27 April 2024, Saturday

വായനയുടെ ആവശ്യകത

അജിത് കൊളാടി
വാക്ക്
June 4, 2022 7:00 am

“വായിച്ചാലും വളരും വായിച്ചില്ലേലും വളരും വായിച്ചാൽ വിളയും വായിച്ചില്ലേൽ വളയും” (കുഞ്ഞുണ്ണിമാഷ് ) ഇന്ന് വളഞ്ഞ മനുഷ്യരുടെ കാലമാണ്. നിവർന്നു നിൽക്കുന്നവർ വളരെ വിരളം. നിലപാടുകളില്ലാത്ത, സ്വന്തമായ അഭിപ്രായങ്ങളില്ലാത്ത മനുഷ്യർ വർധിക്കുന്നു. അവര്‍ പലരെയും തൃപ്തിപ്പെടുത്താനുള്ള തീവ്ര ശ്രമത്തിലാണ്. പലർക്കും ഭയമാണ് അഭിപ്രായം പ്രകടിപ്പിക്കാൻ. ഭയത്തെ അകറ്റാനുള്ള ഉപാധിയാണ് വായന. ഓരോ വാക്കിലും ജീവിതവും ചരിത്രവും മാറ്റത്തിന്റെ അടയാളങ്ങളും നിലനില്ക്കുന്നുണ്ട്. നിഘണ്ടുവിലെ വിവരണത്തിനപ്പുറത്താണ് വാക്ക് പ്രവർത്തിക്കുക. വാക്ക്, ഉപയോഗങ്ങളിലൂടെ ഒരു വലിയ കൃതിയാകും. വാക്ക് ലോകത്തോടൊപ്പം ജീവിക്കുന്നു. എന്തിനു വേണ്ടിയാണ് പുസ്തകത്തെക്കുറിച്ച് പലരും വൈകാരികമാകുന്നതും അനേകം പുസ്തകങ്ങൾ വാങ്ങി വീട്ടിൽ ശേഖരിക്കുന്നതും എന്ന് നാം ആലോചിക്കണം. വീടുകളിലെ പുസ്തകശേഖരങ്ങൾ പ്രകടമാക്കുന്നത്, വിജ്ഞാനത്തെ മാത്രമല്ല, അവ വ്യക്തികളെ ഭൂതവും ഭാവിയുമായി ബന്ധപ്പെടുത്തുക കൂടി ചെയ്യുന്നുണ്ട്. ലോകത്തിലെ ഏത് സാംസ്കാരിക സ്ഥാപനങ്ങളെക്കാൾ ഉദാത്തമായ സ്ഥാപനമാണ് പുസ്തകമെന്ന അഭൂതപൂർവമായ ഉല്പന്നത്തെ സംരക്ഷിച്ചു പോരുന്ന ലൈബ്രറി. വായനശാലകളാണ് മനുഷ്യ നാഗരികതയെ വളർത്തിയത്. വായിക്കുന്നവർ കാണുന്ന ലോകം കൂടുതൽ അർത്ഥസൗന്ദര്യമുള്ളതായി തീരുന്നു. സമസ്തമേഖലകളിലെയും സംഭവവികാസങ്ങളുടെ അർത്ഥതലങ്ങൾ ഗഹനമായി മനസിലാക്കാൻ വായന വേണം. എല്ലാ സ്വേച്ഛാധിപതികളുടെയും പിന്നിൽ ചരിത്രപരമായി അണിനിരക്കുന്ന രണ്ട് ശക്തികളാണ് മതവും മുതലാളിത്തവും. ഇന്ത്യയിൽ മതത്തേക്കാൾ ശക്തമായ ജാതിയുമുണ്ട്. മതങ്ങൾ അവയുടെ നിലനില്പും അതിജീവനവും ഉറപ്പാക്കാൻ എക്കാലത്തും സ്വേച്ഛാധിപതികളെ പിന്തുണച്ചിട്ടുണ്ട്. മുസോളിനി എന്ന ക്രൂരനാണ് കത്തോലിക്കാ സഭയുടെ പിന്തുണയ്ക്ക് പ്രത്യുപകാരമായി വത്തിക്കാൻ എന്ന 100 ഏക്കർ രാഷ്ട്രം സൃഷ്ടിച്ചു കൊടുത്തത് എന്ന് മറക്കേണ്ട. മതങ്ങൾ ഇന്ന് സ്വാഭാവിക സ്വേച്ഛാധിപത്യങ്ങളാണ്. സ്വേച്ഛാധിപതികൾ മതമേധാവികളെ ഉപയോഗിച്ച് ജനങ്ങളുടെമേലുള്ള തങ്ങളുടെ നിയന്ത്രണം മുറുക്കുന്നു. ഇതെല്ലാം അറിയാൻ കഴിയുക വായനയിലൂടെയും പഠനങ്ങളിലൂടെയുമല്ലേ. ചരിത്രത്തെ ദുർവ്യാഖ്യാനിക്കുന്നത് വായനയിലൂടെയല്ലേ അറിയാൻ കഴിയു. പുസ്തകങ്ങൾ ദുർമുഖം കാണിക്കാതെ നമ്മെ സമീപിക്കുന്ന നല്ല മിത്രങ്ങളാണ്. നമ്മുടെ സമയവും സൗകര്യവും നോക്കി നമ്മെ പഠിപ്പിക്കുന്ന ഗുരുക്കന്മാരാണ്.

