30 April 2024, Tuesday

കണ്ഠരര് ജോര്‍ജീവരരുടെ കഷ്ടകാലം!

ദേവിക
വാതിൽപ്പഴുതിലൂടെ
March 5, 2024 4:45 am

രു മഹാക്ഷേത്രത്തില്‍ എഴുന്നെള്ളത്തിന് ഒരു ഗജവീരനെ അണിയിച്ചൊരുക്കി നിര്‍ത്തി. തിടമ്പേറ്റി നെറ്റിപ്പട്ടം ചൂടിനില്ക്കുന്ന ആനയെക്കാണാന്‍ ചുറ്റും ആയിരങ്ങള്‍. ഇതെല്ലാം കണ്ട് ആനയ്ക്കാകെ അഭിമാനരോമാഞ്ചം. ഇതിനിടെ എങ്ങാണ്ടുനിന്നോ ഒരു തെരുവുനായ ജനത്തിനിടയിലേക്ക് നുഴഞ്ഞുകയറി ആനയുടെ മര്‍മ്മസ്ഥാനത്ത് ഒരു കടി പാസാക്കിയിട്ട് എങ്ങോ മറഞ്ഞു. പാവം ആന പറഞ്ഞു, ‘എനിക്ക് ഒരു നിലയും വിലയുമുണ്ടായിരുന്നു. ഈ കുരുത്തംകെട്ട നായ അതും ഇല്ലാതാക്കി.’
നമ്മുടെ പ്ലാന്തോട്ടത്തില്‍ ചാക്കോ ജോര്‍ജ് എന്ന പി സി ജോര്‍ജിന്റെ ഇന്നത്തെ ദയനീയാവസ്ഥ കണ്ടപ്പോഴാണ് നാണംകെട്ട ആനയുടെ കഥ ഓര്‍ത്തുപോയത്. സ്വന്തമായി ജനപക്ഷം എന്നൊരു പാര്‍ട്ടിയുണ്ടാക്കി മകന്‍ ഷോണ്‍ ജോര്‍ജുമായി മദയാനയെപ്പോലെ മദിച്ചുനടന്നതാണ്. ആരെ കണ്ടാലും തോക്കെടുക്കും, തായ്ക്കൊണ്ടാ കരാട്ടേ പയറ്റും, വാള്‍പ്പയറ്റു നടത്തും. വേണ്ടിടത്തും വേണ്ടാത്തിടത്തും മണിപ്രവാള പ്രഭാഷണം. എല്ലാം ജനപക്ഷം എന്ന പാര്‍ട്ടിയുടെ തിടമ്പേറ്റി നടത്തിയ കലാപരിപാടികള്‍. എന്തുചെയ്യാന്‍ കഷ്ടകാലത്തിന് പിസിക്ക് ഒരു ഉള്‍വിളി. ജനപക്ഷം പിരിച്ചുവിട്ട് ബിജെപിയായാലോ. തന്തപ്പടിയും മോനും നെരെ ഡല്‍ഹിക്ക് പറന്ന് ബിജെപിയും സംഘിയുമായി. ഉപാധി പത്തനംതിട്ട ലോക്‌സഭാ സീറ്റെന്നാണ് കേട്ടത്.


ഇതുകൂടി വായിക്കൂ: കൂട്ടം തെറ്റിയ കുഞ്ഞാട്


‘താമരക്കുമ്പിളല്ലോ മമഹൃദയം’ എന്നുപാടി ബിജെപിയില്‍ ചേര്‍ന്നതോടെ ശനിദശയും ആരംഭിച്ചു. താമരക്കുളക്കടവില്‍ താഴത്തെ കല്പടവില്‍’ താമര നോക്കിയിരിക്കാനായിരുന്നു വിധി. പത്തനംതിട്ട കുളത്തിലെ മണ്‍തിട്ടയിലിരുന്ന് പാവം ആത്മഗതം കൂറി; വഴിയേ പോയ വയ്യാവേലി പിടിച്ചു തലയില്‍ വയ്ക്കേണ്ടായിരുന്നു. വിളിച്ചുണര്‍ത്തിയിട്ട് അത്താഴമില്ലെന്നു പറഞ്ഞപോലെയായി. വേലിയിലിരുന്ന പാമ്പിനെപ്പിടിച്ച് വേണ്ടാത്തിടത്ത് വയ്ക്കേണ്ടായിരുന്നു. പത്തനംതിട്ട സീറ്റ് എ കെ ആന്റണിയുടെ പൊന്നോമനപുത്രന്‍ അനില്‍ ആന്റണിക്ക്. ഇതെന്തേ ഇങ്ങനെയെന്നു ചോദിച്ചപ്പോള്‍ പാര്‍ട്ടി അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ പറഞ്ഞത് വിളിക്കാതെ വന്നാല്‍ ഉണ്ണാതെ പോകാം എന്ന്. തനിക്ക് സീറ്റ് നിഷേധിച്ചതിന് പിന്നില്‍ വെള്ളാപ്പള്ളിയും മകന്‍ തുഷാറും മുഖ്യമന്ത്രി പിണറായിയുമെന്ന് പി സി കട്ടായമായി കരുതുന്നു. വായ്ത്തലപോയ കോടാലിയാണ് പിസിയെന്ന് തുഷാര്‍. താന്‍ പലതും വിളിച്ചുപറയുമെന്ന് പിസിയുടെ മുന്നറിയിപ്പുകേട്ട് സുരേന്ദ്രന്‍ പാടുന്നു; ‘എന്തിനു പാഴ്‌ശ്രുതി മീട്ടുവതിനിയും തന്ത്രികള്‍ പൊട്ടിയ തംബുരുവില്‍.’ ഒടുവില്‍ പൂഞ്ഞാറിലെ കോലായിലെ ചാരുകസേരയില്‍ കിടന്ന് പിസി ഭാര്യ കേള്‍ക്കെ പാടുന്നു; കരളിലെ ഓളവും കരളിലെ മോഹവും അടങ്ങുകില്ലോമനേ അടങ്ങുകില്ല.’


