28 April 2024, Sunday

Related news

April 22, 2024
March 27, 2024
March 25, 2024
March 20, 2024
March 7, 2024
March 4, 2024
March 2, 2024
February 16, 2024
February 6, 2024
February 3, 2024

ചാന്‍സലര്‍ പദവിയില്‍ ഗവര്‍ണര്‍ വേണ്ട

അക്കാദമിക് രംഗത്തെ പ്രഗത്ഭരെ നിയമിക്കാന്‍ ഓര്‍ഡിനന്‍സ്
സ്വന്തം ലേഖകന്‍
തിരുവനന്തപുരം
November 9, 2022 10:51 pm

സംസ്ഥാനത്തെ സര്‍വകലാശാലകളുടെ ചാന്‍സലര്‍ പദവിയില്‍ നിന്ന് ഗവര്‍ണറെ ഒഴിവാക്കും. ചാന്‍സലര്‍മാരായി അക്കാദമിക് രംഗത്തെ അതിപ്രഗത്ഭരെ നിയമിക്കാന്‍ വ്യവസ്ഥ ചെയ്യുന്ന ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കുന്നതിന് ഗവര്‍ണറോട് ശുപാര്‍ശ ചെയ്യാന്‍ ഇന്നലെ ചേര്‍ന്ന മന്ത്രിസഭായോഗം തീരുമാനിച്ചു. നിലവില്‍ കേരളത്തിലെ സാഹചര്യത്തില്‍ ഉന്നതവിദ്യാഭ്യാസ മേഖലയ്ക്ക് സര്‍ക്കാര്‍ നല്‍കുന്ന സവിശേഷ പ്രാധാന്യം കണക്കിലെടുത്ത് ഉന്നതമായ അക്കാദമിക്ക് മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന പ്രഗത്ഭ വ്യക്തികളെ ചാന്‍സലര്‍ സ്ഥാനത്ത് കൊണ്ടുവരാനാണ് സര്‍ക്കാരിന്റെ തീരുമാനം. സംസ്ഥാനത്തെ സര്‍വകലാശാലകളുടെ ചാന്‍സലര്‍ പദവിയുമായി ബന്ധപ്പെട്ട വിഷയത്തില്‍ സര്‍വകലാശാലാ നിയമങ്ങളില്‍ ഭേദഗതി വരുത്താനുള്ളതാണ് ഓര്‍ഡിനന്‍സ്.

ഇതിന്റെ ഭാഗമായി 14 സര്‍വകലാശാലകളില്‍ ഗവര്‍ണര്‍ അദ്ദേഹത്തിന്റ പദവി മുഖാന്തിരം ചാന്‍സലര്‍ കൂടിയായിരിക്കും എന്ന വകുപ്പ് നീക്കംചെയ്യും. ഭരണഘടനയില്‍ നിക്ഷിപ്തമായ ചുമതലകള്‍ നിറവേറ്റേണ്ട ഗവര്‍ണറെ സര്‍വകലാശാലകളുടെ തലപ്പത്ത് ചാന്‍സലറായി നിയമിക്കുന്നത് ഉചിതമാവില്ല എന്ന പൂഞ്ചി കമ്മിഷന്‍ റിപ്പോര്‍ട്ടിന്റെ ശുപാര്‍ശകൾ കൂടി പരിഗണിച്ചാണ് തീരുമാനം. ഗവര്‍ണര്‍ ചാന്‍സലര്‍ പദവി വഹിക്കുന്നത് ഒഴിവാക്കപ്പെടേണ്ടതാണെന്ന് കമ്മിഷന്‍ അഭിപ്രായപ്പെട്ടിരുന്നു. കേരളത്തിലെ ഉന്നതവിദ്യാഭ്യാസ കേന്ദ്രങ്ങളെ അന്താരാഷ്ട്ര നിലവാരത്തിലുള്ള മികവിന്റെ കേന്ദ്രങ്ങളാക്കി മാറ്റാനുള്ള ദീര്‍ഘകാല പരിപ്രേക്ഷ്യം രൂപപ്പെടുത്തിയെടുക്കാന്‍ സര്‍വകലാശാലകളുടെ തലപ്പത്ത് ഉന്നതവിദ്യാഭ്യാസ മേഖലയില്‍ വൈദഗ്ധ്യമുള്ള വ്യക്തികള്‍ വരുന്നത് ഗുണം ചെയ്യുമെന്നാണ് വിലയിരുത്തല്‍.