പുസ്തകങ്ങളെ മിത്രങ്ങളാക്കാൻ നമ്മുടെ സൗകര്യവും സമയവും മാത്രം മതി. മനുഷ്യരെ മിത്രങ്ങളാക്കാൻ അവ മാത്രം പോരാ. പാരായണം ചെയ്യാനുള്ള സമയവും സന്നദ്ധതയും പ്രാഥമികമായ അറിവും ഉണ്ടെങ്കിൽ വായിക്കാൻ പുസ്തകം കിട്ടാത്ത സ്ഥിതി വരികയില്ല. കാലം മാറുന്നു. വായനയുടെ തലവും മാറുന്നു. വായനയിൽ നിന്ന് ചിന്ത ആവിർഭവിക്കുന്നു. വായനയാണ്, ചിന്തയാണ് സമൂഹത്തെ നിയന്ത്രിക്കുന്നത്. അതുകൊണ്ടുതന്നെ വായനയെ മികവുറ്റതാക്കണം. എങ്കിലേ സാംസ്കാരികമായി ആരോഗ്യമുള്ള ഒരു സമൂഹത്തെ വാർത്തെടുക്കാൻ കഴിയു. വായന തീരെ കുറയുമ്പോൾ, അധികാരവും ധനവും മാത്രം പ്രാധാന്യമുള്ളതാകുന്നു. ഏതു മാർഗത്തിലൂടെയും അവ സംരക്ഷിക്കാനുള്ള ശ്രമം നടക്കുന്നു. അപ്പോൾ എഴുതിവയ്ക്കപ്പെട്ട പ്രത്യയശാസ്ത്രങ്ങളിൽ നിന്ന് രാഷ്ട്രീയ സാമൂഹ്യ മത നേതൃത്വങ്ങൾ വ്യതിചലിക്കുന്നു. ഇത് അവർ അറിയുന്നില്ല, കാരണം അവരിൽ പലരും ഒരു പ്രത്യയശാസ്ത്രവും വായിച്ചിട്ടില്ല. പലവിധ അസമത്വങ്ങൾ രാഷ്ട്രീയ വ്യവസ്ഥയെയും ഭരണത്തെയും അടക്കി വാഴുന്ന നമ്മുടെ രാജ്യത്ത്, സഹിഷ്ണുത, മതേതരത്വം, ബഹുസ്വരത, വ്യക്തിസ്വാതന്ത്ര്യം തുടങ്ങിയ മൂല്യങ്ങൾക്ക് ഭരണഘടനാവല്ക്കരണത്തിലൂടെയേ നിലനില്പുള്ളു എന്ന് അംബേദ്കർ നിരന്തരം പറഞ്ഞു. ഇന്ന് ഭരണഘടന നിരന്തരമായി അവഗണിക്കപ്പെടുന്നു. അവയുടെ തത്വങ്ങൾ നിഷേധിക്കപ്പെടുന്നു. ഫാസിസം ഭരണഘടനയെ വെല്ലുവിളിക്കുന്ന കാരണങ്ങൾ ഗഹനമായി അറിയാൻ, അവരുടെ ചരിത്രം അറിയണം. ഭരണഘടനയുടെ മാനവിക സൗന്ദര്യം അവർക്കിഷ്ടമല്ല എന്നറിയണം. അതിന് നമ്മൾ വായിക്കണം. എല്ലാ വിശ്വാസങ്ങളിലും സത്യത്തിന്റെ ഒരംശം സൂക്ഷിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ ഒരു മതവും പൂർണമല്ലെന്നും അവയുൾക്കൊള്ളുന്ന സത്യങ്ങൾ ശകലിതവും ആപേക്ഷികവുമാണെന്നും ഗാന്ധി