സൂര്യൻ പടിഞ്ഞാറ് ചാഞ്ഞു തുടങ്ങിയിരുന്നു. ബീച്ചിലെ ആ പഴയ റെസ്റ്റോറന്റ്. ഒരു കോഫിക്കായുള്ള നീണ്ട കാത്തിരിപ്പ്. ”എന്റെ കഥയെഴുതിയാൽ ഏത് പാട്ടാവും നീ തിരഞ്ഞെടുക്കുക?” നിനച്ചിരിക്കാതെയുള്ള അവന്റെ ചോദ്യത്തിനു മുന്നിൽ ഞാനൊന്ന് പതറി. പെട്ടെന്ന് ഓർമ്മയിലോടിയെത്തിയ പാട്ടിന്റെ പല്ലവി മൂളി.
ഒഴുകുന്ന കണ്ണുനീർ തുടച്ചു കൊണ്ടന്നു നാം
വഴി പിരിഞ്ഞെങ്കിലും ഓമലാളേ
പുഴയൊഴുകും വഴി മാറിടും പുത്തനാം
പുളിനത്തിൽ നിന്നെ ഞാൻ തേടിയെത്തും…
അവനെ പോലെ തന്നെ തിരസ്കാരത്തിന്റെയും കണ്ണുനീരിന്റെയും അധികമാരുമറിയാത്ത സ്പന്ദനങ്ങൾ പേറുന്ന മനോഹര ഗാനം. ഭാസ്കരൻ മാഷിന്റെ ഹൃദയത്തിൽ തൊടുന്ന വരികൾക്ക് ദേവരാജൻ മാഷിന്റെ കവിത രചിക്കുന്ന ഈണം. ചില യാത്രകളുണ്ട്. പാതി വഴിയിൽ അവസാനിക്കുന്നവ. ഒപ്പം നടന്ന ആൾ യാത്രപോലും പറയാതെ മറ്റൊരു പാതയിലേക്ക് നടന്നുകയറുമ്പോൾ, ഒറ്റപ്പെട്ട തുരുത്തിൽ അകപ്പെട്ടുപോകുന്ന ഒരാളുടെ ഹൃദയ വേദന ഇതിലും നന്നായെങ്ങനെ വരച്ചിടാനാവും.
അവനാ ഗാനം ആദ്യം കേൾക്കുകയായിരുന്നു. “സംഗീതം വികാരത്തിന്റെ ചുരുക്കെഴുത്താണെന്ന് പറഞ്ഞത് ” ലിയോ ടോൾസ്റ്റോയ് അല്ലേ? ഇതെന്റെ ജീവിതമാണ്. അതിൽ രക്തം പൊടിഞ്ഞിട്ടുണ്ട്. എഴുതുമ്പോൾ അതിനൊരു ഇന്റലക്ച്വൽ ടച്ച് വേണം.
എന്റെ മനസിൽ പെട്ടെന്നോർമ്മ വരുന്നത് ശ്രീകുമാരൻതമ്പിയുടെ വരികളാണ്. ഓർമ്മകൾ തഴുകിയുണർത്തി പിന്നിലേക്ക് കൊണ്ടുപോവുന്നു, ആളൊഴിഞ്ഞ ഒരു കല്യാണ മണ്ഡപത്തിൽ ഒറ്റയ്ക്കായ ഒരു ചെറുപ്പക്കാരനിലേക്ക്. മണ്ഡപം വൃത്തിയാക്കിക്കൊണ്ടു നിന്ന ചേച്ചിയുടെ വാക്കുകൾ ഇപ്പോഴും എന്റെ കാതിൽ മുഴങ്ങുന്നുണ്ട്: “എന്താ മോനേ, വരാനല്പം വൈകിയോ? പെണ്ണും ചെക്കനും ഇപ്പോഴങ്ങട് പോയതേയുള്ളൂ…”
1983 ൽ റിലീസായ ‘വീണപൂവി‘ലെ ജാതിയുടെ വേർതിരിവിൽ പ്രണയം നഷ്ടമായ, വിഷാദ കാമുകൻ ശങ്കർ മോഹൻ, സുഹൃത്തിനോട് പറയുന്ന വാക്കുകൾ, “അല്പം വൈകിപ്പോയി…” തിരിച്ചറിയാൻ വൈകിപ്പോയ ഒരുവന്റെ ജീവിത കഥയ്ക്ക് ആ പാട്ടല്ലേ കൂടുതലിണങ്ങുക. കാമുകിയായ മുകിൽ അകന്നു പോകുമ്പോൾ, തീവ്രനൊമ്പരത്താൽ വിലപിക്കുന്ന വിഷാദ കാമുകൻ, ഭൂമി. തമ്പിസാറിന്റെ കാവ്യഭാവന പീലി നിവർത്തി ആടുകയല്ലേന്ന് പറഞ്ഞവൻ പതിയെ മൂളി.