ഈ രംഗത്തെ പരിഷ്കരണങ്ങള്‍ക്കായി സര്‍ക്കാര്‍ നിയോഗിച്ച മൂന്ന് കമ്മിഷനുകള്‍ നിരവധി നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിച്ചിരുന്നു. വിദേശ സര്‍വകലാശാലകളില്‍ ഉള്ളതുപോലെ, ചാന്‍സലറായി വിദ്യാഭ്യാസ വിചക്ഷണരെ നിയമിക്കണമെന്നത് കമ്മിഷന്‍ റിപ്പോര്‍ട്ടുകളിലെ പ്രധാന നിര്‍ദ്ദേശമായിരുന്നു. ഉന്നത വിദ്യാഭ്യാസ മേഖലയില്‍ സമൂലമായ പരിഷ്കരണങ്ങള്‍ക്ക് നേതൃത്വം നല്‍കുമെന്ന് സര്‍ക്കാര്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു. അതിന് അനുസൃതമായ തരത്തില്‍ യൂണിവേഴ്സിറ്റികളുടെ പശ്ചാത്തല സൗകര്യവും അക്കാദമിക ഗുണമേന്മയും മികവുറ്റ തലത്തിലേക്ക് ഉയര്‍ത്തുന്നതിനുള്ള നാനാമുഖമായ പദ്ധതികളാണ് നടപ്പാക്കിക്കൊണ്ടിരിക്കുന്നത്. ചാന്‍സലര്‍മാരായി വിവിധ മേഖലകളില്‍ അതിപ്രഗത്ഭരായ വ്യക്തികളെ നിയമിക്കുന്നത് ഇതിന് സഹായകമാകും.

ഒപ്പുവച്ചില്ലെങ്കില്‍ നിയമപരമായി നീങ്ങും: കാനം

തിരുവനന്തപുരം: ഗവര്‍ണര്‍ ഓര്‍ഡിനന്‍സില്‍ ഒപ്പുവച്ചില്ലെങ്കില്‍ നിയമപരമായ പരിഹാരം തേടുമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. ഗവര്‍ണര്‍ പദവി പോലെയല്ല ചാന്‍സലര്‍ പദവി. സംസ്ഥാന നിയമസഭ പാസാക്കിയ നിയമം വഴി മാത്രമാണ് ഗവർണർ ചാൻസലർ പദവിയിലിരിക്കുന്നതെന്ന് കാനം മാധ്യമങ്ങളോട് പറഞ്ഞു.

സവിശേഷ സര്‍വകലാശാലകള്‍ക്ക് പ്രത്യേകം ചാന്‍സലര്‍മാര്‍

പൊതുസ്വഭാവമുള്ള സര്‍വകലാശാലകള്‍ക്ക് ഒരു ചാന്‍സലറും സവിശേഷ സ്വഭാവമുള്ള സര്‍വകലാശാലകള്‍ക്ക് പ്രത്യേകം ചാന്‍സലറും എന്ന നിലയിലാണ് പുതിയ ഓര്‍ഡിനന്‍സ്. കേരള, കാലിക്കറ്റ്, കണ്ണൂർ, എംജി, സംസ്‌കൃതം, മലയാളം സർവകലാശാലകൾക്ക് എല്ലാം കൂടി ഒരു ചാൻസലറായിരിക്കും ഉണ്ടാവുക. കുസാറ്റ്, ഡിജിറ്റൽ, സാങ്കേതിക സർവകലാശാലകൾക്ക് പൊതുവേ ടെക്നോളജി മേഖലയിലെ വിദഗ്ധരെ ചാൻസലറായി നിയമിക്കും. ആരോഗ്യ സർവകലാശാലയ്ക്കും ഫിഷറീസ് സർവകലാശാലയ്ക്കും അതത് വിഷയങ്ങളിലെ പ്രഗത്ഭര്‍ ചാൻസലർമാരായി വരും.

