14 November 2024, Thursday
KSFE Galaxy Chits Banner 2

Related news

July 10, 2024
March 10, 2024
September 17, 2023
February 22, 2023
January 7, 2023
January 2, 2023
November 17, 2022
November 16, 2022
October 12, 2022
November 30, 2021

നോട്ടുനിരോധന വിധി നിഷ്‌പ്രഭമാക്കുന്ന യാഥാർത്ഥ്യങ്ങൾ

അബ്ദുൾ ഗഫൂർ
January 7, 2023 4:15 am

കേന്ദ്ര സർക്കാരിന്റെ നോട്ടുനിരോധനം ശരിവച്ച് ഭൂരിപക്ഷ വിധി പുറത്തുവന്ന ദിവസം തന്നെയാണ് രാജ്യത്ത് പ്രചാരത്തിലിരിക്കുന്ന നോട്ടുകളുടെ പ്രചാരം 83 ശതമാനം വർധിച്ചുവെന്ന റിപ്പോർട്ട് പുറത്തുവന്നത്. അന്നുതന്നെ ദേശീയ ക്രൈം റെക്കോഡ്സ് ബ്യൂറോയുടെ മറ്റൊരു കണക്കും പുറത്തുവന്നിട്ടുണ്ട്. നോട്ടുനിരോധനം രാജ്യത്ത് പ്രാബല്യത്തിൽ വന്ന 2016ന് ശേഷം 245.33 കോടി രൂപയുടെ വ്യാജനോട്ടുകൾ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) കണ്ടെടുത്തതായാണ് പ്രസ്തുത കണക്കുകളിലുള്ളത്.
ജസ്റ്റിസുമാരായ എസ് അബ്ദുൾ നസീർ, ബി ആർ ഗവായ്, എ എസ് ബൊപ്പണ്ണ, വി രാമസുബ്രമണ്യം, ബി വി നാഗരത്ന എന്നിവരുൾപ്പെട്ട ഭരണഘടനാ ബെഞ്ചിൽ നാഗരത്നയുടെ വിയോജന വിധിയോടെയാണ് നോട്ടുനിരോധനം ചോദ്യം ചെയ്തുള്ള 58 ഹർജികൾ തീർപ്പാക്കപ്പെട്ടത്. 2016 നവംബർ എട്ടിന് രാത്രി 500, 1000 രൂപാ നോട്ടുകൾ നിരോധിച്ച കേന്ദ്ര സർക്കാർ വിജ്ഞാപനം ശരിവയ്ക്കുകയാണ് ഭരണഘടനാ ബെഞ്ച് ചെയ്തത്. പക്ഷേ എന്തിനു വേണ്ടിയായിരുന്നു നോട്ടുനിരോധനം പ്രഖ്യാപിച്ചത് ആ ലക്ഷ്യപ്രാപ്തിയെ കുറിച്ച് പരിഗണിക്കുന്നില്ലെന്ന് പറഞ്ഞൊഴിഞ്ഞ് നടപടിയെ സാധൂകരിക്കുകയായിരുന്നു സുപ്രീം കോടതി. അന്നേ ദിവസംതന്നെ രാജ്യത്ത് പ്രചാരത്തിലിരിക്കുന്ന കറൻസിയുടെ എണ്ണം 2016 നെ അപേക്ഷിച്ച് വർധിച്ചുവെന്നും വൻതോതിൽ വ്യാജനോട്ട് പിടിച്ചുവെന്നുമുള്ള റിപ്പോർട്ടുകൾ പുറത്തുവന്നതിലൂടെ യഥാർത്ഥത്തിൽ സുപ്രീം കോടതിയുടെ വിധി പ്രസ്താവമാണ് പരിഹാസ്യമാകുന്നത്.


