3 December 2024, Tuesday
KSFE Galaxy Chits Banner 2

ഓർമ്മയിൽ തിളങ്ങുന്ന കാലം

മലയാളക്കരയ്ക്ക് ആദ്യമെഡൽ സമ്മാനിച്ച താരത്തിന് ഇന്ന് തൊണ്ണൂറ്
ഷിബു ടി ജോസഫ്
September 8, 2024 8:44 am

ഴുപത്തിരണ്ട് വർഷം മുമ്പ് നടന്നൊരു സംഭവത്തെക്കുറിച്ചാണ് പറയുന്നത്. 1952 നവംബർ മാസത്തിലെ ആദ്യയാഴ്ചയുടെ അവസാനം. തിരുവനന്തപുരം വി ജെ ടി ഹാളിലേക്ക് അമ്മ മഹാറാണിയും ഗോദവർമ്മ രാജയും അടക്കമുള്ള പ്രമുഖർ എത്തിയിരിക്കുകയാണ്. തിരുക്കൊച്ചി സംസ്ഥാനത്തെ പ്രമുഖരും തിരുവിതാംകൂർ സർbകലാശാലയിലെ അധ്യാപകരും വിദ്യാർത്ഥികളും അടക്കമുള്ളവരും അവിടെ സന്നിഹിതരായിരിക്കുന്നു. വെളുത്തു കൊലുന്നനെയുള്ള ഒരു പെൺകുട്ടിക്ക് അവിടെ സ്വീകരണമൊരുക്കിയിരിക്കുകയാണ്. ഇതിന് ഒരാഴ്ച മുമ്പാണ് ജബൽപൂരിൽ നടന്ന ദേശീയ കായികമേളയിൽ മിടുക്കിയായ ആ പെൺകുട്ടി വെള്ളിമെഡൽ ജേതാവായത്. ചരിത്രത്തിൽ ആദ്യമായി ഒരു വനിതാതാരം മലയാളക്കരയിലേക്ക് ഒരു ദേശീയ മെഡലുമായി എത്തുമ്പോൾ സ്വീകരിക്കാൻ കാത്തിരിക്കുകയാണ് തിരുക്കൊച്ചിയിലെ പ്രമുഖരായ ആളുകൾ. വലിയ സദസിനെ സാക്ഷിയാക്കി അമ്മ മഹാറാണി ആ പെൺകുട്ടി അണിഞ്ഞിരുന്ന കോട്ടിൽ ഒരു സുവർണമുദ്ര അണിയിച്ചു. പ്രമുഖരെല്ലാം അഭിനന്ദനമറിയിച്ച് പ്രശംസകൾ വാരിച്ചൊരിഞ്ഞു. ഐക്യകേരളം രൂപീകൃതമാകുന്നതിന് മുമ്പുതന്നെ മലയാള നാടിന്റെ ഖ്യാതി ദേശീയകായികരംഗത്ത് പ്രശോഭിപ്പിക്കാൻ കഴിഞ്ഞ താരമാണ് ലൂസി പോൾ. ഇന്ന് തൊണ്ണൂറാം വയസിൽ എത്തിനിൽക്കുന്ന കേരളത്തിന്റെ അഭിമാനതാരം കടന്നുവന്ന വഴികളെക്കുറിച്ചും ചരിത്രമുഹൂർത്തങ്ങളെക്കുറിച്ചും നമ്മെ ഓർമ്മിപ്പിക്കുന്നത് ഇന്ന് പ്രകാശിതമാകുന്ന ആത്മകഥയിലൂടെയാണ്.

