27 July 2024, Saturday
KSFE Galaxy Chits Banner 2

പല്ലുകൾ നഷ്ടപ്പെടല്‍ വാര്‍ധക്യത്തെ ക്ഷണിച്ചുവരുത്തും .…ജീവിതാവസാനം വരെ സംരക്ഷിക്കാം നമ്മുടെ പല്ലുകളെ

അജയ് കുമാര്‍ കരിവള്ളൂര്‍
October 13, 2022 10:58 am

വ്യക്തിശുചിത്വത്തില്‍ നാം ഏറെ ശ്രദ്ധ പുലര്‍ത്തുന്നവരാണെങ്കില്‍ ദന്തശുചിത്വത്തില്‍ കാണിക്കുന്ന അവഗണന പല്ലുകളുടെ വാര്‍ധക്യാവസ്ഥ വേഗത്തിലാക്കുന്നു. പൊതുവെ പറഞ്ഞാല്‍ മലയാളികളില്‍ 40 വയസ്സ് കഴിയുന്നതോടുകൂടി പല്ലുകള്‍ക്ക് വാര്‍ധക്യാവസ്ഥ പിടിപെടുന്നു. അതായത് മധ്യവയസ്സില്‍ത്തന്നെ വായയും പല്ലുകളും വാര്‍ധക്യാവസ്ഥയിലെത്തുന്നു. പലപ്പോഴും ദന്തക്ഷയം അഥവാ പല്ല് പോട് ബാധിച്ച് ഒന്നില്‍ കൂടുതല്‍ പല്ലുകള്‍ എടുത്തുമാറ്റുക, കലശലായ മോണരോഗം ബാധിച്ച് പല്ലുകള്‍ ഇളകിയാടുക, അസഹ്യമായ വായ്‌നാറ്റം, പല്ല് പുളിപ്പ് തുടങ്ങി പല്ലുകളെ ബാധിക്കുന്ന രോഗങ്ങള്‍ വളരെയേറെയാണ് മധ്യവയസ്സില്‍തന്നെ. പലപ്പോഴും വേണ്ടത്ര രീതിയിലുള്ള അവബോധവും അജ്ഞതയുംമൂലമാണ് ഇത് സംഭവിക്കുന്നത്.

1. വാര്‍ധക്യത്തില്‍ പല്ലുകളെ ബാധിക്കുന്ന രോഗങ്ങള്‍: വാര്‍ധക്യാവസ്ഥയില്‍ ശരീരത്തിന് പൊതുവായി ഉണ്ടാകുന്ന രോഗാവസ്ഥകള്‍ പല്ലുകളെയും ബാധിക്കും. പ്രധാനമായും ദന്തക്ഷയം, മോണരോഗം ബാധിച്ച് പല്ലുകളുടെ അസ്ഥി ദ്രവിച്ചുപോകുന്ന രോഗമായ പെരിയോഡോന്റിസ് പല്ല് പുളിപ്പ്, വായുണങ്ങല്‍ തുടങ്ങിയവയാണ് പല്ലുകളെ പ്രധാനമായും ബാധിക്കുന്ന രോഗങ്ങള്‍.
2. ദന്തക്ഷയം: ദന്തക്ഷയം തുടക്കത്തില്‍ത്തന്നെ കണ്ടെത്തുന്നില്ലെങ്കില്‍ പലപ്പോഴും 60 വയസ്സ് കഴിഞ്ഞാണ് പല്ലുവേദന അനുഭവപ്പെടുന്നതെങ്കില്‍ ഈ ഘട്ടത്തില്‍ പല്ല് എടുത്തുമാറ്റുക മാത്രമെ വഴിയുള്ളൂ. ദുര്‍ബലമായ മോണയായതിനാല്‍ ഈ പ്രായത്തില്‍ റൂട്ട് കനാല്‍ ചികിത്സപോലുള്ളവ ചെയ്ത് പല്ലുകളെ സംരക്ഷിക്കാന്‍ സാധ്യമല്ല.