ഇതുകൂടി വായിക്കൂ: പട്ടിണിക്കിടുന്ന പ്രഖ്യാപനങ്ങള്‍


2016 നവംബർ എട്ടിന് രാജ്യത്തെ അഭിസംബോധന ചെയ്ത പ്രധാനമന്ത്രി നരേന്ദ്രമോഡി നോട്ടുനിരോധനത്തിന്റെ പ്രധാന ലക്ഷ്യമായി പറഞ്ഞത് മൂന്നു കാര്യങ്ങളായിരുന്നു. അഴിമതിയും കള്ളപ്പണവും തടയുക, തീവ്രവാദത്തിനുള്ള കള്ളപ്പണ വിനിയോഗവും കള്ളനോട്ടുകളും ഇല്ലാതാക്കുക, ഡിജിറ്റൽ ഇടപാടുകൾ വർധിപ്പിച്ച് കറൻസി ഉപയോഗം കുറച്ചുകൊണ്ടുവരിക എന്നിവയായിരുന്നു ആ പ്രധാന കാരണങ്ങൾ. സ്വതസിദ്ധമായ വികാര വിക്ഷോഭങ്ങളോടെയായിരുന്നു മോഡിയുടെ അന്നു രാത്രിയിലെ പ്രസംഗമെന്ന് ഇന്ന് ഓർത്തെടുക്കാൻ കഴിയും. ഒരേസമയം പൊട്ടിക്കരയുകയും കള്ളപ്പണം, കള്ളനോട്ടുകൾ, ഭീകരപ്രവർത്തനം എന്നിത്യാദി സംജ്ഞകളോടുള്ള പൊട്ടിത്തെറിക്കളുമൊക്കെയായി കേട്ടിരുന്ന മനുഷ്യരെ ഭ്രമിപ്പിച്ച ഒന്നായിരുന്നു ആ പ്രസംഗം.
പ്രധാനമന്ത്രിയുടെ വാചാടോപങ്ങളും വിഷയത്തിന്റെ ഗൗരവവും കണക്കിലെടുത്ത് ഭൂരിപക്ഷം മാധ്യമങ്ങളും നോട്ടുനിരോധനത്തെ പുകഴ്ത്തിപ്പാടി. ധീരമായ നടപടിയെന്ന് വിശേഷിപ്പിച്ചു. (അന്ന് ഇതൊരു തുഗ്ലക്ക് പരിഷ്കാരമെന്ന് വിശകലനം നടത്തി ഒന്നാം പേജിൽ വാർത്ത നല്കിയ ഏക മലയാളപത്രം ജനയുഗമായിരുന്നു.) പക്ഷേ ഓരോ ദിനം പിന്നിടുമ്പോഴും അതുണ്ടാക്കിയ കെടുതികളും സമ്പദ്ഘടനയ്ക്കുണ്ടാക്കിയ ആഘാതങ്ങളും കൂടിക്കൂടി വരികയായിരുന്നു. അതേതുടർന്നാണ് നോട്ടുനിരോധനത്തെ ചോദ്യം ചെയ്തുള്ള ഒരുകൂട്ടം ഹർജികൾ പരമോന്നത കോടതിയിലെത്തിയത്. വിവിധ വ്യക്തികളും സംഘടനകളും നല്കിയ 56 ഹർജികളാണ് സുപ്രീം കോടതിയുടെ പരിഗണനയ്ക്കെത്തിയത്.


