27 April 2024, Saturday

റോമിലെ കൊളോസിയം

Janayugom Webdesk
August 20, 2023 3:59 am

വത്തിക്കാൻ സിറ്റിയിലെ സെന്റ് പീറ്റേഴ്സ് സ്ക്വയറിന്റെ എതിർദിശയിൽ, ടൈബർ നദിയിലെ ഒരു പാലം മുറിച്ചുകടന്ന്, ആറുകിലോമീറ്ററോളം സഞ്ചരിച്ചാൽ അതിവിദൂര ഭൂതകാല സ്മൃതികളുണർത്തുന്ന കൊളോസിയത്തിനു മുന്നിലെത്താം. ഇറ്റലിയുടെ തലസ്ഥാന നഗരിയിലെ ഏറ്റവും ശ്രദ്ധേയമായ സ്മാരകം. നമ്മെ രണ്ടായിരം വർഷങ്ങൾ പിന്നിലേക്ക് കൂട്ടിക്കൊണ്ടുപോകുന്ന ഒരു അത്ഭുതനിർമ്മിതിയാണ് റോമൻ കൊളോസിയം. സെന്റ് പീറ്റേഴ്സ് സ്ക്വയറിൽനിന്ന് നടക്കുകയാണെങ്കിൽ ചുരുങ്ങിയത് ഒരു മണിക്കൂറെങ്കിലും വേണം കൊളോസിയത്തിനടുത്തെത്താൻ. സമയമുണ്ടെങ്കിൽ റോമാ നഗരമദ്ധ്യത്തിലൂടെ ത്രസിപ്പിക്കുന്ന കാഴ്ചകൾ മതിവരുവോളം കണ്ടുനടക്കാം. റോമിലൂടെ യാത്ര ചെയ്യുമ്പോൾ നാം അതിപുരാതന ചരിത്രത്തിലൂടെയാണ് സഞ്ചരിക്കുന്നത് എന്നുതോന്നും.

സ്വന്തം നാട്ടിലെത്തിയ സന്തോഷത്തിലാണ് ഞങ്ങളുടെ ഡ്രൈവർ ആൽഫ്രെഡോ. ഗൗരവം വെടിഞ്ഞ മട്ടാണ്. മുഖത്ത് സദാ പുഞ്ചിരി ഒളിവിതറുന്നുണ്ട്. പാരീസ് മുതൽ ഞങ്ങൾക്കൊപ്പമുണ്ട്, ആൽഫ്രഡോ. പതിയെ, വളരെ ശ്രദ്ധയോടെയാണ് ചങ്ങാതി വണ്ടിയോടിക്കുന്നത്. ഇതര യൂറോപ്യൻ നഗരങ്ങളിൽനിന്ന് വ്യത്യസ്തമായി വെനീസും റോമയും ഫ്ലോറൻസുമെല്ലാം ജനനിബിഡമാണ്. വെയിൽനാളങ്ങൾ ഊഷ്മളത പകരുന്ന ഇറ്റലിയിലെ വേനൽക്കാലം ആഘോഷമാക്കുകയാണ് സഞ്ചാരികൾ.

നഗര ചത്വരങ്ങളിൽ പലയിടങ്ങളിലും സൗകുമാര്യമുള്ള ശിൽപ്പങ്ങളും സ്തംഭങ്ങളും കാണാനാവുന്നുണ്ട്. ഈ യാത്രയിൽ, ഇവിടെവെച്ച്, വില്യം ഷേക്സ്പിയറെയും ജൂലിയസ് സീസറെയും നാം ഓർമ്മിക്കാതിരിക്കില്ല. ബി സി 44ൽ, ജൂലിയസ് സീസർ ക്രൂരമായി കൊലചെയ്യപ്പെട്ടതെന്നു കരുതപ്പെടുന്ന ലാർഗോ അർജന്റീന സ്ക്വയറിലെ ഏരിയ സാക്ര ഉൾപ്പെടെയുള്ള ആർക്കിയോളജിക്കൽ സ്മൃതിമണ്ഡപങ്ങൾ ഈ പാതയിലാണ്. ഈയടുത്തകാലത്താണ് 2023 ജൂണിൽ, ഈ സ്ഥലം സഞ്ചാരികൾക്കായി തുറന്നുനൽകിയത്.
“Et tu, Brute? “-ബ്രൂട്ടസേ, നീയും? ‑എന്നുച്ചരിച്ചുകൊണ്ട് സീസർ പിടഞ്ഞുവീണത് ഇവിടെയുണ്ടായിരുന്ന സെനറ്റ് ഹാളിലാണ്. ചക്രവർത്തി അമിതാധികാര പ്രവണതകൾ കാണിച്ചുതുടങ്ങിയെന്നു സംശയിച്ച ചില സെനറ്റംഗങ്ങൾ കത്തിയെടുത്ത് ആഞ്ഞുകുത്തിയപ്പോൾ, അധികാരശ്രേണിയിൽ രണ്ടാമാനായി താൻ കൊണ്ടുനടന്ന ബ്രൂട്ടസ് അവരിലൊരാളായി ഉണ്ടാവുമെന്ന് സീസർ സ്വപ്നേപി വിചാരിച്ചിരുന്നില്ലല്ലോ.

