October 6, 2022 Thursday

Related news

October 5, 2022
October 4, 2022
October 4, 2022
October 2, 2022
October 1, 2022
October 1, 2022
September 29, 2022
September 28, 2022
September 28, 2022
September 24, 2022

ലഖിംപുർ കർഷക കൊലപാതകം; അന്വേഷണ മേൽനോട്ടത്തിന് വിരമിച്ച ഹൈക്കോടതി ജഡ്ജിയെ നിയമിക്കുമെന്ന് സുപ്രീം കോടതി

Janayugom Webdesk
ന്യൂഡല്‍ഹി
November 8, 2021 2:41 pm

ഉത്തർപ്രദേശിലെ ലഖിംപുര്‍ ഖേരിയില്‍ കര്‍ഷക പ്രക്ഷോഭകരെ വാഹനം കയറ്റിക്കൊന്ന സംഭവത്തില്‍ യുപി സര്‍ക്കാരിന്റെ അന്വേഷണത്തില്‍ അതൃപ്തി പ്രകടിപ്പിച്ച് സുപ്രീം കോടതി. അന്വേഷണം നടക്കുന്നത് പ്രതീക്ഷിച്ചപോലെയല്ലെന്നും അത് ഇഴഞ്ഞുനീങ്ങുകയാണെന്നും കോടതി വിമര്‍ശിച്ചു. ഇത് മൂന്നാം തവണയാണ് ഈ കേസില്‍ യുപി സര്‍ക്കാരിനെതിരേ സുപ്രീം കോടതി രംഗത്തുവരുന്നത്. യുപിക്ക് പുറത്തുള്ള വിരമിച്ച ഹൈക്കോടതി ജഡ്ജിയുടെ മേല്‍നോട്ടത്തില്‍ അന്വേഷണം നടത്തുമെന്ന് ചീഫ് ജസ്റ്റിസ് എന്‍ വി രമണ അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. വിരമിച്ച ജഡ്ജിമാരായ ജസ്റ്റിസ് രാകേഷ് കുമാർ ജയിൻ, ജസ്റ്റിസ് രജ്ഞിത് സിങ് എന്നിവരുടെ പേരാണ് സുപ്രീം കോടതി പരിഗണനയിലുള്ളത്. യുപി സര്‍ക്കാര്‍ മുന്നോട്ടുവച്ച വാദമുഖങ്ങളും സത്യവാങ്മൂലങ്ങളും അംഗീകരിക്കാന്‍ ചീഫ് ജസ്റ്റിസ് എന്‍ വി രമണ അധ്യക്ഷനായ ബെഞ്ച് വിസമ്മതിച്ചു.

ജസ്റ്റിസുമാരായ സൂര്യകാന്ത്, ഹിമാ കൊഹ്‌ലി എന്നിവരായിരുന്നു ബെഞ്ചിലെ മറ്റംഗങ്ങള്‍. പത്ത് ദിവസം പിന്നിട്ടിട്ടും പുതിയ റിപ്പോര്‍ട്ടില്‍ പ്രത്യേകിച്ചൊന്നുമില്ല. കേസില്‍ 16 പ്രതികളാണ് ഉള്ളത്. ഇതില്‍ 13 പേരെ മാത്രമാണ് അറസ്റ്റ് ചെയ്തത്. പ്രതികളില്‍ ഒരാളുടെ ഫോണ്‍ മാത്രമാണ് പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. ബാക്കിയുള്ളവര്‍ ഫോണ്‍ ഉപയോഗിച്ചില്ലെന്ന യുപി സര്‍ക്കാരിന്റെ വാദം തള്ളിയ കോടതി എന്തുകൊണ്ടാണ് ഇനിയും അവരുടെ ഫോണ്‍ കസ്റ്റഡിയില്‍ എടുക്കാത്തതെന്നും ചോദിച്ചു. യുപി സര്‍ക്കാരിനുവേണ്ടി ഹാജരായ ഹരിഷ് സാല്‍വെ 68 സാക്ഷികളെ കണ്ടെത്തിയിട്ടുണ്ടെന്ന് കോടതിയെ അറിയിച്ചു. അതില്‍ 30 പേരുടെ മൊഴി ശേഖരിച്ചു. 23 പേര്‍ ദൃക്‌സാക്ഷികളാണ്. ആയിരത്തോളം പേര്‍ പങ്കെടുത്തു, എന്നിട്ടും 23 ദൃക്‌സാക്ഷികളേയുള്ളോ എന്ന് കോടതി ചോദിച്ചു.

നാലായിരം, അയ്യായിരം പേര്‍ പങ്കെടുത്തിരുന്നുവെന്ന് ജസ്റ്റിസ് സൂര്യ കാന്ത് ചൂണ്ടിക്കാട്ടി. ഒക്ടബോര്‍ മൂന്നിന് നടന്ന കർഷക പ്രതിഷേധത്തിനിടയിലേക്കാണ് അജയ് മിശ്രയുടെ മകന്‍ ആശിഷ് മിശ്ര വാഹനം ഓടിച്ചുകയറ്റിയത്. വാഹനം ഇടിക്കുന്നതിന്റെ ഒന്നിലധികം വീഡിയോകള്‍ പുറത്തുവന്നെങ്കിലും യുപി സര്‍ക്കാര്‍ അന്വേഷണം വേണ്ടവിധം നടത്തുന്നില്ലെന്ന പരാതി വ്യാപകമായുണ്ടായിരുന്നു. അക്കാര്യം സുപ്രീം കോടതിയും ചൂണ്ടിക്കാട്ടി. കേസില്‍ കൂടുതല്‍ സമയം വേണമെന്ന യു പി സര്‍ക്കാരിന്റെ ആവശ്യം കോടതി അംഗീകരിച്ചു. കേസ് വരുന്ന വെള്ളിയാഴ്ച കോടതി വീണ്ടും പരിഗണിക്കും. കഴിഞ്ഞ മാസം ലഖിംപുര്‍ ഖേരിയില്‍ കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയുടെ വാഹനവ്യൂഹത്തിലെ വാഹനം ഓടിച്ചുകയറ്റിയതിനെ തുടര്‍ന്ന് നാല് കര്‍ഷകര്‍ മരിച്ചിരുന്നു. തുടര്‍ന്ന് നടന്ന സംഘര്‍ഷത്തില്‍ മറ്റ് നാല് പേര്‍ കൂടി മരിച്ചിരുന്നു.

ENGLISH SUMMARY:Lakhimpur farmer mur­dered; The Supreme Court has said it will appoint a retired high court judge
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.