18 April 2025, Friday
KSFE Galaxy Chits Banner 2

നാശത്തിലേക്ക് നയിക്കുന്ന കൗടില്യം

Janayugom Webdesk
April 6, 2025 5:00 am

“ഹിന്ദി ഉൾപ്പെടെ സകല ഇന്ത്യൻ ഭാഷകളും പരസ്പരം ശക്തിപ്പെടുത്തുന്നു. ഭാഷയുടെ പേരിൽ രാജ്യത്തെ വിഭജിക്കാനുള്ള ശ്രമങ്ങൾ പാടില്ല”- ബിജെപി മുൻ ദേശീയാധ്യക്ഷനും പ്രതിരോധ മന്ത്രിയുമായ രാജ്നാഥ് സിങ് മാർച്ച് 29ന് പറഞ്ഞു. ത്രിഭാഷാ ഫോർമുല നടപ്പിലാക്കുന്നതിൽ പരാജയപ്പെട്ടു എന്നാരോപിച്ച് തമിഴ്‌നാട് സർക്കാരിന് വിദ്യാഭ്യാസ സഹായം നൽകാൻ കേന്ദ്രം മടിച്ചതിനുശേഷമുള്ളതാണ് ഈ വാക്കുകൾ. വരുംകാല അടിച്ചമർത്തൽ നടപടികളുടെ തുടക്കം എന്ന നിലയിലൊരു മുന്നറിയിപ്പായിരുന്നു കേന്ദ്രം തമിഴ്‌നാടിന് വിദ്യാഭ്യാസ സഹായം നിഷേധിച്ചത്. കേന്ദ്രത്തിനുള്ള നികുതി വരുമാനത്തിന്റെ 29 ശതമാനം സംസ്ഥാനങ്ങൾ നൽകുമ്പോഴും സംസ്ഥാന വിഹിതത്തിലേക്ക് 15 ശതമാനം മാത്രമാണ് തിരികെ ലഭിക്കുന്നതെന്ന് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾ ആവർത്തിച്ച് പരാതിപ്പെടുന്നതും കൂട്ടിവായിക്കണം. ത്രിഭാഷാ ഫോർമുലയ്ക്ക് അടിസ്ഥാനപരമായ ചില പോരായ്മയുണ്ട്, അത് അടിസ്ഥാന യാഥാർത്ഥ്യത്തെ പരിഗണിക്കുന്നില്ല. കുട്ടികളുടെ ശേഷി, സ്വാംശീകരണ കഴിവുകൾ എന്നിവ അവഗണിച്ച്, അവരുടെമേൽ അധികഭാരം ചുമത്തുക ഉത്തമമല്ല. വാർഷിക വിദ്യാഭ്യാസ റിപ്പോർട്ട് പ്രകാരം, എട്ടാം ക്ലാസ് വിദ്യാർത്ഥികളിൽ 27 ശതമാനം പേർക്കും രണ്ടാം ക്ലാസ് തലത്തിലുള്ള ഹിന്ദിയിലോ മാതൃഭാഷയിലോ ഉള്ള പാഠം വായിക്കാൻ കഴിഞ്ഞില്ല. 2022ൽ സ്ഥിതി കൂടുതൽ മോശമായിരുന്നു, 73.8 ശതമാനം പേർക്ക് ലളിതമായ ഇംഗ്ലീഷിലുള്ള ഒരു പാഠം വായിക്കാൻ കഴിഞ്ഞില്ല. മൂന്നാം ഭാഷയെക്കുറിച്ചുള്ള കണക്കുകൾ ലഭ്യവുമല്ല. പഠനവുമായി ബന്ധപ്പെട്ട കാര്യങ്ങളിലെ സങ്കീർണതകൾ വൈജ്ഞാനിക ഭാരമായി മാറുന്നു. 

