5 May 2024, Sunday

ചിരിജീവിതം ബാക്കിയാക്കി മാമുക്കോയ

Janayugom Webdesk
April 27, 2023 5:00 am

മലബാറിലെ, പ്രത്യേകിച്ച് കോഴിക്കോട്ടെ നാടന്‍ ഭാഷയെ മലയാള സിനിമയുടെ ചിരിസൃഷ്ടിയുടെ ഉപാധിയാക്കിയ മറ്റൊരു നടന്‍, മാമുക്കോയ കൂടി ജീവിതത്തില്‍ നിന്ന് തിരിച്ചുപോയിരിക്കുന്നു. നാലര പതിറ്റാണ്ടോളം മലയാള സിനിമയിലും നാടകവേദിയിലും നിറഞ്ഞാടിയാണ് അദ്ദേഹം വിടപറഞ്ഞത്. തിരക്കഥാകൃത്ത് എഴുതുന്ന സംഭാഷണങ്ങള്‍ തന്റേതായ കോഴിക്കോടന്‍ ശൈലിയിലേക്ക് സന്നിവേശിപ്പിച്ചുള്ള മാമുക്കോയയുടെ ഭാവാവതരണം മലയാളിയെ വല്ലാതെ ആകര്‍ഷിച്ചു. അതുകൊണ്ടുതന്നെ അദ്ദേഹം അഭിനയിച്ച എല്ലാ സിനിമകളും ഒരുപക്ഷേ എപ്പോഴും ചിരിപ്പിക്കുന്നതായി. എത്രയോ സിനിമകള്‍ മാമുക്കോയയുടെ സാന്നിധ്യവും അദ്ദേഹത്തിന്റെ സ്വതസിദ്ധമായ സംഭാഷണങ്ങളും കൊണ്ട് മലയാള ചലച്ചിത്ര പ്രേക്ഷകരുടെ ഹൃദയം കവര്‍ന്നു. സിനിമയിലെന്നതുപോലെ ജീവിതത്തിലും അദ്ദേഹം വിവിധ വേഷങ്ങള്‍ കെട്ടിയാടി. കോഴിക്കോട് പള്ളിക്കണ്ടിയില്‍ ജനിച്ച മാമുക്കോയയുടെ വിദ്യാഭ്യാസം പത്താംതരത്തില്‍ അവസാനിച്ചു. പിന്നീട് മരക്കമ്പനിയിലെ ജോലിയുമായി ജീവിതം മുന്നോട്ടുകൊണ്ടുപോയി. മരം അളക്കുന്നതിനൊപ്പം അതിന്റെ ഗുണപരിശോധന, നമ്പറിടല്‍ എന്നീ ജോലികളും അദ്ദേഹം അവിടെ ചെയ്തു. അക്കാലത്ത് നാടകക്കാരുടെ പ്രധാന കേന്ദ്രങ്ങളില്‍ ഒന്നായിരുന്നു കോഴിക്കോട്.

 


ഇതുകൂടി വായിക്കു; നന്മയുള്ള മനസ്സിന്റെ നാടൻ ശൈലിയിലുള്ള അഭിനയമികവാണ് മാമുക്കോയയുടെ പ്രതിഭ: നവയുഗം


