12 May 2024, Sunday

Related news

May 12, 2024
May 11, 2024
May 10, 2024
May 9, 2024
May 6, 2024
May 5, 2024
May 4, 2024
May 3, 2024
May 1, 2024
April 27, 2024

തായ്‌വാന്‍ മേഖലയിലെ യുഎസ് പ്രകോപനം

Janayugom Webdesk
August 5, 2022 5:00 am

തായ്‌വാന്‍ മേഖലയില്‍ യുദ്ധാന്തരീക്ഷം സൃഷ്ടിക്കപ്പെട്ടിരിക്കുന്നുവെന്ന വാര്‍ത്തകള്‍ വ്യാപകമായി വന്നുകൊണ്ടിരിക്കുകയാണ്. വെടിക്കോപ്പുകളും ആയുധങ്ങളുമുപയോഗിച്ചുള്ള തത്സമയ സൈനികാഭ്യാസത്തിന് ചൈന സന്നദ്ധമായി എന്നാണ് ഒടുവിലത്തെ വാര്‍ത്തകള്‍. യുഎസ് പ്രതിനിധിസഭാ സ്പീക്കര്‍ നാന്‍സി പെലോസിയുടെ സന്ദര്‍ശനത്തിന് പിന്നാലെയാണ് മേഖലയില്‍ ചൈനയുടെ സൈനികാഭ്യാസ പ്രകടനങ്ങള്‍ നടന്നത്. പെലോസിയുടെ സന്ദര്‍ശനം അവസാനിച്ച ഉടന്‍തന്നെ 27 യുദ്ധ വിമാനങ്ങള്‍ വ്യോമാതിര്‍ത്തി കടന്നതായി തായ്‌വാന്‍ പ്രതിരോധ മന്ത്രാലയം സമ്മതിച്ചിരുന്നു. പെലോസിയുടെ സന്ദര്‍ശനമാണ് മേഖലയില്‍ നിലനില്ക്കുന്ന സമാധാനാന്തരീക്ഷം പെട്ടെന്ന് കലുഷിതമാകുന്നതിന് കാരണമായത്. ഒരാഴ്ച മുമ്പ് സന്ദര്‍ശന തീരുമാനം പുറത്തുവന്നപ്പോള്‍ തന്നെ യുഎസും ചൈനയും തമ്മിലുള്ള തര്‍ക്കങ്ങള്‍ രൂക്ഷമാകുകയും തായ്‌വാന്‍ മേഖല സംഘര്‍ഷത്തിലേക്ക് നീങ്ങുന്നതിന്റെ സൂചനകളുണ്ടാവുകയും ചെയ്തിരുന്നു. ചൈനയും തായ്‌വാനും തമ്മില്‍ നിലനില്ക്കുന്ന തര്‍ക്കത്തിന് പഴക്കമുണ്ടെങ്കിലും യുഎസ് ഏകപക്ഷീയമായി ഈ വിഷയത്തില്‍ ഇടപെടാന്‍ ശ്രമിക്കുന്ന സാഹചര്യമുണ്ടായതാണ് ചൈനയെ പ്രകോപിപ്പിച്ചത്.

 


