14 January 2025, Tuesday
KSFE Galaxy Chits Banner 2

സക്രിയമാകേണ്ട പുതുവിദ്യാലയവർഷം

ഒ കെ ജയകൃഷ്ണൻ
May 31, 2023 4:22 am

ജൂൺ ഒന്നിന് വിദ്യാലയങ്ങൾ പൂർണസജ്ജമായി പുതുവർഷത്തിലേക്ക് പ്രവേശിക്കുകയാണ്. ഫലപ്രഖ്യാപനങ്ങളെല്ലാം പൂർത്തിയാക്കി, മുന്നൊരുക്കത്തോടെയുള്ള തുടക്കം പ്രതീക്ഷനല്കുന്നതാണ്. പൊതുവിദ്യാഭ്യാസമേഖലയിൽ കേരളം നേരിട്ടിരുന്ന മിക്കപ്രശ്നങ്ങൾക്കും പരിഹാരം കാണാൻ കഴിഞ്ഞിട്ടുണ്ട്. അടിസ്ഥാനവികസനസൗകര്യങ്ങൾ, വേണ്ടത്ര ക്ലാസ്മുറികൾ എന്നിവയിൽ സ്വപ്നതുല്യമായ മാറ്റങ്ങളാണുണ്ടായിട്ടുള്ളത്. ഇച്ഛാശക്തിയോടെയുള്ള സർക്കാരിന്റെ നിരന്തര ഇടപെടൽതന്നെയാണ് ഈ മാറ്റങ്ങൾക്ക് നിദാനം. പൊതുവിദ്യാഭ്യാസത്തോട് മുഖംതിരിച്ചുനിന്ന വിഭാഗങ്ങളെപ്പോലും ഇതിലേക്കാകർഷിക്കാൻ നമുക്ക് കഴിഞ്ഞു. മുൻവർഷങ്ങളിലെ സ്കൂൾ പ്രവേശനനിരക്ക് സൂചിപ്പിക്കുന്നത് അതാണ്. സർക്കാർവിദ്യാലയങ്ങളിൽ മാത്രമല്ല ഈ മാറ്റം കാണാൻ കഴിയുക. എയ്ഡഡ് സ്കൂളുകളും സൗകര്യങ്ങളൊരുക്കാൻ മത്സരത്തിലാണ്. രക്ഷാകർതൃസമൂഹവും നാട്ടുകാരും ദേശത്തെ പൊതുവിദ്യാലയങ്ങളുടെ സംരക്ഷണത്തിനും നവീകരണത്തിനും സദാ ജാഗരൂഗരാണ്. മാലിന്യമുക്തവും ആരോഗ്യകരവുമായ വിദ്യാലയന്തരീക്ഷമുറപ്പിക്കാൻ സർക്കാർസംവിധാനങ്ങളൊക്കെ ഒന്നിച്ചു പ്രവർത്തിക്കുന്നതായി കാണാം.
പുതുക്ലാസുകളിലെത്തുന്ന കുട്ടികളുടെ മുന്നിലേക്ക് അവധിക്കാലത്ത് പരിശീലനം ലഭിച്ച അധ്യാപകരാണെത്തുന്നത്. പുതുതായി നിയമനംലഭിച്ച അധ്യാപകർക്ക് വിദ്യാഭ്യാസമാനേജ്മെന്റിനെ പരിചയപ്പെടുത്തിയ നവാധ്യാപക പരിശീലനം ആത്മവിശ്വാസവും ഉണർവും പകർന്നിട്ടുണ്ട്. 

വിദ്യാഭ്യാസത്തിന്റെ പുതുതലമുറ പ്രശ്നങ്ങളെയാണ് നാമിനി അഭിസംബോധനചെയ്യേണ്ടത്. ഉയർന്നക്ലാസുകൾ ഹൈടെക്കാകുമ്പോഴും നാട്ടിൻപുറത്തെ പ്രാഥമികവിദ്യാലയത്തെ പരിഗണിക്കാൻ കഴിയണം. സർക്കാർ‑എയ്ഡഡ് വ്യത്യാസമില്ലാതെ പ്രൈമറിസ്കൂളുകൾ നവീകരിക്കേണ്ടതുണ്ട്. കുട്ടികളുടെ കുറവും വിഭവപരിമിതിയും നിമിത്തം ചില എയ്ഡഡ് സ്കൂളുകൾക്ക് സർക്കാർ വിദ്യാലയങ്ങളിലേതുപോലെ സൗകര്യമൊരുക്കാൻ കഴിയുന്നില്ല. ഇത് പ്രദേശത്തെ കുട്ടികളുടെ പഠനത്തെയാണ് ബാധിക്കുന്നത്. പ്രൈമറിതലത്തിൽ അടിസ്ഥാനശേഷി വികസനം അധ്യയനവർഷത്തെ ലക്ഷ്യമായി പ്രഖ്യാപിച്ചിട്ടുണ്ട്. ഇനി പാഠ്യപദ്ധതിയിലൂടെ ഇതുറപ്പിക്കുന്നതിനുള്ള നടപടികളാണ് വേണ്ടത്. പാഠ്യപദ്ധതി പരിഷ്കരണം സങ്കല്പങ്ങളിൽ നിന്നുംമാറി യാഥാർത്ഥ്യങ്ങളെ അഭിസംബോധനചെയ്യുന്നതാകണം. പ്രത്യേകിച്ചും ദേശീയ പാഠ്യപദ്ധതി വെല്ലുവിളിയുയർത്തുന്ന സാഹചര്യത്തിൽ. കേന്ദ്രസർക്കാരിന്റെ കഴുത്തുഞെരിക്കലിനിടയിലും സ്കൂൾഉച്ചഭക്ഷണം ഇടനിലക്കാരില്ലാതെ പോഷകസമൃദ്ധമായി നല്കാൻ കഴിയുന്ന സംസ്ഥാനമാണ് കേരളം. വർഷങ്ങൾക്ക് മുമ്പുള്ള ആളോഹരി തുകയാണ് കുട്ടികൾക്കായി ഇന്നുംനല്കുന്നത്. ഇത് സ്കൂളുകളിലെ ഉച്ചഭക്ഷണപദ്ധതിയെ പ്രതിസന്ധിയിലാക്കുന്നു. പദ്ധതിയുടെ സുഗമമായ നടത്തിപ്പിന് തുക വർധിപ്പിച്ചേ മതിയാകൂ. 