1920കളിലാണ്, ചില നിർമ്മാണ പ്രക്രിയകൾക്കിടയിൽ പുരാതന റോമൻ സെനറ്റ് താൽക്കാലിക യോഗം ചേരാറുണ്ടായിരുന്നതെന്നു കരുതപ്പെടുന്ന, ദീർഘചതുരാകൃതിയിലുള്ള പോംപീസ് ക്യൂറിയ എന്ന കെട്ടിടത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെടുത്തത്. അന്നേരം, പൂച്ചകളുടെ ആവാസ കേന്ദ്രമായിരുന്നു അവിടം. പൂച്ചകളെ കുടിയൊഴിപ്പിക്കാതെത്തന്നെയാണ്, രണ്ടായിരത്തിലേറെ വർഷത്തെ ചരിത്രം അവകാശപ്പെടാവുന്ന ഈ പ്രദേശം വികസിപ്പിച്ചിരിക്കുന്നത്. മൃഗങ്ങളോട് യൂറോപ്പ് വാസികൾ കാണിക്കുന്ന സ്നേഹവും പരിഗണനയും അനുകരണീയ മാതൃകയാണ്. ഇറ്റാലിയൻ ഫാഷൻ ഹൗസായ ബുൾഗറിയാണ് ഈ സ്ഥലം ഉൽഖനനം ചെയ്യാനും മോടികൂട്ടാനും ആവശ്യമായ ഫണ്ട് ലഭ്യമാക്കിയത് എന്നതും ശ്രദ്ധേയമാണ്. ടൈബർ നദിയുടെ കിഴക്കെകരയിലുള്ള കൊളോസിയത്തിനു മുന്നിലെ പാർക്കിംഗ് ഏരിയയിൽ ആൽഫ്രഡോ വണ്ടിനിർത്തി. കണ്ണുകൾക്ക് ഉൾക്കൊള്ളാനാവുന്നില്ല, കൊളോസിയത്തിന്റെ ആകാരം. അൽപ്പം അകലെനിന്നുള്ള ചിത്രങ്ങൾ പകർത്താൻ ക്യാമറ കയ്യിലെടുത്തു.

എ ഡി 54–68 ആണ്ടുകളിൽ റോമാ ചക്രവർത്തിപദത്തിൽ വാണരുളിയിരുന്ന നീറോയുടെ സ്വകാര്യ തടാകം വറ്റിച്ചാണ് കൊളോസിയം പണിയുന്നത്. ധാരാളിത്തത്തിന്റെയും വിഷയാസക്തിയുടെയും ക്രിസ്ത്യൻ വേട്ടയുടെയും പേരിൽ കുപ്രസിദ്ധനായ റോമൻ സാമ്രാജ്യാധിപതിയാണ് നീറോ. അറുപത്തിനാലാമാണ്ടിലാണ് റോമായെ കത്തിച്ചാമ്പലാക്കിയ വൻ അഗ്നിബാധയുണ്ടാവുന്നത്. തീപിടുത്തമുണ്ടാവാൻ കാരണം നീറോയാണെന്നും ‘റോം കത്തിയെരിയുമ്പോൾ നീറോ ചക്രവർത്തി വീണ വായിക്കു’കയായിരുന്നെന്നും പുരാതന ചരിത്രകാരന്മാർ കുറ്റപ്പെടുത്തി. റോമിൽ പുതിയൊരു കൊട്ടാരം പണിയാനും വഴക്കാളികളായി രംഗപ്രവേശം ചെയ്ത, പുതിയ മതക്കാരായ ക്രിസ്ത്യാനികളെ തുടച്ചുനീക്കാനുമായി രാജാവുതന്നെ ആസൂത്രണം ചെയ്തതാണ് ആ തീയെന്നായിരുന്നു അവരുടെ ആരോപണം. എന്നാൽ ആധുനിക കാലത്തെ ചരിത്ര ഗവേഷകർ ഇതു തള്ളിക്കളയുന്നു. ഒന്നാം നൂറ്റാണ്ടിലെ റോമിൽ ഇടുങ്ങിയ തെരുവുകളും വേണ്ടവിധം ആലോചിക്കാതെ നിർമ്മിച്ച ചേരികളും ഉണ്ടായിരുന്നുവെന്നും അതിനാൽ തീപ്പിടുത്തസാധ്യത കൂടുതലായിരുന്നുവെന്നും അവർ നിഗമനത്തിലെത്തുന്നു. ക്രിസ്തുവിനുശേഷം 69നും 96നും ഇടയിൽ റോമാസാമ്രാജ്യം ഭരിച്ചിരുന്ന ഫ്ലാവിയൻ രാജവംശത്തിന്റെ കാലത്താണ് കൊളോസിയതിൻറെ നിർമ്മാണം.

അറുപതിനായിരം ജൂതന്മാരായ അടിമകളാണ് ഒമ്പതു വർഷമെടുത്ത് കൊളോസിയം നിര്‍മ്മിക്കുന്നത്. ഗ്രാനൈറ്റിനു സമാനമായ, ഒരു ലക്ഷം ക്യുബിക് മീറ്റർ ട്രാവൻറൈൻ കല്ലുകൾ, കുമ്മായക്കൂട്ടില്ലാതെ ചേർത്തുവെച്ചാണ് പുറംചുമരുകൾ കെട്ടിപ്പൊക്കിയിട്ടുള്ളത്. എ ഡി 72ൽ വെസ്പാസിയൻ ചക്രവർത്തിയുടെ ഭരണാധികാര സമയത്ത് ആരംഭിച്ച ജോലികൾ, മകനായ ടൈറ്റസ് അധികാരമേറിയതിൽപ്പിന്നെ എ ഡി 80ലാണ് പൂർത്തീകരിച്ചത്. ഉദ്ഘാടനത്തിന്റെ ഭാഗമായി നൂറുദിവസം നീണ്ടുനിന്ന കായികവിനോദങ്ങൾ നടന്നു. അതിനിടയിൽ രണ്ടായിരത്തിലേറെ മല്ലയുദ്ധക്കാർ കൊല്ലപ്പെട്ടുവെന്നാണ് കണക്ക്! ഫ്ലാവിയൻ ആംഫിതീയറ്റർ എന്നാണ് കൊളോസിയം അറിയപ്പെടുന്നത്; ലോകത്ത് ഇന്നേവരെ നിർമ്മിക്കപ്പെട്ടതിൽ ഏറ്റവും വലുത്. 188 മീറ്റർ നീളവും 156 മീറ്റർ വീതിയും 57 മീറ്റർ ഉയരവുമുള്ള നടനശാലയും രംഗഭൂമിയും പോരാങ്കണവുമായിരുന്ന റോമൻ കൊളോസിയം, ഭൂഗർഭ അറകൾ ഉൾപ്പെടെയുള്ള നാലുനിലകളിളായി ഉയർന്നുനിൽക്കുന്നു. പ്രദർശനങ്ങളുടെ ആ അരങ്ങിലേക്ക് അരലക്ഷത്തോളം പേർക്ക് പ്രവേശമുണ്ടായിരുന്നു, അതും സൗജന്യമായി. ഭക്ഷണവും വിളമ്പിയിരുന്നു. ആളുകൾക്ക് വേഗത്തിൽ അകത്തുകയറാനായി 84 പ്രവേശനകവാടങ്ങൾ ഒരുക്കിയിരുന്നു. വിനോദത്തിന്റെയും നേരമ്പോക്കിന്റെയും കലാപ്രകടനങ്ങളുടെയും വേദി. ‘റോമാക്കാർക്ക് അപ്പവും ആഘോഷവും’ എന്നതായിരുന്നു, അന്ന് സാമ്രാജ്യം ഭരിച്ചിരുന്നവരുടെ പ്രമാണം. മൃഗയാവിനോദങ്ങളും ദ്വന്ദ്വയുദ്ധങ്ങളും തടവുകാരുടെ വധശിക്ഷാ നിർവഹണവുമെല്ലാം അവിടെവച്ചായിരുന്നു. വർഷങ്ങളോളം റോമാക്കാരുടെ ആഘോഷവേളകൾ ഇവിടെയായിരുന്നു. അഞ്ചു നൂറ്റാണ്ടിനിടയിൽ ഇവിടെവെച്ച് നാലുലക്ഷം മനുഷ്യർക്ക് ജീവൻ നഷ്ടമായി. പത്തുലക്ഷത്തിലേറെ മൃഗങ്ങൾ കൊലചെയ്യപ്പെട്ടു. എഡി 435ലാണ് ദ്വന്ദ്വയുദ്ധങ്ങൾ അവസാനിപ്പിച്ചത്. എഡി 535ൽ മൃഗലീലകൾക്കും വിരാമമായി.