ഇതുകൂടി വായിക്കു; തായ്‌വാൻ സ്വതന്ത്ര സമൂഹങ്ങളിലൊന്ന്; നാൻസി പെലോസി


പെലോസിയുടെ സന്ദര്‍ശനത്തിന് മുന്നോടിയായി ചെെനീസ് പ്രസിഡന്റ് ഷീ ജിന്‍ പിങ് യുഎസ് പ്രസിഡന്റ് ജോ ബെെഡനെ ടെലഫോണില്‍ വിളിച്ച് തന്റെ രാജ്യത്തിന്റെ നിലപാട് കടുത്ത ഭാഷയില്‍തന്നെ അറിയിച്ചിരുന്നതാണ്. തീ കൊണ്ടു കളിക്കരുതെന്ന കര്‍ശന മുന്നറിയിപ്പാണ് ചൈനീസ് പ്രസിഡന്റ് നല്കിയത്. തായ്‍വാന്‍ വിഷയത്തില്‍ നിലപാടെടുക്കുന്നതിന് മുമ്പ് ഇക്കാര്യത്തിലുള്ള യുഎസിന്റെ മുന്‍ നിലപാടുകളും ചരിത്രവും പഠിക്കണമെന്നും ഏക ചൈന നിലപാട് തുടരണമെന്നും ഷീ ജിന്‍ പിങ്, ബൈഡനോട് ആവശ്യപ്പെട്ടിരുന്നു. അതേസമയം തായ്‌വാന്‍ സംബന്ധിച്ച രാജ്യത്തിന്റെ നിലപാട് മാറിയിട്ടില്ലെന്ന് അറിയിച്ച ബൈഡന്‍ മേഖലയിലും തായ്‌വാന്‍ കടലിടുക്കിലും സമാധാനവും സുസ്ഥിരതയും തകര്‍ക്കുന്നതിനും തല്‍സ്ഥിതി മാറ്റുന്നതിനുമുള്ള ഏകപക്ഷീയ നീക്കം ശക്തമായി എതിര്‍ക്കുമെന്നും ചൈനീസ് പ്രസിഡന്റിനെ അ­റിയിക്കുകയായിരുന്നു. ഇപ്പോഴത്തെ പ്ര­ശ്നങ്ങ­ള്‍ക്കു കാരണം അതുതന്നെയാണ്. ലോക പൊലീസ് ചമയാനുള്ള യുഎസ് ശ്രമങ്ങളാണ് ചൈനയെ പ്രകോപിപ്പിച്ചത് എന്നര്‍ത്ഥം.

ചൈനയും തായ്‌വാനും തമ്മിലുള്ള പ്രശ്നങ്ങള്‍ക്കും നിലപാടുകള്‍ക്കും ദശകങ്ങളുടെ പഴക്കമുണ്ട്. ബീജിങ് ഭരണാധികാരികള്‍ പീപ്പിള്‍സ് റിപ്പബ്ലിക് ഓഫ് ചൈന (പിആര്‍സി) യെന്നും തായ്‌വാന്‍ ഭരണാധികാരികള്‍ റിപ്പബ്ലിക് ഓഫ് ചൈന (ആര്‍ഒസി) യെന്നും തങ്ങളുടെ പേരുകള്‍ ഉപയോഗിക്കുന്നു. ചൈനയുടെ നിയമപരമായ ഭരണാധികാരികള്‍ തങ്ങളാണെന്നാണ് ഇരുപ്രദേശങ്ങളിലെയും ഭരണാധികാരികള്‍ അവകാശപ്പെടുന്നത്. ചൈനയെന്നതല്ല പ്രദേശങ്ങളാണ് തര്‍ക്കവിഷയമെന്ന് ഇതിലൂടെ വ്യക്തമാകുന്നു. മാത്രവുമല്ല 1971ല്‍ ഐക്യരാഷ്ട്രസഭ പിആര്‍സിയെ അംഗീകരിച്ചതോടെ തായ്‌വാന്‍ നയതന്ത്രപരമായി ഒറ്റപ്പെട്ടു. എങ്കിലും ചൈനയോട് ആഭിമുഖ്യമുള്ള നിലപാട് യുഎസ് സ്വീകരിക്കുന്നത് 1979ലാണ്. ഇതോടെ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം മെച്ചപ്പെട്ടു തുടങ്ങി. അതേവര്‍ഷം ആര്‍ഒസിയുമായുള്ള ബന്ധം ഉപേക്ഷിക്കുകയും ഔദ്യോഗികമായി ചൈനീസ് ജനകീയ റിപ്പബ്ലിക്കിനെ അംഗീകരിക്കുകയും ചെയ്തിരുന്നതാണ്. 1980ല്‍ പ്രസിഡന്റ് റിച്ചാര്‍ഡ് നിക്സണ്‍ ചൈന സന്ദര്‍ശിക്കുകയും ഷാങ്ഹായ് പ്രഖ്യാപനത്തില്‍ ഒപ്പുവയ്ക്കുകയുമുണ്ടായി. ഈ സാഹചര്യം നിലനില്ക്കുമ്പോഴും നേരത്തെ പാസാക്കിയ തായ്‌വാന്‍ റിലേഷന്‍സ് നിയമത്തിന്റെ അടിസ്ഥാനത്തില്‍ അവരുമായി അനൗദ്യോഗിക ബന്ധം യുഎസ് നിലനിര്‍ത്തുകയും ചെയ്തു. ഇത്തരമൊരു ചരിത്ര പശ്ചാത്തലമാണ് ചൈന — തായ്‌വാന്‍ എന്നീ മേഖലകളുമായുള്ള ബന്ധത്തില്‍ യുഎസിനുള്ളത്.


