24 December 2024, Tuesday
KSFE Galaxy Chits Banner 2

കാതങ്ങള്‍ക്കപ്പുറം.…

നയന രാധാകൃഷ്ണന്‍
February 1, 2022 7:22 pm

തീവണ്ടി ചൂളം വിളിച്ചത് കേട്ടുണര്‍ന്നപ്പോള്‍ പുറപ്പെട്ടിടത്തുനിന്ന് ഒരുപാടു ദൂരെയാണെന്ന് മനസ്സിലായി. ക്ഷീണം കാരണം ട്രെയ്‌നില്‍ കേറിയപ്പോ മുതല്‍ ഉറങ്ങിയതാണ്. ആവി പറക്കുന്ന ചായയുമായി പ്ലാറ്റഫോമില്‍ നിന്ന് ചായക്കച്ചവടക്കാര്‍ കേറി, തോളിലെ സഞ്ചിയില്‍ സമോസയും വടയും കൂടെയുണ്ട്. ചായ ചായന്നും പറഞ്ഞുള്ള വിളി കേട്ടിരിക്കുമെന്നല്ലാതെ അവരുടെ ദാരിദ്ര്യത്തിന്റെ ഭാണ്ഡക്കെട്ടഴിച്ചു വെക്കുന്നതിന്നെവരെ കണ്ടിട്ടില്ല. കംപാര്‍ട്‌മെന്റില്‍ നിന്ന് കംപാര്‍ട്‌മെന്റിലേക്കവര്‍ ഒഴുകി നടക്കുന്നുണ്ട്. നേരം പുലര്‍ച്ചെ 4 മണിയാവുന്നേയുള്ളൂ. പ്രകൃതിയുണരുന്ന സമയം, നിശ്ശബ്ദതയിലേക്ക് കേറിക്കൂടിയ തീവണ്ടി ശബ്ദം കേട്ട് റെയില്‍പാളത്തിനോരത്തുള്ള വീടുകളിലെല്ലാം വെളിച്ചം തെളിയുന്നുണ്ട്. അവരില്‍ പ്രഭാതം തുടങ്ങുന്നത് ഈ തീവണ്ടിയുടെ വരവോടു കൂടെയാണെന്ന് തോന്നുന്നു. തീവണ്ടി നിര്‍ത്തിയിട്ട പ്ലാറ്റഫോമിന്റെ എതിര്‍വശത്താണ് ഞാനിരിക്കുന്നത്. അപ്പുറത്ത് പൊട്ടിവിടരുന്ന സൂര്യരശ്മികള്‍ ഇളം തെന്നലില്‍ ഉലയുന്ന മരത്തിന്റെ പ്രൗഢി ഒന്നുകൂടെ കൂട്ടുന്നുണ്ട്. അങ്ങനെ കാഴ്ചകളില്‍ മുങ്ങി നിവര്‍ന്നപ്പോഴേക്ക് തീവണ്ടി വീണ്ടും ചൂളം വിളിച്ചു. വിശപ്പു കത്തുന്നുണ്ട്. പക്ഷെ ദിനചര്യകള്‍ പാലിച്ചു ജീവിച്ചിപ്പോള്‍ ശീലമായി. ഇന്നേരം ചായ പതിവില്ല. അടുത്ത സ്റ്റേഷന്‍ ല്‍ നിര്‍ത്തുമ്പോഴാവമിനി പ്രഭാത ഭക്ഷണം. ഓരോന്നോര്‍ത്ത് വീ

ണ്ടുമിരുന്നു. ആരെങ്കിലും തന്നെ അന്വേഷിക്കുന്നുണ്ടാവുമോ! അറിയില്ല… മടുപ്പിക്കുന്ന പുക നിറഞ്ഞ ഡല്‍ഹിയിലെ 11 ആം സ്ട്രീറ്റിലെ ആ അവസാനത്തെ അപാര്‍ട്‌മെന്റ് ലെ 17 ആം നമ്പര്‍ ഫ്‌ലാറ്റ് ഓര്‍ക്കുമ്പോള്‍ തന്നെ, അല്ലെങ്കില്‍ എന്താണിത്ര ഓര്‍ക്കാനുള്ളത്? മികച്ചതൊന്നും തന്നെയില്ല. രാവിലെ ദിനചര്യകള്‍ തീര്‍ത്ത് ഓഫീസിലേക്കുള്ള ഓട്ടം അവിടെ ഫയലു കള്‍ക്ക് നടുവില്‍ വൈകുന്നേരം വരെ.