ആറാം നൂറ്റാണ്ടുവരെ ഏതാണ്ട് അഞ്ഞൂറു വർഷത്തോളം കൊളോസിയം ആവേശകരമായ കായികവിനോദങ്ങളുടെ വേദികയായിരുന്നു. പിന്നീട് തകർച്ചയുടെ കാലമായി. കൊള്ളയും കവർച്ചയും ഭൂകമ്പവും ലോകയുദ്ധങ്ങളും ആ തകർച്ചയ്ക്ക് ആക്കംകൂട്ടി. എ ഡി 847ലും എ ഡി 1231ലും 1349ലുമുണ്ടായ ഭൂകമ്പങ്ങളാണ് വലിയ നാശനഷ്ടങ്ങളുണ്ടാക്കിയത്. എങ്കിലും അതിജീവനത്തിന്റെ പാതയിലൂടെ കടന്നുപോയി. കാലങ്ങളോളം പാണ്ടികശാലയായും ക്രിസ്ത്യൻ പള്ളിയായും സെമിത്തേരിയായും കുലീനവർഗത്തിനായുള്ള ഹർമ്മ്യമായും കോട്ടയായുമെല്ലാം കൊളോസിയം വർത്തിച്ചു. 1980 മുതൽ യുനെസ്കോയുടെ ലോക പൈതൃകപ്പട്ടികയിൽ ഇടം നേടിയ കൊളോസിയം, 2007ൽ, ആധുനിക ലോകത്തെ സപ്താത്ഭുതങ്ങളിൽ ഒന്നായി പ്രഖ്യാപിക്കപ്പെട്ടു. ഓരോവർഷവും ആറു മില്യൺ ആളുകൾ കൊളോസിയം കാണാനെത്തുന്നുണ്ട്, രണ്ടായിരം വർഷം മുമ്പുള്ള റോമാ സാമ്രാജ്യത്തിൻറെ ചരിത്രവും ജീവിതരീതികളുമറിഞ്ഞ് അത്ഭുതംകൂറാൻ. റോമിലെത്തുന്ന സഞ്ചാരികളെ ഇത്രയേറെ ആകർഷിക്കുന്ന മറ്റൊരു ചരിത്രാവശേഷിപ്പുണ്ടോയെന്നു സംശയമാണ്. എ ഡി 64ലെ വൻ അഗ്നിബാധയ്ക്ക് ശേഷം, നീറോ ചക്രവർത്തിയുടെ ഉത്തരവിനാൽ പണിയിച്ച സുവർണ കൊട്ടാരത്തിന് മുന്നിൽ അനിതരസാധാരണമായ വലിപ്പത്തിലുള്ള നീറോയുടെ പ്രതിമയും ഉണ്ടാക്കിവെച്ചിരുന്നു. ‘Colos­sus of Nero’യിൽനിന്നാണ് കൊളോസിയം എന്ന പേർ ഉണ്ടായത്. ദുഃഖവെള്ളിയാഴ്ചകളിൽ, പോപ്പിന്റെ നേതൃത്വത്തിൽ കുരിശിന്റെവഴി പ്രദക്ഷിണം നടക്കുന്നത് കൊളോസിയത്തിലാണ്. ആദ്യകാലങ്ങളിൽ ഇവിടെവെച്ച് കൊല്ലപ്പെട്ട ക്രിസ്ത്യാനികളുടെ ഓർമ്മ പുതുക്കുന്നതും അന്നാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.