26 April 2024, Friday

പ്രമുഖ മാധ്യമപ്രവര്‍ത്തകന്‍ കെ എം റോയ്‌ അന്തരിച്ചു

Janayugom Webdesk
കൊച്ചി
September 18, 2021 5:37 pm

പ്രമുഖ മാധ്യമപ്രവർത്തകൻ കെ. എം. റോയ് അന്തരിച്ചു. 82 വയസ്സായിരുന്നു. ദീർഘനാളായി അനാരോഗ്യം കാരണം വിശ്രമ ജീവിതത്തിലായിരുന്നു. പത്രപ്രവർത്തകൻ, നോവലിസ്റ്റ്, അധ്യാപകൻ എന്നീ നിലയിൽ പ്രസിദ്ധിയാർജിച്ച ബഹുമുഖ പ്രതിഭയായിരുന്നു. സംസ്ഥാന സർക്കാരിന്റെ ഉന്നത മാധ്യമ പുരസ്കാരമായ സ്വദേശാഭിമാനി-കേസരി അവാർഡ് ഉൾപ്പെടെ ഒട്ടേറെ അംഗീകാരങ്ങളും തേടിയെത്തിയിട്ടുണ്ട്. പരേതയായ ലീലയാണ് ഭാര്യ. അഭിഭാഷകനായ മനു റോയ്, സ്വപ്ന ലെസ്ലി എന്നിവർ മക്കളാണ്. സംസ്ക്കാരം ഞായറാഴ്ച രാവിലെ 10.30 ന് സൈന്റ്റ് ജോ സഫ് ചർച്ചിൽ സംസ്ഥാന ബഹുമതികളോടെ നടത്തും. 

1939‑ൽ ഏറണാകുളം കരീത്തറ വീട്ടിൽ കെ. ആർ. മാത്യുവിന്റെയും ലുഥീനയുടെയും മകനായി ജനിച്ചു. എറണാകുളം മഹാരാജാസ് കോളേജിൽ എം. എ വിദ്യാർഥിയായിരിക്കെ 1961 ൽ കേരളപ്രകാശം എന്ന പത്രത്തിൽ സഹപത്രാധിപരായി മാധ്യമ ജീവിതത്തിന് തുടക്കം കുറിച്ചു. അതിനു ശേഷം ദേശബന്ധു, കേരളഭൂഷണം എന്നീ പത്രങ്ങളിൽ പ്രവർത്തിച്ചു. എക്കണോമിക് ടൈംസ്, ദി ഹിന്ദു തുടങ്ങിയ പത്രങ്ങളിൽ പ്രവർത്തിച്ച അദ്ദേഹം യു. എൻ. ഐ വാർത്താ ഏജൻസിയിലും പ്രവർത്തിച്ചു. മംഗളം ദിനപത്രത്തിന്റെ ജനറൽ എഡിറ്റർ പദവിയിലിരിക്കെ സജീവ പത്രപ്രവർത്തന രംഗത്ത് നിന്ന് വിരമിച്ചു. മത്തായി മാ‍ഞ്ഞൂരാന്റെ ജീവചരിത്രവും മൂന്ന് നോവലുകളും 2 യാത്രാ വിവരണവും രചിച്ചു. രണ്ടു തവണ കേരള പത്രപ്രവർത്തക യൂണിയന്റെ സംസ്ഥാന പ്രസിഡന്റായിരുന്ന അദ്ദേഹം ഇന്ത്യൻ ഫെഡറേഷൻ ഓഫ് വർക്കിങ് ജേർണലിസ്റ്റ് സെക്രട്ടറി ജനറലുമായിരുന്നു. 

നിർഭയ പത്രപ്രവർത്തകനുള്ള സഹോദരൻ കെ അയ്യപ്പൻ അവാർഡ് (1999), മികച്ച കോളമിസ്റ്റിനുള്ള ശിവറാം അവാർഡ് (1997), ഓൾഇന്ത്യ കാത്തലിക് യൂണിയൻ ലൈഫ് ടൈം അവാർഡ് (1994), അമേരിക്കയിൽ നിന്നുള്ള ഫൊക്കോന അവാർഡ് (1992), ബാർബറി മസ്ജിദ് തകർത്തതിനെ കുറിച്ച് മലയാള പത്രങ്ങളിൽ എഴുതിയ ഏറ്റവും നല്ല മുഖപ്രസംഗത്തിനുള്ള മുട്ടത്ത് വർക്കി ഫൗണ്ടേഷൻ അവാർഡ് (1993), ഷിക്കാഗോ കേരള എക്സ്പ്രസ് റൈറ്റേഴ്സ് അവാർഡ് (1998), കേരള കാത്തലിക് ബിഷപ് കോൺഫറൻസ് അവാർഡ് (2000), പ്രഥമ കേസരി രാഷ്ട്രിയ പുരസ്കാരം (2006), സി പി ശ്രീധരൻ മെമ്മോറിയൽ ജേർണലിസ്റ്റ് അവാർഡ് (2006), മുസ്ലിം യൂത്ത് ലീഗ് ഏർപ്പെടുത്തിയ റെഹിം മേച്ചേരി അവാർഡ് (2005), അക്ഷര പ്രതിഭാ പുരസ്കാരം (2007), റോട്ടറി ഇന്റർനാഷ്ണൽ ലൈഫ് ടൈം അച്ചിവ്മെന്റ് അവാർഡ് (2012), ടെലിഗ്രാഫ് ഡെയ്ലിയുടെ കെവി ദാനിയേൽ അവാർഡ് (2012), ഫ്രെയിം മീഡിയ ജേർണലിസം ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ് (2012) എന്നിവയ്ക്ക് അർഹനായിട്ടുണ്ട്. 