ഇതുകൂടി വായിക്കൂ: വ്യത്യസ്തനാമൊരു ബാര്‍ബറാം അംബാനി


1250 കോടി രൂപയുണ്ടെങ്കില്‍ എന്തുചെയ്യാം എന്ന് ചോദിച്ചാല്‍ മിക്കവരും പറയും പട്ടിണിക്കുരുന്നുകള്‍ക്ക് വര്‍ഷങ്ങളോളം ഒരു നേരത്തെ ആഹാരം നല്കാമെന്ന്. ഇതേ ചോദ്യം മോഡിയോട് ചോദിച്ചാലോ അദ്ദേഹം പറയും കോര്‍പറേറ്റ് ഭീമനായ മുകേഷ് അംബാനിയുടെ മകന്‍ ജയന്ത് അംബാനിയുടെയും കോടീശ്വരി പുത്രി രാധികാ മര്‍ച്ചന്റിന്റെയും വിവാഹപൂര്‍വ ആഘോഷങ്ങള്‍ക്ക് ചെലവഴിക്കാമെന്ന്. ഡിസംബറിലാണ് കല്യാണമെങ്കിലും മൂന്ന് ദിവസത്തെ വിവാഹപൂര്‍വ ആഘോഷങ്ങള്‍ക്ക് പൊടിച്ചത് 1250 കോടി. അപ്പോള്‍ വിവാഹത്തിന് എത്ര സഹസ്രകോടികളാകും വാരിവിതറുക. വിശ്രുത പോപ്പ് ഗായിക റിയാനയുടെ ഗാനമേളയ്ക്കുമാത്രം 75 കോടി. ലോകമെമ്പാടുമുള്ള അത്യുന്നത വിവിഐപിമാര്‍ക്ക് വന്നിറങ്ങാന്‍ പാക് അതിര്‍ത്തിയിലെ തന്ത്രപ്രധാനമായ സെെനിക വിമാനത്താവളം തന്നെ തുറന്നുകൊടുത്തു. വിമാനത്താവളത്തെ അന്താരാഷ്ട്ര വിമാനത്താവളമായി പ്രഖ്യാപിച്ചു. മൂന്നു ദിവസത്തെ സല്‍ക്കാരങ്ങള്‍ നടന്നത് അംബാനിയുടെ 750 ഏക്കര്‍ വിസ്തൃതിയുള്ള ഉദ്യാനത്തില്‍. ഭക്ഷണമൊരുക്കാന്‍ ലോകമെമ്പാടുമുള്ള പ്രശസ്ത പാചകവിദഗ്ധര്‍. എന്തിന് ഓരോ ദിവസവും ആഘോഷത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് അണിയാന്‍ ഉടയാടകള്‍ നെയ്തത് ലോകോത്തര ഫാഷന്‍ ഡിസെെനര്‍മാരെക്കൊണ്ട്. ചുരുക്കത്തില്‍ ഗിന്നസ് ബുക്കില്‍ പേരുവരാന്‍ പോകുന്നു അംബാനി പുത്രന്റെ പരിണയം. കോടിക്കണക്കിന് ഇന്ത്യക്കാരില്‍ നിന്ന് ഊറ്റിയെടുക്കുന്ന സഹസ്രകോടികളാണ് ഈ വിവാഹമാമാങ്കത്തിന് ധൂര്‍ത്തടിക്കുന്നതെന്നുമാത്രം ആരും മിണ്ടുന്നില്ല.
ഗുരുവായൂരപ്പനും തിരുപ്പതി വെങ്കിടാചല ഭഗവാനും കാണിക്കയര്‍പ്പിക്കുന്നവയില്‍ കള്ളനോട്ടുകളും ചെമ്പില്‍ സ്വര്‍ണം പൂശിയ വിഗ്രഹങ്ങളുമുണ്ടായിരുന്നുവെന്ന് വാര്‍ത്തകള്‍ വരാറുണ്ട്. എന്നാല്‍ ക്രെെസ്തവ ദേവാലയത്തില്‍ മുക്കുപണ്ട കിരീടം കാഴ്ചവച്ചുവെന്ന വാര്‍ത്ത ഇതാദ്യം. ബിജെപി ഗുണാണ്ടറായ സുരേഷ്ഗോപി തൃശൂര്‍ ലൂര്‍ദ് മാതാ പള്ളിയില്‍ മാതാവിന് സമര്‍പ്പിച്ച കിരീടം മുക്കുപണ്ടമായിരുന്നുവെന്ന സംശയമാണ് ഇപ്പോള്‍ ഉയര്‍ന്നുവന്നിരിക്കുന്നത്. കിരീടത്തിന്റെ സ്വര്‍ണാംശം എത്രയെന്ന പരിശോധന നടന്നുവരുന്നു. പക്ഷെ ഇതിനിടെ ദീപക് നാരായണന്‍ എഴുതിയ ഒരു കുറിപ്പാണ് ഇപ്പോള്‍ വെെറലാകുന്നത്. അദ്ദേഹം പറയുന്നു; ‘ഇന്ത്യയുടെ സ്വര്‍ണതലസ്ഥാനമാണ് തൃശൂര്‍. ഇവിടെ സ്വര്‍ണവ്യാപാരികള്‍ മിക്കവരും ക്രെെസ്തവര്‍. കാതിലാടുന്ന ഒരു കമ്മല്‍ കണ്ടാല്‍ത്തന്നെ അതിന്റെ തൂക്കവും മാറ്റുമെല്ലാം നോക്കിപ്പറയുന്നതില്‍ അഗ്രഗണ്യനാണ് തൃശൂരുകാര്‍. അവരുടെ മുഖ്യദേവാലയമാണ് തൃശൂര്‍ ലൂര്‍ദുമാതാപള്ളി. മാതാവിനാണെങ്കില്‍ സ്വര്‍ണത്തെക്കുറിച്ച് ആഫ്രിക്കയിലെ സ്വര്‍ണഖനിയുടമകളെക്കാള്‍ തിട്ടമാണ്.


