27 April 2024, Saturday

Related news

March 8, 2024
February 4, 2024
January 28, 2024
January 10, 2024
December 2, 2023
November 20, 2023
November 11, 2023
October 19, 2023
September 10, 2023
September 5, 2023

മരുന്നുവിലയും കൂടും; കമ്പനികള്‍ കേന്ദ്രസര്‍ക്കാരിനെ സമീപിച്ചു

Janayugom Webdesk
ന്യൂഡല്‍ഹി
November 10, 2021 11:16 pm

കോവിഡ് മഹാമാരിയിലും ഇന്ധന വിലക്കയറ്റത്തിലും തളര്‍ന്ന സാധാരണക്കാര്‍ക്ക് തിരിച്ചടിയായി രാജ്യത്തെ മരുന്ന് വിലയും ഉയരാന്‍ സാധ്യത. ഷെഡ്യൂള്‍ഡ് അല്ലാത്ത മരുന്നുകളുടെ വില വര്‍ധിപ്പിക്കാന്‍ അനുമതി തേടി മരുന്ന് കമ്പനികള്‍ കേന്ദ്ര സര്‍ക്കാരിനെ സമീപിച്ചു.
ഇന്ത്യന്‍ ഡ്രഗ്സ് മാനുഫാക്ചറേഴ്സ് അസോസിയേഷനാണ് (ഐഡിഎംഎ) ആവശ്യമുന്നയിച്ച് ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യ, നിതിആയോഗ്, ഫാര്‍മസ്യൂട്ടിക്കല്‍ വകുപ്പ് സെക്രട്ടറി, നാഷണല്‍ ഫാര്‍മസ്യൂട്ടിക്കല്‍ പ്രൈസിങ് അതോറിറ്റി എന്നിവര്‍ക്ക് നിവേദനം നല്‍കിയിട്ടുള്ളത്. രാജ്യത്തെ ആയിരത്തോളം മരുന്ന് നിര്‍മ്മാണ കമ്പനികള്‍ ചേരുന്ന സംഘടനയാണ് ഐഡിഎംഎ. 

മരുന്നുവില നിയന്ത്രണ ഉത്തരവ് (ഡിപിസിഒ) 19-ാം ഖണ്ഡിക പ്രകാരമുള്ള പ്രത്യേകാധികാരം ഉപയോഗിച്ച് കേന്ദ്രസര്‍ക്കാരിന് ഇക്കാര്യത്തില്‍ തീരുമാനമെടുക്കാം. വിഷയം അനുഭാവപൂര്‍വം പരിഹരിക്കാമെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചതായി സംഘടന പറയുന്നു.
നോണ്‍ ഷെഡ്യൂള്‍ഡ് മരുന്നുകളുടെ വില 20 ശതമാനം വരെ വര്‍ധിപ്പിക്കണമെന്നാണ് ഐഡിഎംഎയുടെ ആവശ്യം. ഈ വിഭാഗത്തിലുള്ള മരുന്നുകളുടെ വില വര്‍ഷംതോറും 10 ശതമാനം വര്‍ധിപ്പിക്കാന്‍ കമ്പനികള്‍ക്ക് അനുവാദമുണ്ട്. കോവിഡ് സാഹചര്യത്തില്‍ ഉല്പാദനച്ചെലവ് ഉയര്‍ന്നതിനാല്‍ 10 ശതമാനം കൂടി വര്‍ധിപ്പിക്കണമെന്നാണ് കമ്പനികളുടെ ആവശ്യം. അസംസ്‌കൃത വസ്തുക്കള്‍, പാക്കേജിങ്, ചരക്ക് നീക്കം തുടങ്ങി എല്ലാത്തിന്റെയും ചെലവ് ഉയര്‍ന്നുവെന്ന് ഐഡിഎംഎ നിവേദനത്തില്‍ പറയുന്നു. വില നിയന്ത്രണമുള്ള ഷെഡ്യൂള്‍ഡ് വിഭാഗത്തിലുള്ള മരുന്നുകള്‍ക്ക് 10 ശതമാനം വില ഉയര്‍ത്തണമെന്നും കമ്പനികള്‍ ആവശ്യപ്പെടുന്നു. 

മരുന്നുകളില്‍ ഉപയോഗിക്കുന്ന ആക്ടീവ് ഫാര്‍മസ്യൂട്ടിക്കല്‍ ഇന്‍ഗ്രീഡിയന്‍സിന്റെ (എപിഐ) വില 15 ശതമാനം മുതല്‍ 130 ശതമാനം വരെ വര്‍ധിച്ചതായി ഐഡിഎംഎ പറയുന്നു. ഗ്ലിസറിന്‍, പ്രൊപ്പലിന്‍ ഗ്ലൈസോള്‍, സിറപ്പുകളില്‍ ഉപയോഗിക്കുന്ന സോള്‍വന്റുകള്‍ എന്നിവയ്ക്ക് 263 ശതമാനം വരെ വില ഉയര്‍ന്നിട്ടുണ്ടെന്നും സംഘടന ചൂണ്ടിക്കാട്ടുന്നു. 

Eng­lish Sum­ma­ry : med­i­cine prices will increase

You may also like this video :

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.