വിദ്യാലയങ്ങള്‍ തുറക്കുമ്പോൾ മുതൽ എല്ലാക്ലാസുകളിലേക്കും സ്ഥിരാധ്യാപകരെ നിയമിക്കണം. തസ്തികനിർണയ ഉത്തരവ് അംഗീകരിച്ചാൽ പിഎസ്‍സി മുഖാന്തിരം നിയമനംകാത്ത് കിടക്കുന്നവരെ വലിയ സാമ്പത്തികബാധ്യതയില്ലാതെതന്നെ നിയമിക്കാൻ കഴിയും. ഹയർസെക്കന്‍ഡറികളിൽ താല്‍ക്കാലികമാണെങ്കിലും മാർജിനൽ സീറ്റ് വർധന 60–65മുതിർന്ന കുട്ടികൾ തിങ്ങിനിറയുന്ന ക്ലാസുകൾ സൃഷ്ടിക്കുന്നു. ഇത് പഠനാന്തരീക്ഷത്തെ സാരമായി ബാധിക്കും. പാഠ്യപദ്ധതികൾ പലകുറി പരിഷ്കരിച്ചപ്പോഴും മാറാത്ത ഒരാചാരമായി നമ്മുടെ പരീക്ഷകൾ തുടരുകയാണ്. കാലോചിതമായ പരീക്ഷാ പരിഷ്കരണം അജണ്ടയാകണം.
സാധ്യമായ അധ്യയനദിനങ്ങൾ പരമാവധി ഫലപ്രദമായി പ്രയോജനപ്പെടുത്താൽ കഴിയണം. അധ്യയനദിനങ്ങളിൽ അധ്യാപകർക്ക് ഇതരചുമതല നല്കി സ്കൂളിൽ നിന്നും മാറ്റിനിർത്തരുത്. വിവിധവിദ്യാഭ്യാസ ഏജൻസികൾ സംഘടിപ്പിക്കുന്ന പരിശീലനവും മറ്റുപരിപാടികളും ഏകോപിപ്പിച്ച്, അവ ആവർത്തിക്കുന്നില്ലെന്ന് ഉറപ്പ് വരുത്തണം. അധ്യയനദിവസങ്ങളുടെ എണ്ണത്തെപ്പറ്റി മാത്രമല്ല പഠനസമയത്തെ കുറിച്ചും പുനർചിന്തനം ആവശ്യമാണ്. ഇന്നത്തെ പരിശീലന രീതികൾ പൊളിച്ചെഴുതണം. അധ്യാപകര്‍ക്ക് സ്വയം നവീകരിക്കാനും ഇടപെടാനുംശേഷി നല്കുന്ന കൂടുതൽ പ്രൊഫഷണൽ വികാസത്തിനുള്ള പരിശീലനങ്ങളാണ് അത്യാവശ്യം. കൂടാതെ പുതിയകാലത്തെ സാമൂഹികസാഹചര്യങ്ങളും വൈജ്ഞാനികതലവും അതിലെ കുട്ടിയുമായി ഇടപെടാനുള്ള പരിശീലനവും അത്യന്താപേക്ഷിതമാണ്. ലഹരി, മയക്കുമരുന്ന്, സൈബർ ആസക്തി, ഇതെല്ലാം സൃഷ്ടിക്കുന്ന കുട്ടിയുടെ മാനസികതലം, ഇവയെല്ലാംകൊണ്ട് കലുഷിതമാകുന്ന കാമ്പസ് തുടങ്ങിയവയെ അഭിമുഖീകരിക്കാൻ വേണ്ട പരിശീലനമോ അനുഭവമോ ഭൂരിഭാഗം അധ്യാപകർക്കുമില്ല. അധ്യാപകപരിശീലനങ്ങളിൽ ഇവയെല്ലാം ഊന്നൽ മേഖലയാകേണ്ടിയിരിക്കുന്നു. ഇതൊക്കെയാണെങ്കിലും പ്രതിസന്ധികളുടെ കാലത്ത് മാതൃകയായി നിന്ന കേരളത്തിന് പുതിയ അക്കാദമികവർഷം കൂടുതൽ ഉന്മേഷത്തോടെ കൂട്ടായ്മയോടെ കുതിക്കാൻ കഴിയുമെന്നുറപ്പ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.