27 April 2025, Sunday
KSFE Galaxy Chits Banner 2

Related news

April 21, 2025
April 19, 2025
April 19, 2025
April 8, 2025
April 4, 2025
April 1, 2025
April 1, 2025
March 27, 2025
March 16, 2025
March 15, 2025

കേരളത്തെ ഉന്നത വിദ്യാഭ്യാസത്തിന്റെ ഹബ്ബാക്കി മാറ്റും: മന്ത്രി കെ രാജന്‍

Janayugom Webdesk
തിരുവനന്തപുരം
November 11, 2022 4:03 pm

ഉന്നത വിദ്യാഭ്യാസത്തിന്റെ ഹബ്ബായി കേരളത്തെ മാറ്റാനുള്ള ഇടപെടലുകളാണ് സംസ്ഥാന സര്‍ക്കാരിന്റെ നേതൃത്വത്തില്‍ പുരോഗമിക്കുന്നതെന്ന് റവന്യൂ മന്ത്രി കെ രാജന്‍. പൊതുവിദ്യാഭ്യാസ രംഗത്ത് ആര്‍ജ്ജിച്ചെടുത്ത നേട്ടങ്ങള്‍ ഉന്നത വിദ്യാഭ്യാസ മേഖലയുടെയും ഭാഗമാക്കുമെന്നും മന്ത്രി പറഞ്ഞു. തൃശൂര്‍ എംഎല്‍എ വിദ്യാഭ്യാസ അവാര്‍ഡ് പ്രതിഭാ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. 

ലോകത്തുള്ള മുഴുവന്‍ പേര്‍ക്കും വന്നുചേരാന്‍ കഴിയുന്ന വിധത്തില്‍ വൈവിധ്യമാര്‍ന്ന വിഷയങ്ങളോടെഉന്നതവിദ്യാഭ്യാസ മേഖലയെ മാറ്റിയെടുക്കുകയാണ് ചെയ്യുന്നത്. വിവിധ പ്രായത്തിലുള്ളവര്‍ക്ക് പഠിക്കാനും പഠിപ്പിക്കാനും വൈജ്ഞാനിക ലോകത്തിന്റെ അനന്തമായ സാധ്യതകളെ നുകരാനും കഴിയണം. യുനെസ്‌കോയുടെ പഠന നഗരം എന്ന പ്രശസ്തി സ്വന്തമാക്കിയിരിക്കുകയാണ് തൃശൂര്‍. മതില്‍ കെട്ടുകള്‍ പൊളിച്ച് അതിരുകളില്ലാത്ത വിധം ജില്ലയുടെ വൈജ്ഞാനിക മണ്ഡലം ഉയരുകയാണെന്നും മന്ത്രി പറഞ്ഞു. 

പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിലൂടെ ലോകത്തിലെ തന്നെ പൊതുവിദ്യാഭ്യാസ കേന്ദ്രമായി കേരളം മാറി. യജ്ഞത്തിലൂടെ പൊതു വിദ്യാലയങ്ങളിലെ ഭൗതിക സാഹചര്യങ്ങളിലുണ്ടായ മാറ്റം വിപ്ലവകരമാണ്. പത്ത് ലക്ഷത്തിലധികം വിദ്യാര്‍ത്ഥികളാണ് യജ്ഞത്തിന്റെ ഭാഗമായി പൊതുവിദ്യാലയങ്ങളിലേയ്ക്ക് എത്തിയത്. പഴയകലാ വിദ്യാലയ ഓര്‍മ്മകള്‍ കൂടി പങ്കുവെച്ചാണ് അഭിമാനകരമായ മാറ്റം മന്ത്രി പറഞ്ഞത്. മുഴുവന്‍ വിഷയങ്ങളിലും എപ്ലസ് നേടാന്‍ മാത്രമായി കുട്ടികളെ വളര്‍ത്തരുത്. പാഠപുസ്തകവും ഗൈഡും ചോദ്യോത്തരങ്ങളും മാത്രമല്ല കുട്ടികള്‍ക്ക് നല്‍കേണ്ടത്. അവരെ നല്ല മനുഷ്യരാക്കി മാറ്റാനുള്ള സാഹചര്യം കൂടി ഒരുക്കണം. പാഠപുസ്തകങ്ങളിലെ അറിവിനേക്കാള്‍ ഉപരി ജീവിതത്തില്‍ ഉയരാന്‍ കുട്ടികളെ പ്രാപ്തരാക്കുകയാണ് വിദ്യാഭ്യാസം കൊണ്ട് ലക്ഷ്യമിടേണ്ടതെന്നും മന്ത്രി പറഞ്ഞു. 

നിയോജക മണ്ഡലത്തില്‍ 2021–22 എസ്എസ്എല്‍സി-പ്ലസ്ടു പരീക്ഷയില്‍ ഉന്നതവിജയം കരസ്ഥമാക്കിയ വിദ്യാര്‍ത്ഥികളെയും നൂറ് ശതമാനം വിജയം നേടിയ സ്‌കൂളുകളെയുമാണ് ആദരിച്ചത്. ശരീരത്തിന്റെ തളര്‍ച്ച അവഗണിച്ച് പ്ലസ്ടുവിന് മികച്ച വിജയം നേടിയ മോഡല്‍ ബോയ്‌സ് സ്‌കൂള്‍ വിദ്യാര്‍ത്ഥിയും ഭിന്നശേഷിക്കാരനുമായ കെ അനന്തകൃഷ്ണന്‍, ചെന്നൈയില്‍ നടന്ന ചെസ് ഒളിംപ്യാഡില്‍ വ്യക്തിഗത സ്വര്‍ണവും ടീം ഇനത്തില്‍ വെങ്കല മെഡലും കരസ്ഥമാക്കിയ ഗ്രാന്റ് മാസ്റ്റര്‍ നിഹാല്‍ സരിന്‍ എന്നിവരെ മന്ത്രി ആദരിച്ചു. 

തൃശൂര്‍ തിരുവമ്പാടി കൗസ്തുഭം ഹാളില്‍ നടന്ന ചടങ്ങില്‍ പി ബാലചന്ദ്രന്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. മേയര്‍ എം കെ വര്‍ഗീസ്, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ പി കെ ഷാജന്‍, സാറാമ്മ റോബ്‌സണ്‍, ഷീബ ബാബു, മുന്‍ മന്ത്രി വി എസ് സുനില്‍കുമാര്‍, ജനപ്രതിനിധികള്‍, രക്ഷിതാക്കള്‍ എന്നിവര്‍ പങ്കെടുത്തു.

Eng­lish Summary:Kerala will be made a hub of high­er edu­ca­tion: Min­is­ter K Rajan
You may also like this video

YouTube video player

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.