10 May 2024, Friday

മിഷന്‍ 2024: പ്രതിപക്ഷപാര്‍ട്ടിയോഗം ഇന്ന്

സ്വന്തം ലേഖകന്‍
ന്യൂഡല്‍ഹി
June 23, 2023 8:51 am

2024 ലോ‌‌‌‌ക്‌സഭാ തെരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ എത്തിനില്‍ക്കെ പ്രതിപക്ഷ പാര്‍ട്ടികളുടെ നിര്‍ണായക യോഗം ഇന്ന് ബിഹാര്‍ തലസ്ഥാനമായ പട്നയില്‍ നടക്കും. യോഗത്തില്‍ പൊതു തെരഞ്ഞെടുപ്പില്‍ ബിജെപി സര്‍ക്കാരിനെ താഴെയിറക്കാനുള്ള തന്ത്രം ആവിഷ്കരിക്കും. പൊതുമിനിമം പരിപാടിയുടെ അടിസ്ഥാനത്തില്‍ മുന്നോട്ടുപോകുന്നതിനുള്ള രൂപരേഖയായിരിക്കും യോഗത്തില്‍ തയ്യാറാവുക. ബിജെപി ഇതര മുഖ്യമന്ത്രിമാരായ മമതാ ബാനര്‍ജി, അരവിന്ദ് കെജ്‌രിവാള്‍, ഹേമന്ദ് സോറന്‍, നീതിഷ് കുമാര്‍, എം കെ സ്റ്റാലിന്‍ എന്നിവരും ബിഹാര്‍ ഉപമുഖ്യമന്ത്രി തേജ്വസി യാദവും യോഗത്തില്‍ പങ്കെടുക്കും. കൂടാതെ സിപിഐ ജനറല്‍ സെക്രട്ടറി ഡി രാജ, സിപിഐ(എം) ജനറല്‍ സെക്രട്ടറി സീതാറം യെച്ചൂരി, കോണ്‍ഗ്രസ് പ്രസിഡന്റ് മല്ലികാര്‍ജുന ഖാര്‍ഗെ, രാഹുല്‍ ഗാന്ധി, അഖിലേഷ് യാദവ്, ഉദ്ധവ് താക്കറെ, എന്‍സിപി പ്രസിഡന്റ് ശരദ് പവാര്‍, സിപിഐഎംഎല്‍ നേതാവ് ദീപാങ്കര്‍ ഭട്ടാചാര്യ എന്നിവരും യോഗത്തിനെത്തും. 

പ്രതിപക്ഷ പാര്‍ട്ടി നേതാക്കളുടെ ഒത്തുചേരല്‍ ശരിയായ ദിശയിലുളളതാണെന്ന് സിപിഐ ജനറല്‍ സെക്രട്ടറി ഡി രാജ അഭിപ്രായപ്പെട്ടു. കര്‍ണാടക തെരഞ്ഞെടുപ്പില്‍ ബിജെപിയെ തറപറ്റിച്ചശേഷമുള്ള പ്രതിപക്ഷ പാര്‍ട്ടി നേതാക്കളുടെ യോഗം അടുത്ത് നടക്കാന്‍ പോകുന്ന സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ പ്രതിഫലിച്ചാല്‍ അത് ബിജെപിക്ക് കടുത്ത തിരിച്ചടിയാകും. മതേതര ജനാധിപത്യ പ്രസ്ഥാനങ്ങളുടെ ഐക്യം ബിജെപിയുടെ ഫാസിസ്റ്റ് രാഷ്ട്രീയത്തിന് അറുതി വരുത്താന്‍ സഹായകരമാകുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. നരേന്ദ്ര മോഡി സര്‍ക്കാരിനെതിരെയുള്ള ആദ്യത്തെ പ്രതിപക്ഷ ഐക്യം സാധ്യമാക്കുകയാണ് യോഗത്തിന്റെ പ്രധാന അജണ്ട. സീറ്റ് വിഭജനം, നേതാവിനെ പ്രഖ്യാപിക്കല്‍ തുടങ്ങിയവ യോഗത്തില്‍ ചര്‍ച്ചയാവില്ല.

മണിപ്പൂര്‍ കലാപം നിയന്ത്രിക്കുന്നതില്‍ ദയനീയമായി പരാജയപ്പെട്ട കേന്ദ്ര സര്‍ക്കാര്‍ നടപടി യോഗത്തില്‍ ചര്‍ച്ചയാകും.
പട്ന അന്നി മാര്‍ഗിലെ നിതീഷ് കുമാറിന്റെ ഔദ്യോഗിക വസതിയിലാണ് പ്രതിപക്ഷ പാര്‍ട്ടി നേതാക്കള്‍ രാവിലെ 11 മുതല്‍ വൈകുന്നേരം നാലുവരെ സമ്മേളിക്കുക. പ്രതിപക്ഷ പാര്‍ട്ടികളെ സ്വാഗതം ചെയ്തുള്ള പോസ്റ്ററുകള്‍ നഗരത്തില്‍ ഇതിനോടകം നിരന്നു കഴിഞ്ഞു. തെലങ്കാനയിലെ ഭരത് രാഷ്ട്രസമിതി, ബിജു ജനതാദള്‍, ബിഎസ്‌പി, വൈഎസ്ആര്‍ കോണ്‍ഗ്രസ് തുടങ്ങിയ പാര്‍ട്ടികളുടെ നേതാക്കള്‍ യോഗത്തില്‍ പങ്കെടുക്കില്ലെന്നാണ് വിവരം.

Eng­lish Summary:Mission 2024: Oppo­si­tion par­ty meet­ing today

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.