നോട്ടുനിരോധനത്തിൽ കേന്ദ്ര സര്‍ക്കാരില്‍ നിന്നും റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയില്‍ നിന്നും വിശദീകരണം തേടി സുപ്രീം കോടതി. 2016ലെ നോട്ട് നിരോധനവുമായി ബന്ധപ്പെട്ട് വിശദമായ സത്യവാങ്മൂലം സമര്‍പ്പിക്കാനാണ് ജസ്റ്റിസ് എസ് എ നസീറിന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ ഭരണഘടനാ ബെഞ്ച് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. വിഷയത്തില്‍ കൂടുതല്‍ അന്വേഷണം നടത്തുമെന്നും സുപ്രീം കോടതി അറിയിച്ചു.
സര്‍ക്കാര്‍ നയങ്ങള്‍ സംബന്ധിച്ച ജുഡീഷ്യല്‍ പരിശോധനകളില്‍ കോടതിയുടെ ‘ലക്ഷ്മണ രേഖ’ എത്രത്തോളമാണെന്ന് പൂര്‍ണമായ ബോധ്യമുണ്ടെന്ന് ബെഞ്ച് പറഞ്ഞു. ഇത്തരത്തിലൊരു വിഷയം ഭരണഘടനാ ബെഞ്ചിന് മുമ്പില്‍ വരുമ്പോള്‍ ഉത്തരം നല്‍കാന്‍ അവര്‍ ബാധ്യസ്ഥരാണെന്നും കോടതി ചൂണ്ടിക്കാട്ടി. ജസ്റ്റിസുമാരായ ബി ആര്‍ ഗവായ്, എ എസ് ബൊപ്പണ്ണ, വി രാമസുബ്രഹ്മണ്യന്‍, ബി വി നാഗരത്ന എന്നിവരായിരുന്നു ബെഞ്ചിലെ മറ്റംഗങ്ങള്‍. നോട്ടു നിരോധം ചോദ്യം ചെയ്തുകൊണ്ട് സമര്‍പ്പിച്ച 50 ഹര്‍ജികളില്‍ വാദം കേള്‍ക്കുകയായിരുന്നു കോടതി.
ആര്‍ബിഐ ചട്ടത്തിലെ വകുപ്പ് 26 പ്രകാരം കറന്‍സി നോട്ടുകള്‍ അസാധുവാക്കാന്‍ കേന്ദ്രത്തിന് പൂര്‍ണ അധികാരമില്ലെന്നാണ് ഹര്‍ജിക്കാരുടെ പ്രധാന വാദം. അങ്ങനെയെങ്കില്‍ സെക്ഷൻ 26 പ്രകാരം 500, 1000 രൂപയുടെ എല്ലാ നോട്ടുകളും അസാധുവാക്കാൻ സർക്കാരിന് അധികാരമുണ്ടോ എന്നതാണ് പ്രധാന ചോദ്യമെന്നും ബെഞ്ച് ചൂണ്ടിക്കാട്ടി.
അതേസമയം ഒരു അക്കാദമിക് വിഷയത്തില്‍ സമയം നഷ്ടപ്പെടുത്തേണ്ടതില്ലെന്നാണ് സബ്മിഷനില്‍ അറ്റോര്‍ണി ജനറല്‍ ആര്‍ വെങ്കട്ടരമണിയും സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയും പറഞ്ഞത്. അതേസമയം നോട്ട് നിരോധനത്തില്‍ സര്‍ക്കാര്‍ തീരുമാനത്തിന്റെ സാധുത ഇപ്പോഴും ചോദ്യചിഹ്നമായി നിലനില്‍ക്കുകയാണെന്ന് മുതിര്‍ന്ന അഭിഭാഷകന്‍ പി ചിദംബരം ചൂണ്ടിക്കാട്ടി. കേസില്‍ അടുത്ത മാസം ഒമ്പതിന് വീണ്ടും വാദം കേള്‍ക്കും.
നേരത്തെ കോടതി വിഷയം പരിഗണിച്ചപ്പോള്‍ സുപ്രീം കോടതി ലക്ഷ്മണ രേഖ ലംഘിക്കുന്നതായി കേന്ദ്ര നിയമമന്ത്രി കിരണ്‍ റിജിജു പ്രസ്താവന നടത്തിയിരുന്നു. 2016 നവംബറിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോഡി അപ്രതീക്ഷിതമായി 500 രൂപയുടെയും 1000 രൂപയുടെയും നോട്ടുകള്‍ നിരോധിച്ചത്. 2017 ഓഗസ്റ്റിൽ, അച്ചടിച്ചതിന്റെ 99 ശതമാനത്തിലേറെ 500, 1000 നോട്ടുകളും തിരിച്ചെത്തിയതായി ആര്‍ബിഐ കണക്കുകൾ പുറത്തുവിട്ടിരുന്നു. 15.41 ലക്ഷം കോടിയുടെ മൂല്യമുള്ള 1000, 500 നോട്ടുകളിൽ 15.31 ലക്ഷം കോടിയും തിരിച്ച് ബാങ്കുകളിലെത്തി. ഇതോടെ കള്ളപ്പണമെവിടെയെന്ന ചോദ്യം രാജ്യത്താകെ ഉയർന്നു. വിപണിയിൽനിന്ന് 85 ശതമാനം പണവും ഒറ്റയടിക്കു നഷ്ടപ്പെട്ടത് സമ്പദ്‌വ്യവസ്ഥയെ ഏറെ പ്രതികൂലമായി ബാധിച്ചിരുന്നു.
English Summary: Modi’s demonetisation:Will check says Constitution Bench
You may like this video also
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.