ലൂസി പോളിന്റെ മെഡൽ നേട്ടത്തിന് കണ്ണീരിന്റെ നനവുണ്ടെന്ന് അവിടെ കൂടിയ പ്രമുഖർക്കെല്ലാമറിയാമായിരുന്നു. 1952 ജൂലൈ 12നാണ് ലൂസിയുടെ പിതാവ് മരിക്കുന്നത്. അതിന് വെറും മൂന്നുമാസത്തിന് ശേഷമാണ് ജബൽപൂരിലേക്ക് മത്സരത്തിനായി പോകുന്നത്. പിതാവിന്റെ മരണം നൽകിയ ആഘാതത്തിനിടയിലും സർവകലാശാല അധികൃതരുടെ നിരന്തരമായ അഭ്യർത്ഥന മൂലം ലൂസി പോൾ മത്സരത്തിനായി ഒരുങ്ങുകയായിരുന്നു. ലൂസി പോളിന്റെ പിതാവിനെ ലോകമറിയും. പ്രശസ്തനായ അധ്യാപകനും എഴുത്തുകാരനും പണ്ഡിതനുമായിരുന്ന പ്രൊഫ. എം പി പോൾ. ലോകസാഹിത്യത്തെ മലയാളത്തിന് പരിചയപ്പെടുത്തിയ എഴുത്തുകാരൻ, മലയാളത്തിന്റെ നിരൂപണസാഹിത്യത്തിന് അടിത്തറയിട്ട വിമർശകൻ, പാശ്ചാത്യ സാഹിത്യദർശങ്ങളെയും മികച്ച എഴുത്തുകാരെയും മലയാളികൾക്ക് മുന്നിലെത്തിച്ച സാഹിത്യസ്നേഹി. അതിലുപരി കേരളത്തിൽ സമാന്തരവിദ്യാഭ്യാസ ധാരയ്ക്ക് തുടക്കമിട്ടയാൾ. എം പി പോൾ ട്യൂട്ടോറിയൽ എന്ന സ്ഥാപനത്തിലൂടെ തൃശൂർ മുതൽ തിരുവനന്തപുരം വരെ തുറന്ന് ആയിരക്കണക്കിന് വിദ്യാർത്ഥികളെ ഉന്നതവിദ്യാഭ്യാസത്തിന്റെ വാതിൽ തുറന്ന് ജീവിതവഴിയിൽ കൈപിടിച്ചു നടത്തിയ അധ്യാപകശ്രേഷ്ഠനായിരുന്നു പ്രൊഫ. എം പി പോൾ. നാൽപ്പത്തിയെട്ടാം വയസിൽ അദ്ദേഹത്തിന്റെ അപ്രതീക്ഷിത മരണമുണ്ടായതോടെ മലയാളക്കര വൻവിവാദത്തിന് കൂടിയാണ് സാക്ഷിയായത്. 

കേരളത്തിലെ സ്വകാര്യകോളജ് മാനേജ്മെന്റുകൾ അധ്യാപകരോട് ചെയ്തിരുന്ന ചൂഷണത്തിനെതിരെ ശബ്ദമുയർത്തുകയും താൻ പഠിപ്പിച്ചിരുന്ന രണ്ട് കോളജുകളുടെയും അധികാരികളായ കത്തോലിക്കാ സഭയ്ക്കെതിരെ നിയമപോരാട്ടം നടത്തി വിജയിച്ച് നഷ്ടപരിഹാരം വാങ്ങിയെടുക്കുകയും ചെയ്ത ധീരനായിരുന്നു പ്രൊഫ. എം പി പോൾ. അതോടെ സഭയുടെ കണ്ണിലെ കൊടിയ ശത്രുവായി അദ്ദേഹം മാറി. അദ്ദേഹത്തിന്റെ മരണത്തിലും സഭാധികാരികൾ ശത്രുത തുടർന്നു. തിരുവനന്തപുരത്ത് വച്ച് മരിച്ച പ്രൊഫ. എം പി പോളിന്റെ മൃതദേഹം പാറ്റൂർ പള്ളിയുടെ തെമ്മാടിക്കുഴിയിൽ സംസ്കരിക്കാനാണ് സഭാധികാരികൾ അനുമതി നൽകിയത്. ഇത് അക്കാലത്ത് സാഹിത്യമേഖലയിൽ മാത്രമല്ല, രാഷ്ട്രീയ‑സാമൂഹിക‑സാമുദായിക രംഗങ്ങളിലും വലിയ കോളിളക്കമുണ്ടാക്കി. ഊ സംഭവവികാസങ്ങൾക്കിടെയാണ് ലൂസി പോൾ ദേശീയ കായികമേളയിൽ മത്സരിച്ചു വിജയിച്ച് തിരിച്ചെത്തിയത്. 

