26 April 2025, Saturday
KSFE Galaxy Chits Banner 2

പിഎം-ശ്രീ സ്കൂൾ പദ്ധതിയും കേരളവും

Janayugom Webdesk
April 16, 2025 5:00 am

കേരള മന്ത്രിസഭയുടെ ഏപ്രിൽ ഒമ്പതാംതീയതിയിലെ യോഗം കേന്ദ്രത്തിന്റെ പിഎം-ശ്രീ സ്കൂൾ (പ്രധാനമന്ത്രി- സ്കൂൾ ഫോർ റൈസിങ് ഇന്ത്യ) പദ്ധതി സംബന്ധിച്ച തീരുമാനത്തിൽ തിടുക്കം കാട്ടേണ്ടതില്ലെന്ന ധാരണയിൽ മാറ്റിവയ്ക്കുകയുണ്ടായി. പദ്ധതിയുടെ ധാരണാപത്രം ഒപ്പുവെക്കാത്തതിന്റെപേരിൽ സമഗ്ര ശിക്ഷ അഭിയാൻ പദ്ധതിപ്രകാരം കേരളത്തിന് ലഭിക്കേണ്ട 1500 കോടിയോളം രൂപ കേന്ദ്രം തടഞ്ഞിരിക്കുകയാണ്. കേരളത്തിനുപുറമെ തമിഴ്‌നാട്, പശ്ചിമബംഗാൾ, പഞ്ചാബ് തുടങ്ങി പ്രതിപക്ഷ ഭരണം നിലനിൽക്കുന്ന സംസ്ഥാനങ്ങൾക്കും സമഗ്ര ശിക്ഷാ വിഹിതം നിഷേധിക്കപ്പെട്ടിട്ടുണ്ട്. നവ വിദ്യാഭ്യാസ നയം 2024 (എൻഇപി) യുടെ പ്രായോഗിക നടത്തിപ്പുമായി ബന്ധപ്പെട്ട ഘടകങ്ങളിൽ ഒന്നാണ് പിഎം-ശ്രീ. എൻഇപി 2024 നടപ്പാക്കുന്നത് സംബന്ധിച്ച കേരളമടക്കം സംസ്ഥാനങ്ങളുടെ വിയോജിപ്പ് രാഷ്ട്രീയവും ആശയപരവും പ്രായോഗികവുമായ വസ്തുതകളെ അടിസ്ഥാനമാക്കിയുള്ളതാണ്. പാഠ്യപദ്ധതിയുടെ ഉള്ളടക്കം, അത് മുന്നോട്ടുവയ്ക്കുന്ന ലോകവീക്ഷണം, സംസ്ഥാനങ്ങൾ തമ്മിൽ വിദ്യാഭ്യാസ രംഗത്തെ നേട്ടങ്ങളിൽ നിലനിൽക്കുന്ന അന്തരം, അടിസ്ഥാനസൗകര്യങ്ങളിലെ ഏറ്റക്കുറച്ചിലുകൾ, വിദ്യാഭ്യാസരംഗത്തിലെ ഉൾക്കൊള്ളൽ സ്വഭാവത്തിലെ അസന്തുലിതാവസ്ഥ തുടങ്ങിയവയുടെ അടിസ്ഥാനത്തിലുള്ളതാണ് ഈ വിയോജിപ്പ്. കേരളവും തമിഴ്‌നാടും പോലെ ഏതാണ്ട് നൂറുശതമാനം കുട്ടികളും സ്കൂളിൽ ചേരുകയും കൊഴിഞ്ഞുപോക്ക് ഗണ്യമായി കുറച്ചുകൊണ്ടുവരുകയും മികച്ച അടിസ്ഥാനസൗകര്യങ്ങൾ ഉറപ്പുവരുത്തുകയും ചെയ്ത സംസ്ഥാനങ്ങളെയും ഈ മാനദണ്ഡങ്ങളിലെല്ലാം അതീവ പിന്നാക്കാവസ്ഥ നിലനിൽക്കുന്ന ഉത്തർപ്രദേശ്, ബിഹാർ തുടങ്ങിയ സംസ്ഥാനങ്ങളെയും ഒരേപോലെ സമീപിക്കുന്ന യാഥാർത്ഥ്യബോധം ഇല്ലാത്തതും യുക്തിരഹിതവും അശാസ്ത്രീയവുമാണ് പിഎം-ശ്രീ പദ്ധതിയുടെ സമീപനം. പാദത്തിന് അനുസൃതമായ ചെരിപ്പിനുപകരം ചെരിപ്പിനനുസരിച് പാദംമുറിക്കുന്ന സമീപനമാണ് കേന്ദ്രം മുന്നോട്ടുവെക്കുന്നത്. 

