September 28, 2023 Thursday

Related news

September 15, 2023
June 28, 2023
May 20, 2023
March 24, 2023
January 30, 2023
January 19, 2023
January 12, 2023
August 27, 2022
April 4, 2022
August 29, 2021

സംസ്ഥാനത്തെ എല്ലാ സർവ്വകലാശാലകളിലും ആർത്തവാവധിയും പ്രസവാവതിയും; ഉത്തരവിറക്കി

Janayugom Webdesk
തിരുവനന്തപുരം
January 19, 2023 6:48 pm

സംസ്ഥാനത്തെ ഉന്നതവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള എല്ലാ സർവകലാശാലകളിലെയും വിദ്യാർത്ഥിനികൾക്ക് ആർത്തവാവധി അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവായി. 18 വയസ് കഴിഞ്ഞ വിദ്യാർത്ഥിനികൾക്ക് പരമാവധി 60 ദിവസം വരെ പ്രസവാവധിയും അനുവദിച്ചു. രാജ്യത്ത് തന്നെ സർവകലാശാല‑കോളജ് വിദ്യാർത്ഥിനികൾക്കായി ഒരു സംസ്‌ഥാന സർക്കാർ ഇത്തരമൊരു സ്ത്രീപക്ഷ തീരുമാനം കൈക്കൊള്ളുന്നത് ആദ്യമായാണ്. വിദ്യാർത്ഥിനികൾക്ക് ഹാജരിനുള്ള പരിധി ആർത്തവാവധി ഉൾപ്പെടെ 73 ശതമാനമായി നിശ്ചയിച്ചുകൊണ്ടാണ് ഉത്തരവിറക്കിയിരിക്കുന്നത്. സർവകലാശാല നിയമങ്ങളിൽ ഇതിനാവശ്യമായ ഭേദഗതികൾ വരുത്താൻ സർവകലാശാലകൾക്ക് നിർദേശം നൽകിയെന്നും മന്ത്രി ഡോ. ആർ ബിന്ദു പറഞ്ഞു.

വിദ്യാർത്ഥികൾക്ക് ഓരോ സെമസ്റ്ററിലും പരീക്ഷയെഴുതാൻ 75 ശതമാനം ഹാജരാണ് വേണ്ടത്. എന്നാൽ ആർത്തവാവധി പരിഗണിച്ച് വിദ്യാർത്ഥിനികൾക്ക് 73 ശതമാനം ഹാജരുണ്ടായാലും പരീക്ഷയെഴുതാം എന്ന ഭേദഗതി കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയാണ് ആദ്യം കൊണ്ടുവന്നത്. ഈ തീരുമാനം എല്ലാ സർവകലാശാലകളിലും നടപ്പാക്കുന്നത് വിദ്യാർത്ഥിനികൾക്ക് ആശ്വാസമാകുമെന്നതിനാല്‍ പരിഗണിക്കുമെന്ന് ഉന്നതവിദ്യാഭ്യാസമന്ത്രി നേരത്തെ വ്യക്തമാക്കിയിരുന്നു. യുവജനകമ്മിഷനും ഇക്കാര്യം ശുപാര്‍ശ നല്‍കിയിരുന്നു.

സര്‍ക്കാരിന്റെ സ്ത്രീപക്ഷ നിലപാടുകളുടെ ഭാഗം: മുഖ്യമന്ത്രി

ഉന്നതവിദ്യാഭ്യാസ വകുപ്പിനു കീഴിലെ എല്ലാ സർവകലാശാലകളിലെയും വിദ്യാർത്ഥിനികൾക്ക് ആർത്തവാവധിയും പ്രസവാവധിയും അനുവദിച്ചുള്ള സർക്കാർ ഉത്തരവ് ഇടതുപക്ഷ സർക്കാരിന്റെ സ്ത്രീപക്ഷനിലപാടുകളുടെ ഭാഗമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ആർത്തവം ഒരു സാധാരണ ജൈവ പ്രക്രിയയാണെങ്കിലും അത് സ്ത്രീകളിൽ ഏറെ മാനസിക പിരിമുറുക്കങ്ങളും ശാരീരിക അവശതകളും സൃഷ്ടിക്കുന്നുണ്ട്. ആർത്തവദിനങ്ങളിലെ വിവിധ ആരോഗ്യപ്രശ്‌നങ്ങൾമൂലം അധ്യയനം നഷ്ടപ്പെടുന്ന വിദ്യാർത്ഥിനികൾക്ക്‌ ഹാജർ പരിധിയിൽ രണ്ടു ശതമാനത്തിന്റെ ഇളവുനൽകാനാണ് തീരുമാനം. രാജ്യത്ത് തന്നെ സർവകലാശാല‑കോളജ് വിദ്യാർത്ഥിനികൾക്കായി ഒരു സംസ്‌ഥാന സർക്കാർ ഇത്തരത്തില്‍ സ്ത്രീപക്ഷ തീരുമാനമെടുക്കുന്നതെന്ന് ആദ്യമായാണെന്നും മുഖ്യമന്ത്രി ഫേസ് ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി.

Eng­lish Sum­ma­ry: men­stru­al leave and mater­ni­ty leave allowed in all uni­ver­si­ties kerala
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.