ഇതുകൂടി വായിക്കൂ: ദുരിതജീവിതത്തിന്റെ, പരാജയത്തിന്റെയും എട്ടുവര്‍ഷങ്ങള്‍


സർക്കാരിന്റെ തീരുമാനത്തിൽ ഇടപെടുന്നില്ലെന്നും നോട്ടുനിരോധനത്തിന്റെ നടപടിക്രമങ്ങളിൽ തെറ്റുണ്ടായില്ലെന്നും വിലയിരുത്തിയാണ് നടപടിയെ സാധൂകരിച്ചുള്ള ഭൂരിപക്ഷവിധിയുണ്ടായത്. പഴയ നോട്ടുകൾ മാറ്റിനല്കുന്നതിന് നല്കിയ 52 ദിവസത്തെ സമയം പര്യാപ്തമായിരുന്നുവെന്നും കോടതി കണ്ടെത്തി. യഥാർത്ഥത്തിൽ നടപ്പിലാകുകയും അതിന്റെ ദുരിതങ്ങളത്രയും ജനങ്ങളും സമ്പദ്ഘടനയും അനുഭവിക്കുകയും ചെയ്തു കഴിഞ്ഞ ശേഷം അതു തെറ്റായിപ്പോയെന്ന വിധി വന്നാലും സാങ്കേതികമായി സർക്കാർ തോറ്റുവെന്നും ജനങ്ങൾ ജയിച്ചുവെന്നും ഭാവിക്കാമെന്നല്ലാതെ വലിയ ഫലമൊന്നുമുണ്ടാകുമായിരുന്നില്ല. പക്ഷേ സാധൂകരണത്തിന് കോടതി നടത്തിയ ന്യായീകരണം സാങ്കേതികം മാത്രമായി എന്നതാണ് വിധിയെ വിമർശന വിധേയമാക്കുന്നത്.
1934ലെ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ നിയമത്തിലെ വ്യവസ്ഥകൾ അനുസരിച്ചല്ല നോട്ടുനിരോധനം നടപ്പിലാക്കിയത്, സമത്വത്തിനും ഉപജീവനത്തിനുമുള്ള അവകാശ ലംഘനത്തിലൂടെ യുക്തിരഹിത മാർഗമാണ് നോട്ടുനിരോധനത്തിന് അവലംബിച്ചത്, സർക്കാരിന്റെ ധന, സാമ്പത്തിക നയങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ കോടതിക്ക് എത്രത്തോളം ഇടപെടാം, നോട്ടുനിരോധനം സമ്പദ്ഘടനയിലുണ്ടാക്കിയ പ്രത്യാഘാതങ്ങളെ കോടതി ഏതുവിധത്തിലാണ് പരിശോധിക്കുക, പ്രത്യാഘാതം നേരിട്ടനുഭവിച്ച ജനങ്ങൾക്കുള്ള നഷ്ടപരിഹാര നിർദ്ദേശങ്ങൾ എന്തായിരിക്കും തുടങ്ങിയ വിഷയങ്ങൾ പരിഗണിക്കണമെന്ന ഹർജികളായിരുന്നു സുപ്രീം കോടതിക്കു മുന്നിലെത്തിയത്. എന്നാൽ അതൊന്നും ഫലപ്രദമായി പരിഗണിക്കാതെ സർക്കാരിന്റെ വാദങ്ങളെ മാത്രം അംഗീകരിച്ച് നോട്ടുനിരോധനം സാധൂകരിക്കുന്ന സാങ്കേതിക നടപടി മാത്രമാണ് പരമോന്നത കോടതിയുടെ ഭരണഘടന ബെഞ്ചിന്റെ ഭൂരിപക്ഷ വിധിയിലൂടെ ഉണ്ടായത്.
ഇത്രയും ഭീകരമായ പ്രത്യാഘാതങ്ങൾ സമ്പദ്ഘടനയ്ക്കും ജനജീവിതത്തിനും ഉണ്ടാക്കിയൊരു നടപടിയെ ഇത്രമേൽ ലാഘവത്തോടെ പരിശോധിക്കുകയും ഉത്തരവ് പുറപ്പെടുവിക്കുകയും ചെയ്തു എന്നതാണ് വിധിയെ വിചിത്രമെന്ന് വിശേഷിപ്പിക്കുന്നതിന് കാരണമാകുന്നത്. അതുകൊണ്ടുതന്നെയാണ് ജസ്റ്റിസ് നാഗരത്നയുടെ വിയോജന വിധി ആഘോഷിക്കപ്പെടുന്നതും. അവർ ഹർജികളിൽ ഉന്നയിക്കുന്ന വിഷയങ്ങളുടെ നിയമപ്രശ്നങ്ങളെയും മാനുഷിക പ്രശ്നങ്ങളെയും ഒരുപോലെയാണ് പരിഗണിച്ചത്. നിയമപരമായി റിസർവ് ബാങ്കാണ് നോട്ടുനിരോധനം പോലുള്ള തീരുമാനത്തിന്റെ നടപടിക്രമങ്ങൾ കൈക്കൊള്ളേണ്ടിയിരുന്നതെന്ന് ജസ്റ്റിസ് ബി വി നാഗരത്ന വ്യക്തമാക്കുന്നുണ്ട്. ഇവിടെ കേന്ദ്ര സർക്കാരിൽ നിന്നാണ് നടപടി നിർദ്ദേശം ഉണ്ടായത്. അതിൽ ആർബിഐയുടെ അഭിപ്രായം തേടുകയാണ് ചെയ്തത്. നടപടി ആർബിഐയുടെ ശുപാർശയായിരുന്നില്ല, സർക്കാരിന്റെ ചോദ്യത്തിനുള്ള അഭിപ്രായം മാത്രമാണെന്ന് ഇതിൽ നിന്ന് വ്യക്തമാകുന്നു. മുഴുവൻ നോട്ടുകളും നിരോധിക്കാൻ നിയമം അനുശാസിക്കുന്നില്ല. ഏതെങ്കിലും സീരിസ് എന്ന നിയമത്തിലെ വിവക്ഷ എല്ലാ സീരിസുകളും എന്ന് വ്യാഖ്യാനിക്കാൻ കഴിയില്ലെന്നും വിയോജന വിധിയിൽ പറയുന്നു. സർക്കാർ ഉത്തരവിന് പകരം നിയമത്തിലൂടെയാണ് നടപ്പിലാക്കേണ്ടിയിരുന്നത് എന്ന അവരുടെ നിരീക്ഷണവും സുപ്രധാനമാണ്.