വിശ്വസിച്ചിരുന്നു. ഈ അപൂർണതയുടെ ഭംഗിയിലാണ് ഗാന്ധി ഹിന്ദുമതമടക്കമുള്ള മതങ്ങളെ ഉൾക്കൊള്ളുന്നത്. ഗാന്ധിക്ക് സത്യത്തെക്കുറിച്ചാണ് കടുംപിടുത്തം ഉണ്ടായിരുന്നത്. ദൈവം ഗാന്ധിക്കു സത്യത്തിന്റെ ചുരുക്കെഴുത്തായിരുന്നു. അല്ലാതെ ദൈവത്തെ ഒരു പരമാധികാരിയായോ, ആത്മീയാധികാരത്തിന്റെ അമൂർത്തരൂപമായോ അല്ല ഗാന്ധി കണ്ടത്. ഇതറിയാൻ ഗാന്ധിയെ വായിക്കേണ്ടേ? ഇന്ന് ആരും ഗാന്ധിയെ വായിക്കുന്നില്ല. ഗാന്ധി ഇന്ന് നിരന്തരം വധിക്കപ്പെടുന്നത്, മാനവഹൃദയം തീരെ സങ്കുചിതമായതുകൊണ്ടും വെളിച്ചം അകത്ത് കടക്കരുത് എന്ന നിർബന്ധബുദ്ധി ഉള്ളതുകൊണ്ടുമാണ്. പിന്നെ അധികാരം നിലനിർത്താൻ ധനാധിപത്യവും മതാധിപത്യവും മതി എന്ന ധാരണ ഭരണാധികാരികൾക്ക് ഉള്ളതുകൊണ്ടും. അതാണ് ഫാസിസ്റ്റുകൾക്കാവശ്യം. ഇന്ത്യൻ ജനാധിപത്യം കടന്നുപോകുന്നത് ഇരുണ്ട കാലത്തിലൂടെയാണ്. ജനാധിപത്യത്തിന്റെ മുഖംമൂടിയണിഞ്ഞ് അരങ്ങിലെത്തുന്നവർ ജനാധിപത്യവിരുദ്ധരും മനുഷ്യദ്രോഹികളുമായി തിമിർക്കുമ്പോൾ, മതങ്ങളുടെ പേരിൽ, ജാതിയുടെ പേരിൽ, മനുഷ്യർ പരസ്പരം തമ്മിലടിച്ചു ചാവുന്നു.


ഇതുകൂടി വായിക്കാം; ഇന്ന് വായനാദിനം: വായിച്ചുവളർന്ന ദിനം


മനുഷ്യർ ചാവുന്നത് കണ്ടു രസിക്കുക ഇവർക്ക് ഹരമാണ്. ഇങ്ങനെ ഒരു അധമചിന്ത എവിടെ നിന്ന് ഉടലെടുത്തു, എന്തുകൊണ്ട് ലോകമാനം വ്യാപരിക്കുന്നു എന്നറിയാൻ, മനുഷ്യനെതിരെയുള്ള പ്രവൃത്തികൾ കാണിക്കുന്ന സ്വേച്ഛാധിപത്യ, ഫാസിസ്റ്റ്, മൂലധന ശക്തികളുടെ, മതമൗലികവാദികളുടെ ചരിത്രം വായിക്കണം. അത്തരം പ്രാകൃത ചിന്തകളിൽ നിന്ന് ജനങ്ങളെ മോചിപ്പിക്കാൻ, സ്നേഹത്തിന്റെ, സഹിഷ്ണുതയുടെ, സാഹോദര്യത്തിന്റെ, മനുഷ്യന്റെ, സർഗാത്മകതയുടെ ചരിത്രം, മാനവികതയുടെ ചിന്ത പ്രചരിപ്പിക്കേണ്ടിയിരിക്കുന്നു. അതിനും നാം ഗഹനമായി വായിക്കണം. ഇരുപതാം നൂറ്റാണ്ടിൽ ഉണ്ടായിട്ടുള്ള വലതുപക്ഷ സ്വേച്ഛാധിപത്യരൂപമാണ് ഫാസിസം. മുസോളിനിയുടെ അധികാരമാണ് ഇതിനുദാഹരണമായി കാണിക്കുന്നത്. പ്രതിസന്ധി ഘട്ടങ്ങളിൽ, സാമൂഹ്യ ആവശ്യങ്ങൾ ഉറപ്പുവരുത്തുന്നതിന്റെ വാഗ്ദാനങ്ങൾ നല്കി ഫാസിസം മുന്നേറും. ആ വാഗ്ദാനങ്ങളിൽ ജനം അഭിരമിക്കും. അവസാനം വഞ്ചിക്കപ്പെടും. വാഗ്ദാനങ്ങൾ നൽകുന്നതിൽ സാമ്പത്തിക, സാമൂഹിക, പിന്നാക്കാവസ്ഥകൾ കാരണമാകുന്നു. സമൂഹത്തിൽ എല്ലാതലത്തിലും ആശ്വാസം നല്കാനായി പ്രസ്ഥാനങ്ങളോ, വ്യക്തികളോ ഉയർന്നുവരുന്നു. എല്ലാവരും അയാളെ തന്നെ ആരാധിക്കുന്നു, പിന്തുടരുന്നു. ഒരു വ്യക്തിയുടെ പ്രഭാവമാണ് അതിന്റെ ഊർജം. സംഘടനാ രീതിയിലും അതിന്റെ മൗലികത കാണാം. അങ്ങനെ ഫാസിസം പ്രവർത്തിക്കും. പ്രതീകങ്ങൾ, രാഷ്ട്രീയ നൃത്തങ്ങൾ, കാല്പനിക ഭാവങ്ങൾ, സംവാദന രീതികൾ, പുരുഷാധിപത്യം, പൗരുഷമായ ശരീരഭാഷ എന്നിവയെല്ലാം അതിന്റെ സവിശേഷതകൾ. യുവാക്കളെ അത് ഹരം പിടിപ്പിക്കുന്നു. മധ്യവർഗത്തെ അവർ ലക്ഷ്യമിടുന്നു. വലതുപക്ഷ ആശയമാണ് അവരുടെ രാഷ്ട്രീയം. ഈ സിദ്ധാന്തം എങ്ങനെ ലോകജനതയെ അടിച്ചമർത്തുന്നു എന്നറിയാൻ വായന വേണം. ഇരുട്ടിനെ ഭേദിച്ച് വെളിച്ചം കൊണ്ടുവരാൻ വിജ്ഞാനത്തിന്റെ വാതായനങ്ങൾ തുറക്കപ്പെടണം. അതിനും വായന വേണം. വായനാശക്തി അപാരമാണ്. ഫാസിസ്റ്റുകൾക്ക് അത് കൃത്യമായി അറിയാം. 1933 മേയ് 10ന് നാസികൾ നടത്തിയ ഗ്രന്ഥദഹനം അതിനു തെളിവാണ്. ആയുധധാരികൾ ഗ്രന്ഥശാലകളിലും പുസ്തകക്കടകളിലും അതിക്രമിച്ചു കയറി പുസ്തകങ്ങൾ കൂട്ടിയിട്ട് അഗ്നിക്കിരയാക്കി. ജൂതന്മാരുടെയും ബോൾഷെവിക്കുകളുടെയും പുസ്തകങ്ങളെല്ലാം ചുട്ടുകരിച്ചു. ബെർലിനിലെ ഓപ്പൺ പ്ലാറ്റിസ് ഗ്രന്ഥശാലയിലെ ഇരുപതിനായിരത്തിലധികം പുസ്തകങ്ങൾ വെണ്ണീറായി. അപ്പോൾ ഗീബൽസ് പറഞ്ഞു “ജൂതന്മാരുടെ ബുദ്ധിജീവിത്വം മരിച്ചിരിക്കുന്നു.

