26 May 2024, Sunday

വൈരൂപ്യത്തില്‍ സൗന്ദര്യം ഒളിപ്പിച്ച കലാകാരന്‍

ജോയ് നായരമ്പലം
എഴുത്തും ജീവിതവും
December 4, 2022 4:00 am

‘തൗസന്റ് ക്രെയ്ൻസ്’ എന്ന നോവലിലെ കഥ എന്തൊരു വിചിത്രമായിരുന്നു. കഥാനായകന് ഒരു വിധവയുമായി ബന്ധമുണ്ടാകുന്നു. അവളോ അയാളുടെ അച്ഛന്റെ വെപ്പാട്ടിയും. അവൾ ജീവിതത്തിന്റെ മടുപ്പിലെ ഒരു ദിനം ആത്മഹത്യയിൽ അഭയം കണ്ടെത്തുന്നു. അതിൽ വിഷമം ലവലേശമില്ലാതിരുന്ന കഥാനായകന്റെ മനസ് അവളുടെ മകളിലേക്ക് മെല്ലെയടുക്കുന്നു. അവൾക്കതിൽ ഒട്ടുമേ താല്പര്യമില്ല. അവൾ എവിടേക്കോ ഓടിപ്പോകുന്നു. അയാൾ മറ്റൊരു വെപ്പാട്ടിയെ കണ്ടുപിടിക്കുന്നു. അവളാണെങ്കിലോ വല്ലാത്തൊരു വിരൂപിയും. കുറിമോട്ടോചികാകോ എന്ന ആ രണ്ടാമത്തെ വെപ്പാട്ടിയെ എഴുത്തുകാരൻ ജാപ്പനീസ് സ്ത്രീത്വത്തിന്റെ പ്രതീകമാക്കി വച്ചിരിക്കുന്നു. ചികാക്കോയ്ക്ക് ഒരു സ്തനത്തിൽ വിരൂപമായ ഒരടയാളമുണ്ട്. നായകനായ കികിജി ആത്മഹത്യ ചെയ്ത സ്ത്രീയുടെ ചിതാഭസ്മത്തിനു മുന്നിൽ കുനിഞ്ഞു വണങ്ങുമ്പോൾ ആ സ്ത്രീയുടെ മുഖം ഓർത്തെടുക്കാൻ കഴിയുന്നില്ല. പക്ഷേ, ആ സ്ത്രീയ സ്പർശിക്കുന്നതായി കികിജിക്ക് അനുഭവപ്പെടുന്നു. ഒരിക്കലും യാഥാർത്ഥ്യമായിട്ടില്ലാത്ത പ്രേമത്തിനു വേണ്ടിയാണ് കുറിമോട്ടോചികാകോ ആത്മഹത്യ ചെയ്തതെന്ന് നോവൽ വായനയ്ക്കിടയിൽ വ്യക്തതപ്പെടുന്നുണ്ട്. വായനക്കാരെ വല്ലാതെ സ്വസ്ഥതക്കേടിൽ വലിച്ചിഴയ്ക്കുകയും പാരമ്പര്യത്തെ ഓർമ്മപ്പെടുത്തുകയും ചെയ്യുന്നു. മനസിനെ മരവിപ്പിക്കും മട്ടിലുള്ള പ്രമേയ മുറുക്കവും വൈകാരിക സംന്ത്രാസവും തൗസന്റ് ക്രെയിൻസിനെ അതിശക്തമാക്കുന്നു.

