6 May 2024, Monday

സാനുമാസ്റ്റര്‍ക്ക് 95; ഉച്ചസൂര്യന്‍

കരുവന്നൂർ രാമചന്ദ്രൻ
October 31, 2021 2:00 am

ജീവിതത്തിന്റെ സായംസന്ധ്യയിലെത്തിയിട്ടും മധ്യാഹ്ന സൂര്യനേപ്പോലെ കഴിയുന്ന അപൂർവം ആളുകളുണ്ട്. അവരിലൊരാളാണ് കൊച്ചിയിൽ കാരിക്കാമുറി റോഡിലെ ‘സന്ധ്യ’ എന്ന വീട്ടിൽ കഴിയുന്ന എം കെ സാനു. തൊണ്ണൂറ്റിയഞ്ചിലേക്ക് പ്രവേശിക്കുന്ന സാനു മാസ്റ്റർക്ക് തിരക്കൊഴിഞ്ഞ സമയമില്ല. സമ്മേളനങ്ങളിൽ പ്രസംഗിക്കാനായി അദ്ദേഹത്തെ ക്ഷണിക്കാൻ ഇപ്പോഴും ആളുകൾ തിക്കിതിരക്കിവരുന്നു. ആരുടേയും ക്ഷണം അദ്ദേഹം നിരാകരിക്കാറില്ല. എത്ര ദൂരെയാണെങ്കിലും പോകും. അതുകൊണ്ട് വീട്ടിലേക്കു ഫോൺ ചെയ്താൽ അധിക സമയവും ലഭിക്കുന്ന മറുപടി ഇതായിരിക്കും. “അദ്ദേഹം ഒരു പരിപാടിക്കു പോയിരിക്കുകയാണ്”

പ്രസംഗം ഇപ്പോഴും മാസ്റ്റർക്കൊരു ആവേശമാണ്, ലഹരിയാണ്. ഒരു പരിഭവം മാത്രമേ അദ്ദേഹത്തിനുള്ളൂ. എഴുതുവാനുള്ള സമയമാണ് ഇങ്ങനെ കൊഴിഞ്ഞുപോകുന്നത്. മഹാഭാരതത്തിലെ കുന്തിയെ കേന്ദ്രകഥാപാത്രമാക്കി ‘കുന്തീദേവി’ എന്ന നോവല്‍ പൂര്‍ത്തീകരിച്ചുകൊണ്ട് നോവല്‍ സാഹിത്യത്തിലും സാനുമാസ്റ്റര്‍ കയ്യൊപ്പ് ചാര്‍ത്തി. കോളജ് അധ്യാപകൻ, പ്രാസംഗികൻ, സാഹിത്യ നിരൂപകൻ, ജീവചരിത്രകാരൻ, വിവർത്തകൻ, സാമൂഹ്യ പരിഷ്കർത്താവ് എന്നിങ്ങനെ വർണഭംഗിയുള്ള നിരവധി ദളങ്ങൾ ചേർന്ന ഒരു പുഷ്പമാണ് സാനു മാസ്റ്ററുടെ ജീവിതം. നാല്പതോളം ഗ്രന്ഥങ്ങൾ ആ പൊൻ തൂലികയിൽ നിന്നും കൈരളിക്കു ലഭിച്ചു. നിരൂപകന്റെ സിംഹാസനം ഒരിക്കലും മനസിൽ താലോലിച്ചു നടന്നില്ല.

 

 