ഈ തീമാലകൾ പഴയ യുഗത്തിന്റെ അന്ത്യത്തെയും പുതിയ യുഗത്തിന്റെ ഉദയത്തെയും കാണിച്ചുതരുന്നു” ഇതാണ് ഇപ്പോഴും നടക്കുന്നത്, ചരിത്രത്തെ ദുർവ്യാഖ്യാനിക്കുക, അവർക്ക് ഇഷ്ടമില്ലാത്ത വിഷയങ്ങൾ സിലബസുകളിൽ നിന്ന് മാറ്റുക, നെഹ്രുവിനെയും ഗുരുദേവനടക്കമുള്ള നവോത്ഥാന നായകരെയും പുസ്തകങ്ങളിൽ നിന്ന് നീക്കം ചെയ്യുക, റൊമിലാ ഥാപ്പർ, ബിപിൻ ചന്ദ്ര തുടങ്ങിയവർ എഴുതിയ ചരിത്രത്തെ അധിക്ഷേപിക്കുക, വ്യത്യസ്താഭിപ്രായം പറയുന്നവരെ തുറുങ്കിലടയ്ക്കുക, ബഹുസ്വരതയെ നിഷേധിക്കുക, മൂലധനശക്തികൾക്ക് രാജ്യത്തെ വില്ക്കുക, ചരിത്രസ്മാരകങ്ങളെ പൊളിക്കുക, മുഗൾ സാമ്രാജ്യത്തിന്റെ ഉജ്ജ്വലമായ വ്യത്യസ്ത മേഖലകളിലെ സംഭാവനകളെ തിരസ്കരിക്കുക, അപകീർത്തിപ്പെടുത്തുക, ഇതൊക്കെയാണ് ഇപ്പോഴത്തെ വലതുപക്ഷ ഫാസിസ്റ്റ് രാഷ്ട്രീയം. അതിനെ ഗഹനമായി അറിയാൻ, അതിനെതിരെ മാനവികതയുടെ ശക്തമായ പ്രതിരോധം തീർക്കാൻ വായന വേണം. ആശയപരമായ പരിണാമം വായനകൊണ്ടേ സാധിക്കൂ. പക്ഷെ, ഗീബൽസുമാർക്ക് തെറ്റി. ലോകപ്രശസ്ത എഴുത്തുകാരുടെയും മറ്റും പുസ്തകങ്ങൾ ചുട്ടുകരിച്ചെങ്കിലും വായനക്കാരിലൂടെ, എഴുത്തുകാരിലൂടെ അക്ഷരങ്ങൾ ഉയിർത്തെഴുന്നേറ്റു. നിരന്തരം ഉയിർത്തെഴുന്നേല്ക്കും. പ്രതിലോമാശയത്തിന്റെ ഫാസിസം നമ്മുടെ ചുറ്റുമുണ്ട് എന്നോർക്കുക. പുസ്തകം കൈയിലെടുത്തേ അവർക്കെതിരെ പോരാടാൻ സാധിക്കൂ. വായന, അറിവ്, സംസ്കാരം, സാഹസികത, വൈവിധ്യം എന്നിവ നിറഞ്ഞ ലോകത്തേക്കുള്ള വാതായനമാണ്. അറിയാനും പഠിക്കാനുമുള്ള ത്വരയാണ് അതിലൂടെ വികസിതമാകുന്നത്. വായന മാനസിക വികാസത്തിനുള്ള ആഹാരമാണ്. വിശുദ്ധ ഖുര്‍ആൻ “ഇഖ്റാ” എന്ന് ആഹ്വാനം ചെയ്തു. വായിക്കുക, എഴുതുക, അറിവു നേടുക എന്നാണ് ഖുര്‍ആനിന്റെ പൊരുൾ. ബൈബിൾ തുടങ്ങുന്നത് വാക്കിൽ നിന്നാണ്. അറിവിന്റെ സാഗരമാണ് ബൈബിൾ. ഉപനിഷത്തുക്കള്‍ പ്രപഞ്ചത്തിലെ സമസ്ത അറിവുകളുടെയും ഉറവിടം. സ്വാതന്ത്ര്യത്തിന്റെ സൗന്ദര്യവും സത്യവും അറിയാൻ വായിക്കണം. ജനാധിപത്യത്തിന്റെയും മതേതരത്വത്തിന്റെയും സത്യങ്ങൾ വാക്കിലും എഴുത്തിലും അരക്കിട്ടുറപ്പിക്കാനും അറിവ് വേണം. മനുഷ്യനെ സ്നേഹിക്കാനുള്ള അറിവ്. എഴുത്തുകാരന്റെ സ്വാതന്ത്ര്യബോധം വായനക്കാരിലും എത്തും. ആ സ്വാതന്ത്ര്യബോധമാണ് ഇന്ത്യയുടെ മനോഹരമായ ജനാധിപത്യ ആശയങ്ങളെ നിലനിർത്തേണ്ടതും സ്വേച്ഛാധിപതികളിൽ നിന്നും രക്ഷിക്കേണ്ടതും. സാധുജനങ്ങളുടെ പ്രത്യാശയാണ് ജനാധിപത്യം. ആ ബോധം എപ്പോഴും സംരക്ഷിക്കാൻ വായന തീർച്ചയായും ഉതകും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.