ആകെയുള്ള ആശ്വാസം എന്നും നനച്ചു വളര്‍ത്തുന്ന തന്റെ സ്വന്തമെന്നവകാശപ്പെടാനാവുന്ന ചെടികളിലൊരെണ്ണം ഓഫീസിലെ മേശമേല്‍ കൊണ്ടുവന്നു വെച്ചിട്ടുണ്ട്. ശുദ്ധവായു കിട്ടുമല്ലോ. ഉച്ചയ്ക്കുള്ള ഭക്ഷണം പൊതിഞ്ഞു കെട്ടികൊണ്ടുപോകുമെങ്കിലും കെട്ടഴിക്കുന്നത് ഒരു രണ്ട് വറ്റ് കൊത്തിപ്പെറുക്കാന്‍ വേണ്ടി മാത്രമാണ്. എല്ലാം കഴിഞ്ഞ് വൈകുന്നേരം ദില്ലി വാലാ മസാല ചായ കിട്ടുന്ന ചായക്കടയില്‍ കേറി ചായയൊക്കെ കുടിച്ച് റേഡിയോയില്‍ ഒഴുകുന്ന ഗസല്‍ കേട്ടിരിക്കും കുറച്ച് നേരം. പലപ്പോ

ഴും തോന്നാറുണ്ട് റേഡിയോ ഒക്കെ ഇപ്പോള്‍ അടുക്കളയിലെ പണിയുടെ മടുപ്പ് തീര്‍ക്കാനും ബ്ലോക്കില്‍ കിടക്കുന്ന വണ്ടിക്കുള്ളില്‍ സമയം നീക്കാനും പിന്നെയിങ്ങനെ ചായക്കടയില്‍ വരുന്നവര്‍ക്കാ ചായയോടൊപ്പം മധുരം പകരാനും മാത്രമായിത്തീര്‍ന്നിരിക്കുന്നെന്ന്! എല്ലാം കഴിഞ്ഞ് വീടെത്തുമ്പോള്‍, അല്ല ആ ഫ്‌ലാറ്റിന്റെ വാതില്‍ കടക്കുമ്പോഴാണ് കടന്നുപോയ വര്‍ഷങ്ങളും കാഴ്ച്ചയില്‍ നിന്ന് മറഞ്ഞ മനസ്സില്‍ കുരുക്കിട്ട് മുറുക്കിക്കെട്ടിയ ഓര്‍മകളും കുറേശ്ശേയെങ്കിലും മനസ്സില്‍ നിറയുക. കുറേശ്ശെ എന്ന് പറഞ്ഞാല്‍ അതൊരു ഉപമ മാത്രമായിപോകുമോ? സ്വര്‍ണ താഴിട്ട് പൂട്ടിയാലും താക്കോല്‍ ദ്വാരത്തിലൊരു താക്കോല്‍ പോലുമില്ലാതെ തുറന്നു വരാന്‍ മാത്രം അടുപ്പമുണ്ടായിരുന്നയാരോ അത് തുറന്ന് മനസ്സിന്റെയകത്തേക്ക് വരും. കൂടെ ക്ലാവ് പിടിച്ച എന്ന് പറയുമ്പോള്‍ തന്നെ ആ ക്ലാവ് വരുന്നതിനു മുന്നേ, മുന്നേ പച്ചപിടിച്ച ഓര്‍മകളെന്ന് അറിയാമല്ലോ… ഓരോ കാലങ്ങള്‍ മെല്ലെ മെല്ലെ എത്തിനോക്കും. അതിനിടയില്‍ കൂട്ടിനുള്ള കുറച്ച് ചെടികള്‍ നനയ്ക്കലും അടിച്ചു വാരലും രാത്രിയിലേക്കുള്ള ഭക്ഷണം തയ്യാറാക്കലുമെല്ലാം കഴിഞ്ഞിട്ടുണ്ടാകും. എത്ര കാലമായിവിടെ വന്നിട്ട്, പറയത്തക്ക സൗഹൃദങ്ങള്‍ പോലുമില്ല. പിന്നെയും കൂട്ടായത് അതിഥിയാണ്. ആയിടക്കല്ലേ ആ നശിച്ച ആക്‌സിഡന്റില്‍ അവളും പോയത്. അതില്‍ പിന്നെ ആരോടും ഒരു ബന്ധം സ്ഥാപിക്കുന്നതില്‍ ഇഷ്ടം തോന്നിയില്ല.

