17 June 2024, Monday

Related news

October 4, 2023
September 10, 2023
August 24, 2023
November 13, 2022
November 3, 2022
October 29, 2022
October 24, 2022
October 23, 2022
October 12, 2022
September 12, 2022

ഭരണനിർവഹണത്തിലെ മാബലി സ്പർശം

റെജി മലയാലപ്പുഴ
September 6, 2021 5:30 am

മലയാളികൾ ഒരുമയോടെ ആഘോഷിക്കുന്ന ഓണത്തിന്റെ ഐതിഹ്യത്തിന് പിന്നിൽ മഹാബലിയുടെ കഥയാണല്ലോ. ഒരുപക്ഷേ സോഷ്യലിസ്റ്റ് ഭരണക്രമമെന്ന് വേണമെങ്കിൽ വിശേഷിപ്പിക്കാവുന്ന വിധം രാജ്യത്തെ നയിച്ച വ്യക്തി എന്ന നിലയിൽ നാം കൊടുക്കുന്ന ആദരവ് തന്നെയാണ് ഓണത്തിന് മഹാബലിയുടെ മടങ്ങി വരവ് എന്ന പ്രതീക്ഷ. നമ്മുടെ ഭരണ സംവിധാനങ്ങൾക്ക് മാതൃകയാകത്തക്ക വിധം പ്രജകൾക്ക് ഹിതകരമായ ഭരണം നടത്തി എന്നത് തന്നെയാണ് അദ്ദേഹത്തിന് നല്കുന്ന സ്വീകാര്യത. നാടിന്റെ സമൃദ്ധിയും, ജനങ്ങളുടെ സൗഖ്യവും മുഖമുദ്രയാക്കിയ ഭരണാധികാരിയെ ചരിത്രം വാഴ്ത്തും എന്നത് സത്യമാണല്ലോ.
മലയാള മണ്ണിനെ പ്രതിസന്ധിയിലാക്കിയ പ്രളയത്തെയും കോവിഡിനെയും അത് മൂലമുണ്ടായ പ്രതിസന്ധിയെയും അതിജീവിക്കാൻ തക്ക കർത്തവ്യ ഭരണ സംവിധാനം മഹാബലി നാട്ടിൽ ഉണ്ട് എന്നത് ഈ ഓണക്കാലത്ത് എടുത്തു പറയേണ്ട ഒന്നാണ്. മഹാബലി ചക്രവർത്തിയുടെ സമാനതകളോടെ എഡി ഒന്നാം നൂറ്റാണ്ടിൽ നമ്മുടെ നാട് ഭരിച്ചിരുന്ന മറ്റൊരു രാജാവ് ഉണ്ടായിരുന്നത്രെ. ഒന്നാം ചേരരാജവംശത്തിലെ രാജാവായിരുന്ന നെടുംചേരലാതനായിരുന്നു അത്. നെടുംചേരലാതനെന്ന രാജാവിനെപ്പറ്റി പരാമർശിക്കുന്നത് പ്രാചീന തമിഴ് കൃതിയായ പതിറ്റുപ്പത്തിലാണ്.

മഹാബലി ചക്രവർത്തിയുടെ മഹത്വ വർണന തുടങ്ങുന്ന ‘മാവേലി നാടു വാണീടും കാലം മാനുഷരെല്ലാരുമൊന്നു പോലെ..’ എന്ന പാട്ടിൽ വിശദമായി തന്നെ ഒരു നാടിന്റെ സാമൂഹിക‑സാമ്പത്തിക അവസ്ഥ വിവരിച്ചു തരുന്നുണ്ട്. ദാനശീലത്തിന് പുകഴ്‌പെറ്റ മഹാബലിയെ പോലെ തന്നെയായിരുന്നു നെടുംചേരലാതൻ.
നെടുംചേരലാതൻ മഹാദാന ശീലനായിരുന്നുവെന്നാണ് പതിറ്റുപ്പത്തിൽ പറഞ്ഞിരിക്കുന്നത്. ഇമയവരമ്പൻ എന്നൊരു വിളിപ്പേരു കൂടി നെടും ചേരലാതന് ഉള്ളതായി ഈ ഗ്രന്ഥം വെളിപ്പെടുത്തുന്നു. സാമൂഹിക‑സാമ്പത്തിക തുല്യത ജനങ്ങൾക്കുണ്ടായാൽ അവിടെ വിഭാഗീയ ചിന്താഗതി അപ്രത്യക്ഷമാകും. ജാതി വ്യത്യാസത്തിന്റെ പേരിലുള്ള അസമത്വം അവസാനിപ്പിക്കാൻ കഴിയും. നെടുംചേരലാതന്റെ ഭരണ സംവിധാനത്തിൽ ഇത്തരം അസമത്വങ്ങൾ ഒഴിവാക്കപ്പെട്ടിരുന്നു.

സാമ്പത്തിക തുല്യത ഉണ്ടായാൽ മോഷണവും, കൊലപാതകങ്ങളും ഒരു പരിധി വരെ ഇല്ലാതാക്കാം. മാനുഷരെല്ലാം ഒന്നായി വസിക്കുന്ന, പ്രശ്നങ്ങൾ കുറച്ചുകൊണ്ട് മുന്നോട്ട് പോകുന്ന, സമത്വത്തിന്റെ പ്രതീക്ഷ നമ്മിലുണർത്തുന്ന ഓണം ആഘോഷങ്ങളെക്കാളുപരി നമ്മിൽ ചിന്തയാണ് ഉണർത്തേണ്ടത്.
നാടിന്റെ പ്രതിസന്ധി ഘട്ടത്തിൽ പ്രജകൾക്കൊപ്പം നിന്ന് അവരുടെ അടിസ്ഥാന പ്രശ്നങ്ങൾ പരിഹരിച്ചു കൊടുക്കുന്ന ഭരണ സംവിധാനത്തിന് ജനകീയ മുഖം ഉണ്ടാകുമെന്നത് കേരളം തിരിച്ചറിഞ്ഞ വസ്തുതയാണ്. ജനങ്ങളുടെ ക്ഷേമം ലക്ഷ്യമാക്കി മഹാബലിയും നെടുംചേരലാതനും ഭരിച്ചുവെങ്കിൽ അതിന്റെ പിന്തുടർച്ച അസ്തമിക്കാത്ത കാലത്താണ് നാം ഓണം ആഘോഷിച്ചത് എന്നത് നാടിന് പുത്തൻ ഉണർവേകുമെന്നത് തർക്കമറ്റ വസ്തുതയാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.