ലൂസി പോൾ എന്ന പതിനെട്ടുകാരിയുടെ കായികനേട്ടങ്ങൾ വിജെടി ഹാളിലെ സ്വീകരണച്ചടങ്ങുകൾക്കൊണ്ട് അവസാനിച്ചില്ല. അടുത്ത വർഷത്തെ ദേശീയ മേളയിൽ റിലേ ടീം വിജയം നേടിയപ്പോൾ നിർണായകമായ പ്രകടനം പുറത്തെടുത്ത് വീണ്ടും ദേശീയ മെഡൽ ജേതാവായി. തിരുക്കൊച്ചിയിൽ 1953ൽ ആദ്യമായി വനിതാ ഹോക്കി ടീം രൂപീകരിച്ചപ്പോൾ പരിശീലകന്റെ കണ്ണിൽ ആദ്യം എത്തിയത് ട്രാക്കുകളിൽ മിന്നൽപിണർ തീർക്കുന്ന ലൂസി പോളിലായിരുന്നു. മൂന്നുമാസത്തെ പരിശീലനത്തിന്റെ പിൻബലത്തിൽ ബിക്കാനീറിൽ നടന്ന ദേശീയ ഹോക്കി ചാമ്പ്യൻഷിപ്പിനെത്തിയ ടീം ആദ്യഘട്ട മത്സരങ്ങളിൽ വിജയം നേടി. ഹോക്കി ജീവശ്വാസമാക്കിയ വടക്കേ ഇന്ത്യൻ സംസ്ഥാനങ്ങളോട് ഏറ്റുമുട്ടി മുന്നേറാനായില്ലെങ്കിലും അഭിമാനകരമായ വിജയങ്ങൾ നേടിയെത്തിയ ടീമിനും വലിയ സ്വീകരണമാണ് ലഭിച്ചത്. തൊട്ടടുത്ത വർഷം നടന്ന ദേശീയ ചാമ്പ്യൻഷിപ്പിൽ ടീമിനെ നയിക്കാൻ നിയുക്തയായത് ലൂസി പോൾ തന്നെയായിരുന്നു. ആ കളികൾ ദേശീയ ടീമിലേക്കുള്ള വഴിതുറന്നു. നെതർലന്റ്സിന്റെ തലസ്ഥാനമായ ആംസ്റ്റർഡാമിൽ വച്ചായിരുന്നു അക്കൊല്ലം ലോക വനിതാഹോക്കി ചാമ്പ്യൻഷിപ്പ് നടന്നത്. അവസാനനിമിഷം ദേശീയ ടീമിൽ ഉൾപ്പെടാൻ കഴിയാതെവന്നതോടെ ഇന്ത്യൻ കുപ്പായത്തിൽ ലോക ഹോക്കി ചാമ്പ്യൻഷിപ്പ് കളിക്കാനുള്ള അവസരം നഷ്ടപ്പെട്ടു. അക്കാലത്ത് മലയാളിതാരങ്ങൾക്ക് വേണ്ടി വാദിക്കാനോ സമ്മർദം ചെലുത്താനോ ആളുകളോ സംവിധാനങ്ങളോ ഒന്നുമുണ്ടായിരുന്നുമില്ല. 

