28 April 2024, Sunday

വായന എന്നാൽ സ്വാതന്ത്യ്രംതന്നെ

Janayugom Webdesk
June 19, 2022 6:00 am

വഴിപിഴയ്ക്കാത്ത വായന എന്ന പ്രക്രിയയെപ്പറ്റിയാകണം ആലോചനയും ആസൂത്രണവും. പൊതുമണ്ഡലത്തെ നിയന്ത്രിക്കുന്ന ജാതി-മത യാഥാസ്ഥിതികമോ സങ്കുചിത കക്ഷിരാഷ്ട്രീയ ബദ്ധമോ ആയ സാമൂഹികബോധത്തിന്റെ വക്താവും പ്രയോക്താവുമാകാതെ ജീവിക്കാൻ വായനാമണ്ഡലത്തെ രൂപപ്പെടുത്തുകയാണ് ആവശ്യം. പുസ്തകത്താളിൽനിന്നും വായന മൊബൈൽ സ്ക്രീനിലേക്ക് മാറിയ കാലംകൂടിയാണിത്. ഏകദേശം നാലിൽ മൂന്ന്ഭാഗം പൗരന്മാരും ഡിജിറ്റൽ ഉപകരണങ്ങള്‍ വഴി വായന രൂപപ്പെടുത്തുന്ന കാലമാണിത്. അതോടെ അക്ഷരവായന എന്ന തലംമാറി. നാനാവിധ മാധ്യമ സന്നിവേശിതമായ വായനയായി നവമാധ്യമവായന വികസിച്ചിരിക്കുന്നു. ശബ്ദവും ദൃശ്യവും സംഗീതവും എല്ലാംചേർന്ന വായനയുടെ നവീനതലങ്ങൾ ഇന്ന് അനുഭവവേദ്യമാണ്. അഭ്യസ്തവിദ്യരായ കേരളീയർക്ക് എവിടെയാണ് പിഴച്ചത്? നവോത്ഥാന പരിഷ്കരണ പ്രസ്ഥാനകാലത്തെയും ബ്രിട്ടീഷ് കോളനിവിമുക്ത ദേശീയ പ്രസ്ഥാനകാലത്തെയും പിന്നിട്ടവരാണ് പ്രബുദ്ധ കേരളീയർ. എന്നിട്ടും സുപ്രീം കോടതിയുടെ ലിംഗസമത്വപാലനവിധിയെ ഉൾക്കൊള്ളാൻ ഇനിയും പല ബിരുദങ്ങളും നേടിയെടുക്കേണ്ട അവസ്ഥയുണ്ട്.

ഐക്യകേരളപ്പിറവിക്കുശേഷം എന്തെന്തു മാതൃകകളിലൂടെ നാം സഞ്ചരിച്ചു? ജനാധിപത്യ സാമൂഹികനീതിയുടെ നാനാതരത്തിലുള്ള ക്ഷേമപ്രാപ്തികളിലൂടെ കടന്നുപോയി? എന്നിട്ടും കേരളീയർ മനുഷ്യരാണെന്ന ബോധത്തിലേക്ക് ഉണർന്നില്ല. ജാതിഭേദമതദ്വേഷമേതുമില്ലാതെ സർവരും സോദരത്വേന വാഴുന്ന മാതൃകാസ്ഥാനമായില്ലിത്? കല്ലിനെ കല്ലായിക്കാണാനും മനുഷ്യനെ മനുഷ്യനായി കാണാനുമുള്ള വിവേകം എന്തുകൊണ്ടിന്നും ആർജ്ജിച്ചില്ല? ഇങ്ങനെയുള്ള ചോദ്യങ്ങൾ ഉയരുമ്പോഴാണ് കേരളീയരുടെ ജ്ഞാനാവബോധ നിർമ്മിതിയുടെയും സാംസ്കാരിക രാഷ്ട്രീയാവബോധ നിർമ്മിതിയുടെയും പരിമിതികൾ എത്രമാത്രമെന്ന് നമ്മളറിയുക. ഇവിടെയാണ് വായനയുടെ ദിശകൾ നിർണയിക്കേണ്ടതിന്റെ പ്രാധാന്യം.