എൻഇപി 2020ന്റെ എല്ലാ ഘടകങ്ങളെയും സംയോജിപ്പിക്കുന്ന, രാജ്യത്തെ എല്ലാ ബ്ലോക്കുകളിലുമുള്ള തെരഞ്ഞെടുക്കപ്പെട്ട രണ്ട് സ്കൂളുകൾവീതം, മൊത്തം 14,500 മാതൃകാ സ്കൂളുകൾ 2027ൽ അവസാനിക്കുന്ന അഞ്ചുവർഷംകൊണ്ട് വികസിപ്പിക്കുകയാണ് പദ്ധതി ല­ക്ഷ്യം. ഇന്ത്യയിൽ കേ­ന്ദ്ര, സംസ്ഥാന, കേന്ദ്രഭരണ പ്ര­ദേശ സർക്കാരുകളുടെ ഉടമസ്ഥതയിലുള്ള സ്കൂളുകളായിരിക്കും പദ്ധതിക്കായി തെരഞ്ഞെ­ടുക്കപ്പെടുക. 27,360 കോടി രൂപയാണ് വിഭവനം ചെയ്യുന്ന മൊത്തം ചെലവ്. ഇതിന്റെ 66 ശതമാനം, അ­തായത് 18,128 കോടി രൂപ കേന്ദ്രവിഹിതവും ബാക്കി സംസ്ഥാന വിഹിതവുമായിരിക്കും. ത­െരഞ്ഞെടുക്കപ്പെട്ട ഈ മാതൃകാസ്കൂളുകൾ രാജ്യത്തെ മൊത്തം 1.32 ദശലക്ഷം സ്കൂളുകളുടെ കേവലം 1.4 ശതമാനം മാത്രമാണ്. ഈ വസ്തുതതന്നെ എൻഇപിയുടെ ഉൾക്കൊള്ളൽ എന്ന ആശയത്തെത്തന്നെ അപഹസിക്കലാണ്. പിഎം-ശ്രീ പദ്ധതി വിഭാവനംചെയ്യുന്ന വിഭവവിതരണത്തോതിലാണ് പദ്ധതി മുന്നേറുന്നതെങ്കിൽ ലക്ഷ്യം കൈവരിക്കാൻ മറ്റൊരു 72 വർഷമെങ്കിലും വേണ്ടിവരുമെന്നും വിമർശകർ ചൂണ്ടിക്കാട്ടുന്നു. പദ്ധതിയിൽ ഉൾപ്പെടുന്ന സ്കൂളുകൾക്ക് വാർഷിക ഗ്രാന്റ്, സയൻസ് കിറ്റുകൾ, ഉപരിഘടന ശക്തിപ്പെടുത്തൽ എന്നിവയ്ക്കായി പ്രതിവർഷം പരമാവധി 25 ലക്ഷം രൂപയായിരിക്കും ലഭിക്കുക. അതായത്, പദ്ധതി കാലയളവിൽ ഒരു സ്കൂളിന് ലഭിക്കാവുന്ന ആനുകൂല്യം 1.25 കോടിയിൽ അധികരിക്കില്ല. ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ വെല്ലുവിളികൾ നേരിടാൻ പ്രാപ്‍തമായ പുതുതലമുറയെ സൃഷ്ടിക്കാൻ ഇത്രയും തുച്ഛമായ നിക്ഷേപം നടത്താൻ തുനിഞ്ഞിറങ്ങിയ മോഡി സർക്കാരിന്റെ ചങ്കൂറ്റം അപാരംതന്നെ! പിഎം-ശ്രീ പദ്ധതി ലക്ഷ്യംവയ്ക്കുന്ന സ്കൂൾകെട്ടിടങ്ങളടക്കം അടിസ്ഥാനസൗകര്യങ്ങളും സ്മാർട്ട് ക്ലാസ്റൂമടക്കം വിവരസാങ്കേതിക സംവിധാനങ്ങളും ഇന്റർനെറ്റ് കണക്റ്റിവിറ്റിയും കേരളത്തിലെ മഹാഭൂരിപക്ഷം സ്കൂളുകളിലും ഇപ്പോൾത്തന്നെ ലഭ്യമാണ്. എൽഡിഎഫ് സർക്കാരിന്റെ കഴിഞ്ഞ ഒമ്പതുവർഷക്കാലത്തെ പ്രവർത്തനഫലമായി ഇപ്പോൾത്തന്നെ നാല്പതിനായിരത്തിലേറെ സ്മാർട്ട് ക്ലാസ്റൂമുകൾ പ്രവർത്തിച്ചുവരുന്നു. വിദ്യാർത്ഥികളുടെ പഠനാവശ്യത്തിനായി ലാപ്‌ടോപ്പുകൾ ഇല്ലാത്ത സ്കൂളുകൾ സംസ്ഥാനത്ത് ഉണ്ടാവില്ല. വസ്തുത ഇതാണെന്നിരിക്കെ പിഎം-ശ്രീ പദ്ധതിയുടെ ധാരണാപത്രം ഒപ്പിട്ടിട്ടില്ല എന്നതിന്റെ പേരിൽ സർവശിക്ഷാ അഭിയാൻ പദ്ധതിയുടെ വിഹിതം കേരളത്തിന് നിഷേധിക്കുന്ന കേന്ദ്ര നിലപാട് അനീതിയും ഫെഡറൽ തത്വങ്ങളുടെ നഗ്നമായ ലംഘനവുമാണ്. 