ഇതുകൂടി വായിക്കു; തായ്‍വാനിലെ ഇടപെടല്‍ : ബെെ‍‍ഡന് ചെെനയുടെ മുന്നറിയിപ്പ്


അപ്പോഴാണ് തായ്‌വാനെ തൊട്ട് പുതിയ പ്രശ്നങ്ങളും സംഘര്‍ഷാവസ്ഥയും സൃഷ്ടിക്കുന്നതിന് മറ്റൊരു കാരണവും പറയാനില്ലാതെ യുഎസ് തയാറായിരിക്കുന്നത്. തങ്ങളുടെ വ്യാപാര‑ആയുധ വില്പനാ തന്ത്രങ്ങള്‍ വിപുലമാക്കുന്നതിനും ലോകാധിപത്യം കാംക്ഷിച്ചും വിവിധ പ്രദേശങ്ങളില്‍ കുത്തിത്തിരിപ്പുകളുണ്ടാക്കുകയെന്നത് യുഎസ് നിരന്തരമായി നടത്തിപ്പോരുന്നുണ്ട്. റഷ്യ‑ഉക്രെയ്‌ന്‍ യുദ്ധത്തിന് വഴിമരുന്നിട്ടതുതന്നെ യുഎസിന്റെ നേതൃത്വത്തില്‍ നാറ്റോ നടത്തിയ ഇത്തരം കുതന്ത്രങ്ങളുടെ ഫലമാണെന്ന് പകല്‍ പോലെ വ്യക്തമാക്കപ്പെട്ടിട്ടുമുണ്ട്. ഉക്രെയ്‌നിനൊപ്പം തങ്ങളുണ്ടെന്ന് പ്രലോഭിപ്പിച്ച് സമീപ രാജ്യങ്ങളില്‍ എല്ലാം യുദ്ധത്താവളങ്ങള്‍ തീര്‍ത്ത് റഷ്യയെ പ്രകോപിപ്പിച്ച് യുദ്ധം സൃഷ്ടിക്കുകയായിരുന്നു അവിടെ. അതേ കുതന്ത്രമാണ് തായ്‌വാന്റെ പേരില്‍ ചൈനയെ പ്രകോപിപ്പിച്ച് മേഖലയില്‍ യുദ്ധാന്തരീക്ഷം സൃഷ്ടിക്കുന്നതിനു പിന്നിലെന്നതില്‍ സംശയമില്ല. 25 വര്‍ഷങ്ങള്‍ക്കു ശേഷമാണ് യുഎസിലെ ഏറ്റവും ഉന്നത സ്ഥാനീയയായ ഒരാള്‍ തായ്‌വാന്‍ സന്ദര്‍ശിക്കുന്നത്. ഇത് ആ രാജ്യത്തിന് പ്രേരണാ ശക്തിയാകുമ്പോള്‍തന്നെ ചൈനയെ സംബന്ധിച്ച് പ്രകോപനവുമാണ്. അതുകൊണ്ടാണ് മേഖലയില്‍ തത്സമയ സൈനികാഭ്യാസത്തിന് ആ രാജ്യം സന്നദ്ധമായത്. ഇനി ഇതിന്റെ പേരില്‍ മേഖലയിലുണ്ടാകുന്ന സംഘര്‍ഷാവസ്ഥയെ കുറിച്ച് പരിതപിക്കുകയും തങ്ങളുടെ ആയുധവില്പന തകൃതിയാക്കുകയും ചെയ്യുക എന്ന കച്ചവട താല്പര്യമാണ് യുഎസിന്റെ പെട്ടെന്നുള്ള പ്രകോപനത്തിനു കാരണമെന്നതില്‍ സംശയമില്ല. ഏതായാലും ലോകപൊലീസ് ചമയുന്ന യുഎസിന്റെ തന്ത്രം വ്യാപാരാധിഷ്ഠിതം മാത്രമാണെന്നത് ഒരിക്കല്‍കൂടി വ്യക്തമാകുകയാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.