8 May 2024, Wednesday

ക്യൂബ കേരളത്തോട് കൈകോര്‍ക്കുമ്പോള്‍

Janayugom Webdesk
June 17, 2023 5:00 am

കേരളത്തിന്റെ വികസനത്തിനും കൂടുതല്‍ നിക്ഷേപങ്ങള്‍ കൊണ്ടുവരുന്നതിനും ലക്ഷ്യമിട്ടുള്ള സന്ദര്‍ശനത്തിന്റെ ഭാഗമായി മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഉന്നത സംഘം ക്യൂബയിലും എത്തുകയുണ്ടായി. ഒരു രാജ്യമെന്ന നിലയില്‍ ക്യൂബയ്ക്കും ഇന്ത്യയിലെ സംസ്ഥാനമായ കേരളത്തിനും ഭൂമിശാസ്ത്രപരമായ വ്യത്യാസങ്ങള്‍ പലതാണെങ്കിലും സമാനതകളാണ് കൂടുതല്‍. യുഎസ് നേതൃത്വത്തിലുള്ള സാമ്രാജ്യത്വത്തിന്റെ കടുത്ത ഉപരോധങ്ങളെ അതിജീവിച്ചാണ് ക്യൂബയുടെ നിലനില്പും മുന്നേറ്റവും. അതിന് സമാനമായി കേന്ദ്ര സര്‍ക്കാരിന്റെ ശത്രുതാപരമായ സമീപനങ്ങളും അവഗണനകളും നേരിട്ടാണ് കേരളത്തിന്റെ മുന്നോട്ടുപോക്ക്. ഇത്തരം പ്രതിസന്ധികള്‍ക്കിടയിലും സോഷ്യലിസ്റ്റ് ആശയത്തെയും അതിന്റെ അടിസ്ഥാനത്തിലുള്ള ജീവിതക്രമത്തെയും നിലനിര്‍ത്തുന്നതിനുള്ള പ്രതിബദ്ധത ക്യൂബന്‍ ഭരണകൂടം മുറുകെ പിടിക്കുന്നു. സാമ്പത്തികമായ ഞെരുക്കലും ഫെഡറല്‍ തത്വങ്ങള്‍ ലംഘിച്ചുള്ള പ്രതികാര നടപടികളും കേന്ദ്രത്തില്‍ നിന്നുണ്ടാകുമ്പോഴും ജനപക്ഷ നിലപാടുകളും സാമൂഹ്യ ക്ഷേമ പദ്ധതികളും മുടങ്ങാതെ മുന്നോട്ടു കൊണ്ടുപോകുന്നതില്‍ ഏഴ് വര്‍ഷമായി അധികാരത്തില്‍ തുടരുന്ന എല്‍ഡിഎഫ് സര്‍ക്കാരും വിട്ടുവീഴ്ചകള്‍ക്ക് തയ്യാറാകുന്നില്ല. ഇത്തരം സമാനതകള്‍ നിലനില്‍ക്കുമ്പോഴാണ് മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള സംഘം ക്യൂബന്‍ പ്രസിഡന്റ് മിഗ്വേൽ ഡിയാസ് കനാലുമായും മറ്റ് ഉന്നതരുമായും കൂടിക്കാഴ്ച നടത്തിയത്. അതുകൊണ്ടുതന്നെ ഒരു രാജ്യവും ഒരു സംസ്ഥാനവും തമ്മിലുള്ള പരസ്പര സഹകരണത്തിനുള്ള തീരുമാനങ്ങളാണ് കൂടിക്കാഴ്ചയിലുണ്ടായത്. നമ്മുടെ രാജ്യത്തെ ഇപ്പോഴത്തെ ഭരണാധികാരികള്‍ നടത്തുന്ന വിദേശ സന്ദര്‍ശനങ്ങളില്‍ പതിവുള്ളതുപോലെ കെട്ടുകാഴ്ചകളായിരുന്നില്ല ഈ കൂടിക്കാഴ്ചയുടെ പ്രത്യേകത. യുഎസിലെ സന്ദര്‍ശനത്തിനിടെ വിദേശ മലയാളികളുമായും ക്യൂബയിലെ ഭരണാധികാരികളുമായും നടത്തിയ കൂടിക്കാഴ്ചയുടെ ഫലമായി രൂപപ്പെട്ട പരസ്പര ധാരണകള്‍ നമ്മുടെ ഭാവി വികസനത്തെ വളരെയധികം സഹായിക്കുന്നതാവുമെന്നാണ് പുറത്തുവന്നിരിക്കുന്ന സൂചനകള്‍. പ്രധാനം ക്യൂബയുമായുള്ള ധാരണകള്‍തന്നെ.