ഒരിക്കൽ തിരുവനന്തപുരത്ത് ഒരു സാഹിത്യ സമ്മേളനത്തിൽ സാനുമാഷ് പ്രസംഗിക്കാനെത്തി. വൈക്കം ചന്ദ്രശേഖരൻ നായർ, കാമ്പിശ്ശേരി കരുണാകരന്‍, തോപ്പിൽഭാസി, കെ ബാലകൃഷ്ണൻ തുടങ്ങിയവർ വേദിയിലുണ്ടായിരുന്നു. വാൾട്ട് വിറ്റ്മാനെക്കുറിച്ചാണ് അന്ന് പ്രസംഗിച്ചത്. പ്രസംഗം കഴിഞ്ഞപ്പോൾ വേദിയിലുണ്ടായിരുന്ന കൗമുദി പത്രാധിപർ കെ ബാലകൃഷ്ണൻ ചോദിച്ചു; “ഇത് ലേഖനമാക്കി എഴുതിത്തരാമോ?” മാഷ് സമ്മതം മൂളി. മൂന്നു ലക്കങ്ങളായിട്ടാണ് ലേഖനം കൗമുദി വാരികയിൽ വന്നത്. വായനക്കാരുടെ പ്രശംസ നിറഞ്ഞ ധാരാളം കത്തുകൾ ലഭിച്ചു. അക്കൂട്ടത്തിൽ കുറ്റിപ്പുഴ കൃഷ്ണപിള്ളയുടെ കത്തുമുണ്ടായിരുന്നു. തുടർന്ന് മുണ്ടശ്ശേരി പത്രാധിപരായുള്ള ‘മംഗളോദയ’ത്തിൽ വിശ്വസാഹിത്യകാരന്മാരായ സോഫോക്ലിസ്, അയനസ്കോ, സാർത്ര്, ഇബ്സൻ എന്നിവരെക്കുറിച്ചെഴുതി. ഒരിക്കൽ മുണ്ടശ്ശേരി ‘നാടകാന്തം കവിത്വം’ എന്ന തന്റെ പുസ്തകം കൈയിൽ കൊടുത്തുകൊണ്ട് പറഞ്ഞു; “എങ്ങനെ വേണമെങ്കിലും എഴുതിക്കോ.” ജീവചരിത്ര ശാഖയ്ക്കാണ് സാനുമാസ്റ്റർ കൂടുതൽ സംഭാവന നല്കിയിട്ടുള്ളത്. ശ്രീനാരായണ ഗുരു, ബഷീർ, സഹോദരനയ്യപ്പന്റെ വൈലോപ്പിള്ളി എന്നിവരെക്കുറിച്ചെഴുതിയ ജീവചരിത്രങ്ങളാണ് അദ്ദേഹത്തിന്റെ മാസ്റ്റർപീസുകൾ.

നോവലും കഥയും പോലെ അനായാസം എഴുതാവുന്ന ഒന്നല്ല ജീവചരിത്രം. ഡോ. ബ്രേലി ഒരിക്കൽ പറഞ്ഞു; “ഒരു നല്ല ജീവിതം നയിക്കുന്നതിനേക്കാൾ ക്ലേശകരമാണ് ഒരു നല്ല ജീവചരിത്രം എഴുതുന്നത്.” അതുകൊണ്ടുതന്നെ നന്തനാരുടെ ജീവചരിത്ര ഭൂമി ഊഷരമായി കിടക്കുന്നു. ആദ്യമായി എഴുതിയ ജീവചരിത്രം ആൽബർട്ട് ഷ്വൈറ്റ്സറുടേതാണ്. തുർന്നു രചിച്ച ശ്രീനാരായണ ഗുരുവിന്റെ ജീവചരിത്രം സാനുവിന് ആ രംഗത്തെ നക്ഷത്രപദവി നേടിക്കൊടുത്തു. പ്രാർത്ഥനാ നിർഭരമായ ഒരു മനസോടെ വളരെക്കാലം തപസിരുന്നതിനു ശേഷമാണ് എഴുതാനാരംഭിച്ചത്. വിവരങ്ങൾ ശേഖരിക്കുന്നതിനു മാത്രമായി ആറേഴു വർഷങ്ങളെടുത്തു. ഗുരുവുമായി ബന്ധമുണ്ടായിരുന്ന ഒരുപാട് വ്യക്തികളെ കണ്ടു സംസാരിച്ചു. ജനനം, വിദ്യാഭ്യാസം, ഉദ്യോഗം, വിവാഹം, മരണം എന്നിങ്ങനെയുള്ള മാമൂലനുസരിച്ചാണല്ലോ പലരും ജീവചരിത്രങ്ങൾ തട്ടിക്കൂട്ടുന്നത്. ആ പഴഞ്ചൻ സമ്പ്രദായം പൊളിച്ചെഴുതി ഭാവഗാനം പോലെ മനോഹരമായ ഒരു ശില്പമായിട്ടാണ് സാനു ഗുരുവിനെ അവതരിപ്പിച്ചത്. ഒന്നാം അധ്യായം ആരംഭിക്കുന്നതുതന്നെ ഇങ്ങനെയാണ്; “ചിങ്ങമാസത്തിലെ ഓണനിലാവ് ഈശ്വരാനുഗ്രഹം പോലെ ലോകത്തെ തഴുകുകയാണ്. പരന്നുകിടക്കുന്ന വയലുകളും അവിടവിടെയായി നിലകൊള്ളുന്ന കാടുകളും വിസ്മയകരമായ ഒരു സ്വപ്നത്തിൽ മുഴുകിയിരിക്കുന്നു.