തെലങ്കാനയില്‍ ഗവര്‍ണര്‍ തടഞ്ഞുവച്ചിരിക്കുന്നത് എട്ട് ബില്ലുകള്‍

ഹൈദരാബാദ്: തെലങ്കാനയില്‍ ഗവര്‍ണറുടെ അനുമതി കാത്ത് നിയമസഭ പാസാക്കിയ എട്ട് ബില്ലുകള്‍. വിഷയത്തില്‍ തെലങ്കാന സര്‍ക്കാര്‍ ഗവര്‍ണര്‍ തമിഴിസൈ സൗന്ദരരാജനെതിരെ രംഗത്തെത്തി. മെഡിക്കല്‍ സര്‍വകലാശാല ഒഴികെയുള്ള സ്ഥാപനങ്ങളിലെ അധ്യാപക അനധ്യാപക തസ്തികകളിലേക്ക് നേരിട്ടുളള റിക്രൂട്ട്മെന്റ് അനുവദിക്കുന്ന ബില്ലാണ് തടഞ്ഞുവച്ച നിയമ നിര്‍മ്മാണങ്ങളില്‍ പ്രധാനം. ഇതിനെതിരെ സംസ്ഥാനത്ത് വിദ്യാര്‍ത്ഥി സംഘടനകളും പ്രതിഷേധത്തിലാണ്.

തെലങ്കാന ചരക്ക് സേവന നികുതി നിയമം, തെലങ്കാന പൊതു തൊഴിൽ നിയമം, തെലങ്കാന മോട്ടോർ വാഹന നികുതി നിയമം, അസമാബാദ് ഇൻഡസ്ട്രിയൽ ഏരിയ (പാട്ടം ക്രമപ്പെടുത്തൽ) നിയമം, തെലങ്കാന മുനിസിപ്പൽ റെഗുലേഷൻസ് നിയമം, തെലങ്കാന പ്രൈവറ്റ് യൂണിവേഴ്‌സിറ്റി ആക്‌ട് എന്നിവയും ഗവര്‍ണര്‍ തടഞ്ഞുവച്ച ബില്ലുകളുടെ പട്ടികയിലുണ്ട്.

തമിഴ്നാട് ഗവര്‍ണറെ ഉടന്‍ തിരികെ വിളിക്കണം, രാഷ്ട്രപതിക്ക് ഭരണകക്ഷികളുടെ നിവേദനം

ചെന്നൈ: തമിഴ്‌നാട് ഗവര്‍ണര്‍ ആര്‍ എന്‍ രവിയെ തിരിച്ചു വിളിക്കണമെന്ന് ഡിഎംകെ അടക്കമുള്ള ഭരണകക്ഷികള്‍. ഇക്കാര്യം ആവശ്യപ്പെട്ട് ഡിഎംകെയും സംഖ്യകക്ഷികളും രാഷ്ട്രപതി ദ്രൗപദി മുര്‍മുവിന് നിവേദനം നല്‍കി. ഭരണഘടനാ പദവി വഹിക്കാന്‍ ആര്‍ എന്‍ രവിക്ക് അര്‍ഹതയില്ല. ഭരണഘടനാ വ്യവസ്ഥകള്‍ കാത്തുസൂക്ഷിക്കുമെന്ന സത്യപ്രതിജ്ഞ ഗവര്‍ണര്‍ ലംഘിച്ചു. ജനാധിപത്യരീതിയില്‍ തെരഞ്ഞെടുക്കുന്ന സര്‍ക്കാരിനെ പ്രവര്‍ത്തിക്കാന്‍ അനുവദിക്കുന്നില്ല.

ഗവര്‍ണര്‍ സംസ്ഥാനത്തെ സമാധാനത്തിന് ഭീഷണിയാണെന്നും കത്തില്‍ ചൂണ്ടിക്കാണിക്കുന്നു. ഇരുപതോളം ബില്ലുകളാണ് ഗവര്‍ണര്‍ ഒപ്പിടാതെ ഒരു വര്‍ഷത്തിലേറെയായി കയ്യിലുള്ളത്. തുടര്‍ച്ചയായി മതനിരപേക്ഷതയ്ക്കെതിരായ പ്രസ്താവനകള്‍ ഗവര്‍ണര്‍ നടത്തുന്നുവെന്നും കത്തിലുണ്ട്. ചാന്‍സലര്‍ പദവിയില്‍നിന്ന് ഗവര്‍ണറെ നീക്കം ചെയ്യുന്ന ബില്ലടക്കം തമിഴ്‌നാട് നിയമസഭ നേരത്തെ പാസാക്കിയിരുന്നു.

Eng­lish Sum­ma­ry: no need for a gov­er­nor in the post of chancellor
You may also like this video

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.