 


ഇതുകൂടി വായിക്കൂ; വര്‍ഗീയ ഫാസിസ്റ്റുകള്‍ക്കെതിരെ നിലപാടുള്ളവര്‍ക്ക് ചുറ്റികകളും വാള്‍മുനകളും


യുഎസ് സഖ്യശക്തികളുടെ ശക്തമായ ഉപരോധത്തെ തുടര്‍ന്ന് ലോകത്തിന് പൂര്‍ണമായും അനുഭവവേദ്യമാകാതെ പോയതാണ് ക്യൂബന്‍ ആരോഗ്യ രംഗത്തുണ്ടായ നേട്ടങ്ങള്‍. പ്രതിരോധ മരുന്നുകള്‍ കണ്ടെത്തുകയും നിര്‍മ്മിക്കുകയും ചെയ്യുന്ന കാര്യത്തില്‍ മെച്ചപ്പെട്ട സംവിധാനങ്ങളുള്ള രാജ്യമാണ് ക്യൂബ. 2020ല്‍ കോവിഡ് വ്യാപകമായപ്പോള്‍തന്നെ പ്രതിരോധ വാക്സിന്‍ നിര്‍മ്മാണ പരീക്ഷണം ആരംഭിച്ച ആ കൊച്ചുരാജ്യം 2021 ജൂണില്‍ ആദ്യ വാക്സിന്‍ വികസിപ്പിക്കുകയും ജനങ്ങള്‍ക്ക് നല്കി തുടങ്ങുകയും ചെയ്തിരുന്നു. പിന്നീട് നാലു വാക്സിനുകള്‍ കൂടി ക്യൂബ വികസിപ്പിച്ചു. പക്ഷേ ഇതുവരെയായിട്ടും ലോകാരോഗ്യ സംഘടന ക്യൂബയുടെ കോവിഡ് വാക്സിനുകള്‍ക്ക് അംഗീകാരം നല്കിയിട്ടില്ല. എങ്കിലും ലോകത്തെ നിരവധി രാജ്യങ്ങള്‍ — ഇറാന്‍, വെനസ്വേല, നിക്കരാഗ്വ, വിയറ്റ്നാം, സിറിയ തുടങ്ങിയവ- തങ്ങളുടെ ജനങ്ങളെ കോവിഡില്‍ നിന്ന് പ്രതിരോധിക്കുന്നതിന് ക്യൂബയുടെ വാക്സിനുകള്‍ വാങ്ങുന്നതിന് സന്നദ്ധമായി. ഇതിനു പുറമേ ആരോഗ്യ പരിപാലന രംഗത്ത് നിരവധി നേട്ടങ്ങള്‍ സ്വായത്തമാക്കിയ ക്യൂബ പ്രധാനമായും ഈ രംഗത്ത് കേരളവുമായി സഹകരിക്കുന്നതിനാണ് സന്നദ്ധത പ്രകടിപ്പിച്ചിരിക്കുന്നത്.  ഉഷ്ണമേഖലാ രോഗങ്ങള്‍, നാഡീസംബന്ധിയായ അസുഖങ്ങള്‍, സൂക്ഷ്മാണുക്കള്‍ക്കെതിരായ പ്രതിരോധം, കാന്‍സര്‍ ചികിത്സ എന്നിങ്ങനെ വിവിധ രംഗങ്ങളില്‍ ലോക പ്രസിദ്ധമാണ് ക്യൂബന്‍ ആരോഗ്യ സംവിധാനം. അതിന്റെ ഗുണഫലങ്ങള്‍ കേരളത്തിന് കൂടി ലഭ്യമാക്കണമെന്നായിരുന്നു പ്രതിനിധി സംഘം അഭ്യര്‍ത്ഥിച്ചത് അക്കാര്യത്തില്‍ അനുഭാവപൂര്‍ണമായ സമീപനമാണ് ക്യൂബയുടെ ഭാഗത്തുനിന്നുണ്ടായത്.