നോവൽ കർത്താവ് ജപ്പാൻ എഴുത്തുകാരനായ യസുനാരി കവാബാത്ത വൈരൂപ്യത്തിൽ സൗന്ദര്യവും സൗന്ദര്യത്തിൽ ദൈവികതയുമൊക്കെ ഒളിച്ചുവച്ച ജീനിയസിന്റെ ഏത് കഥകളിലും വൈവിധ്യങ്ങളെ തൊട്ടറിയാം. വിശ്വസാഹിത്യ ചക്രവാളത്തിലെ അസാധാരണ നാമധേയങ്ങളിൽ ഒരിക്കലും താഴെയല്ല കവാബാത്തയുടെ സ്ഥാനം. മനുഷ്യമനസുകളിലെ വിചിത്രവും സൂക്ഷ്മവുമായ അനുഭവവിശേഷങ്ങൾ കോറിയിടുന്നത് എന്തൊരു അസാധാരണതയോടെയാണ്. സ്വജീവിതത്തിന്റെ നിഗൂഢതകളും ആഴവും പരസ്പരം അനുഭവവേദ്യമായ എഴുത്തുകാരന്റെ രചനകൾ മറിച്ചാവുമോ? 1899ൽ ജനിച്ച കവാബാത്ത ജീവിതം തീർക്കാൻ തീരുമാനിച്ചത് സ്വയംഹത്യയിലൂടെയായിരുന്നു. തന്റെ കൃതികളിലെ ചില കഥാപത്രങ്ങളൊക്കെ അന്ത്യവിധിക്ക് നീക്കിവച്ചിരുന്നത് ആത്മഹത്യകളായിരുന്നല്ലോ. ആത്മാവിന്റെ അകത്തളങ്ങളിൽ സൂക്ഷ്മപ്പെട്ടിരുന്ന സ്വയം മരണത്തിന്റെ തൊട്ടെടുപ്പുകൾ കഥാപാത്രങ്ങളിൽ ഒതുങ്ങിക്കിടന്നിരുന്നുവോ?

ഓഫ് ബേഡ്സ് ആന്റ് ബീസ്റ്റ്സ് കവാബാത്ത വല്ലാതെ ഇഷ്ടപ്പെട്ടിരുന്ന കൃതിയായിരുന്നു. മനുഷ്യബന്ധങ്ങളോടൊക്കെ അകലം പാലിച്ചുകൊണ്ട് പക്ഷികളുടെയും മൃഗങ്ങളുടെയും കൂടെ ജീവിക്കുന്ന ഒരാൾ. വൈകൃതങ്ങളിൽ ശ്രേഷ്ഠതയും സൗന്ദര്യവും കണ്ടെത്താൻ താൻ ശ്രമിക്കുകയാണെന്ന് കവാബാത്ത പറയുന്നു. ഈ നോവലും തീരുന്നത് കഥാനായകനും നായികയും ആത്മഹത്യ ചെയ്യുന്നതോടെയാണ്.
കവാബാത്തയുടെ ഏറ്റവും നല്ല നോവലായി നിരൂപകവൃന്ദം എടുത്തുകാട്ടുന്നത് ‘സ്നോ കൺട്രി‘യെയാണ്. ഗ്രാമ്യതയെ മുഴുവനായി ഒപ്പിയെടുത്ത ആകൃതിയിൽ വല്ലായ്മയുടെ ഒച്ചവയ്പുകളിൽ ദുഃഖം അടിയൊഴുക്കായി സ്പന്ദിക്കുകയാണ്. ടോക്യോയിലെ ഒരു സമ്പന്നനായ ചെറുക്കനും പാവപ്പെട്ട ഒരു വീട്ടിലെ ഗെയിഷാ പെൺകുട്ടിയും തമ്മിലുളള ദിവ്യമായ ഒരു പ്രണയപരവേശതയുടെ കഥ. പ്രേമസമാഗമങ്ങളും വിരഹനൊമ്പരങ്ങളും തീർത്തും റൊമാന്റിക് പരിവേഷമുണർത്തുന്നു, കഥാനായകൻ ആധുനിക ലോകത്തിന്റെ കപടതകളും കൊള്ളരുതായ്മകളും അറിയാവുന്നവനാണ്. ഒരു തുള്ളി സ്നേഹത്തിനുവേണ്ടി ദാഹിക്കുന്നവളാണ് നായികയും. ദുഃഖത്തിന്റെ അത്യുഷ്ണതയിലും തന്റെ കാമുകനെ ഗദ്ഗദത്തെയും കണ്ണീർവീഴ്ചയെയും മറച്ചുവച്ചുകൊണ്ട് യാത്രയാക്കുന്ന ആ നിമിഷാർധങ്ങളുണ്ടല്ലോ- കവാബാത്തയുടെ എഴുത്തിന്റെ മാന്ത്രികതയല്ലാതെ മറ്റെന്ത്? ആ നോവൽ അവസാനിക്കുന്നില്ല. അവരുടെ പ്രണയതീക്ഷ്ണതയുടെ നീരൊലിപ്പിൽ പ്രതിയോഗിയായി ഒരുവൻ എത്തുന്നുണ്ടല്ലോ. ജാപ്പനീസ് സാഹിത്യത്തിന്റെ റൊമാന്റിസിസം സൗന്ദര്യാത്മകമായി പറഞ്ഞുതീർക്കാൻ കവാബാത്ത പ്രഗത്ഭനാണ്.