ഒരു ഫെഡറൽ സംവിധാനത്തിൽ പരീക്ഷിക്കപ്പെടാത്ത അനുമാനങ്ങളെയോ രാഷ്ട്രീയ സൗകര്യത്തെയോ അടിസ്ഥാനമാക്കിയുള്ള വിദ്യാഭ്യാസപരമോ മറ്റേതെങ്കിലും തലത്തിലുള്ളതോ ആയ നയങ്ങൾ രാജ്യത്തിന് ഗുണകരമാകില്ല. ശരിയായ ഗവേഷണത്തിലൂടെയും സ്ഥിതിവിവരക്കണക്കുകളുടെ വിശകലനത്തിലൂടെയും മാത്രമേ ഓരോ നയങ്ങൾക്കും യഥാർത്ഥ ആവശ്യങ്ങൾ നിറവേറ്റാനും ഫലപ്രാപ്തിയും നേട്ടങ്ങളും ആർജിക്കാനും കഴിയൂ. 2020ലെ പുതിയ വിദ്യാഭ്യാസ നയം (എൻഇപി) അനുസരിച്ച് സ്കൂളുകളിൽ മൂന്നാം ഭാഷയ്ക്ക് വേണ്ടി കേന്ദ്രം സമ്മർദം ചെലുത്തുന്നു. അതിനെതിരെ നിൽക്കുന്ന തമിഴ്‌നാടിനുള്ള വിദ്യാഭ്യാസ സഹായം നൽകാൻ വിസമ്മതിക്കുന്നു. ഇത് തെറ്റായ നയമാണ്. ബിജെപി സർക്കാരിന്റെ നീക്കം വടക്കും തെക്കും തമ്മിലുള്ള ബന്ധം കൂടുതൽ വഷളാക്കിയിട്ടുണ്ട്. പാർലമെന്റിലെ രാഷ്ട്രീയ പ്രാതിനിധ്യവുമായി ബന്ധപ്പെട്ട് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾക്കിടയിൽ ആശങ്ക വർധിച്ചുവരികയാണ്. 2026ന് ശേഷം ലോക്‌സഭയിലെ ആകെ സീറ്റുകളുടെ എണ്ണത്തിന്റെ അടിസ്ഥാനത്തിൽ കൂടുതൽ ജനസംഖ്യയുള്ള ഹിന്ദിസംസ്ഥാനങ്ങളെ ശാക്തീകരിക്കുന്ന മണ്ഡല പുനര്‍നിര്‍ണയ തന്ത്രം അപകടമായി ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെ തലയ്ക്കു മുകളിൽ നിൽക്കുന്നു. ത്രിഭാഷാ ഫോർമുല നടപ്പിലാക്കുന്നതിൽ തമിഴ്‌നാട് പരാജയപ്പെട്ടുവെന്ന കേന്ദ്ര ആരോപണവും ഇതിന്റെ മറവിൽ ബിജെപി നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാർ തമിഴ്‌നാടിന് വിദ്യാഭ്യാസ സഹായം നൽകാൻ വിസമ്മതിച്ചതും കടുത്ത ആക്ഷേപങ്ങൾക്ക് കാരണമായിട്ടുണ്ട്. പ്രതിരോധ മന്ത്രി പ്രസ്താവനകൾ നടത്തുന്നതിനുപകരം കേന്ദ്രത്തോട് തമിഴ്‌നാടിന് വേണ്ടിയുള്ള വിദ്യാഭ്യാസ സഹായം നിരുപാധികം നൽകാൻ ആവശ്യപ്പെടുകയായിരുന്നു വേണ്ടത്. ദി ഹിന്ദുവിൽ അടുത്തിടെ പ്രസിദ്ധീകരിച്ച ഒരു റിപ്പോർട്ട് അനുസരിച്ച്, സ്കൂളുകളിൽ മൂന്നാം ഭാഷ പഠിപ്പിക്കുന്നതിന്റെ പഠന ഫലങ്ങൾ വിലയിരുത്തുന്നതിനായി 2001 മുതൽ ഓരോ മൂന്ന് വർഷത്തിലും നടത്തുന്ന നാഷണൽ അച്ചീവ്മെന്റ് സർവേകൾ (എൻഎഎസ്) ആവർത്തിച്ച് വെളിപ്പെടുത്തുന്നത് മോശം ചിത്രമാണ്. 2017ലെ എൻഎഎസ് സർവേ അനുസരിച്ച് എട്ടാം ക്ലാസ് വിദ്യാർത്ഥികളിൽ 48 ശതമാനം പേർക്ക് മാത്രമേ അവരുടെ പ്രാദേശിക ഭാഷയിലോ ഹിന്ദിയിലോ ഒരു ലളിതമായ ഖണ്ഡിക വായിക്കാൻ കഴിയൂ. 47 ശതമാനം പേർക്ക് മാത്രമേ ഒരു ഉപന്യാസമോ കത്തോ എഴുതാൻ കഴിയൂ. 42 ശതമാനം പേർക്ക് മാത്രമേ വ്യാകരണത്തിൽ വേണ്ടത്ര അറിവുള്ളൂ എന്നും കണ്ടെത്തി. എൻഎഎസ് 2021ലും ഇതേ അളവുകളിൽ സമാനമായ ഫലമാണ് കണ്ടെത്തിയത്. മൂന്നാം ഭാഷാ പ്രാവീണ്യം എൻഎഎസ് സർവേ വിലയിരുത്തുന്നുമില്ല. ഫലപ്രാപ്തി പരിശോധിക്കുന്നതിനു പകരം സ്കൂളുകളിൽ മൂന്നാം ഭാഷയ്ക്ക് വേണ്ടിയുള്ള കടുംപിടുത്തത്തിന് കേന്ദ്ര സർക്കാർ ശ്രമിക്കുന്നത് ഗുരുതരമായ ആശങ്കകൾ ഉയർത്തുന്നു. 

