6 May 2024, Monday

നൂലിൽ കോർത്തെടുത്ത റെക്കോർഡുകൾ

പി ആർ റിസിയ
November 7, 2021 2:45 am

ചിത്രം വരെയോ തുന്നലോ പഠിച്ചിട്ടില്ലെങ്കിലും ലോക്ക് ഡൗൺ വിരസതയകറ്റാൻ സൂചിയും നൂലും ഇഴപിരിയാതെ കോർത്തെടുത്തപ്പോൾ അത് റെക്കോർഡിലേക്കുള്ള വഴിയാകുമെന്ന് കൊടുങ്ങല്ലൂർ സ്വദേശിനിയായ സന്ധ്യ രാധാകൃഷ്ണൻ അറിഞ്ഞിരുന്നില്ല. ഇഷ്ടങ്ങൾക്ക് പിന്നാലെയുള്ള യാത്രയിൽ സന്ധ്യ നൂലിൽ തുന്നിയെടുത്തത് റെക്കോർഡുകളാണ്. ഏഷ്യാ ബുക്ക് ഓഫ് റെക്കോർഡ്സും ഇന്ത്യൻ ബുക്ക് ഓഫ് റെക്കോർഡ്സുമാണ് സന്ധ്യയെ തേടിയെത്തിയത്. ക്രാഫ്റ്റിനോടുള്ള അടങ്ങാത്ത ഇഷ്ടം കൊണ്ട് ഒരാൾക്ക് ഇത്ര മനോഹരമായി വരയ്ക്കാനും, പെയിന്റ് ചെയ്യാനും തുന്നൽ സൂചി കൊണ്ട് വിസ്മയങ്ങൾ തീർക്കാനും സാധിക്കുമോയെന്ന് കാഴ്ചക്കാരിൽ വിസ്മയം വിരിയുക്കുന്നതാണ് ഈ മിടുക്കിയുടെ ഫേസ്ബുക്ക് വാളിലുള്ള മനോഹരമായ സൃഷ്ടികൾ.

ഫാഷൻ ഡിസൈനിംഗ് പഠിച്ച് ആ മേഖലയിൽ കരിയർ തെരഞ്ഞെടുക്കാനായിരുന്നു സന്ധ്യയുടെ ആഗ്രഹം. എന്നാൽ എംബിഎ പഠിച്ചപ്പോൾ എച്ച്ആർ ജോലിയാണ് തേടിയെത്തിയത്. എട്ടുവർഷം അതായിരുന്നു പ്രൊഫഷൻ. വിവാഹിതയായി ഒരു കുഞ്ഞിന്റെ അമ്മയായതിന് ശേഷമാണ് പഴയ ആഗ്രഹത്തെ സന്ധ്യ പൊടിതട്ടിയെടുത്തത്. അതും ലോകം മുഴുവൻ അടച്ചിരിക്കാൻ തീരുമാനിച്ച ലോക്ക് ഡൗൺ സമയത്ത്. തന്റെ കഴിവിനെ പുറത്തിറക്കാനുള്ള അവസരമായി ലോക്ക്ഡൗൺ കാലത്തെ മാറ്റി. ആദ്യം ബോട്ടിൽ ആർട്ടായിരുന്നു സന്ധ്യ ചെയ്തുതുടങ്ങിയത്. ആ സമയത്ത് ക്ലേ മിക്സ് ചെയ്യേണ്ടതെങ്ങനെയെന്ന് പോലും അറിയില്ലായിരുന്നെന്ന് സന്ധ്യ പറയുന്നു. പിന്നീട് യൂട്യൂബ് നോക്കിയും മറ്റ് വർക്കുകൾ കണ്ടുമാണ് പഠിച്ചത്. ബോട്ടിൽ ആർട്ടിൽ എല്ലാവരും പരീക്ഷണം നടത്തുന്ന സമയം ആയതുകൊണ്ട് വ്യത്യസ്തമായി എന്തെങ്കിലും ചെയ്യണമെന്നായി ആഗ്രഹം. അങ്ങനെ എല്ലാവരും ബോട്ടിലിൽ പടം വരച്ചപ്പോൾ സന്ധ്യയുടെ ബോട്ടിലുകളിൽ ക്ലേ കൊണ്ട് നിർമ്മിച്ച മയിലും ബുദ്ധനും കൃഷ്ണനും ഒക്കെ ഇടം പിടിച്ചു. വ്യത്യസ്തമായ സന്ധ്യയുടെ ബോട്ടിൽ വർക്കുകൾ ഫേസ്ബുക്കിൽ ഹിറ്റായി. അങ്ങനെയൊരു ബോട്ടിൽ ആർട്ട് കാലത്താണ് എംബ്രോയിഡറി ചെയ്ത് നോക്കാം എന്ന ആശയം തോന്നുന്നത്.