ഇവിടെ വന്ന സമയങ്ങളില്‍ തന്നെ ഡല്‍ഹി ചുറ്റിനടന്നു കാണിക്കാന്‍ ഉത്സാഹം അവള്‍ക്കായിരുന്നു. എപ്പോഴും സംസാരിച്ചുകൊണ്ടിരിക്കുന്ന അവളുടെ ആ ശൈലി തന്നെയാണ് അവളിലേക്കൊരു സ്‌നേഹത്തിന്റെ പാലമിട്ടതും. നല്ലൊരു അനിയത്തികുട്ടിയായി ദീദി എന്നും വിളിച്ച് കൂടെ കൂടിയിരുന്ന വായാടി. തട്ടി മുട്ടി ഞാന്‍ പഠിച്ച ഹിന്ദി അവളോട് പറഞ്ഞതില്‍ പാതിയെ അവള്‍ക്ക് മനസ്സിലായുള്ളൂ. പക്ഷെ ഈ കാലത്തിനിടക്ക് വഴങ്ങാത്ത ഹിന്ദിയും ക്ലാസ്‌റൂമിലിരുന്ന് പരീക്ഷയ്ക്കു മാര്‍ക്കിന് വേ

ണ്ടി മാത്രം പഠിച്ച ഇംഗ്ലീഷുമെല്ലാം നാവില്‍ വഴങ്ങിത്തുടങ്ങി. ഒരു വസന്തകാലം സമ്മാനിച്ചാണ് അവളും പോയത്. ഇടക്കിവിടെ തന്റെ കൂടെ നില്ക്കാന്‍ വരാറുണ്ടായിരുന്നു. ഒരുപാട് പലഹാരങ്ങളുമൊക്കെയായി അവളുടെ വീട്ടുകാരുടെ സ്‌നേഹം. പറയത്തക്കതായൊന്നും അവള്‍ക്ക് ഞാന്‍ കൊടുത്തിട്ടില്ല. നാട്ടില്‍ പോയി വരുമ്പോള്‍ മാര്‍ക്കറ്റില്‍ നിന്ന് വാങ്ങിയ അച്ചപ്പവും ഉണ്ണിയപ്പവുമെല്ലാം കൊണ്ടുവന്നു കൊടുക്കും. അവള്‍ ഇഷ്ടമുള്ളൊരടുപ്പമായിരുന്നു ഒരു കൂടപ്പിറപ്പിനോടെന്നപോലെ. ഈ തിരക്കില്‍ കൈ പിടിക്കാന്‍ ആളില്ലെന്ന് തോന്നിയതും അവള്‍ പോയപ്പോഴാണ്. അങ്ങനെ രാത്രി ഭക്ഷണമൊക്കെ കഴിഞ്ഞാലും സമയം ബാക്കിയാണ്. ഫ്‌ലാറ്റിന്റെ ബാല്‍ക്കണിയില്‍ പോയിരുന്ന് ചുറ്റുമൊന്ന് നോക്കും, ഇരുട്ടില്‍ മിന്നാമിന്നികള്‍ പോലെ അകലങ്ങളിലേക്ക് വെളിച്ചം കാണാം. ഇടക്ക് സമയം തെറ്റാതെ പോവുന്ന വിമാനങ്ങള്‍ കാണാം.