അച്ഛൻ ഒരു ഡോക്ടറായിരുന്നു. ജീവിതത്തിനു സമാധാനവും സുഖവുമൊക്കെ നറുമണം പരത്തുന്ന കാലത്താണ്, തന്റെ മൂന്നാമത്തെ വയസിൽ അച്ഛന്റെ മരണം. അടുത്ത വർഷം അമ്മയും മരിച്ചു. അമ്മൂമ്മയുടെ സ്നേഹസംരക്ഷണങ്ങളും കരുതലുകളും മൂന്നാലുവർഷമേ കവാബാത്തയ്ക്ക് കിട്ടിയിരുന്നുള്ളു. ആ സ്നേഹധനയും മരിച്ചു. പിന്നെ അപ്പൂപ്പന്റെ നോട്ടത്തിലായി ആ ജീവിതം. അതും തഥൈവ. യസുനാരി കവാബാത്ത തികച്ചും അനാഥനായി. വിധി അണിയറയിൽ എന്താണാവോ ആ ചെറുക്കന് ഒരുക്കിവച്ചിരിക്കുന്നത്?
അമ്മയുടെ ബന്ധുക്കളുടെ സഹായവും കാരുണ്യവും കൊണ്ട് വിദ്യാഭ്യാസത്തിനു സാധ്യതയായി. ടോക്കിയോ യൂണിവേഴ്സിറ്റിയിൽ ചേർന്ന് ഇംഗ്ലീഷ് സാഹിത്യം പഠിച്ചുതുടങ്ങിയെങ്കിലും മെല്ലെ കവാബത്ത മാതൃഭാഷയിലേക്ക് മാറി. ചിത്രകാരനാകാനുള്ള അഭിവാഞ്ഛ സാഹിത്യത്തിനു വഴിമാറിക്കൊടുത്തു. അദ്ദേഹത്തിൽ എഴുത്തിന്റെ ഔന്നത്യങ്ങൾ കീഴടക്കാനുള്ള കഴിവ് കാടുകയറിക്കിടന്നിരുന്നു. ആ ജീവിതം എന്തൊക്കെയോ വ്യാഖ്യാനങ്ങൾക്കും അപഗ്രഥനങ്ങൾക്കും അപ്പുറമായിരുന്നു. 1968ൽ നൊബേൽ സമ്മാനം നേടുന്നതിനു മുമ്പേ സ്വന്തം നാട്ടിൽ ആദരിക്കപ്പെട്ടിരുന്നു ആ മനുഷ്യൻ, ആന്തരികതയിൽ പ്രക്ഷുബ്ദമായിരുന്നെങ്കിലും പുറമെ അയാള്‍ ശാന്തനായിരുന്നു.

