29 February 2024, Thursday

താമര വിരിയും നിമിഷങ്ങള്‍

ഡോ. എം ഡി മനോജ്
സംഗീതം
December 12, 2021 2:45 am

ജീവിതത്തിലെ ഏറ്റവും ഭംഗിയുള്ള സ്മൃതികളിലൊന്നാണ് പാട്ട്. അത് കേൾക്കുന്നത് വിശേഷപ്പെട്ട ജീവിതാനുഭവമായി നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. പാട്ട് തന്നെ സമ്പൂർണമായ ഒരുണ്മയായിത്തീരുന്ന എത്രയോ നേരങ്ങളുണ്ട് നമ്മുടെ ജീവിതത്തിൽ. പാട്ടും അത് കേൾക്കുന്ന ആളുടെ വിചാരങ്ങളുമൊന്നായിത്തീരുമ്പോഴാണ് ഈ ഉണ്മയുണ്ടാകുന്നത്. അനുരാഗത്തിന്റെ ഹൃദയംഗമമായ വികാസമുള്ള ഒരു പാട്ടിലൂടെ കടന്നുപോകുമ്പോൾ ബിച്ചു തിരുമല – ജെറി അമൽദേവ് സമാഗമത്തിന്റെ ധന്യതകൾ കൂടി മനസിലേക്ക് വരുന്നു. സംഗീതത്തിന്റെ ഭാഷയില്ലാതെ ആവിഷ്കരിക്കാനാവാത്ത അനുരാഗത്തിന്റെ ഉണ്മയെ ഉണർത്തുന്ന ഒരു പാട്ടിവിടെ ഉയിർകൊണ്ടുള്ളു. റിലീസാകാതെ പോയ ‘പറന്നുയരാൻ’ എന്ന സിനിമയിൽ ബിച്ചു തിരുമല എഴുതി ജെറി അമൽദേവ് സംഗീതം ചെയ്ത ‘എന്നും മനസിന്റെ തംബുരു നീ’ എന്ന ഗാനമാണിത്. യേശുദാസിന്റെ ആലാപന ലയസൗഖ്യമാണ് ഈ പാട്ടിനെ മറ്റൊരു മാനത്തിലേക്കുയർത്തുന്നത്. ജെറി അമൽദേവിന്റെ ഇറങ്ങാതെപോയ മുപ്പത്തിയഞ്ചോളം സിനിമകളിലെ പാട്ടുകളിൽ നിന്ന് ഒരെണ്ണം എടുത്തു പറയുന്നത് അതിൽ സംഗീതവും പ്രണയവും ഒന്നായിത്തീരുന്ന ഒരു സങ്കല്പ ഭൂമികയുണ്ടായതുകൊണ്ടാണ്. പ്രണയത്തെ സംഗീതത്തിലേക്ക് വിവർത്തനം ചെയ്യുകയായിരുന്നു ബിച്ചു തിരുമല ഈ പാട്ടിൽ.
‘എന്നും മനസിന്റെ തംബുരു നീ
മീട്ടുന്നു ഞാൻ അതിലെന്നനുരാഗം’
അനുരാഗത്തിന്റെ ആദൃശ്യതയ്ക്ക് ദൃശ്യതയും ശ്രാവ്യതയും നല്കുന്ന കലയുടെ ക്രമാനുഗതമായ വളർച്ചകൾ ഈ പാട്ടിൽ കാണാനാവും. പ്രണയ പ്രചോദകമായ വരികൾ കൊണ്ടാണ് പാട്ടിന്റെ പല്ലവിക്ക് ബിച്ചു തിരുമല തുടക്കം കുറിക്കുന്നത്. പാട്ടിലെ മോഹിപ്പിക്കുന്ന പ്രണയവിസ്തൃതിയുടെ പ്രലോഭനങ്ങൾ ആരെയും ഭാവഗായകരാക്കുന്നു. പാട്ടിന്റെ പദപരിചരണങ്ങളിൽ അദ്ദേഹം അത്രയേറെ ശ്രദ്ധിച്ചിരുന്നുവെന്നത് അടുത്ത വരികൾ കേട്ടാൽ അറിയാനാവും.
‘കൈ തൊട്ടുപോയാൽ താനേ മുഴങ്ങും
നിൻ നാദസംഗീതം
ഒരു നാളെൻ വിപഞ്ചികയിൽ
സ്വരമായ് പകരാൻ കഴിഞ്ഞെങ്കിൽ’
ലളിതമായ വാക്കുകളുടെ ഇണക്കങ്ങൾ ആയിരുന്നു ഭാവനയുമായി ചേർത്തുവച്ച് ബിച്ചു തിരുമല നമുക്കു മുന്നിൽ വിടർത്തിക്കാട്ടുന്നത്. തൊടുമ്പോൾ വളരുന്ന അനുരാഗത്തിന്റെ ഉത്കർഷമാണിത്. പ്രണയത്തിൽ സംഗീതത്തിന്റെ ക്രമാനുഗതമായ വളർച്ചകൾ കാണാം ഈ പാട്ടിൽ. മീട്ടുന്നു, താനേ മുഴങ്ങുന്നു എന്നിങ്ങനെയുള്ള വാക്കുകളിൽ പ്രണയാതിവർത്തനത്തിന്റെ ഒരു ലോകം തന്നെ ഉണർന്നുവരുന്നുണ്ട്. കൈ തൊടുക, മീട്ടുക എന്നീ വാക്കുകളിൽ തൊടുമ്പോൾ ഉണ്മയാകുന്ന ഒരനുരാഗ ദീപ്തിയുണ്ട്. അലൗകികമായ സ്നേഹസ്പർശത്തിന്റെ നാനാർത്ഥങ്ങളിലേക്ക് നീങ്ങുകയാണ് ഈ ഗാനം. അനുരാഗത്തിന്റെ അലങ്കാരങ്ങൾ മുഴുവനും സംഗീതോപകരണങ്ങളുടെ (തംബുരു, വിപഞ്ചിക) സുന്ദര സ്വരൂപത്തിൽ ചേർത്തു നിർത്തുകയായിരുന്നു ബിച്ചു തിരുമല. ഒരുപക്ഷേ, സ്വർഗീയമായ സ്പർശാനുഭവങ്ങളുടെയും ഇന്ദ്രിയനിഷ്ഠമായ സംഗീതാനുഭങ്ങളുടെയും അമൃതാനുഭവം ഈ പാട്ടിൽ കാണാനാവും. അത്യന്തം മൃദുലവും സുരഭിലവുമായ അനുരാഗാനുഭൂതികളുടെ നിനവുകൾ നാമറിയുകയാണ് ഈ പാട്ടിലൂടെ. പ്രണയത്തിന്റെ പരമമായ സ്പർശാനുഭൂതികൾ വിടരുന്നുണ്ടിവിടെ. ഈണത്തിന് അതിരമ്യമാവും വിധം ഇണങ്ങുന്നതാണ് ഈ പാട്ടിലെ പദലീലകൾ. ഈണത്തിന്റെ വഴികളിൽ ഒഴുകുന്ന പദഘടനയുടെ ജാലം. വീണയും തംബുരുവും എല്ലാ കുഴലുമൊക്കെ ഒന്നിക്കുന്ന സർവാശ്ലേഷിയായ ലയനം.
‘താളം മുറുകും തന്ത്രിയിലെല്ലാം
താമരവിരിയും നിമിഷങ്ങൾ
യമുനാതീരേ രതിസുഖസാരേ
പാടിമയങ്ങും സമയങ്ങൾ
ഹൃദയം പ്രമഭവനം, പോരൂ
മഞ്ഞിൽ മലരായ് നീ’
പ്രണയം വളർന്നു മുറുകി തിടംവയ്ക്കുന്ന അനുഭവത്തിൽ താമര വിരിയുന്നതുപോലെയുള്ള സർഗലയ സുഖമുണ്ടെന്നാണ് ബിച്ചു തിരുമല ഈ ഗാനത്തിൽ പറയുന്നത്. അനുരാഗമെന്നത് ജീവിക്കുന്ന ഒരു പ്രണയ നിമിഷത്തിന്റെ താമര വിരിയലാണ് എന്നും അതൊരു പ്രത്യേക ബിന്ദുവിലേക്കുള്ള ഏകാഗ്രമാകൽ ആണെന്നും പാട്ടിൽ അറിയിക്കുന്നുണ്ട്. താളം മുറുകുന്നത് മനസിന്റെ തന്ത്രികകളിലാണ്. അവിടെ വിരിയുന്നതോ താമരകളും. പ്രണയാനന്ദകരമായ ഒരായിത്തീരലിന്റെ സൗഖ്യം മുഴുവനും ഈ പാട്ടിൽ ലയിച്ചുകിടക്കുന്നുണ്ട്. യമുനാതീരേ, രതിസുഖസാരേ പാടിമയങ്ങും സമയങ്ങളിലൂടെ രാസലീലകളെ കാണിച്ചുതരുന്നു കവി. അപ്പോൾ ഹൃദയമെന്നത് പ്രണയത്തിന്റെ പ്രമദവനമായിത്തീരുന്നു.
ഗസലിന്റെ സൗന്ദര്യം മൃദുവായ റിഥം പാറ്റേൺ എന്നിങ്ങനെ ജെറി അമൽദേവിന്റെ സൗമ്യ സംഗീതത്തിന്റെ അലകൾ ഉണരുന്നുണ്ട് ഈ പാട്ടിൽ. ബിച്ചു തിരുമല സൃഷ്ടിച്ച പാട്ടിന്റെ അനുരാഗ ലോകം മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തമായിരുന്നു എന്ന് നാം വീണ്ടും തിരിച്ചറിയുന്നു. സംഗീതമെന്ന അനുഭവത്തിന്റെ കൂട്ടുപിടിച്ചാണ് ഈ പാട്ടിലെ നിർമ്മലമായ പ്രവാഹങ്ങൾ. നിത്യാനുരാഗിയായ ഒരു പ്രണയിനിയെ ആരാധനയോടെ കാണുന്ന ഒരാളുടെ നിമിഷങ്ങളാണ് ഈ ഗാനത്തിൽ നിറയുന്നത്. മാംസനിബന്ധമല്ലാത്ത സ്നേഹരാഗത്തിന്റെ മധുരസ്മൃതിയായി മാറുന്ന ഈ ഗാനം അനുരാഗത്തോളം വിശുദ്ധമായ മറ്റൊന്നുമില്ല ഈ ലോകത്തിൽ എന്ന് സാക്ഷ്യപ്പെടുത്തുകയാവാം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.