ഇതുംകൂടി വായിക്കാം;വായനയുടെ ആവശ്യകത


21-ാം നൂറ്റാണ്ടിൽ കേരളീയർ എന്തു വായിച്ചു എന്ന ചോദ്യം പ്രസക്തമാണ്. വായനയുടെ പ്രാധാന്യം നാം എത്രമാത്രം അന്തർമണ്ഡലത്തിലും വ്യാവഹാരികതലത്തിലും സ്വാംശീകരിച്ചു എന്നതും വളരെ ആലോചനാമൃതമാണ്. ഭൂതകാലമർദ്ദനത്തിന്റെ പ്രഹരങ്ങളിൽ നിന്ന് നമ്മുടെ മനസ് എത്രമാത്രം മുക്തമായി? സ്ത്രീകളെ തുല്യരായി പരിഗണിക്കുന്ന ഭരണഘടന ഉണ്ടായിട്ടും സ്വാതന്ത്യ്ര സമ്പാദനത്തിന്റെ 75-ാം വാര്‍ഷികം ആഘോഷിക്കുന്ന വേളയിലും തുല്യത നടപ്പിലാവാത്തതെന്തേ? നമ്മുടെ വായനകളുടെ ഗതി നിർണയിക്കേണ്ട ചോദ്യങ്ങളാണിത്. നമ്മുടെ വായനയുടെയും പഠനത്തിന്റെയും പരിമിതി എന്താണ്? ശാസ്ത്രം ഒന്നര ദശകത്തിലേറെ പഠിച്ചിട്ടുണ്ടെങ്കിലും ഒരു ബിരുദധാരിയിലെന്തുകൊണ്ട് ശാസ്ത്രബോധമുണ്ടാകുന്നില്ല? പരിണാമസിദ്ധാന്തം പല ക്ലാസിൽ പഠിച്ചിട്ടും ജ്യോതിഷിയുടെ അടുത്ത് പോകും. ജാതകം നോക്കി അനുഷ്ഠാനങ്ങൾ ചെയ്യും. സൃഷ്ടിവാദത്തിന്റെ സംരക്ഷകനാകും. നന്മനിറഞ്ഞ പുസ്തകങ്ങൾ വായിച്ചുപഠിച്ചിട്ടും നമ്മിൽ നന്മയുടെ വ്യവഹാരങ്ങൾ വളരെ കുറച്ചുമാത്രമായതെന്തുകൊണ്ട്? സംസ്കാരത്തെക്കുറിച്ച് വാതോരാതെ സംസാരിക്കും. പക്ഷേ, മാലിന്യം മാന്യമായി സംസ്കരിക്കില്ല. എത്ര മഴപെയ്താലും ജലം സംരക്ഷിക്കാൻ നാം തയാറല്ല. വർധിച്ചുവരുന്ന സൂര്യതാപത്തിന്റെ കെടുതി അറിഞ്ഞിട്ടും ഹരിതസമൃദ്ധിക്കായി, പരിസ്ഥിതിസംരക്ഷണത്തിനായി വേണ്ടപോലെ പ്രവർത്തിക്കില്ല. ഈ മഹാപ്രപഞ്ചത്തിന്റെ വൈവിധ്യങ്ങളും ഇല്ലായ്മകളും മനസിലാക്കാനും ഉൾക്കൊള്ളാനും കഴിയുന്ന മനുഷ്യത്വത്തിന്റെ പ്രേരണ വായന നമ്മിലേക്ക് കൊണ്ടുവരുന്നുണ്ട്.