 

 

മധുരമായ ഒരു ഊഞ്ഞാൽപ്പാട്ട് രാത്രിയുടെ ഹൃദയത്തെ രോമാഞ്ചം കൊള്ളിച്ചുകൊണ്ട് ഒഴുകുന്നു.” ‘ചങ്ങമ്പുഴ കൃഷ്ണപിള്ള: നക്ഷത്രങ്ങളുടെ സ്നേഹഭാജനം’ മറ്റൊരു മികച്ച കൃതിയാണ്. ഈ ഗ്രന്ഥം വയലാർ അവാർഡ് നേടി. മറ്റൊരു പ്രശസ്ത ജീവചരിത്രം മലയാളത്തിന്റെ ജീനിയസായ വൈക്കം മുഹമ്മദ് ബഷീറിനെക്കുറിച്ചുള്ളതാണ്. ‘ബഷീർ: ഏകാന്ത വീഥിയിലെ അവധൂതൻ’ എന്ന രചനയെക്കുറിച്ച് സാനു പറയുന്നു: “ബഷീറിന്റേത് സങ്കീർണമായ ഒരു വ്യക്തിത്വമാണ്. ഉപരിതലത്തിൽ കാണുന്ന കുസൃതികൾക്കും തമാശകൾക്കും പിന്നിൽ ധാരാളം നന്മയും ആത്മീയതയും ശക്തിയും കാരുണ്യവും അദ്ദേഹത്തിൽ സജീവമായിരുന്നു. ഒരു കല്പിത കഥാപാത്രത്തെപ്പോലെ ജീവിച്ച ബീഷീറിന്റെ വ്യക്തിത്വവും അദ്ദേഹത്തിന് സാഹിത്യത്തിലുള്ള സ്ഥാനവും ഒരളവോളമെങ്കിലും മനസിലാക്കാൻ ഈ ഗ്രന്ഥം ഉപകരിക്കുമെങ്കിൽ ഞാൻ കൃതാർത്ഥനായി.” ഈ രചനയ്ക്ക് കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് ലഭിച്ചു. കുമാരനാശാൻ, സി ജെ തോമസ്, യുക്തിവാദി എം സി ജോസഫ്, ഡോ. പല്പു, അയ്യപ്പപണിക്കർ, പി കെ ബാലകൃഷ്ണൻ, കേസരി, വൈലോപ്പിള്ളി തുടങ്ങിയവയാണ് സാനുവിൽ നിന്നും നമുക്കു ലഭിച്ച ജീവചരിത്രങ്ങൾ.

സൗമ്യവും ദീപ്തവുമായ ഒരു സ്വഭാവത്തിനുടയാണ് സാനു മാസ്റ്റർ. അഹങ്കാരത്തിന്റെ നിഴൽ വീശാത്തതാണ് ആ വ്യക്തിത്വം. നിഷ്കളങ്കമായ ഒരു സൗഹൃദത്തോടെ അദ്ദേഹം എല്ലാവരോടും പെരുമാറുന്നു. നല്ലൊരു പ്രാസംഗികനാണ് സാനു മാസ്റ്റർ. ശാന്തമായി ഒഴുകുന്ന ഒരു കുളിരരുവിയാണ് ആ പ്രസംഗം. ചെറിയൊരു കാലയളവിൽ സ്കൂളിൽ പഠിപ്പിച്ചതുകൊണ്ടാണ് സാനുമാസ്റ്റർ എന്ന പേരുണ്ടായത്. ദീർഘകാലം എറണാകുളം മഹാരാജാസ് കോളജിൽ പഠിപ്പിച്ചു. കഷ്ടപ്പാടുകളുടെ കയങ്ങൾ നീന്തിക്കയറിയതാണ് ആ ജീവിതം. അദ്ദേഹത്തിന് പത്തു വയസ് പ്രായമുള്ളപ്പോൾ അച്ഛൻ മരിച്ചു. മരുമക്കത്തായമായതിനാൽ അച്ഛന്റെ സ്വത്തിന് അവകാശമുണ്ടായില്ല. അമ്മയും മകനും തനിച്ച് ഒരു വീട്ടിൽ താമസമായി. വരുമാനം നിയന്ത്രിച്ച് ജീവിക്കാനുള്ള അമ്മയുടെ സാമർത്ഥ്യംകൊണ്ട് പട്ടിണികൂടാതെ ജീവിച്ചു. ‘കർമ്മഗതി’ സാനുവിന്റെ ആത്മകഥയാണ്. ജീവചരിത്രത്തിന്റെ ഈ മഹാശില്പിയുടെയും രണ്ടു ജീവചരിത്രങ്ങൾ പുറത്തുവന്നിട്ടുണ്ട്. ‘സന്ധ്യ’ എന്നാണ് വീടിന്റെ പേര്. ‘സന്ധ്യ’യിലെ ഈ മധ്യാഹ്ന സൂര്യൻ ഇനിയും വളരെനാൾ നമുക്കു ചൂടും വെളിച്ചവും പകരുമെന്ന് ആശിക്കാം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.