30 April 2024, Tuesday

Related news

April 2, 2024
March 26, 2024
March 25, 2024
March 22, 2024
March 17, 2024
March 1, 2024
December 12, 2023
April 8, 2023
March 2, 2023
February 27, 2023

വിഭജനരാഷ്ട്രീയത്തെ വലിച്ചെറിഞ്ഞ് ജെഎന്‍യു ; വിജയം കര്‍ഷകര്‍ക്കും രോഹിത് വെമുലയ്ക്കും സമര്‍പ്പിച്ച് ഇടതുസഖ്യം 

Janayugom Webdesk
ന്യൂഡല്‍ഹി
March 25, 2024 9:53 pm
കേന്ദ്രസര്‍ക്കാരിന്റെ പിന്തുണയോടെ സംഘപരിവാര്‍ നടപ്പിലാക്കാന്‍ ശ്രമിച്ച വിഭജന രാഷ്ട്രീയത്തെ വലിച്ചെറിഞ്ഞ് ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാല (ജെഎൻയു).  ജെഎൻയു വിദ്യാര്‍ത്ഥി യൂണിയൻ (ജെഎൻയുഎസ്‌യു) തെരഞ്ഞെടുപ്പില്‍ എബിവിപിയെ നാല് സീറ്റിലും പുറത്താക്കിയാണ് ഐക്യ ഇടതുസഖ്യം സമ്പൂര്‍ണ വിജയം നേടിയത്. ഇടതുസഖ്യം മൂന്ന് സീറ്റും ഇടതുപിന്തുണയോടെ ബിര്‍സ അംബേദ്കര്‍ ഫൂലെ സ്റ്റുഡൻസ് അസോസിയേഷൻ (ബാപ്സ) ഒരു സീറ്റും നേടി. ലോക്സഭാ തെരഞ്ഞെടുപ്പിന് മുമ്പ് ബിജെപിക്ക് ലഭിച്ച തിരിച്ചടി കൂടിയായി ദേശീയ രാഷ്ട്രീയം ചര്‍ച്ച ചെയ്ത ജെഎന്‍യു തെരഞ്ഞെടുപ്പിലെ ഇടതുവിജയം.
സമരം ചെയ്യുന്ന കര്‍ഷകര്‍ക്കും വംശീയ വവേചനത്തിന്റെ ഇരയായ രോഹിത് വെമുലയ്ക്കുമായി വിജയം സമര്‍പ്പിക്കുന്നുവെന്ന് യൂണിയൻ പ്രസിഡന്റ് ധനഞ്ജയ് പറഞ്ഞു. തങ്ങളെ തടയാനുള്ള എബിവിപിയുടെയും ബിജെപിയുടെയും ശ്രമങ്ങള്‍ക്കുള്ള ഉത്തരമാണ് ഇതെന്നും ഓള്‍ ഇന്ത്യ സ്റ്റുഡൻസ് അസോസിയേഷന്‍ (ഐസ) പ്രതിനിധിയായ ധനഞ്ജയ് പറഞ്ഞു.
എബിവിപി പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ഉമേഷ് സി അജ്മീറയ്ക്കെതിരെ 2,598 വോട്ടുകള്‍ നേടിയാണ് ധനഞ്ജയ് വിജയിച്ചത്. 27 വര്‍ഷത്തിന് ശേഷമാണ് ഒരു ദളിത് പ്രസിഡന്റ് സ്ഥാനമേല്‍ക്കുന്നത്. വൈസ് പ്രസിഡന്റായി എസ്എഫ്ഐ അംഗം അവിജിത് ഘോഷ് തെരഞ്ഞെടുക്കപ്പെട്ടു. എബിവിപിയുടെ ദീപിക ശര്‍മ്മയെയാണ് അവിജിത് പരാജയപ്പെടുത്തിയത്.
ബാപ്സയുടെ പ്രിയാൻഷി ആര്യയാണ് ജനറല്‍ സെക്രട്ടറി. എബിവിപിയുടെ അര്‍ജുൻ ആനന്ദിനെയാണ് പ്രിയാൻഷി പരാജയപ്പെടുത്തിയത്.