ഡയറി എഴുത്തും കൂടെ കഴിഞ്ഞാല്‍ പിന്നെ ഉറങ്ങാനുള്ള നേരമായി. പക്ഷെ ഏറ്റവും നേരമെടുത്തുള്ള പണിയാണ് ഈ ഡയറി എഴുത്ത്. ആരാലും വായിക്കപ്പെടാന്‍ പോണില്ലെന്ന് കൃത്യമായി അറിയാമെങ്കിലും ആര്‍ക്കോ വേണ്ടി ഞാനെന്റെ ജീവിതം എഴുതി വെക്കുകയായിരുന്നു. ഓരോ പേജിലും നിറഞ്ഞു കവിഞ്ഞ് ഞാന്‍ എഴുതിയത് രാവിലെ മുതല്‍ രാത്രി വരെയുള്ള ഒരു സാധാരണ ജീവിതമായിരുന്നൂ. ആയിരുന്നോ?? അല്ലെന്ന് തോന്നുന്നു, ആരോടൊക്കെയോ സംസാരിക്കുകയായിരുന്നു. നഷ്ടപ്പെട്ടവരോട് കുശലം ചോദിച്ചും അകലങ്ങളിലുള്ളവരുടെ വിശേഷങ്ങള്‍ സ്വയം ഊഹിച്ചും താന്‍ കുഴിച്ചുമൂടിയ തന്നിലേക്കുള്ള വഴി തുറക്കല്‍. സത്യത്തില്‍ അതായിരുന്നില്ലേ.… ക്ലോക്കിലെ സൂചി അക്കങ്ങളെ കണ്ടു മടുത്തു എന്ന് പറയും പോലെ എപ്പോഴാണെനിക്കും എന്നിലെ എന്നെ തന്നെ കുഴിച്ചു മൂടിയ ശവപ്പറമ്പില്‍ നിന്ന് പുറത്തു വരാന്‍ തോന്നിയത്. അറിയില്ല, അങ്ങനെയാണ് ലീവ് എടുത്ത് പോരാനുള്ള ഈ തീരുമാനം. ബാഗ് പാക്ക് ചെയ്ത് ടാക്‌സി യും വിളിച്ച് റെയില്‍വേ സ്റ്റേഷന്‍ ലേക്ക് പൊന്നു. ആരോടും പറയാന്‍ തോന്നിയില്ല. അല്ലെങ്കില്‍ തന്നെ ഒരു ലീവ്

ഫോമിലപ്പുറം ഓഫീസില്‍ പോലും തന്റെ കാര്യങ്ങള്‍ അന്വേഷിക്കാന്‍ ആര്‍ക്കാണ് താല്‍പര്യം. അങ്ങനെ ഒരു ദിവസത്തിന്റെ ജോലിഭാരം എല്ലാം തലയിലുണ്ടായിരുന്നു. അതുകൊണ്ടാണ് കിടന്നയുടനെ ഉറങ്ങിപോയത്.

എണീറ്റപ്പോഴത്തെ കാഴ്ച ഞാന്‍ പറഞ്ഞുവല്ലോ, വയലും പുഴയുമെല്ലാം കടന്ന് പുഴയേക്കാള്‍ വേഗത്തിലാണ് ട്രെയിന്‍ ഓടിക്കൊണ്ടിരിക്കുന്നത്. അങ്ങനെ അടുത്ത സ്റ്റേഷന്‍ പ്ലാറ്റ്‌ഫോമില്‍ നിന്ന് ഉറുമ്പുകളെപോലെ വരിവരിയായി ഞങ്ങളുടെ കംപാര്‍ട്‌മെന്റിലേക്ക് ആളുകള്‍ കയറാന്‍ തുടങ്ങി. ചിലയിടത്ത് വഴിതെറ്റിയ ഉറുമ്പിന്‍ കൂട്ടം പോലെ ചിലര്‍ കൂട്ടം കൂടി നില്‍ക്കുന്നുണ്ട്. ഇടക്ക് ആ വഴി ചായയുമായി വന്നയാളുടെ അടുത്തുനിന്നും ഒരു ചായയും രണ്ടു വടയും വാങ്ങിക്കഴിച്ചു. തിങ്ങി നിറഞ്ഞ കംപാര്‍ട്‌മെന്റില്‍ വല്ലാത്തൊരസ്വസ്ഥത. കലപില ശബ്ദങ്ങള്‍… സ്‌കൂളിലേക്കും കോളേജിലേക്കും ഉള്ള കുട്ടികളാണ് അധികവും. സീസണ്‍ ടിക്കറ്റ് എടുത്ത് ട്രെയിന്‍ യാത്ര ആസ്വദിച്ചു പോകുന്നവരും ദിവസേനയുള്ള യാത്ര മടുത്ത മുഖങ്ങളും കാണാന്‍ കഴിയുന്നുണ്ട്. കൂട്ടത്തില്‍ പണ്ടൊരു കാലത്തെ തന്നെ ഓര്‍മ്മിപ്പിച്ചു കൊണ്ടൊരു കുട്ടി, മുടിയൊക്കെ പിന്നിയിട്ട് നല്ല വട്ടപ്പൊട്ടുമിട്ട് ചുണ്ടില്‍ പുഞ്ചിരി നിറഞ്ഞൊരു പെണ്‍കുട്ടി. അവളെ താന്‍ ശ്രദ്ധിക്കുന്നുണ്ടെന്ന് തോന്നിയതുകൊണ്ടോ എന്തോ അവളൊരു ചിരി തന്റെ പറ്റിലേക്കെഴുതി. ഓര്‍മ്മകള്‍ വലിഞ്ഞുമുറുക്കാന്‍ പാകത്തിലൊന്നും തന്നെയില്ല സ്‌കൂള്‍ കാലത്തും. വീണ്ടും തീവണ്ടിയുടെ ഗതിവേഗവും ഇരുമ്പഴി ജനലിലൂടെ കാണുന്ന കാഴ്ചകളും നോക്കി ഇരുന്നു. ഓരോ ചെറിയ നോക്കിലും കണ്ടു മറന്നുപോവുന്ന കുന്നോളം കാഴ്ചകളുണ്ട് ചിലത് കുറച്ച് നേരത്തേക്ക്, ചിലത് കുറച്ച് കാലത്തേക്ക്, ചിലയോര്‍മ്മകള്‍ ജീവിതാവസാനം വരെ മനസ്സിലുണ്ടാവും. അതാണല്ലോ യാത്ര നല്‍കുന്ന പ്രതിഫലം, അനുഭവങ്ങളും ഓര്‍മകളും…