വടക്കേ ഇന്ത്യൻ കായികമേലാളന്മാരുടെ ട്രാക്കിന് പുറത്തുള്ള കളികളിൽ ലൂസി പോൾ എന്ന താരത്തിന് ഇതാദ്യമായല്ല നഷ്ടം സംഭവിക്കുന്നത്. 1952ൽ ജബൽപൂരിൽ നടന്ന ദേശീയ മീറ്റിൽ ലൂസി പോൾ ലോംങ്ജമ്പ് ചാടിയ അവസാനത്തെ ചാട്ടമായിരുന്നു മീറ്റിലെ ഏറ്റവും മികച്ച പ്രകടനം. എന്നാൽ റഫറി അത് ഫൗൾ വിളിച്ചു. പിറ്റിലേക്ക് ചാടിവീഴുന്ന സമയത്തല്ലായിരുന്നു റഫറിയുടെ ഫൗൾവിളി. ഏറ്റവും മികച്ച ദൂരമെത്തിയ ചാട്ടത്തിന്റെ അളവെടുത്തുകഴിഞ്ഞപ്പോഴാണ് അത് ഫൗളാണെന്ന് റഫറി വിധിച്ചത്. മഹാരാഷ്ട്രക്കാരിയായ സ്റ്റെഫി ഡിസൂസ എന്ന കുട്ടിക്ക് അതിനാൽ ഒന്നാം സ്ഥാനം ലഭിച്ചു. ലൂസി പോൾ രണ്ടാം സ്ഥാനക്കാരിയായി. ഒന്നാം സ്ഥാനക്കാരിയുടെ പിതാവ് അതേ നാഷണൽ മീറ്റിലെ റഫറിമാരിൽ ഒരാളായിരുന്നു. അയാളുടെ സ്വാധീനത്തിലാണ് ഒന്നാം സ്ഥാനം നഷ്ടമായതെന്ന് ലൂസിയല്ല ആരോപിച്ചത്. മത്സരങ്ങൾ കാണാൻ ജബൽപൂരിൽ ജോലി ചെയ്തിരുന്ന മലയാളികളായ വ്യോമസേനാ ഉദ്യോഗസ്ഥന്മാർ ഗ്രൗണ്ടിൽ എത്തിയിരുന്നു. മലയാളി താരങ്ങളെ അവർ കയ്യടിച്ച് പ്രോത്സാഹിപ്പിച്ചു. ലൂസിയുടെ പ്രകടനം കണ്ട് അവർ കയ്യടിച്ച് ആർപ്പുവിളിച്ചു. അവരിലൊരാളാണ് മത്സരം കഴിഞ്ഞപ്പോൾ റഫറിമാരുടെ ഒത്തുകളി കൊണ്ടാണ് നമുക്ക് ഒന്നാം സ്ഥാനം നഷ്ടപ്പെട്ടതെന്ന് പറഞ്ഞ് ലൂസിയെ ആശ്വസിപ്പിച്ചത്. പിന്നീട് കായികതാരങ്ങളെ താമസിപ്പിച്ച സ്കൂൾ കെട്ടിടത്തിൽ ഡ്രസ് മാറാനെത്തിയ സമയത്ത് റഫറിമാരെ സഹായിക്കാനെത്തിയ വടക്കേ ഇന്ത്യക്കാരിയായ അധ്യാപികമാരിലൊരാളും കുട്ടിയുടെ ചാട്ടമായിരുന്നു ഏറ്റവും മികച്ചതെന്നും റഫറി മനഃപ്പൂർവം ഫൗൾ ആക്കിയതാണെന്നും അതിലൊന്നും തങ്ങൾക്ക് ഇടപെടാൻ കഴിയില്ലെന്നും അറിയിച്ചിരുന്നു. ഇത്തരം ഇടപെടൽ തന്നെ ലോക ഹോക്കി ചാമ്പ്യൻഷിപ്പിനുള്ള ഇന്ത്യൻ ടീമിലേക്കുള്ള തിരഞ്ഞെടുപ്പിലും പ്രതിഫലിച്ചു. 

തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിൽ ബിഎ പഠനം കഴിഞ്ഞ് തുടർന്നും കായികമേഖലയിൽ ഉറച്ചുനിൽക്കാനായിരുന്നു ലൂസി പോളിന്റെ തീരുമാനം. അതിനായി മദ്രാസിലെ സെയ്ദാപേട്ടിലെ വൈഎംസിഎ കോളജിലെ ഫിസിക്കൽ എജ്യുക്കേഷൻ ഡിപ്ലോമ കോഴ്സിന് ചേർന്നു. ഒരുവർഷത്തെ കോഴ്സ് കഴിഞ്ഞ് തിരിച്ചെത്തിയപ്പോൾ കൊല്ലം ഫാത്തിമ മാതാ കോളജിൽ കായികാധ്യാപികയായി ജോലി ലഭിച്ചു. ജോലി ലഭിച്ചകാലത്തും ഹോക്കി മത്സരങ്ങൾ തുടർന്നു. ദേശീയതലത്തിലുൾപ്പെടെയുള്ള മത്സരങ്ങളിൽ അക്കാലത്തും പങ്കെടുത്തു. രണ്ടുവർഷം കഴിഞ്ഞപ്പോൾ നേരിട്ട് സർവകലാശാല നിയമനം ലഭിച്ച് തിരുവനന്തപുരം ഗവ. വിമൻസ് കോളജിൽ കായികാധ്യാപികയായി. ഇതോടെ കായികതാരത്തിന്റെ വേഷം അഴിച്ചുവച്ച് മുഴുവൻ സമയ കായികപരിശീലകയായി. ഹോക്കി, ബാഡ്മിന്റൺ, ടെന്നീസ്, വോളിബോൾ, ബാസ്ക്കറ്റ് ബോൾ ടീമുകളെ കോളജിൽ സജ്ജമാക്കി. പിന്നീട് എറണാകുളം മഹാരാജാസ് കോളജ്, ചിറ്റൂർ ഗവ. കോളജ്, കോഴിക്കോട് മീഞ്ചന്ത ആർട്സ് കോളജ് എന്നിവിടങ്ങളിലെ സേവനത്തിന് ശേഷം കോഴിക്കോട് ഫിസിക്കൽ എജ്യുക്കേഷൻ കോളജിൽ അധ്യാപികയായി. അഞ്ചുവർഷം അവിടെ പ്രിൻസിപ്പലായി സേവനം അനുഷ്ഠിച്ചശേഷമാണ് സർവീസിൽ നിന്നും വിരമിച്ചത്. 