മനസിൽ പീലി വിടർത്തി നിന്നാടിയ
മായാമയൂരമിന്നെവിടെ കൽപനാ
മഞ്ജു മയൂരമിന്നെവിടെ
അകന്നേ പോയ് മുകിൽ
അലിഞ്ഞേ പോയ്…
അവന്റെ ചോദ്യത്തിനു മുന്നിൽ ഒരു നിമിഷം ഞാൻ നിശബ്ദയായി. ”ഇല്ലെടാ, നഷ്ട സ്വർഗ്ഗങ്ങളേ വിട അതാണെന്റെ പോളിസി. ഇപ്പോൾ നമ്മുടെ പോളിസി.”
അവന്റെ മനസ് രണ്ട് പതിറ്റാണ്ടുകൾക്കപ്പുറത്തേയ്ക്ക് പിൻമടങ്ങിയിരുന്നു. 2002 ഡിസംബറിലെ തണുത്തൊരു പ്രഭാതം. നേർത്തൊരീറൻ പുതയ്ക്കുന്ന ഡിസംബറിലെ പുലർകാലങ്ങൾ അവനെപ്പോലെ അവൾക്കും ഇഷ്ടമായിരുന്നു. അന്ന് ഡിസംബർ 23, ഒരു വെള്ളിയാഴ്ചയായിരുന്നു. എം ഫിൽ പഠന കാലത്തെ ക്രിസ്തുമസ് വെക്കേഷൻ തുടങ്ങുകയാണ് അവൾക്ക്. രാവിലെ പതിവുപോലെ റെയിൽവേ സ്റ്റേഷനിലേക്ക് നടക്കുമ്പോൾ അവൾക്കേറ്റവും ഇഷ്ടമുള്ള നാരങ്ങ മിഠായി കരുതാൻ അവൻ മറന്നിരുന്നില്ല. പ്രണയം ഏഴാം വർഷത്തിലേക്ക് കടന്നിരുന്നു. അവൾക്ക് പ്രായം 28 കഴിഞ്ഞു. വിവാഹാലോചനകൾ ഗൗരവമായി നടക്കുന്നു. രണ്ടാൾക്കും കാര്യമായ ജോലി ആയിട്ടില്ല, അവൾക്ക് വേണ്ടി അവനൊരു പ്രൈവറ്റ് സ്ഥാപനത്തിൽ ജോലിയിൽ കയറിയതൊഴിച്ചാൽ. ചിന്തകൾ കാടു കയറവെ ട്രെയിൻ വന്നു നിന്നു. കോട്ടയം സ്റ്റേഷനിലെത്തുമ്പോൾ അവൾ എത്തിയിരുന്നു. അവൾ എംഫില്ലിന് ചേർന്ന ശേഷം പരസ്പരമുള്ള കൂടിക്കാഴ്ചകൾ ഇത്തരം യാത്രകളായി ചുരുങ്ങിയിരിക്കുന്നു.
”ഞങ്ങളുടെ അവസാന കൂടിക്കാഴ്ചയാവുമതെന്ന് അന്ന് ഞാനറിഞ്ഞിരുന്നില്ല. വീട്ടിൽ സമ്മർദ്ദം കൂടിയാൽ ഇറങ്ങിപ്പോരാനുളള തീരുമാനം എടുത്തായിരുന്നു ഞങ്ങളന്ന് പിരിഞ്ഞത്. ആഴ്ചകൾ കഴിഞ്ഞിട്ടും അവളെക്കുറിച്ചൊരു വിവരവുമില്ല. എന്റെ രണ്ട് സുഹൃത്തുക്കൾ വിവാഹാലോചനയുമായി അവളുടെ വീട്ടിലെത്തി. അത് ഇനി നടക്കില്ല. എന്റെ വിവാഹം ഉറപ്പിച്ചു” വളരെ ലാഘവത്തോടെ അവൾ അവരെ മടക്കി. എനിക്കത് താങ്ങാനാവില്ലെന്ന് കരുതിയാവണം അവളുടെ അച്ഛൻ പറഞ്ഞതായാണ് അവർ എന്നോട് പറഞ്ഞത്. ഞങ്ങളുടെ പ്രണയത്തിന്റെ മൂകസാക്ഷികളായിരുന്നല്ലോ അവർ.