ഇന്ത്യയിലെ സ്കൂൾ വിദ്യാർത്ഥികളിൽ വലിയൊരു വിഭാഗം അവരുടെ മാതൃഭാഷയും ഇംഗ്ലീഷും പോലും കൈകാര്യം ചെയ്യാൻ ബുദ്ധിമുട്ടുന്നുണ്ടെന്ന് വ്യാപകമായി നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. മൂന്ന് ഭാഷകൾ ഉപയോഗിച്ച് വിദ്യാർത്ഥികളെ ഭാരപ്പെടുത്തുകയും അതുവഴി അവരെ മൂന്നിലും നാമമാത്ര പ്രാവീണ്യം നേടുന്നവരാക്കുകയും ചെയ്യുന്നതിനുപകരം രണ്ട് ഭാഷകൾ നന്നായി പഠിപ്പിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കാത്തത് എന്തുകൊണ്ടാണെന്ന ചോദ്യം ശക്തമാണ്. മൂന്നാം ഭാഷാ പ്രാവീണ്യത്തെക്കുറിച്ചുള്ള വിശ്വസനീയമായ ഗവേഷണത്തിന്റെ അഭാവത്തിൽ, അത് നിർബന്ധിതമാക്കുന്നതിന് സർക്കാർ 2020ലെ എൻഇപി അനുസരിച്ച് ശാഠ്യം കാട്ടരുതായിരുന്നു. ഭരണകക്ഷിയായ ബിജെപിയുടെ പ്രത്യയശാസ്ത്രപരമായ നിലപാട് തമിഴ്‌നാട് പോലുള്ള സംസ്ഥാനങ്ങളിൽ അസംതൃപ്തി സൃഷ്ടിക്കുമെന്നുറപ്പാണ്. കാരണം അവർ ചരിത്രപരമായി ത്രിഭാഷാ ഫോർമുലയെ എതിർക്കുകയും പകരം തമിഴും ഇംഗ്ലീഷും എന്ന ദ്വിഭാഷാ നയം പിന്തുടരുകയും ചെയ്യുന്നു. ഹിന്ദി ഉൾപ്പെടുത്തുന്നതിനെ അടിച്ചേല്പിക്കലായും ഭാഷാപരവും സാംസ്കാരികവുമായ സ്വത്വത്തിന് ഭീഷണിയായും കാണുന്നു. തുടക്കം മുതൽ തന്നെ, ‘ഹിന്ദി സാമ്രാജ്യത്വ’ത്തിനെതിരായ ചെറുത്തുനില്പിന്റെ മുന്‍പന്തിയിലാണ് തമിഴ്‌നാട്. മുൻകാലങ്ങളിൽ, നിരവധി പ്രക്ഷോഭങ്ങൾക്കും ഭാഷാ കലാപങ്ങൾക്കും സംസ്ഥാനം സാക്ഷ്യം വഹിച്ചിട്ടുണ്ട്. ഈ ചെറുത്തുനില്പാണ് തമിഴ്‌നാട്ടിൽ ജവഹർലാൽ നവോദയ വിദ്യാലയങ്ങൾക്കുള്ള വഴി തടഞ്ഞത്. കേന്ദ്ര വിദ്യാഭ്യാസ ഫണ്ടുകളെ ത്രിഭാഷാ ഫോർമുല സ്വീകരിക്കുന്നതുമായി ബന്ധിപ്പിച്ചതിന് എല്ലാ പ്രതിപക്ഷ പാർട്ടികളും എൻഇപി 2020 നയങ്ങളെ നിശിതമായി വിമർശിച്ചു. തമിഴ്‌നാട്ടിൽ ഒരു രാഷ്ട്രീയ അജണ്ട മുന്നോട്ട് കൊണ്ടുപോകാൻ പുതിയ വിദ്യാഭ്യാസ നയം ഉപയോഗിക്കുന്നതിൽ നിന്ന് കേന്ദ്രസർക്കാർ വിട്ടുനിൽക്കണം. സംസ്ഥാനത്തെ പാർശ്വവൽക്കരിക്കപ്പെട്ട സമുദായങ്ങളിലെ കുട്ടികൾക്ക് എൻഇപി തടസങ്ങൾ സൃഷ്ടിക്കുമെന്ന തമിഴ്‌നാട് സർക്കാരിന്റെ ആശങ്ക ഗുരുതരമായ പ്രശ്നമാണ്. ഈ ആശങ്ക പരിഹരിക്കപ്പെടണം. ഭരണഘടനയിലെ സമതുലിത പട്ടികയിലാണ് വിദ്യാഭ്യാസം ഉൾപ്പെടുന്നത്. കേന്ദ്ര — സംസ്ഥാന സർക്കാരുകൾക്ക് അതിൽ അധികാരപരിധിയുണ്ട്. എൻഇപി 2020 പാലിക്കുന്നതിന് ഫണ്ടുകൾ ബന്ധിപ്പിക്കാനുള്ള കേന്ദ്രസർക്കാരിന്റെ തീരുമാനം സ്വന്തം വിദ്യാഭ്യാസ നയങ്ങൾ രൂപീകരിക്കുന്നതിനുള്ള സംസ്ഥാനത്തിന്റെ ഭരണഘടനാ സ്വയംഭരണത്തെ ലംഘിക്കുന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.