3. പല്ല് പുളിപ്പ്: ഭൂരിഭാഗം പേരിലും ഈ രോഗാവസ്ഥ കാണപ്പെടുന്നു. പല്ലിന്റെ ബാഹ്യ ആവരണമായ ഇനാമല്‍ തെറ്റായ രീതിയിലുള്ള ബ്രഷിങ് രീതികൊണ്ടും സ്വാഭാവിക തേയ്മാനംകൊണ്ടും നഷ്ടപ്പെടുമ്പോള്‍ വാര്‍ധക്യാവസ്ഥയില്‍ അസഹ്യമായ പല്ല് പുളിപ്പ് അനുഭവപ്പെടുന്നു. ഭൂരിഭാഗം പല്ലുകളെയും ഈ പല്ല് പുളിപ്പ് ബാധിക്കുന്നതിനാല്‍ പ്രത്യേക ചികിത്സകള്‍ നല്‍കുവാന്‍ സാധിക്കുന്നില്ല. എന്നാല്‍, പല്ലുകളും മോണയും ചേരുന്ന ഭാഗത്താണ് കൂടുതല്‍ തേയ്മാനം സംഭവിക്കുന്നതെങ്കില്‍ ഗ്ലാസ് അയന്നോമര്‍ എന്ന പ്രത്യേകതരം ഫില്ലിങ് മെറ്റീരിയല്‍ ഉപയോഗിച്ച് പല്ല് ഫില്ല് ചെയ്ത് സംരക്ഷിക്കാവുന്നതാണ്. സ്വാഭാവികമായി ഉണ്ടാകുന്ന പല്ല് തേയ്മാനത്തിന് പ്രത്യേകതരം ആന്റി സെന്‍സിറ്റിവിറ്റി ടൂത്ത് പേസ്റ്റുകള്‍ വിപണിയില്‍ സുലഭമാണ്. അതോടൊപ്പം ബ്രഷിങ് രീതിയില്‍ മാറ്റംവരുത്തി ശരിയായ രീതിയില്‍ ബ്രഷ് ചെയ്യാനും ശ്രദ്ധിക്കണം. സോഫ്ട്, മീഡിയം ബ്രഷുകള്‍ ഉപയോഗിച്ച് ബ്രഷ് ചെയ്യുന്നതാണ് നല്ലത്.

4. വായുണങ്ങല്‍: പൊതുവെ വാര്‍ധക്യാവസ്ഥയില്‍ കാണുന്ന ഒരു രോഗമാണ് വായുണങ്ങല്‍. പ്രത്യേകിച്ച് രക്തസമ്മര്‍ദം, പ്രമേഹം തുടങ്ങി വിവിധ രോഗങ്ങള്‍ക്കുള്ള ഔഷധങ്ങളുടെ ഉപയോഗം കൂടി ആകുമ്പോള്‍ വായുണങ്ങളിന്റെ തീവ്രത വര്‍ധിക്കുന്നു. ഇങ്ങനെ വായയില്‍ തുപ്പല്‍ കുറയുമ്പോള്‍ ഇത് പല്ലുകളില്‍ റൂട്ട് ഡെന്റല്‍ കാരിയറിനും അസഹ്യമായ വായ്‌നാറ്റത്തിലേക്കും വഴിതെളിക്കുന്നു. അതിനാല്‍ വായുണങ്ങല്‍ തടയാന്‍ പ്രത്യേകം ശ്രദ്ധിക്കണം. കൂടുതല്‍ വെള്ളം കുടിക്കുന്നത് ശീലമാക്കുക. അതോടൊപ്പം വായുണങ്ങല്‍ തടയാന്‍ പ്രത്യേകതരം കൃത്രിമമായ സലൈവ ഇന്ന് ലഭ്യമാണ്.

5. പ്രമേഹവും മോണരോഗവും: ഇന്ന് ഏറ്റവുമധികം ആള്‍ക്കാരില്‍ പിടിപെട്ടിട്ടുള്ള ഒരു രോഗമാണ് പ്രമേഹവുമായി ബന്ധപ്പെട്ട് രൂപാന്തരപ്പെടുന്ന മോണരോഗം. വായയില്‍ ഒരുതരം ചെടിപ്പിക്കുന്ന മണവും ഉണ്ടാകുന്നു ഇത്തരക്കാരില്‍. പലപ്പോഴും രാവിലെയും മറ്റും ഉറങ്ങി എഴുന്നേല്‍ക്കുമ്പോള്‍ പല്ലിലും വായയിലും രക്തം കട്ടകെട്ടിയതായി കാണപ്പെടുന്നു. അതോടൊപ്പം മോണരോഗം കലശലായ ഇത്തരക്കാരില്‍ പല്ലുകള്‍ ഇളകിയാടുന്നതും സ്വാഭാവികമാണ്. ഇങ്ങനെ മോണരോഗം ബാധിച്ചവര്‍ ഫലപ്രദമായ ചികിത്സ തേടുകയാണെങ്കില്‍ പ്രമേഹത്തിന് കഴിക്കുന്ന ഗുളികകളുടെ ഡോസും കുറയ്ക്കുവാന്‍ സാധിക്കുമെന്ന് ഒരു പഠനറിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. അതുകൊണ്ട് പ്രമേഹരോഗികള്‍ 6 മാസത്തിലൊരിക്കലെങ്കിലും പല്ല് നിര്‍ബന്ധമായും പ്രൊഫഷണല്‍ ക്ലീനിങ് ചെയ്യേണ്ടതാണ്.