എന്നിട്ടും പ്രതീക്ഷയുടെ ഒരു തിരിവെട്ടം മുനിഞ്ഞു കത്തുന്നുണ്ടായിരുന്നു എന്റെയുള്ളിൽ. വീട്ടുകാരെ തള്ളി ഒരു നാൾ അവൾ വരും. അവൾക്കങ്ങനെ എന്റെ സ്നേഹം മറക്കാൻ കഴിയില്ലല്ലോ. പക്ഷേ, പ്രണയം പലപ്പോഴുമങ്ങനെയാണ്. ഒരു യാത്ര പോലും പറയാതെ ഇറങ്ങിപ്പോവും. തിരസ്കരിക്കപെടുന്നവന്റെ മനസിൽ സുഖമുള്ളൊരു നോവ് മാത്രം ബാക്കിയാക്കി. മറ്റൊരു കുടുംബത്തിലെ മരുമകളായി അവൾ കതിർമണ്ഡപത്തിലേക്ക് കയറിയ ദിവസം. ലക്ഷ്യമില്ലാതെ വണ്ടിയോടിച്ചെത്തിയത് ആ കല്യാണമണ്ഡപത്തിനു മുന്നിലായിരുന്നു. ആർച്ചിലെഴുതിയിരുന്ന പേരുകളിൽ എന്റെ കണ്ണുകൾ ഉടക്കി. അവളൊഴിഞ്ഞു പോയ കതിർമണ്ഡപം. വാടിക്കരിഞ്ഞ പൂക്കൾ. എന്തായിരുന്നു എന്റെ മനസ്സിൽ? വേദന… നഷ്ടബോധം…”
ഞാനപ്പോൾ യു ട്യൂബിൽ ആ ഗാനം തിരയുകയായിരുന്നു. പ്രണയത്തേക്കാൾ, വിരഹത്തേക്കാൾ മധുരം നൽകുന്ന ചില കാത്തിരിപ്പുകൾ വരച്ചിട്ട ഭാസ്കരൻ മാഷിന്റെ ഈ വരികൾ.
അതുവരെ എന്റെയീ വ്യർഥസ്വപ്നങ്ങളും
മധുര പ്രതീക്ഷ തൻ മുരളികയും
കതിർമണ്ഡപത്തിലേക്കെണ്ണ നിറച്ചു ഞാൻ
കരുതിയ കത്താത്ത മണിവിളക്കും
നിധികളായ് സൂക്ഷിച്ചെൻ വിജനമാം സത്രത്തിൽ
ചിരസഖി നിന്നെ ഞാൻ കാത്തിരിക്കും…
അന്ന് ഭാസ്കരൻ മാഷിന്റെ ഈ വരികൾ എനിക്കറിയില്ലല്ലോ എന്ന് പറഞ്ഞവൻ തുടർന്നു.
“ആ ഒഴിഞ്ഞ കതിർമണ്ഡപത്തിൽ ഞാനെന്നെ കണ്ടു. വാമഭാഗത്തവളും. വാടിയ ഒരു പിടിപൂവ് ഞാൻ കയ്യിലെടുത്തു. അവളുണ്ടെന്ന് കരുതി ഒഴിഞ്ഞ കതിർമണ്ഡപത്തിലേക്കെറിഞ്ഞു. ഒഴുകുന്ന കണ്ണീർ തുടച്ചു കൊണ്ട് എവിടെയാണെങ്കിലും നന്നായിരിക്കട്ടെയെന്ന് പ്രാർത്ഥിച്ചു. എല്ലാം തകർത്തിട്ട് എവിടേയ്ക്കെങ്കിലും ഓടിപ്പോവണമെന്ന് തോന്നിയ നാളുകൾ. ആരെയും വിശ്വാസമില്ലാതെ, ഇരുണ്ടും വെളുത്തും എങ്ങനെയോ വർഷങ്ങൾ കടന്നു പോയി. ഉറങ്ങാൻ മാത്രമായിരുന്നു വീട്ടിലെത്തിയിരുന്നത്. ആരും കാണാതെ ഒറ്റയ്ക്ക് കരഞ്ഞു തീർത്ത രാത്രികൾ. ഞാനനുഭവിച്ച വേദനകൾ. ഓരോ ശ്വാസത്തിലും ഓർമിക്കാനുണ്ടായിരുന്നത് ഒന്നു മാത്രം. അവൾക്കായി നഷ്ടപ്പെടുത്തിയ എന്റെ ഏഴ് വർഷങ്ങൾ. എന്നിട്ടും ‘അഴകിയ രാവണിലെ’ അനുരാധയെപ്പോലെ, വെറുത്ത് വെറുത്ത് വെറുപ്പിന്റെ അവസാനം എനിക്കിപ്പൊഴും അവളോട് സ്നേഹമാണ്.”