അങ്ങനെയുള്ള ഓര്‍മ്മപ്പുസ്തകത്തിലേക്ക് ആദ്യം തന്നെ ഞാനറിയാതെ ഇടം പിടിച്ചത്, നിര്‍ത്തിയിട്ട ഒരു ചെറിയ സ്റ്റേഷന്‍ പ്ലാറ്റഫോംന് മറുവശത്തു തറയിലിരുന്ന് ഒരമ്മ കുഞ്ഞിന് ഭക്ഷണം കൊടുക്കുന്നു. കറ പറ്റിയ മുഷിഞ്ഞ സാരിയില്‍ പിടിച്ച് ആ കുഞ്ഞ് വീണ്ടും ഭക്ഷണത്തിനായി വാ തുറക്കുന്നു. രാവിലെ കംപാര്‍ട്‌മെന്റിലൊരു കുട്ടി വാങ്ങിക്കൊടുത്ത വട വേണ്ടെന്നും ന്യൂഡില്‍സ് മതിയെന്നും പറഞ്ഞ് തട്ടി മാറ്റിയതും അപ്പോഴുണ്ടായ ബഹളവും കേട്ടതോര്‍ത്തു, ചിലര്‍ കിട്ടുന്ന ഭക്ഷണത്തിനു രുചി തേടുമ്പോള്‍ മറ്റുചിലര്‍ കിട്ടുന്നതില്‍ സംതൃപ്തരാവാതെ ആഗ്രഹിക്കുന്നതെന്തും ചോദിച്ചു വാങ്ങി ശീലിക്കുന്നവരായി വളരുന്നു. ഓരോരുത്തരുടെയും വളര്‍ച്ച രീതികള്‍. ആ ദൃശ്യം ശ്രദ്ധിക്കാനുള്ള കാരണം വേറൊന്നുമല്ല ആ ‘അമ്മ തന്റെ കൈ കുഞ്ഞിനെക്കൊണ്ടിരിക്കുന്ന തുണിയും അവരുടെ ചുറ്റുമുള്ള സാധനങ്ങളും ഷീറ്റ് കൊണ്ട് മറച്ച ഒരു ചെറിയ ടെന്റ് പോലുള്ള അവിടം കണ്ടാല്‍ തന്നെ അവരുടെ ജീവിതാവസ്ഥ മനസ്സിലാക്കാം. ഓരോ ജീവിതങ്ങള്‍…
പിന്നീട് കണ്ടയൊരു ദൃശ്യം ട്രെയിന്‍ നിര്‍ത്തിയിട്ടിരുന്ന സമയത്തു കാലിന് സ്വാധീനമില്ലാത്ത തന്റെ ഭാര്യയെയും കൊണ്ട് പ്ലാറ്റഫോമിലെ കോണിപ്പടികള്‍ ഇറങ്ങി വരുന്നൊരാളും കൂടെ അവളുടെ ചക്രകസേരയും കയ്യില്‍ പിടിച്ച് വരുന്ന കുഞ്ഞിനേയുമാണ്. അയാളവളെ കൂട്ടികൊണ്ട് വന്ന് ആ ചക്രകസേരയില്‍ ഇരുത്തി. കൂടെ ഒരു വശത്ത് അയാളും കുഞ്ഞും ഇരുന്നു. കണ്ണില്‍ പ്രണയത്തേക്കാളേറെ വാത്സല്യമോ പരിഗണനയോ ഒക്കെയാണ് കാണാന്‍ കഴിഞ്ഞത്. പ്രണയത്തില്‍ നിന്നാവാം ആ വികാരങ്ങളും ഉടലെടുത്തത്. കഥ പറയുന്ന കൂട്ടത്തില്‍ അടുത്തിടെ ഒരു ആക്‌സിഡന്റില്‍ നഷ്ടപ്പെട്ട ചലനശേഷിയെകുറിച്ചൊക്കെ അവള്‍ അടുത്തിരുന്നൊരാളോട് പറയുന്നുണ്ടായിരുന്നു. ഓരോ സംസാരത്തിലും അവള്‍ അവളുടെ ഭര്‍ത്താവിന്റെ സ്‌നേഹത്തെകുറിച്ച് വാചാലയാകുന്നുണ്ടായിരുന്നു. കുറച്ചു കാലം മുന്നെയാണ് സ്‌നേഹിച്ച് കല്യാണം കഴിച്ചിരുന്ന ഒരു കുടുംബം തന്റെ അപാര്‍ട്‌മെന്റിലെ ഒരു ഫാമിലി ആക്‌സിഡന്റില്‍ ഭാര്യയുടെ ഒരു കാല് ഒടിഞ്ഞു മുടന്തിയായിപ്പോയെന്നും പറഞ്ഞ് അയാളുടെ ഭാര്യയെ ഒഴിവാക്കിയത്. സ്‌നേഹത്തിന്റെ പല മുഖങ്ങള്‍ അല്ലെ…

തുടരും…

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.