എന്നാൽ, ഔപചാരികവിദ്യാഭ്യാസവും പരസ്യ പ്രഘോഷിതമായ മാധ്യമപ്രവർത്തനവും മനുഷ്യനിലെ ക്ഷുദ്രവാസനകളെ പാലൂട്ടുന്നതായി മാറിയിട്ടില്ലേ? മറ്റുള്ളവന്റെ പങ്ക് മോഷ്ടിക്കാനുള്ളതോ അനർഹമായതിനെ കാമിക്കാനുള്ളതോ ആയ ക്ഷുദ്രവാസനകളെ പാലൂട്ടുന്നതാകരുത് വിദ്യാഭ്യാസപദ്ധതി. അത് നൈതികമായ ഭാഷയുടെയും ഭാവനയുടെയും മഹാകാശങ്ങളെയാണ് സമൂഹത്തിന് കൈവരുത്തേണ്ടത്. അതായത് വായന/വിദ്യാഭ്യാസം വിശ്വപൗരനാകാനുള്ളതാണ്. മാനവിക മൂല്യബോധത്തെ ശിരസിലേറ്റാനും, അതിനെ സന്തതസഹചാരിയാക്കാനും ഉള്ള ആത്മവിദ്യയാണത് പ്രദാനം ചെയ്യേണ്ടത്. എന്തും വായിക്കാനുള്ള സമയം ഇല്ലല്ലോ. ഭൂമിയിൽ അതിനുള്ള ജീവിതം മനുഷ്യർക്കില്ല. അതിനു മാത്രമുള്ള ജീവിതസുരക്ഷയും മനുഷ്യജീവിതത്തിനില്ല. അതുകൊണ്ട് നിശ്ചയമായും തെരഞ്ഞെടുപ്പും ആസൂത്രണവും ഇവിടെ ആവശ്യമാണ്. സമയമില്ലെന്ന് പറയുന്ന പല്ലവിയും ആവർത്തിക്കാനിടവരുത്തരുത്.

പ്രതിജനഭിന്നവിചിത്രമായ ജീവിതപ്രാരാബ്ധങ്ങളുടെ നടുവിൽ നിൽക്കുമ്പോഴും വായനയെ കൈവെടിയാതിരിക്കാൻ ആവശ്യമായ ഇച്ഛാശക്തി പ്രദാനം ചെയ്യുന്നതാകട്ടെ വായന. അതായത് ഒരു പുസ്തകമേ ഒരു മാസം വായിക്കാൻ കഴിഞ്ഞുള്ളൂ എങ്കിലും ഒരു നൂറുചോദ്യങ്ങൾ നമ്മിൽ ഉണർത്തുന്ന ഒരു പുസ്തകം തിരഞ്ഞെടുക്കാൻ കഴിഞ്ഞാൽ അതൊരു വലിയ നേട്ടമായി പരിണമിക്കും. സാമൂഹികവും ജൈവികവുമായ മാറ്റത്തിനുള്ള പ്രേരണയും വായന നമുക്കു നൽകുന്നു. ജവഹർലാൽ നെഹ്രുവിന്റെ ഒരു വാചകം ഓർമ്മിപ്പിക്കട്ടേ. “അജ്ഞത എല്ലായ്‌പ്പോഴും മാറ്റത്തെ ഭയപ്പെടുന്നു.” സ്വാതന്ത്യ്ര സമ്പാദനവേളയിൽ ഇവിടെ ഉണ്ടായ വായനശാലകളും പ്രസിദ്ധീകരണങ്ങളും പുസ്തകങ്ങളും എന്തു ധർമ്മമാണ് നിർവഹിച്ചത്? 1934‑ൽ പ്രസിദ്ധീകരിച്ച സ്വതന്ത്രസമുദായം എന്ന ഇ മാധവന്റെ പുസ്തകം തിരുവിതാംകൂറിലും, കൊച്ചിയിലും മലബാറിലും നിരോധിക്കുകയുണ്ടായി. ആ പുസ്തകം ഉണ്ടാക്കിയ കൊടുങ്കാറ്റ് അക്കാലത്തെ മുന്നോട്ട് നയിക്കുന്നതിനിടയാക്കി. ചുവന്ന ദശകത്തിലെ ചുവന്ന പുസ്തകമായി അതിനെ വിശേഷിപ്പിക്കാം. ഈഴവർ ഹിന്ദുമതത്തിൽനിന്ന് വേർപ്പെട്ട സ്വതന്ത്രസമുദായമായി നിൽക്കണമെന്നാണ് ആ പുസ്തകം ആവശ്യപ്പെട്ടത്. സർ സി പിയുടെ ദിവാൻ ഭരണത്തിൽ നാടുനീളെ ആ പുസ്തകം കണ്ടുകെട്ടി നശിപ്പിച്ചു.