“എങ്ങനെയാണ് നിനക്കീ പാട്ട് തിരഞ്ഞെടുക്കാൻ കഴിഞ്ഞത്?” അവൻ അത്ഭുതത്തോടെ എന്നെ നോക്കി.
“നിന്നെക്കാൾ നിന്നെയറിയുന്നത് എനിക്കല്ലേടാ പൊട്ടാന്ന് ” ഞാനും.
തന്റെ സ്വപ്നങ്ങൾ തട്ടി തകർത്തിട്ടും അവളുടെ ജീവിതത്തിന് ഒരു ദോഷവും സംഭവിക്കരുതെന്നാഗ്രഹിക്കാൻ നിനക്കെങ്ങിനെ കഴിയുന്നുവെന്ന് ചോദിക്കാതിരിക്കാനായില്ല.
“അതാണ് പ്രണയത്തിന്റെ പവിത്രത. പ്രണയത്തിന്റെ അനുഭൂതി അനുഭവിച്ചുതന്നറിയണം. നഷ്ട പ്രണയം എന്നൊന്നില്ല. പ്രണയം ഒരിക്കലും നഷ്ടപ്പെടുന്നില്ല. പ്രണയിയെയല്ലേ നഷ്ടപെടുന്നത്. പ്രണയിച്ചിരുന്ന കാലത്ത് ഞങ്ങൾ നന്നായി പ്രണയം ആസ്വദിച്ചു. അതെങ്ങനെ നഷ്ടമാവും.” അവന്റെ കണ്ണുകളിൽ ആ പഴയ കാമുകന്റെ തിളക്കം.
അധികമാരും അറിയാതെ പോയ ഈ ഗാനത്തിന്റെ തിരസ്ക്കാര കഥ വർഷങ്ങൾക്ക് മുമ്പ് വായിച്ചിട്ടുള്ളത് ഓർമ്മയിലോടിയെത്തി. എന്തുകൊണ്ടായിരുന്നു ഞാനീ ഗാനം അക്കാലത്തൊക്കെ ദിവസവും കേട്ടിരുന്നതെന്നുമറിയില്ല. Noticing the unnoticed, പണ്ടേ എന്റെ ശീലമായിരുന്നല്ലോ. ഷൂട്ടിംഗ് ആരംഭിച്ച തന്റെ ‘ബ്രഹ്മാസ്ത്രം ‘എന്ന സിനിമയ്ക്കായി ഭാസ്ക്കരൻ മാഷിനെ കൊണ്ട് ഗാനം എഴുതിക്കുന്നു സംവിധായകനായ ശശീന്ദ്രൻ. പക്ഷേ ആ പാട്ടിന്റെ വിധി മറ്റൊന്നായിരുന്നു. ദേവരാജൻ മാഷ് ആർദ്രമായി ചിട്ടപ്പെടുത്തിയ ഗാനത്തിന് ട്രാക്ക് പാടുന്നത് യുവജനോത്സവ വേദികൾക്ക് സുപരിചിതനായ റെജു ജോസഫ്. റെജു അസാധ്യമായി പാടിയതിനാലാവണം മറ്റൊരാൾ ഇനി വേണ്ടാന്ന് ദേവരാജൻ മാഷ് തീരുമാനിച്ചത്. എന്നാൽ പാട്ട് യേശുദാസ് പാടണമെന്നത് നിർമ്മാതാവിന്റെ ആഗ്രഹമായിരുന്നു. നിർമ്മാതാവിന്റെ ക്ഷണം സ്വീകരിച്ച് തരംഗിണി സ്റ്റുഡിയോയിലെത്തിയ ശശീന്ദ്രന്, റെജുവിന്റെ ട്രാക്കിനോളം പൂർണത യേശുദാസ് ആലപിച്ചപ്പോഴുണ്ടായോന്ന് സംശയമുണ്ടായിരുന്നു. എങ്കിലും നിർമ്മാതാവിന്റെ താൽപര്യത്തിനു മുന്നിൽ ശശീന്ദ്രന് വഴങ്ങേണ്ടിവന്നു. എന്നാൽ തന്റെ തീരുമാനം മാറ്റാൻ ദേവരാജൻ മാഷ് ഒരുക്കമായിരുന്നില്ല. എന്റെ പാട്ട് ഈ സിനിമയിൽ വേണ്ടെന്ന തീരുമാനത്തിൽ മാഷ് ഉറച്ചു നിന്നു. ഏറെ പ്രതീക്ഷയോടെ റെക്കോഡ് ചെയ്ത ഗാനം പേരുമാറ്റി ‘കളമൊരുക്കം’ എന്ന പേരിലിറങ്ങിയ തന്റെ സിനിമയിൽ ചേർക്കാനാവാത്തതും റെജുവിന് നഷ്ടമായ ആ അവസരത്തെക്കുറിച്ചും ശശീന്ദ്രൻ വേദനയോടെ ഒരിയ്ക്കൽ അനുസ്മരിച്ചിട്ടുണ്ട്.