പ്രൊഫ. എം പി പോളിന്റെയും മേരിയുടെ ഒമ്പതുമക്കളിൽ നാലാമത്തെ മകളായി 1934 സെപ്റ്റംബർ എട്ടിന് വരാപ്പുഴ പുത്തപള്ളിയിലെ തറവാട്ടിലായിരുന്നു ലൂസിയുടെ ജനനം. ചങ്ങനാശേരി ക്ലാരമഠം, എറണാകുളം സെന്റ് തെരേസാസ് ഹൈസ്കൂൾ, ചങ്ങനാശേരി സെന്റ് ജോസഫ്സ് സ്കൂൾ, തിരുവനന്തപുരം ഗവ. വിമൻസ് കോളജ്, തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജ്, മദ്രാസ് വൈ എം സി എ ഫിസിക്കൽ എജ്യുക്കേഷൻ കോളജ് എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. പ്രൊഫ. എം പി പോളും പഠിക്കുന്ന കാലത്ത് അറിയപ്പെടുന്ന ഫുട്ബോൾ താരമായിരുന്നു. അദ്ദേഹത്തിന്റെ മക്കളിൽ ലൂസി മാതക്രമാണ് കായികമേഖലയിൽ ശ്രദ്ധ കേന്ദ്രീകരിച്ചത്. ചങ്ങനാശേരി സെന്റ് ജോസഫ്സ് ഹൈസ്കൂളിൽ എട്ടാം ക്ലാസിൽ പഠിക്കുമ്പോൾ അധ്യാപകരുടെ നിർബന്ധപ്രകാരം ഓട്ടമത്സരത്തിൽ പങ്കെടുത്ത് ഒന്നാം സ്ഥാനം നേടിയതാണ് കായികമേഖലയിലേക്ക് വഴിതിരിയാൻ കാരണം. പത്താം ക്ലാസിൽവച്ച് തിരുക്കൊച്ചി സ്കൂൾ കായികമേളയിൽ ചാമ്പ്യനായി. ഇന്റർമീഡിയറ്റിന് പഠിക്കുമ്പോൾ ഇന്റർ കോളിജിയേറ്റ് ചാമ്പ്യൻപട്ടവും കരസ്ഥമാക്കി. 

തിരുവനന്തപുരം ഗവ. വിമൻസ് കോളജിൽ കായികാധ്യാപികയായി ജോലി ചെയ്യുമ്പോഴാണ് കോഴിക്കോട് സ്വദേശി വർഗീസ് ജോസഫിനെ ജീവിതപങ്കാളിയാക്കിയത്. കോളജ് അധ്യാപനം ഉപേക്ഷിച്ച് വ്യവസായ മേഖലയിൽ ശ്രദ്ധകേന്ദ്രീകരിച്ചയാളായിരുന്നു അദ്ദേഹം. ഇതോടെ ലൂസി പോൾ, ലൂസി വർഗീസായി. കായികാധ്യാപക സ്ഥാനത്തുനിന്നും വിരമിച്ചിട്ടും കളിക്കളത്തിൽ നിന്ന് വിട്ടുനിൽക്കാൻ ലൂസി വർഗീസിനാകുമായിരുന്നില്ല. സംസ്ഥാന വനിതാ ഹോക്കി ഫെഡറേഷന്റെ സംസ്ഥാന പ്രസിഡന്റായി എട്ടുവർഷം പ്രവർത്തിച്ചു. കോഴിക്കോട് ജില്ലാ സ്പോർട്സ് കൗൺസിൽ അംഗമായി. ഇതിനിടെ കാലിക്കറ്റ് സർവകലാശാല സെനറ്റിലും സിൻഡിക്കേറ്റിലും അംഗമായി. നിരവധി ദേശീയ അന്തർദേശീയ മത്സരങ്ങൾ കേരളത്തിൽ എത്തിക്കാനും അത് മികച്ച രീതിയിൽ സംഘടിപ്പിക്കാനും നേതൃത്വം നൽകി. ഓസ്ട്രേലിയ അടക്കം അഞ്ച് വിദേശ ടീമുകൾ പങ്കെടുത്ത ഇന്റർനാഷണൽ വിമൻ ഇൻവിറ്റേഷൻ ഫുട്ബോൾ ടൂർണമെന്റ്, നാഷണൽ വിമൻസ് ഹോക്കി ചാമ്പ്യൻഷിപ്പ്, റഷ്യൻ റെയിൽവേ ടീം അടക്കം പങ്കെടുത്ത ഇന്റർനാഷണൽ വിമൻ വോളിബോൾ ചാമ്പ്യൻഷിപ്പ് തുടങ്ങിയ മത്സരങ്ങളുടെ സംഘാടകയായി. 