തിരക്കിലലിയാൻ ആഗ്രഹമില്ലെങ്കിലും ഏകാന്തതയിൽ മാത്രം ഒതുങ്ങിക്കൂടിയിരുന്നുമില്ല അദ്ദേഹം. സ്വന്തമായി വീടില്ല. സ്നേഹിക്കാൻ ബന്ധുക്കളില്ല. അതുകൊണ്ടുതന്നെ വീതിച്ചുകിട്ടിയ ആ ഒറ്റയാൻ ജീവിതം എഴുതിയ കൃതികളിലെല്ലാം ഒഴുകിപ്പരന്നിരുന്നു.
കവാബാത്ത ഏറെക്കാലം സത്രങ്ങളിലാണ് താമസിച്ചുപോന്നിരുന്നത്. അതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ കഥാപാത്രങ്ങളിൽ പലരും വീടുപേക്ഷിച്ച് ജീവിതത്തിന്റെ നാൽക്കവലകളിലേക്കും ഇരുളുകളിലേക്കും ഇറങ്ങിപ്പോവുകയും ഇടറിയലയുന്നവരുമാണ്. ചിലർ വീടിനെക്കുറിച്ചുള്ള ഓർമ്മകളും പേറി കഴിഞ്ഞുകൂടുന്നവരാണ്. കവാബാത്തയുടെ ആദ്യകൃതി ഡയറി ഓഫ് എ സിക്സ്റ്റീൻ ഇയർ ഓൾഡ് എന്ന സ്മരണകളായിരുന്നു. ആദ്യകാല കഥകൾ മിനിക്കഥകളേക്കാൾ ചെറുതായിരുന്നു. കൈപ്പത്തിക്കഥകൾ (പാം സ്റ്റോറീസ്) എന്നറിയപ്പെട്ടിരുന്ന അത്തരം കഥകൾ ഹൈക്കുകവിതയിലെ ഇമേജുകളും മറ്റും നിറഞ്ഞ് അനുഭൂതിദായകമായിരുന്നു. ദ ഇസു ഡാൻസർ എന്ന നീണ്ട കഥയിലൂടെ ആ എഴുത്തുകാരൻ വായനക്കാരുടെ പ്രിയങ്കരനായിത്തീർന്നു. ഏതോ അപ്രാപ്യതയുടെ പ്രതീകമായി ‘കന്യക’ എന്ന കൃതി വാചാലമാകുന്നു. അത് വിദൂരതയിൽ തന്നെ അപ്രാപ്യമായി നിലകൊള്ളുന്നു എന്ന സങ്കല്പത്തിലാണ് കവാബാത്ത. എപ്പോഴാണാവോ ആ കന്യക പ്രാപ്യമായിത്തീരുന്നത് അപ്പോൾ ജീവിതത്തിന്റെ എല്ലാ നിഷ്ക്കളങ്കത്വവും സൗന്ദര്യവും നശിക്കും. ഒക്കെ ശൂന്യമായിത്തീരും.

‘ദ ഹൗസ് ഓഫ് ദി സ്ലീപിങ് ബ്യൂട്ടീസ്’, ‘സഹശയനം’ എന്ന പേരിൽ മലയാളത്തിൽ പരിഭാഷപ്പെടുത്തിയിട്ടുണ്ട്. ഒരു വൃദ്ധൻ ഉറങ്ങുന്ന സുന്ദരികളോടൊപ്പം കഴിച്ചുകൂട്ടുന്നു. ആ സുന്ദരിമാരെ ഉണരാത്തവിധം ഉറക്കിക്കിടത്തിയിരിക്കുകയാണ്. കൂടെ ആരാണോ ഉറങ്ങുന്നത് അയാൾ സുന്ദരികളെ ദേഹോപദ്രവം നടത്തരുത്. അനാവശ്യമായ ലൈംഗിക പേക്കൂത്തുകൾ നടത്തരുത്. നശിപ്പിക്കുകയുമരുത്. വൃദ്ധനും സുന്ദരികളുമായ പെൺകുട്ടിളും ചേർന്നുള്ള ബന്ധത്തിന്റെ വൈവിധ്യഭാവങ്ങൾ അതിഹൃദ്യവും ആലോചനാമൃതവുമാണ്. ഒപ്പം പുരുഷത്വം നഷ്ടപ്പെട്ടവരുടെ ഉൾവികാരങ്ങളെ തീവ്രതയോടെ കവാബാത്ത എഴുതിപിടിപ്പിച്ചിരിക്കുന്നു. ഈ കൃതിയിൽ ലൈംഗികത മരണത്തോളം എത്തുന്നു. രണ്ടാം ലോകമഹായുദ്ധവും ജപ്പാന്റെ പരാജയവും ആ മനുഷ്യനിൽ എന്തെന്നില്ലാത്ത ഒരു ഞെട്ടലുണ്ടാക്കി. “ജീവിച്ചിരിക്കണമെന്ന് എനിക്ക് തോന്നുന്നില്ല. എന്റെ ശരീരം ശരത്ക്കാല പത്രങ്ങൾക്കുള്ളിൽ അടക്കം ചെയ്താൽ മതി…” ഗദ്ഗദത്തോടെ അദ്ദേഹം പറഞ്ഞു തീർത്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.