1 May 2024, Wednesday

Related news

September 20, 2023
September 19, 2023
August 5, 2023
February 22, 2023
September 18, 2022
September 11, 2022
August 24, 2022
August 3, 2022
July 26, 2022
July 12, 2022

ഓണം ബമ്പറിനെതിരെ ലോട്ടറി മാഫിയ

ഡാലിയ ജേക്കബ്
ആലപ്പുഴ
August 3, 2022 4:23 pm

കേരള ലോട്ടറിയുടെ ഓണം ബമ്പറിനെതിരെ സമൂഹമാധ്യമങ്ങളിൽ വ്യാജപ്രചരണം നടക്കുന്നതില്‍ നിയമനടപടിയുമായി ലോട്ടറി വകുപ്പ്.
ചരിത്രത്തിലാദ്യമായി 25 കോടി രൂപ ഒന്നാം സമ്മാനം നൽകുന്നു എന്ന പ്രത്യേകത ഇത്തവണത്തെ ഓണം ബമ്പറിനുണ്ട്. സമ്മാനത്തുക വർധിപ്പിച്ചതോടെയാണ് സമൂഹമാധ്യമങ്ങളിലൂടെ വ്യാജപ്രചാരണങ്ങൾ രൂക്ഷമായത്. ആകർഷകമായ സമ്മാനഘടനയിൽ വമ്പൻ കച്ചവടം നടക്കുന്നത് തടയാൻ ലക്ഷ്യമിട്ടാണ് പ്രചരണമെന്ന് വകുപ്പ് വൃത്തങ്ങൾ പറയുന്നു. അന്യസംസ്ഥാന ലോട്ടറി മാഫിയകളാണ് വ്യാജപ്രചരണങ്ങൾക്ക് പിന്നിൽ.
ബമ്പർ ടിക്കറ്റുകളുടെ ഒന്നാംസമ്മാനം അടിക്കുന്നത് വിറ്റഴിക്കാത്ത ടിക്കറ്റിനാണെന്നാണ് വ്യജപ്രചരണം നടക്കുന്നത്. അവകാശികളുള്ള ടിക്കറ്റുകൾക്ക് പലപ്പോഴും പണം കൈമാറുന്നില്ലെന്നും കാസർകോട് ഓണം ബമ്പർ, എറണാകുളത്തെ ക്രിസ്മസ് — ന്യൂഇയർ ബമ്പർ, തിരുവനന്തപുരത്തെ ഈസ്റ്റർ- വിഷു ബംപർ എന്നിവയുടെ ഭാഗ്യവാന്മാരെ കണ്ടെത്താനായിട്ടില്ലന്നും കണ്ടെത്തിയാലും സമ്മാനത്തുക കൈമാറാൻ സർക്കാരിന്റെ സാമ്പത്തിക പ്രതിസന്ധികൾമൂലം സാധിക്കുന്നില്ല എന്നൊക്കെയാണ് മറ്റ് ആരോപണങ്ങൾ. എന്നാൽ പ്രചരണങ്ങൾ അടിസ്ഥാനരഹിതമാണെന്നും ലോട്ടറി ഓഫീസിൽനിന്ന് ഏജന്റിന് കൈമാറാത്ത ടിക്കറ്റുകൾ നറുക്കെടുപ്പിൽ ഉൾപ്പെടുത്തില്ലെന്നും ലോട്ടറി വകുപ്പ് അധികൃതർ പറയുന്നു.
ഏജൻസികൾക്ക് കൈമാറിയ ടിക്കറ്റുകൾ മാത്രമാണ് വിറ്റഴിച്ചവയായി കണക്കാക്കുന്നത്. ബാക്കിയാവുന്ന ടിക്കറ്റുകൾ പ്രത്യേകം മാറ്റിവയ്ക്കും. ഈ ടിക്കറ്റുകൾക്ക് സമ്മാനം അടിച്ചാൽ അപ്പോൾത്തന്നെ റദ്ദുചെയ്ത് വീണ്ടും നറുക്കെടുക്കും. സർക്കാർ പണമെടുക്കുന്നെന്ന് പറയുമ്പോൾ ടിക്കറ്റ് വിറ്റുകിട്ടുന്ന തുക സർക്കാർ ഖജനാവിലേക്ക് വന്നിട്ടാണ് സമ്മാനത്തുക കൊടുക്കുന്നത്. കൃത്യമായ നിയമാവലിയോടെയാണ് ലോട്ടറി നറുക്കെടുപ്പ് നടത്തുന്നതെന്നും അധികൃതർ വ്യക്തമാക്കുന്നുണ്ട്.
കഴിഞ്ഞ വർഷത്തെ ഓണം ബംപർ ഓട്ടോഡ്രൈവർ കൊച്ചി മരട് സ്വദേശി ജയപാലനും ക്രിസ്മസ് ബമ്പർ കോട്ടയത്തെ പെയിന്റിങ് തൊഴിലാളി സദാനന്ദനും വിഷു ബമ്പർ കന്യാകുമാരിക്കടുത്ത് മണവാളക്കുറിച്ചി സ്വദേശികളായ രമേശൻ, ഡോ. പ്രദീപിനുമായിരുന്നു. 

Eng­lish Sum­ma­ry: Lot­tery mafia against Onam bumper

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.