ഇതുംകൂടി വായിക്കാം;ഇന്ന് വായനാദിനം: വായിച്ചുവളർന്ന ദിനം


പക്ഷേ, ജനങ്ങൾ പകർപ്പെടുത്തും രഹസ്യമായി കൈമാറിയും പുസ്തകം വായിച്ചു. ബ്രാഹ്മണപൗരോഹിത്യത്തിനും ജാതിവിലക്കുകൾക്കും മതപരമായ സങ്കുചിതത്വത്തിനും ഗാന്ധിസത്തിനും എതിരായി പുസ്തകം ശബ്ദിച്ചു. അധഃകൃതനു രക്ഷ കിട്ടണമെങ്കിൽ ‌‌‌‌അധഃകൃതൻ എന്ന അവസ്ഥതന്നെ മാറണം. അതിനായി മിശ്രഭോജനം, മിശ്രവിവാഹം മുതലായവ നടപ്പിലാക്കി ജാതിവ്യത്യാസം വേരോടെ പിഴുതെറിയണം എന്നാഹ്വാനം ചെയ്ത പുസ്തകമാണത്. മതാചാരങ്ങളൊന്നും കൂടാതെ, ലോകമര്യാദകളോടുകൂടി സ്വതന്ത്രമായി മനുഷ്യനു ജീവിക്കാനുള്ള വഴിതുറന്ന ഈ പുസ്തകം പ്രസിദ്ധീകരിക്കാൻ ഇന്നും ഭയക്കുന്നവരാണ് പ്രസാധകർ. നവോത്ഥാനകാലത്തെ മനുഷ്യർ അവരുടെ ഭൗതികമായ ഇല്ലായ്മകളെ മറികടന്നത് പ്രബുദ്ധമായ വായനയിലൂടെയാണ്. പുസ്തകങ്ങൾകൊണ്ട് വിശപ്പടക്കിയ കാലത്തെപ്പറ്റി കഥാകൃത്ത് ടി പത്മനാഭൻ എഴുതിയിട്ടുണ്ട്. രചനാത്മകജീവിതം നയിക്കാൻ വായനയുടെ തീക്ഷ്ണമായ കർമ്മപഥങ്ങളിലൂടെ കടന്നുപോയേ മതിയാകൂ. അതിന് വ്യാഖ്യാനാത്മകമായതും വിശകലനാത്മകമായതും വിമർശനാത്മകവുമായ കർമ്മപഥങ്ങളുണ്ട്. അത് മനുഷ്യരിൽ അന്വേഷണത്വര വർധിപ്പിക്കുന്നു.

കുട്ടിക്കാലം മുതലേ കൂടെയുള്ള മിഥ്യാബോധങ്ങളെ തകർക്കാൻ വായന സഹായിക്കുന്നു. പ്രകൃതിയെയും സമൂഹത്തെയും അറിയുന്നതിനും പ്രകൃതിയും മനുഷ്യനും തമ്മിലുള്ള ബന്ധം മനസിലാക്കാനും നാടിനെ അറിഞ്ഞു ജീവിക്കാനും വായന പ്രാപ്തമാക്കുന്നു. വർത്തമാനത്തിൽനിന്ന് ഭാവിയിലേക്കും ഭൂതകാലത്തിലേക്കും അത് കൂട്ടിക്കൊണ്ടുപോകുന്നു. ഒരേസമയം പല പല കാലങ്ങളിലേക്കും പല പല കാഴ്ചകളിലേക്കും ഭിന്നവിചിത്രമായ നാനാതരം കഥാപാത്രങ്ങളിലേക്കും ഒക്കെ വായന നമ്മെ സഞ്ചരിപ്പിക്കുന്നു. അയ്യപ്പപ്പണിക്കരുടെ നിരീക്ഷണം ശ്രദ്ധിക്കുക. “നാം ജീവിക്കുന്ന ജീവിതംപോലെത്തന്നെ സമാന്തരമായി മറ്റൊരു ജീവിതം വായന നമുക്ക് തരുന്നു. മനസുകൊണ്ട്, ഭാവനകൊണ്ട് ഈ രണ്ടു ജീവിതവും നാം ജീവിക്കുന്നു. ജീവിതത്തിന്റെ പുനർവായന തന്നെയല്ലേ പുസ്തകവായന?” ആയതിനാൽ “വായിക്കാൻ സമയമില്ലെന്നു പറയുന്നയാൾ ബുദ്ധിപരമായി ആത്മഹത്യ ചെയ്യുന്നു” എന്ന തോമസ് ഡ്രെെയറുടെ അഭിപ്രായവും ഇവിടെ സംഗതമാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.