സ്കൂള്‍ കാലത്തുതന്നെ അഭിനിവേശമായി കൊണ്ടുനടന്ന നാടകത്തിന്റെ അരങ്ങിലും അദ്ദേഹം തന്റെ ജീവിതം തുടര്‍ന്നു. പകല്‍ ജോലിയും രാത്രി കെ ടി മുഹമ്മദ്, വാസു പ്രദീപ്, എ കെ പുതിയങ്ങാടി, ബി മുഹമ്മദ് തുടങ്ങിയ നാടക പ്രാമാണികരുടെ കൂടെ നാടകവുമായി അദ്ദേഹം ജീവിതം തുടര്‍ന്നു. നാടകത്തില്‍ നിന്ന് ലഭിച്ച സൗഹൃദങ്ങളിലൂടെയാണ് ചലച്ചിത്രത്തിലേക്കുള്ള വഴി തുറക്കുന്നത്. കോഴിക്കോട്ടെ സുഹൃത്തുക്കള്‍ ചേര്‍ന്നവതരിപ്പിച്ച ഒരു നാടകം സിനിമയാക്കുന്നതിന് തീരുമാനിച്ചപ്പോള്‍ കഥാപാത്രങ്ങളില്‍ ഒന്ന് മാമുക്കോയയ്ക്കുവേണ്ടി നീക്കിവച്ചു. നിലമ്പൂര്‍ ബാലന്‍ സംവിധാനം ചെയ്ത അന്യരുടെ ഭൂമിയെന്ന ആ സിനിമയില്‍ മാമുക്കോയ നാടകത്തിലെന്നതുപോലെ ഭാവനടനായാണ് രംഗത്തെത്തിയത്. സിനിമ വേണ്ടത്ര ശ്രദ്ധ പിടിച്ചുപറ്റിയില്ലെങ്കിലും ചെറുതെങ്കിലും മാമുക്കോയ എന്ന അഭിനേതാവിന്റെ വഴിത്തിരിവായി അത്. 1979ലെ ആദ്യ സിനിയ്ക്ക് ശേഷം 1982ലാണ് മാമുക്കോയയുടെ രണ്ടാം സിനിമയെത്തുന്നത്, സുറുമയിട്ട കണ്ണുകള്‍. നാടകത്തിലെയും അന്യരുടെ ഭൂമിയെന്ന സിനിമയിലെയും അഭിനയത്തെ മനസിലാക്കിയ ബേപ്പൂര്‍ സുല്‍ത്താന്‍ വൈക്കം മുഹമ്മദ് ബഷീറാണ് രണ്ടാം സിനിമയിലേക്ക് അദ്ദേഹത്തെ ശുപാര്‍ശ ചെയ്തതെന്ന് മാമുക്കോയ പലവട്ടം തുറന്നുപറഞ്ഞിട്ടുണ്ട്. ബഷീറിന്റെ ശുപാര്‍ശ പാഴായില്ല. നാടോടിക്കാറ്റ് എന്ന സിനിമയില്‍ ഗഫൂര്‍ എന്ന കഥാപാത്രത്തിന്റെ ഒരു സംഭാഷണമുണ്ട്. കാലിഫോര്‍ണിയയിലേക്ക് ചരക്കുമായി പോകുന്ന ഉരു നിങ്ങള്‍ക്കുവേണ്ടി ദുബായ് കടപ്പുറം വഴി തിരിച്ചുവിടാമെന്ന്. അങ്ങനെ പറഞ്ഞാണ് മോഹന്‍ലാലും ശ്രീനിവാസനും അവതരിപ്പിച്ച ദാസനെയും വിജയനെയും മാമുക്കോയയുടെ ഗഫൂര്‍ ഉരുവില്‍ ഗള്‍ഫിലേക്കെന്ന വ്യാജേന കയറ്റിവിടുന്നത്. ഇരുവരും ഗള്‍ഫിലെത്തിയില്ലെങ്കിലും നാടകവും മരക്കമ്പനിയിലെ ജോലിയുമായി കഴിഞ്ഞിരുന്ന മാമുക്കോയയുടെ യഥാര്‍ത്ഥ ജീവിതം ബേപ്പൂര്‍ സുല്‍ത്താന്‍ എന്ന വൈക്കം മുഹമ്മദ് ബഷീറിന്റെ ശുപാര്‍ശയിലൂടെ സിനിമയിലേയ്ക്ക് വഴിതിരിച്ചുവിടപ്പെട്ടു. മൂന്നാമത്തെ സിനിമ ദൂരെ ദൂരെ ഒരു കൂടുകൂട്ടാം ഉണ്ടാകുന്നത് 1986ലായിരുന്നു.