സർവശിക്ഷാ അഭിയാൻ പദ്ധതി പാർലമെന്റ് പാസാക്കിയതും 2010ൽ നിലവിൽവന്നതുമായ വിദ്യാഭ്യാസ അവകാശ നിയമത്തിന്റെ ഭാഗമാണ്. 2020ൽ ഭരണനയത്തിന്റെ ഭാഗമായി ആവിഷ്കരിച്ചതും തുടർന്ന് 2024ല്‍ നവീകരിച്ചതുമായ എൻഇപിയുടെയും അതിന്റെ ഭാഗമായ പിഎം-ശ്രീ പദ്ധതിയുടെയും പേരിൽ സർവശിക്ഷാ അഭിയാൻ വിഹിതം മോഡി സർക്കാർ സംസ്ഥാനങ്ങൾക്ക് നിഷേധിക്കുകയാണ്. ജിഎസ്‌ടി, തെരഞ്ഞെടുപ്പ് തുടങ്ങിയ വിഷയങ്ങളിൽ എന്നതുപോലെ രാജ്യത്തിന് ഒട്ടാകെ ബാധകമാകുന്ന സ്കൂൾ വിദ്യാഭ്യാസ നയവും പദ്ധതികളും എന്നത് ഇന്ത്യൻ യാഥാർത്ഥ്യങ്ങളുടെ നിഷേധവും വൈവിധ്യങ്ങളുടെ നിരാകരണവുമാണ്. കേരളമടക്കം രാജ്യത്തെ വിവിധ സംസ്ഥാനങ്ങൾ വിദ്യാഭ്യാസ രംഗത്ത് കൈവരിച്ച നേട്ടങ്ങളും മികവും അവഗണിച്ച് ഈ രംഗത്തെ തുടർ വികാസത്തെയും വളർച്ചയേയും തടയാൻ മാത്രമേ മോഡി സർക്കാരിന്റെ ദുശാഠ്യത്തിന് കഴിയു. അത്തരം സമ്മർദ്ദങ്ങൾക്ക് വഴങ്ങാതെ അർഹമായ അവകാശങ്ങൾ കണക്കുപറഞ്ഞ് വാങ്ങാൻ രാജ്യത്തിന്റെ ഭരണഘടനയും നീതിന്യായവ്യവസ്ഥയും സംസ്ഥാനങ്ങൾക്ക് അവസരം ഉറപ്പുനൽകുന്നുവെന്നാണ് സമകാലിക സംഭവവികാസങ്ങൾ വ്യക്തമാക്കുന്നത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.