23 December 2024, Monday
KSFE Galaxy Chits Banner 2

ഫെഡറല്‍ ജനാധിപത്യത്തില്‍ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുന്ന വിധി

Janayugom Webdesk
December 13, 2023 5:00 am

ജമ്മു കശ്മീരിന് പ്രത്യേകപദവി നൽകിയിരുന്ന ഭരണഘടനയുടെ അനുച്ഛേദം 370 റദ്ദാക്കിയ മോഡി സർക്കാരിന്റെ നടപടി ശരിവച്ചുകൊണ്ടുള്ള സുപ്രീം കോടതിയുടെ ഡിസംബർ 11ന്റെ വിധി ഇന്ത്യയുടെ ഫെഡറൽ ജനാധിപത്യത്തിൽ ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കും. ജമ്മു കശ്മീരിൽ രാഷ്ട്രപതിഭരണം നടപ്പാക്കിക്കൊണ്ടാണ് സംസ്ഥാന ഭരണഘടനാസഭയെ നിയമസഭയെന്നു തിരുത്തി, അന്നത്തെ രാഷ്ട്രപതി രാംനാഥ് കോവിന്ദ് പുറപ്പെടുവിച്ച ഉത്തരവുവഴി ഇന്ത്യൻ യൂണിയനിൽ ലയിക്കുമ്പോൾ ഉണ്ടാക്കിയ രാഷ്ട്രീയക്കരാർ ലംഘിച്ച് സംസ്ഥാനത്തിന്റെ പ്രത്യേക പദവി ഇല്ലാതാക്കിയത്. അത് കേന്ദ്രസർക്കാരിന്റെ നയപരമായ നടപടിയെന്ന സുപ്രീം കോടതിവിധിയുടെ വ്യാഖ്യാനം ഇന്ത്യയുടെ ഇതരസംസ്ഥാനങ്ങളുടെ ശിരസിനുമേൽ തൂങ്ങുന്ന ഡെമോക്ലസിന്റെ വാളായി മാറിയേക്കാമെന്ന ആശങ്ക അസ്ഥാനത്തല്ല. പ്രത്യേക പദവി റദ്ദാക്കിക്കൊണ്ടുള്ള ഉത്തരവിനെത്തുടർന്ന് ജമ്മു കശ്മീരിനെ ജമ്മു കശ്മീർ, ലഡാക്ക് എന്നിങ്ങനെ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളായി വിഭജിച്ച നടപടിയുടെ സാധുത പരിശോധിക്കാനും വിധിയിൽ കോടതി തയ്യാറായിട്ടില്ല. ജമ്മു കശ്മീരിന്റെ സംസ്ഥാന പദവി നിയമപരമായി പുനഃസ്ഥാപിക്കാതെ കേന്ദ്രസർക്കാരിനെ പ്രതിനിധീകരിച്ച സോളിസിറ്റർ ജനറലിന്റെ കേവലമായ ഉറപ്പിന്മേൽ അവിടെ 2024 സെപ്റ്റംബറിനുള്ളിൽ നിയമസഭാ തെരഞ്ഞെടുപ്പ് നടത്താൻ തെരഞ്ഞെടുപ്പ് കമ്മിഷനോട് നിർദേശിക്കുക മാത്രമാണ് കോടതിവിധി ചെയ്യുന്നത്. ജമ്മു കശ്മീരിന്റെ സംസ്ഥാന പദവിയുടെ പുനഃസ്ഥാപനത്തിന് നിയമപരമായ സാധുത ഉറപ്പുവരുത്താത്ത വിധിയിലൂടെ, അതിന്റെ ചുമതല സംസ്ഥാനത്തിന്റെ പ്രത്യേക അവകാശങ്ങൾ റദ്ദാക്കുകയും സംസ്ഥാനത്തെ രണ്ട് കേന്ദ്രഭരണപ്രദേശങ്ങളാക്കി വിഭജിക്കുകയും ചെയ്ത രാഷ്ട്രീയ നേതൃത്വത്തിനുതന്നെ വിട്ടുകൊടുത്ത് ഭരണഘടനാപരമായ തങ്ങളുടെ ഉത്തരവാദിത്തത്തിൽനിന്നും കൈകഴുകുകയാണ് കോടതി ചെയ്തത്. കോടതിയുടെ പരിശോധനയിൽ വന്ന വിഷയങ്ങളിൽ നടത്തിയ തീർപ്പുകളിലെ വൈരുധ്യം നിയമവൃത്തങ്ങൾ തന്നെ ചൂണ്ടിക്കാട്ടുന്നുണ്ട്.

 