ഇടതു സ്ഥാനാര്‍ത്ഥിയായിരുന്ന ഡിഎസ്എഫിന്റെ സ്വാതി സിങ്ങിനെ തെരഞ്ഞെടുപ്പ് നടക്കുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പ് അയോഗ്യയായി പ്രഖ്യാപിച്ചതിനെതുടര്‍ന്നാണ് ആര്യയെ പിന്തുണയ്ക്കാന്‍ സഖ്യം തീരുമാനിച്ചത്. തെര‌ഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്നും തന്നെ ഒഴിവാക്കാനുള്ള ഗൂഢശ്രമമാണ് നടക്കുന്നതെന്ന് ആരോപിച്ച് സ്വാതി സിങ് നിരാഹാര സമരം നടത്തിയിരുന്നു.
ജോയിന്റ് സെക്രട്ടറിയായി എഐഎസ്എഫിലെ മുഹമ്മദ് സാജിദ് തെരഞ്ഞെടുക്കപ്പെട്ടു. എബിവിപിയുടെ ഗോവിന്ദ് ദാംഗിയെ 508 വോട്ടുകള്‍ക്കാണ് സാജിദ് പരാജയപ്പെടുത്തിയത്. സാജിദ് 2574 വോട്ടുകള്‍ നേടി. 2066 വോട്ടുകളാണ് ഗോവിന്ദ് ദാംഗിക്ക് ലഭിച്ചത്. ഉത്തര്‍പ്രദേശിലെ മൗ സ്വദേശിയായ സാജിദ് പേര്‍ഷ്യന്‍ ഭാഷയില്‍ ഗവേഷക വിദ്യാര്‍ത്ഥിയാണ്. ബിരുദവും ബിരുദാനന്തര ബിരുദവും ജെഎന്‍യുവില്‍ തന്നെയാണ് പൂര്‍ത്തിയാക്കിയത്.
നാല് വര്‍ഷത്തിന് ശേഷം നടന്ന തെരഞ്ഞെടുപ്പില്‍ ഇടതു വിദ്യാര്‍ത്ഥി സഖ്യവും എബിവിപിയുമായി കടുത്ത മത്സരമാണ് നടന്നത്. 73 ശതമാനം വോട്ട് രേഖപ്പെടുത്തിയിരുന്നു. 12 വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന പോളിങ്ങായിരുന്നു ഇത്. ബാപ്സക്ക് പുറമെ സമാജ്‌വാദി ഛത്ര സംഘം, എൻഎസ്‌യുഐ, സിആർജെഡി, ദിശ തുടങ്ങിയ വിദ്യാര്‍ത്ഥി സംഘടനകളും സ്വതന്ത്ര സ്ഥാനാർത്ഥികളും മത്സരരംഗത്തുണ്ടായിരുന്നു.
ഭരണകൂടത്തിന്റെ വിദ്യാര്‍ത്ഥി വിരുദ്ധ നയങ്ങള്‍ക്കൊപ്പം നിലകൊള്ളുന്ന എബിവിപിക്കുള്ള മറുപടിയാണ് തങ്ങളുടെ വിജയമെന്ന് മാധ്യമപ്രവര്‍ത്തകരെ അഭിസംബോധന ചെയ്യവേ ധനഞ്ജയ്, മുഹമ്മദ് സാജിദ്, പ്രിയാന്‍ഷി ആര്യ എന്നിവര്‍ പറഞ്ഞു. ഇന്ന് രാജ്യത്തെ വര്‍ഗീയമായി വിഭജിക്കാനുള്ള ശ്രമം നടക്കുന്നു. സംഘപരിവാറിന്റെ കൈകളില്‍ നിന്നും ഭരണഘടനയെ സംരക്ഷിക്കേണ്ട വലിയൊരു ബാധ്യത നമുക്ക് മുന്നിലുണ്ട്. എപ്പോഴും രാജ്യത്തെയും ഭരണഘടനയെയും സംരക്ഷിക്കാനായി നിലകൊണ്ട പാരമ്പര്യം ജെഎന്‍യു കാത്തുസൂക്ഷിക്കുമെന്നും നേതാക്കള്‍ പറഞ്ഞു.
Eng­lish Sum­ma­ry: JNU stu­dents’ union elections
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.