ഇതുകൂടി വായിക്കൂ: ഒരുപാട് വായിക്കുന്ന സുരേഷ്ഗോപി!


ആ കിരീടം സ്വര്‍ണം പൂശിയ ചെമ്പ് കിരീടമാണെന്നാണ് ഇപ്പോള്‍ വിവാദം. ദരിദ്രനായ ഒരു മരപ്പണിക്കാരന്റെ മാതാവല്ലേ പറ്റിച്ചുകളയാമെന്നാണ് നടന്‍ കരുതിയതെന്നാണ് ദീപക് നാരായണന്റെ പരിഹാസം. ആ മാതാവ് പ്രസവിച്ചതാരെ. പച്ചവെള്ളം വീഞ്ഞാക്കിയവന്‍, അഞ്ചപ്പംകൊണ്ട് കാനായിലെ കല്യാണം നടത്തിയവന്‍. പിശാചുക്കളെ പന്നിക്കൂട്ടിലടച്ചവന്‍, പലിശക്കാരെയും പരീശന്മാരെയും ചാട്ടവാറുകൊണ്ടടിച്ചവന്‍, കല്ലറയില്‍ നിന്ന് ഉയിര്‍ത്തെഴുന്നേറ്റവന്‍, കടലിനുമീതെ നടന്നവന്‍, ഈ കിരീടം ലൂര്‍ദ്‌മാതാവിനെ ചാര്‍ത്തിയയുടന്‍ അത് നിലത്തേക്ക് മറിഞ്ഞുവീണു. കള്ളക്കിരീടമെന്നറിഞ്ഞിട്ടാവണം ലൂര്‍ദ് മാതാവ് സുരേഷ് ഗോപിയോട് വിളിച്ചുപറഞ്ഞുവത്രെ, ‘ഡാ നിന്റെയീ ഉഡായിപ്പ് കിരീടവും കൊണ്ടുപോയ്ക്കോ ക്ടാവേ!’ മാതാവിന്റെ പുത്രന്‍ ഇതൊന്നും അറിഞ്ഞില്ലെന്ന് തോന്നുന്നു. ഇപ്പോള്‍ സുരേഷ് ഗോപി സാക്ഷിയായി അവതരിപ്പിച്ചിരിക്കുന്നത് കിരീടം നിര്‍മ്മിച്ച തട്ടാനെ. അയാള്‍ പറയുന്നു; ‘അദ്ദേഹം തന്റെ പക്കല്‍ കുറച്ച് സ്വര്‍ണം ഏല്പിച്ചിട്ട് എത്രയും ഭാരമുള്ള ഒരു കിരീടം ഉണ്ടാക്കണം. കിരീടം പണിതശേഷം ബാക്കി സ്വര്‍ണം സുരേഷ്‌ഗോപിയെ ഏല്പിച്ചുവത്രെ. പച്ചവെള്ളം വീഞ്ഞാക്കുന്നതുപോലെ, നാഴിയുരിപ്പാലുകൊണ്ട് നാടാകെ കല്യാണം നടത്തുന്നതുപോലെ ഒരു കിരീടനിര്‍മ്മാണം. പരിശോധനയൊന്ന് കഴിയട്ടെ. കര്‍ത്താവുതന്നെ അപ്പോള്‍ രംഗത്തിറങ്ങും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.