിഞ്ഞ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ മിലന്‍ഷോണിനെ സ്ഥാനാർത്ഥിയാക്കി മാക്രോണിനെതിരെ മത്സരിച്ച സഖ്യം പരാജയപ്പെടുകയും സഖ്യം തന്നെ ദുർബലമാകുകയും ചെയ്തിരുന്നു. തുടർന്നുള്ള നാളുകളിൽ തൊഴിലാളികളുടെയും കർഷകരുടെയും വലിയ അവകാശ സമരങ്ങൾക്ക് ഫ്രാൻസ് സാക്ഷ്യംവഹിച്ചിരുന്നെങ്കിലും ഇടത്-പുരോഗമനശക്തികളുടെ പുനരൈക്യത്തിന് യൂറോപ്യൻ പാർലമെന്റിൽ വലതുപക്ഷത്തിന്റെ തിരിച്ചുവരവുവരെ കാത്തിരിക്കേണ്ടിവന്നു. ജൂൺ 14ന് പുത്തൻ ജനാധിപത്യ മുന്നണി രൂപീകരിച്ച് ഒരാഴ്ച പിന്നിടുമ്പോഴേക്കും മുന്നണിക്ക് ലഭിച്ചിരിക്കുന്ന സ്വീകാര്യത ആവേശകരമാണ്. ഇതിനകം നടന്ന പഠനങ്ങളും അഭിപ്രായ വോട്ടെടുപ്പുകളും മുന്നണി 28 ശതമാനം ജനപിന്തുണ ആർജിച്ചതായാണ് വിലയിരുത്തുന്നത്. ലു പെനിന്റെ ആർഎന്‍ പാർട്ടി 31 ശതമാനം പിന്തുണയുമായി ഒന്നാംസ്ഥാനത്തും മാക്രോണിന്റെ റണൈസൻസ് പാർട്ടി 14 ശതമാനവുമായി മൂന്നാം സ്ഥാനത്തുമാണ്. ജൂൺ 30നും ജൂലൈ ഏഴിനും രണ്ട് ഘട്ടങ്ങളായാണ് വോട്ടെടുപ്പ് നടക്കുക. ആദ്യറൗണ്ടിൽ 50 ശതമാനത്തിലധികം വോട്ടുലഭിക്കുന്ന സ്ഥാനാർത്ഥികൾ ആദ്യഘട്ടത്തിൽത്തന്നെ വിജയികളായി പ്രഖ്യാപിക്കപ്പെടും. ആദ്യഘട്ടത്തിൽ 12.5 ശതമാനം വോട്ടെങ്കിലും ലഭിക്കുന്ന സ്ഥാനാർത്ഥികളായിരിക്കും അന്തിമഘട്ട മത്സരത്തിൽ മാറ്റുരയ്ക്കുക. രണ്ടാംഘട്ട മത്സരത്തിൽ തീവ്ര വലതുപക്ഷ ആർഎന്‍ പാർട്ടിയുടെ സ്ഥാനാർത്ഥികൾക്കെതിരെ മുന്നണിക്ക് അനുകൂലമായി മാക്രോൺ അനുകൂലികൾ വോട്ടുചെയ്യുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. 2027 വരെ അധികാരത്തിൽ തുടരുന്ന മാക്രോണിന് അതിന് കഴിയണമെങ്കിൽ അത്തരമൊരു തെരഞ്ഞെടുപ്പ് തന്ത്രം അനിവാര്യമാണെന്നും വിലയിരുത്തപ്പെടുന്നു.
സമാന്തരമായി, ഇംഗ്ലീഷ് ചാനലിനപ്പുറം, ബ്രിട്ടനിൽ നടക്കുന്ന പാർലമെന്റ് തെരഞ്ഞെടുപ്പും ലോകശ്രദ്ധ ആകർഷിക്കുന്നു. രണ്ടാഴ്ചക്കുള്ളിൽ അവിടെ നടക്കുന്ന തെരഞ്ഞെടുപ്പിൽ ലേബർ പാർട്ടിക്ക് റെക്കോഡ് വിജയമാണ് മാധ്യമ സർവേകൾ പ്രവചിക്കുന്നത്. യാഥാസ്ഥിതിക പാർട്ടിയുടെ പ്രധാനമന്ത്രി റിഷി സുനക് പൊതുതെരഞ്ഞെടുപ്പിൽ സ്വന്തം സീറ്റ് നഷ്ടമാകുന്ന ആദ്യ ബ്രിട്ടീഷ് പ്രധാനമന്ത്രി ആയിരിക്കുമെന്നും പഠനങ്ങൾ പ്രവചിക്കുന്നു. ജൂലൈ നാലിന് നടക്കുന്ന തെരഞ്ഞെടുപ്പിൽ സുനക് മന്ത്രിസഭയിലെ മൂന്നിലൊന്ന് അംഗങ്ങൾക്കും തങ്ങളുടെ സീറ്റ് നഷ്ടമാകുമെന്നാണ് പ്രവചനം. ലേബർ പാർട്ടിയുടെ വിജയം ആ രാജ്യത്തിന്റെ സാമ്പത്തിക, വിദേശ നയങ്ങളിലോ തൊഴിലാളികളുടെയും കർഷകരുടെയും ജനസംഖ്യയിൽ ഗണ്യമായ ഒരു വിഭാഗത്തെ പ്രതിനിധീകരിക്കുന്ന കുടിയേറ്റ ജനതയുടെ ജീവിതത്തിലോ വിപ്ലവകരമായ മാറ്റങ്ങൾ എന്തെങ്കിലും കൊണ്ടുവരുമെന്ന് ആരും പ്രതീക്ഷിക്കുന്നില്ലെങ്കിലും അത് 2010 മുതൽ തുടരുന്ന ടോറി യാഥാസ്ഥിതികത്വത്തിന് താൽക്കാലിക വിരാമമാകും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.