ഇതുകൂടി വായിക്കു;  മാമുക്കോയയുടെ സംസ്‌കാരം നാളെ


 

ഏഴുവര്‍ഷത്തിനിടെ മൂന്നു സിനിമകളില്‍ മാത്രം അഭിനയിച്ച മാമുക്കോയ പക്ഷേ, പിന്നീടുള്ള 37 വര്‍ഷങ്ങള്‍ക്കിടയില്‍ 250ലധികം സിനിമകളില്‍ വ്യത്യസ്ത കഥാപാത്രങ്ങള്‍ക്ക് വേഷം നല്കി. നായികാ-നായക പ്രാധാന്യമുള്ള മിക്കവാറും എല്ലാ സിനിമകളിലും മാമുക്കോയ കൈകാര്യം ചെയ്ത കഥാപാത്രങ്ങള്‍ അവരെക്കാളെല്ലാം മീതെ പ്രേക്ഷകരുടെ മനസില്‍ പറന്നു നടന്നു, മഹാഭൂരിപക്ഷവും ഹാസ്യകഥാപാത്രങ്ങളായിരുന്നുവെങ്കിലും. നാടോടിക്കാറ്റിലെയും പട്ടണപ്രവേശത്തിലെയും ഗഫൂറും പെരുമഴക്കാലത്തിലെ അബ്ദുവും ചന്ദ്രലേഖയിലെ പലിശക്കാരനും കീലേരി അച്ചുവും കെ ജി പൊതുവാളും റാംജി റാവുവിലെ ഹംസക്കോയയും വരവേല്പിലെ ഹംസക്കയും സന്മനസുള്ളവര്‍ക്ക് സമാധാനത്തിലെ ഉമ്മറും തുടങ്ങി പ്രധാന കഥാപാത്രങ്ങളെക്കാള്‍ പ്രേക്ഷക മനസിലേക്ക് പ്രവേശം നേടിയ മാമുക്കോയാ കഥാപാത്രങ്ങള്‍ നിരവധി. കലാരംഗത്ത് എണ്ണപ്പെട്ട കഥാപാത്രമായി ജീവിച്ചപ്പോഴും ഫുട്ബോള്‍, രാഷ്ട്രീയം, ഗസല്‍ എന്നിങ്ങനെ വിവിധ മേഖലകളെ അദ്ദേഹം വല്ലാതെ പ്രണയിച്ചു. സിനിമകളില്‍ അദ്ദേഹത്തിന് കൂടുതലും ഹാസ്യകഥാപാത്രങ്ങളാണ് ലഭിച്ചതെങ്കില്‍ ഈ മേഖലകളില്‍ അദ്ദേഹം ഗൗരവമുള്ള വേഷങ്ങളാണണിഞ്ഞത്. ചലച്ചിത്രരംഗത്തെ മാത്രമല്ല, രാഷ്ട്രീയത്തിലെയും പൊതുരംഗത്തെയും മതപരമായ വിഷയങ്ങളിലും അദ്ദേഹം വ്യക്തമായ നിലപാടുകള്‍ സ്വീകരിച്ചുപോന്നു. ചില ഘട്ടങ്ങളില്‍ ശക്തമായ സാമൂഹ്യ വിമര്‍ശനങ്ങളും അദ്ദേഹം തുറന്നുന്നയിച്ചു. കല്ലായിയെ ഒരു കാലത്ത് പ്രസിദ്ധമാക്കിയ മരക്കമ്പനിയില്‍ ചെറുപ്രായത്തില്‍ അദ്ദേഹത്തിന്റെ പ്രധാന ജോലികളില്‍ ഒന്ന് അവിടെയെത്തുന്ന മരത്തിന്റെ അളവെടുക്കുക എന്നതായിരുന്നു. അവിടെ നിന്ന്, മലയാളിയുടെ പ്രിയപ്പെട്ട നടന്‍ എന്നതുള്‍പ്പെടെ വിവിധ ജീവിത വേഷങ്ങള്‍ അളന്നുതീര്‍ത്താണ് മാമുക്കോയ വിടവാങ്ങിയിരിക്കുന്നത്. കടന്നുപോയെങ്കിലും ആ കഥാപാത്രങ്ങളായി കടന്നുവന്ന് അദ്ദേഹം നമ്മെ ചിരിപ്പിച്ചുകൊണ്ടേയിരിക്കും. അതിനൊപ്പം ചിന്തിപ്പിച്ചുകൊണ്ടുമിരിക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.