ഇതുകൂടി വായിക്കൂ; മുതലാളിത്തത്തിന്റെ സത്ത


രാജ്യത്തെ പരമോന്നത കോടതിയിൽ നിന്നും പരാതിക്കാരും പൊതുസമൂഹവും പ്രതീക്ഷിക്കുന്ന നീതിന്യായപരമായ നിപുണതയുടെയും യുക്തിഭദ്രതയുടെയും അഭാവംകൊണ്ടാണ് സുപ്രീം കോടതിയുടെ വിധി ശ്രദ്ധേയമാകുന്നത്. അതിനെ അയോധ്യ രാമക്ഷേത്രനിർമ്മാണവുമായി ബന്ധപ്പെട്ട വിധിയുമായാണ് നിയമവൃത്തങ്ങൾ താരതമ്യം ചെയ്യുന്നത്. ബാബറി മസ്ജിദിന്റെ തകർക്കലിന് നേതൃത്വം നൽകിയ വിധ്വംസകശക്തികൾക്കുതന്നെ രാമക്ഷേത്ര നിർമ്മാണത്തിന് അനുമതി നൽകിയത് നീതിന്യായ വിവേകത്തെയും യുക്തിയെയുമാണ് ചോദ്യംചെയ്തത്. ഭീകരപ്രവർത്തനത്തിന് അറുതിവരുത്താനും സംസ്ഥാനത്തിന്റെ സുഗമമായ വികസനം വാഗ്ദാനം ചെയ്തുമാണ് മോഡിസർക്കാർ ജമ്മു കശ്മീരിന്റെ പ്രത്യേകാവകാശം റദ്ദാക്കിയതും സംസ്ഥാനത്തെ വിഭജിച്ച് കേന്ദ്രഭരണപ്രദേശങ്ങളാക്കി മാറ്റിയതും. ആ നടപടി സ്വീകരിച്ച് നാലുവർഷങ്ങൾ പിന്നിട്ടിട്ടും സംസ്ഥാനത്തെ ഭീകരപ്രവർത്തനങ്ങൾ അവസാനിപ്പിക്കാനോ സംസ്ഥാനത്തിന്റെ വികസനരംഗത്ത് ശ്രദ്ധേയമായ എന്തെങ്കിലും പുരോഗതി കൈവരിക്കാനോ കേന്ദ്രഭരണകൂടത്തിന് കഴിഞ്ഞിട്ടില്ലെന്ന് വസ്തുതകൾ വ്യക്തമാക്കുന്നു. മാത്രമല്ല സ്ഥിതിഗതികൾ വഷളായിത്തന്നെ തുടരുകയാണെന്ന് സർക്കാർ പാർലമെന്റിൽ ചോദ്യത്തിന് നൽകിയ മറുപടികൾ സ്ഥാപിക്കുന്നു. 2018നും 2022നും ഇടയിൽ സംസ്ഥാനത്ത് 761 ഭീകരാക്രമണങ്ങൾ നടന്നതായും അവയിൽ 174 സാധാരണ പൗരന്മാർ കൊല്ലപ്പെട്ടതായും ആഭ്യന്തര മന്ത്രാലയം രാജ്യസഭയിൽ നൽകിയ മറുപടിയിൽ പറയുന്നു. സംസ്ഥാനത്ത് രാഷ്ട്രീയസ്ഥിരത ഉറപ്പുവരുത്താനോ രാഷ്ട്രീയനേതൃത്വത്തെ വിശ്വാസത്തിലെടുക്കാനോ കേന്ദ്രത്തിന്റെ നേരിട്ടുള്ള ഭരണംകൊണ്ട് കഴിഞ്ഞിട്ടില്ല. സംസ്ഥാനത്തെ മുൻമുഖ്യമന്ത്രിമാരടക്കം രാഷ്ട്രീയനേതാക്കൾ ഏറെയും വീട്ടുതടങ്കലിലാണെന്നതും കോടതിയുടെ പരിഗണനയിലേ വന്നിട്ടുമില്ല.

സംസ്ഥാനത്തെ ത്രിതല പഞ്ചായത്തുകളിലേക്ക് തെരഞ്ഞെടുപ്പുനടന്നിട്ട് 10വർഷം പിന്നിട്ടിരിക്കുന്നു. അവിടെ ഏറ്റവും താഴേത്തലത്തിൽ പോലും ജനാധിപത്യം പുനഃസ്ഥാപിക്കുന്നതിൽ കേന്ദ്രം സമ്പൂർണ പരാജയമാണെന്നതിന് ഇതിലുപരി തെളിവ് എന്തുവേണം.  ജമ്മു കശ്മീരിൽ 84,544 കോടി രൂപയുടെ വികസന നിക്ഷേപം നടത്തുമെന്ന് 2021ൽ കേന്ദ്രസർക്കാർ പ്രഖ്യാപിക്കുകയുണ്ടായി. എന്നാൽ ഇതുവരെ പുറത്തുവന്ന കണക്കുകൾ അനുസരിച്ച് പ്രഖ്യാപിച്ച തുകയുടെ കേവലം മൂന്നുശതമാനം നിക്ഷേപം മാത്രമാണ് നടന്നിട്ടുള്ളത്. സംസ്ഥാനത്തിന്റെ പ്രത്യേകപദവി എടുത്തുകളഞ്ഞതും ഇപ്പോൾ ആ നടപടിക്ക് സുപ്രീം കോടതി നൽകിയ സാധൂകരണവും അവിടേക്കുള്ള വ്യാപകമായ കുടിയേറ്റത്തിന് വഴിതെളിക്കും. അനുച്ഛേദം 370 നൽകിയിരുന്ന തദ്ദേശവാസികളുടെ ഭൂമിക്കുള്ള പരിരക്ഷ നഷ്ടപ്പെട്ടത് ഭൂമിയുടെ വ്യാപകമായ അന്യാധീനത്തിനും ജനസംഖ്യയുടെ സ്വാഭാവത്തിൽ മൗലിക മാറ്റത്തിനും കാരണമാകും. സർക്കാർ തൊഴിൽരംഗത്ത് തദ്ദേശീയർക്കുണ്ടായിരുന്ന പരിരക്ഷ ഇല്ലാതാകുന്നതോടെ അവർക്കിടയിൽ രൂക്ഷമായ തൊഴിലില്ലായ്മ കൂടുതൽ വഷളാവാനും അസ്വസ്ഥതകൾ വ്യപകമാകാനും കാരണമാകും. ഈ പശ്ചാത്തലത്തിൽവേണം സുപ്രീം കോടതിയുടെ വിധിയിൽ നിർദേശിക്കുന്ന നിർദിഷ്ട ‘വസ്തുതാ, അനുരഞ്ജന കമ്മിഷ’ന്റെ ഫലപ്രാപ്തിയിൽ സംശയവും ആശങ്കയും വിലയിരുത്തപ്പെടാൻ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.