ചരണത്തിലെ വരികൾ ഞാൻ വീണ്ടും പ്ലേ ചെയ്തു. വല്ലാത്ത നഷ്ടബോധവും കാത്തിരിപ്പിന്റെ നൊമ്പരവുമുണർത്തുന്നവരികൾ.
സമയമന്ദാകിനീ തീരത്തു ഞാൻ നട്ട
പ്രണയ മാകന്ദം ചിരിച്ചു വീണ്ടും
തളിരും മലരും അണിയുന്ന കാലം
സവിധത്തിൽ നിന്നെ ഞാൻ തേടിയെത്തും
ഒരു നീലത്താരത്തിൻ നെയ്ത്തിരി വെട്ടത്തിൽ
ഒരു രാവിൽ നാം തമ്മിൽ കണ്ടു മുട്ടും…
ആത്മാർത്ഥമായി പ്രണയിച്ച ഏത് കാമുകനും ഇങ്ങനെയൊരു പ്രതീക്ഷ പുലർത്തുമല്ലേന്ന് ചോദിച്ചപ്പോൾ അവൻ പറഞ്ഞു, “ഇല്ല ഒരിക്കലുമില്ല. സ്നേഹം യാഥാർത്ഥ്യമാണെങ്കിൽ അവൾ സുഖമായി ജീവിക്കട്ടേയെന്നേ ആഗ്രഹിക്കൂ. ഓഷോ പറഞ്ഞതു പോലെ “സ്നേഹം ധ്യാനത്തിന്റെ ഉപോൽപ്പന്നമാണ്. സ്നേഹം എന്താണെന്ന് ധ്യാനിക്കുന്നവർക്ക് മാത്രമേ അറിയൂ.”
നാല് വർഷത്തിനു ശേഷം ഞാനവളെ ഒരിയ്ക്കൽ വീണ്ടും കണ്ടു. എന്നെ കണ്ടവൾ ആൾക്കൂട്ടത്തിലേക്ക് മറഞ്ഞു നിന്നു. അവളുടെ ജീവിതത്തിൽ എന്തൊക്കെയോ പ്രശ്നങ്ങൾ ഉള്ളതായി സുഹൃത്തുക്കൾ പറഞ്ഞ് ഞാനറിഞ്ഞിരുന്നു. ഞങ്ങൾ രണ്ടു പേരും അപ്പോൾ ഒരേ മേഖലയിൽ ജോലി ചെയ്തു തുടങ്ങിയിരുന്ന കാലം. ഒരു പൊതുസ്ഥലത്ത് വച്ച് കണ്ടുമുട്ടാനിടയായാൽ അവൾക്കൊരു ബുദ്ധിമുട്ട് ഉണ്ടാവരുതല്ലോ. ഞാനങ്ങോട്ട് പോയി സംസാരിച്ചു. അവളോടൊപ്പം മൂന്ന് വയസുള്ള മകളുമുണ്ടായിരുന്നു, നന്ദിനി. ഞങ്ങൾക്ക് പിറക്കുന്ന കുഞ്ഞിന് ഞങ്ങൾ കരുതി വച്ച പേര്. അക്കാര്യത്തിലെങ്കിലും എന്നോട് നീതി പുലർത്തിയല്ലോന്നോർത്തപ്പോൾ ഗൂഢമായ ഒരു സന്തോഷം തോന്നി. പക്ഷേ, ഒരിയ്ക്കലവൾ കുത്തി മുറിവേൽപ്പിച്ച എന്റെ ഹൃദയം നുറുങ്ങിപ്പോയത് അവളെനിക്കെഴുതിയ കത്തുകൾ തിരിച്ചു നൽകണമെന്ന ആവശ്യം കേട്ടപ്പോഴായിരുന്നു. അവൾക്കെന്നെ പേടിയോ? കഷ്ടം!