6. എപ്പോള്‍ കൃത്രിമ പല്ല് വെക്കണം? പല്ലുകള്‍ അടച്ച് സംരക്ഷിക്കുവാന്‍ സാധിക്കാതെ എടുത്തുമാറ്റേണ്ടിവന്നാല്‍ കൃത്രിമപ്പല്ല് വെക്കുന്നതിനെക്കുറിച്ച് ആലോചിക്കാവുന്നതാണ്. ഇങ്ങനെ രണ്ടോ മൂന്നോ പല്ലുകള്‍ എടുത്തുമാറ്റേണ്ടിവരുമ്പോള്‍ത്തന്നെ അത് ശരിയായ രീതിയില്‍ ഭക്ഷണം കഴിക്കുന്നതിനും ഉച്ചാരണശുദ്ധിയോടെ സംസാരിക്കുന്നതിനും മുഖസൗന്ദര്യത്തെയും സാരമായി ബാധിക്കുന്നു. കൂടുതല്‍ പല്ലുകള്‍ നീക്കം ചെയ്യേണ്ടിവരുമ്പോള്‍ ഇതിന്റെ തീവ്രത കൂടുന്നു. ഒന്നോ രണ്ടോ പല്ലുകള്‍ നഷ്ടപ്പെടുകയാണെങ്കില്‍ സാധാരണയായി ബ്രിഡ്ജ് എന്ന് പറയുന്ന സ്ഥിരം കൃത്രിമ പല്ലുകള്‍ വെക്കുന്നതാണ് നല്ലത്. കൂടുതല്‍ പല്ലുകള്‍ നഷ്ടപ്പെടുകയാണെങ്കില്‍ എടുത്തുമാറ്റുന്ന രീതിയിലുള്ള ആക്രിലികിന്റെ എടുത്തുമാറ്റാവുന്ന പല്ലുകള്‍ വെക്കാവുന്നതാണ്. പല്ല് നഷ്ടപ്പെട്ട് 6 മാസത്തിനുള്ളില്‍തന്നെ കൃത്രിമ പല്ലുകള്‍ വെക്കുന്നതാണ് നല്ലത്. പല്ലുകളുടെ അസ്ഥിക്കുള്ളിലേക്ക് സ്‌ക്രൂ ചെയ്ത് ഫിറ്റ് ചെയ്യുന്ന ഇംപ്ലാന്റ് പല്ലുകളും ഇന്ന് ലഭ്യമാണ്. പല്ല് നഷ്ടപ്പെട്ടാല്‍ കൃത്രിമപ്പല്ല് വെച്ച്, അത് പുനഃസൃഷ്ടിക്കുന്നതാണ് നല്ലത്. അല്ലെങ്കില്‍ അത് മറ്റ് പല്ലുകളുടെ ആരോഗ്യത്തെകൂടി ബാധിക്കും.

ഓര്‍ക്കുക, വാര്‍ധക്യാവസ്ഥയില്‍ മറ്റു രോഗാവസ്ഥയ്‌ക്കൊപ്പം പല്ലുകള്‍ക്കും രോഗം പിടിപെടുകയാണെങ്കില്‍, അത് രോഗതീവ്രത കൂട്ടുന്നു. അതുകൊണ്ട് ദന്തപരിചരണത്തിലും സംരക്ഷണത്തിലും നല്ല ശ്രദ്ധ പതിപ്പിക്കുക; ജീവിതാന്ത്യംവരെ സ്വന്തം പല്ലുകളെ രോഗം ബാധിക്കാതെ സംരക്ഷിക്കുക.

അജയ്കുമാര്‍ കരിവെള്ളൂർ
സീനിയർ ഡന്റൽ ഹൈജീനിസ്റ്റ്
ജില്ലാ ആശുപത്രി
കണ്ണൂർ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.