സ്വപ്ന എന്റെ ദുഖം, മോഹം എന്ന പക്ഷി, മനസിൽ എന്നും മഞ്ഞുക്കാലം, പ്രാവുകളുടെ മർമ്മരം (നോവൽ), തുറന്ന മനസോടെ പുതിയ ചൈനയിൽ, ആതോസ് മലയിൽ നിന്ന്, മേഘമേലാപ്പിലൂടെ നീണ്ട യാത്രകൾ (യാത്രാവിവരണം) പത്ത് ലക്ഷം ഭാര്യമാരുടെ ശാപമേറ്റ കേരളം, അയോദ്ധ്യയിലെ ശ്രീരാമൻ ഒരു പോസ്റ്റുമോർട്ടം, കറുത്ത പൂച്ചകൾ ചുവന്ന പൂച്ചകൾ (ലേഖനങ്ങൾ), ഇരുളും വെളിച്ചവും (നാല് ഭാഗങ്ങൾ) ഗാന്ധി അബ്ദുള ഗാന്ധി ഗോഡ്സെ (പഠനം), കാലത്തിന്റെ മുൻപെ നടന്ന മാഞ്ഞുരാൻ (ജീവചരിത്രം), മരിച്ചവരുടെ ഓർമയ്ക്ക് മരിച്ചവർക്ക് പൂച്ചെണ്ടുകൾ (സ്മരണകൾ) മിസിസ് സാറാമ്മയുടെ പൊമേറേനിയൻ (ഹാസ്യം) എന്നിവയാണ് പ്രസിദ്ധികൃതമായ കൃതികൾ. 

സെമിനാറുകളിൽ പ്രബന്ധങ്ങൾ അവതരിപ്പിക്കുന്നതിനു പ്രസംഗിക്കുന്നതിനുമായി അമേരിക്ക, ബ്രിട്ടൻ, ഫ്രാൻസ്, സോവിയറ്റ് യൂണിയൻ, ചൈന, ജെർമ്മിണി, ഇറ്റലി, കാനഡ, ഗ്രീസ്, സ്വിറ്റ്സർലാന്റ്, ബെൽജിയം, പോളണ്ട്, ബൾഗേറിയ, ചെക്ക്സ്ലോവിക്കിയ, ഹോളണ്ട്, കൊറിയ, തായിലാൻഡ്, പാക്കിസ്ഥാൻ, സിംഗപ്പൂർ, മെക്സിക്കോ, ശ്രീലങ്ക, നേപ്പാൾ, മലേഷ്യ, ദുബായ്, ബീഹാറിന്, ഖത്തർ തുടങ്ങിയ പല വിദേശ രാജ്യങ്ങൾ സന്ദർശിച്ചിട്ടുണ്ട്. മംഗളം ദിനപത്രത്തിൽ നിന്നും സ്വയം വിരമിച്ച ശേഷം ഏറെ നാൾ സ്വതന്ത്രമായ പത്രപ്രവർത്തനം നടത്തിയിരുന്നു. മുഖ്യമായും ഒരു കോളമിസ്റ്റ് എന്ന നിലയിലായിരുന്നു പ്രവർത്തനം മംഗളം വാരികയിൽ 28 വർഷമായി ‘ഇരുളും വെളിച്ചവും‘എന്ന പംക്തിയും മംഗളം ദിനപത്രത്തിൽ 20 വർഷമായി ‘തുറന്ന മനസ്സോടെ ’ എന്ന പംക്തിയും എഴുതി. ഇതിനുപുറമെ സൗദി അറേബിയയിൽ നിന്നും പ്രസിദ്ധികരിക്കുന്ന ‘മലയാളം ന്യൂസ്‘ദിനപത്രം, അമേരിക്കയിൽ പ്രസിദ്ധികരിക്കുന്ന ‘കേരള എക്സ്പ്രസ്സ്’ മലയാളം പത്രം, മലയാളിസംഗമം എന്നെ വാരികകളും ജനനി മാഗസിൻ എന്നിവയിലും അദ്ദേഹം തന്റെ കെെയ്യോപ്പ് പകർത്തി. കേരളത്തിലെ സർവകലാശാലകളിലും കേരളാ പ്രസ് അക്കാദമി, ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ട്കളിലും ക്ലാസ്സുകളെടുത്തിട്ടുണ്ട്. 

ENGLISH SUMMARY:Leading jour­nal­ist KM Roy has passed away
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.