ഇതുകൂടി വായിക്കൂ;ബാങ്ക് തട്ടിപ്പുകാരെ സഹായിക്കുന്ന റിസർവ് ബാങ്ക് സർക്കുലർ


 

ബയോ ക്യൂബ ഫാർമയുമായി സഹകരിച്ച് ഒരു വാക്സിൻ നിർമ്മാണ കേന്ദ്രം സ്ഥാപിക്കുന്നതിനുള്ള കേരളത്തിന്റെ താല്പര്യം സ്വീകരിച്ച ക്യൂബ, തുടര്‍ നടപടികള്‍ക്കായി ഇരുഭാഗത്തുമുള്ള ഉന്നത ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി വര്‍ക്കിങ് ഗ്രൂപ്പ് രൂപീകരിക്കുന്നതിന് ധാരണയായി. ആരോഗ്യ ഗവേഷണ, നിര്‍മ്മാണ രംഗത്തെ കുറിച്ചുള്ള കൂടുതല്‍ ചര്‍ച്ചകള്‍ക്കായി ക്യൂബന്‍ സംഘത്തെ കേരളത്തിലേയ്ക്ക് ക്ഷണിക്കുകയും ചെയ്തിട്ടുണ്ട്. ബയോ ക്യൂബ ഫാർമ പ്രസിഡന്റ് എഡ്വാർഡോ മാർട്ടിനെസ് ഡിയസിന് പുറമേ നാഷണൽ സെന്റർ ഫോർ ന്യൂറോ സയൻസസ് (സിഎന്‍ഇയുആര്‍ഒ), സെന്റർ ഫോർ മോളിക്യുലാർ ഇമ്മ്യൂണോളജി (സിഐഎം) എന്നിവയുടെ ഉന്നത സ്ഥാനത്തുള്ള ഉദ്യോഗസ്ഥരുമായും കേരള സംഘം കൂടിക്കാഴ്ച നടത്തി. ഇന്ത്യയിലെ മറ്റിതര സംസ്ഥാനങ്ങളെ അപേക്ഷിച്ച് ആരോഗ്യ രംഗത്ത് വളരെയധികം മുന്നേറിയ സംസ്ഥാനമാണ് നമ്മുടേത്. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ചികിത്സാ സംവിധാനം വിപുലവും വികേന്ദ്രീകൃതവുമാണ് ഇവിടെ. അതുകൊണ്ടുതന്നെ ആരോഗ്യ രംഗത്ത് വളരെയധികം മുന്നേറിയ ക്യൂബയുമായുള്ള സഹകരണം കേരളത്തിന് ഇനിയും കൂടുതല്‍ മുന്നേറുന്നതിന് സഹായകമാകുമെന്ന കാര്യത്തില്‍ സംശയമില്ല. ആരോഗ്യ മേഖലയ്ക്കു പുറമേ വ്യാപാരം, വിദ്യാഭ്യാസം, കായികം എന്നീ രംഗങ്ങളിലും പരസ്പര സഹകരണത്തിനുള്ള സാധ്യതകള്‍ തുറന്നുവെന്നാണ് മുഖ്യമന്ത്രി അറിയിച്ചിരിക്കുന്നത്. എല്ലാ രംഗങ്ങളിലും ഇപ്പോഴുണ്ടാക്കിയിരിക്കുന്ന പരസ്പര സഹകരണ ധാരണകള്‍ വളരെ വേഗത്തില്‍ യാഥാര്‍ത്ഥ്യത്തിലെത്തിക്കുന്നതിനുള്ള നടപടികളാണ് എല്ലാവരും പ്രതീക്ഷിക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.