അവളെന്നെ ഒട്ടും മനസിലാക്കിയില്ലല്ലോ എന്നോർത്തപ്പോൾ എനിക്ക് എന്നോട് തന്നെ പുച്ഛം തോന്നി. നമുക്ക് നല്ല സുഹൃത്തുക്കളായി തുടരാമെന്ന അവളുടെ ആവശ്യം അംഗീകരിക്കാൻ എനിക്ക് കഴിഞ്ഞില്ല. കാരണം ഞങ്ങളൊരിക്കലും സുഹൃത്തുക്കളായിരുന്നില്ല. പ്രണയം പൂവിട്ട മനസുകളിൽ ഒരിക്കലും സൗഹൃദത്തിന്റെ വിത്ത് മുളയ്ക്കില്ല. അവളുടെ കുടുംബത്തിന്റെ ഭദ്രത നശിക്കാൻ ഞാനൊരു കാരണമാവാൻ പാടില്ല.” ഇന്നത്തെ ടോക്സിക് കാമുകന്മാരിൽ നിന്നവനെ വ്യത്യസ്തനാക്കുന്നത് ഇതാണ്. അഭിലാഷങ്ങളും കിനാക്കളും തട്ടിതെറിപ്പിച്ച് കടന്നുപോയവളുടെ കുടുംബം തകരരുതെന്ന് ആഗ്രഹിക്കുന്നു. യഥാർത്ഥ പ്രണയം വിട്ടു കൊടുക്കലാണ്. പിടിച്ചടക്കലല്ല.
മടക്കയാത്രയിൽ ആ പാട്ടൊന്നു കൂടി പ്ലേ ചെയ്യാൻ അവനാവശ്യപ്പെട്ടു. അവൻ കണ്ണടച്ചിരുന്ന് കേൾക്കുമ്പോൾ, ദൃശ്യവൽക്കരിക്കാനാവാതെ പോയ ആ ഗാന രംഗം ഞാൻ മനസിൽ ദൃശ്യവൽക്കരിക്കുകയായിരുന്നു. നായകൻ അടുത്തുണ്ട്. ഫോട്ടോയിൽ മാത്രം ഒരിയ്ക്കൽ കണ്ട നായികയുടെ മുഖം ഓർത്തെടുക്കാനാവുന്നില്ല. വീണുടയുന്ന പ്രണയങ്ങൾക്കൊടുവിൽ എത്ര കാമുക ഹൃദയങ്ങൾ ഈ വരികൾ മനസ്സിൽ ദൃശ്യവൽക്കരിച്ചിട്ടുണ്ടാവാം. കതിർമണ്ഡപത്തിലേക്കെണ്ണ നിറച്ചു ഞാൻ
കരുതിയ കത്താത്ത മണിവിളക്കും
നിധികളായ് സൂക്ഷിച്ചെൻ വിജനമാം സത്രത്തിൽ
ചിരസഖി നിന്നെ ഞാൻ കാത്തിരിക്കും...
ഞാനവനോട് ചോദിച്ചു, ഇനിയൊരു ജന്മമുണ്ടായാൽ നിന്റെ ജീവിതത്തിൽ അവളുണ്ടാവണമെന്ന് നീ ആഗ്രഹിക്കുന്നുണ്ടോ? ഓപ്ഷൻ ഇതു മാത്രമാണെങ്കിൽ തീർച്ചയായും. അല്ലെങ്കിൽ…” അവൻ അർധോക്തിയിൽ നിർത്തി. ഉത്തരം എന്താണെന്ന് ഞാൻ ചോദിച്ചില്ല. എന്തായിരിക്കുമെന്ന് അവനേക്കാൾ നന്നായി എനിക്കറിയാമല്ലോ. ‘നഷ്ട സ്വർഗങ്ങളേ വിട’ എന്ന എന്റെ പോളിസി അവനും സ്വീകരിച്ചു തുടങ്ങിയിരിക്കുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.