പ്ലസ്ടൂ അവധിക്കാലത്ത് തയ്യൽ പഠിച്ചിട്ടുണ്ട് എന്നതല്ലാതെ കാര്യമായിട്ടൊന്നും അറിയില്ലായിരുന്നു എന്ന് സന്ധ്യ പറയുന്നു. ആദ്യം ലൈൻ ആർട്ട് ആണ് ചെയ്തത്. ഒരു സുഹൃത്തിന് സമ്മാനിക്കാൻ വേണ്ടി ശ്രീഹരി എന്ന വിദ്യാർത്ഥിയായിരുന്നു ഇക്കാര്യം ആവശ്യപ്പെട്ടത്. ആ വർക്ക് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തതോടെ അത്തരം വർക്കുകൾ മറ്റുള്ളവരും ആവശ്യപ്പെട്ടു തുടങ്ങി. അങ്ങനെയൊരു മൂന്ന് വർക്ക് ചെയ്ത് കഴിഞ്ഞതിന് ശേഷമാണ് ചിത്രത്തുന്നൽ തിരഞ്ഞെടുത്തത്. അതിനായി ആദ്യം യൂടൂബ് നോക്കി 100ൽ പരം തുന്നലുകൾ പഠിച്ചു. പിന്നീട് സുഹൃത്തുക്കളുടെ വർക്ക് കണ്ടും യൂട്യൂബ് നോക്കിയുമാണ് ചിത്രത്തുന്നൽ പരിശീലിച്ചതെന്നും സന്ധ്യ കൂട്ടിച്ചേർക്കുന്നു. ചിത്രത്തുന്നലിലൂടെ ആളുകളുടെ പിക്ച്ചർ പോർട്രെയ്റ്റ് തയ്യാറാക്കുകയാണ് ചെയ്തത്. അവർ നൽകുന്ന ഫോട്ടോ അതേപടി ചിത്രത്തുന്നലിൽ തയ്യാറാക്കി നൽകിയപ്പോൾ കൂടുതൽ പേർ ആവശ്യക്കാരായെത്തി. ഇപ്പോൾ മിക്സഡ് മീഡിയമാണ് കൂടുതലായി ഉപയോഗിക്കുന്നത്. മുഖം മാത്രം അക്രിലികിൽ പെയിന്റ് ചെയ്തിട്ട് വസ്ത്രമുൾപ്പെടെ ബാക്കിയെല്ലം നൂലിൽ തുന്നുകയാണ് ചെയ്യുന്നത്.

മഞ്ജുവാര്യർ, സണ്ണിലിയോൺ, ജയസൂര്യ തുടങ്ങി നിരവധി സെലബ്രിറ്റികളും സന്ധ്യയുടെ വിരൽതുമ്പിലൂടെ പുനർജനിച്ചിട്ടുണ്ട്. മഞ്ജുവാര്യരും ജയസൂര്യയും തങ്ങളുടെ ഫേസ്ബുക്കിൽ ഛായാചിത്രവുമുൾപ്പെടെയുള്ള ഫോട്ടോ പങ്കുവെച്ചിരുന്നു. സാൻഡിസ് ക്രാഫ്റ്റ് വേൾഡ് എന്നാണ് തന്റെ വർക്കുകൾക്ക് സന്ധ്യ നൽകിയിരിക്കുന്ന പേര്.

ക്രാഫ്റ്റ് വർക്ക് ചെയ്യുന്നവരുടെ വാട്ട്സ്ആപ്പ് കൂട്ടായ്മയിൽ നിന്നാണ് റെക്കോർഡ് എന്ന ലക്ഷ്യത്തെക്കുറിച്ച് സന്ധ്യ ചിന്തിക്കുന്നത്. ‘ഗിന്നസ് റെക്കോർഡ് നേടുകയെന്നാൽ മറ്റൊരു റെക്കോർഡ് ബ്രേക്ക് ചെയ്യേണ്ടി വരും. പക്ഷേ ഇവയിൽ അങ്ങനെയില്ല. പുതിയ ആശയങ്ങളെ പ്രോത്സാഹിപ്പിക്കുകയും അംഗീകരിക്കുകയും ചെയ്യുന്നുണ്ട്- സന്ധ്യ പറയുന്നു. ഇപ്പോൾ ചിത്രത്തുന്നലിനെ പ്രൊഫഷനായി സ്വീകരിച്ച സന്ധ്യ ചിത്രത്തുന്നലിൽ ക്ലാസ്സെടുക്കുന്നുണ്ട്. രണ്ടു ബാച്ചുകളായി നടക്കുന്ന ഓൺലൈൻ ക്ലാസ്സിൽ കേരളത്തിനകത്തും പുറത്തും വിദേശത്തുനിന്നുമുൾപ്പെടെയുള്ള വിദ്യാർത്ഥികളുണ്ട്. കൂടാത തുന്നൽ സാമഗ്രികളുടെ ഒരു ഓൺലൈൻ ഷോപ്പും നടത്തിവരുന്നു. ബിസിനസുകാരനായ ഭർത്താവ് സുമനും മകൾ രണ്ടര വയസ്സുകായരി സായക്കുമൊപ്പം കൊടുങ്ങല്ലൂർ അറക്കത്താഴം പതിയാട്ട് ആണ് താമസം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.