കേന്ദ്ര അവഗണനയ്ക്കെതിരെയുള്ള പ്രക്ഷോഭത്തില്‍ പ്രതിപക്ഷവും പങ്കെടുക്കണമെന്ന് മുഖ്യമന്ത്രിയുടെ അഭ്യര്‍ത്ഥന. പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍, ഉപനേതാവ് പി കെ കുഞ്ഞാലിക്കുട്ടി എന്നിവരുമായി നടത്തിയ ചര്‍ച്ചയിലാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്. കേന്ദ്രസർക്കാർ കേരളത്തോട് കാണിക്കുന്ന അവഗണനയും തെറ്റായ സമീപനങ്ങളും എല്ലാ പരിധിയും ലംഘിച്ച് തുടരുന്ന സാഹചര്യത്തിലാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതിപക്ഷ നേതാക്കളുമായി ചര്‍ച്ച നടത്തിയത്.
കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനത്തോട് ശത്രുതാപരമായ നിലപാടാണ് സ്വീകരിക്കുന്നതെന്നും കേരളത്തെ ഓരോ ദിവസവും സാമ്പത്തികമായി കൂടുതല്‍ ഞെരുക്കുകയാണെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ക്ഷേമ‑വികസന പ്രവര്‍ത്തനങ്ങള്‍ ഉള്‍പ്പെടെ മുടങ്ങുന്ന സാഹചര്യമാണ്. കേന്ദ്രത്തിനെതിരെ സുപ്രീം കോടതിയെ സമീപിച്ച കാര്യവും മുഖ്യമന്ത്രി പറഞ്ഞു. ധനമന്ത്രി കെ എന്‍ ബാലഗോപാലും കാര്യങ്ങള്‍ വിശദീകരിച്ചു. കേന്ദ്രത്തിന്റെ നിലപാടിനെതിരെ മുഖ്യമന്ത്രിയും മന്ത്രിമാരും എംഎല്‍എമാരും എംപിമാരും ഡല്‍ഹിയില്‍ സമരം ചെയ്യുന്നതിന് തീരുമാനിച്ചിട്ടുണ്ട്.
കേരളത്തിന്റെ പൊതുവിഷയമെന്ന നിലയില്‍ ഈ സമരത്തില്‍ പ്രതിപക്ഷം പങ്കാളികളാകണമെന്ന് മുഖ്യമന്ത്രി യോഗത്തില്‍ അഭ്യര്‍ത്ഥിച്ചു. അതേസമയം, കേരളത്തിന് ലഭിക്കേണ്ട നികുതി വിഹിതത്തില്‍ കുറവുണ്ടായെന്ന് പ്രതിപക്ഷ നേതാവ് സമ്മതിച്ചു. എന്നാല്‍ കേരളം നേരിടുന്ന ധനപ്രതിസന്ധിക്ക് ഉത്തരവാദി കേന്ദ്രം മാത്രമല്ലെന്നാണ് പ്രതിപക്ഷ നേതാവിന്റെ വാദം. ഡല്‍ഹിയില്‍ പോയി ഒന്നിച്ച് സമരം ചെയ്യണമെന്നത് രാഷ്ട്രീയ ആവശ്യമാണെന്നും ഇക്കാര്യത്തില്‍ യുഡിഎഫ് ഘടകകക്ഷി നേതാക്കളുമായി ചര്‍ച്ച ചെയ്തശേഷം നിലപാട് അറിയിക്കുമെന്നും പ്രതിപക്ഷ നേതാവ് യോഗത്തില്‍ അറിയിച്ചു.
English Summary: Opposition too must participate in struggle against central neglect: Chief Minister
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.