ഭർത്താവ് വർഗീസ് ജോസഫ് നേതൃത്വം നൽകുന്ന ചെരുപ്പ് വ്യവസായത്തിനോട് അനുബന്ധമായി വനിതകളുടെ വ്യവസായ യൂണിറ്റിന് നേതൃത്വം നൽകാനും അത് കാര്യക്ഷമമായി മുന്നോട്ടുകൊണ്ടുപോകാനും വിശ്രമ ജീവിതകാലത്ത് ലൂസി വർഗീസിന് സാധിച്ചു. ഒട്ടേറെ സാമൂഹ്യസംഘടനകളുമായും ബന്ധപ്പെട്ട് പ്രവർത്തിച്ചു. കായികതാരം, കായികപരിശീലക, കായികമത്സരങ്ങളുടെ സംഘാടക എന്നീ നിലയ്ക്ക് ഏഴുപതിറ്റാണ്ടിലേറെക്കാലം കേരളം അറിയുന്ന നിലയിൽ പ്രവർത്തിച്ച പ്രൊഫ. ലൂസി വർഗീസിന്റെ തൊണ്ണൂറാം ജന്മദിനം ഇന്ന് ആഘോഷിക്കുകയാണ് കുടുംബവും കോഴിക്കോട്ടെ കായികപ്രേമികളും. ‘ഓർമ്മയിൽ തിളങ്ങുന്ന കാലം’ എന്ന ആത്മകഥയും ഇതോടൊപ്പം പ്രകാശനം ചെയ്യും. കേരളം മറന്നുപോയ ഒട്ടേറെ കായികപ്രതിഭകളെയും ചരിത്രമുഹൂർത്തങ്ങളെയും പ്രൊഫ. ലൂസി വർഗീസ് തന്റെ ആത്മകഥയിലൂടെ ഓർത്തെടുക്കുന്നുണ്ട്. 

കേരളത്തിന്റെ കായികമേഖലയ്ക്ക് സമാനതകളില്ലാത്ത സേവനങ്ങൾ നൽകിയ പ്രതിഭാധനയായ വനിതയാണ് പ്രൊഫ. ലൂസി വർഗീസ്. സ്വാതന്ത്ര്യത്തിന് മുമ്പുള്ള കാലത്തെക്കുറിച്ചും അന്നത്തെ വിദ്യാഭ്യാസ രീതികളെക്കുറിച്ചും കായികമത്സരങ്ങളെക്കുറിച്ചും പരിശീലനങ്ങളെക്കുറിച്ചുമൊക്കെ ആ പുസ്തകത്തിൽ വിവരിക്കുന്നുണ്ട്. പുതിയ തലമുറയ്ക്ക് വിശ്വസിക്കാൻ പോലും കഴിയാത്ത സാഹചര്യങ്ങളിൽ നിന്ന് കായികമേഖലയിലേക്ക് കടന്നുവന്ന് തിളങ്ങുന്ന വിജയങ്ങൾ നേടിയെടുത്ത് ജീവിതമപ്പാടെ ഗ്രൗണ്ടുകളിൽ നിറഞ്ഞുനിന്ന താരം ഇന്ന് കോഴിക്കോട് വെസ്റ്റ് ഹില്ലിലെ വീട്ടിൽ വിശ്രമജീവിതത്തിലാണ്. അമേരിക്കയിൽ ന്യൂറോ ഫിസിഷ്യനായ ജോ വർഗീസ്, ലീഡർ റബർ ഇൻഡസ്ട്രീസ് എം ഡി പോൾ വർഗീസ് എന്നിവരാണ് മക്കൾ. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.