ഇതുകൂടി വായിക്കൂ: മേനി നടിക്കലിന്റെ നാണക്കേടും ദുരിതവും


ഇതിനെക്കാൾ പ്രധാനമാണ് ഭൂരിപക്ഷ വിധിയിൽ പരാമർശിക്കുന്നില്ലെന്ന് വ്യക്തമാക്കിയ നോട്ടുനിരോധനത്തിന്റെ ഫലപ്രാപ്തി, അമ്പേ പരാജയമാണെന്ന് തെളിയിക്കുന്ന രണ്ടു റിപ്പോർട്ടുകൾ അന്നുതന്നെ പുറത്തുവന്നു എന്നുള്ളത്. അതാണ് ആദ്യഭാഗത്തു പരാമർശിച്ച കറൻസി വ്യാപനവും കള്ളനോട്ടു പിടിത്തവുമായി ബന്ധപ്പെട്ട കണക്കുകൾ. ഡിജിറ്റൽ ഇടപാട് പ്രോത്സാഹിപ്പിക്കുവാൻ നോട്ടുനിരോധനം നടപ്പിലാക്കി ആറര വർഷം പിന്നിടുമ്പോഴേയ്ക്കും കറൻസി വ്യാപനം 83 ശതമാനം കൂടിയിരിക്കുന്നു. 2016 നവംബർ ആദ്യം 17.74 ലക്ഷം കോടി രൂപയുടെ കറൻസികളാണ് പ്രചാരത്തിലുണ്ടായിരുന്നതെങ്കിൽ 2022 ഡിസംബർ 23ന് 32.42 ലക്ഷം കോടി രൂപയായി. 2017 ജനുവരി ആറിന് പ്രചാരത്തിലുള്ള കറൻസി ഒമ്പത് ലക്ഷം കോടി രൂപയിലേക്ക് താഴ്ന്നിരുന്നു. അന്നാണ് ഡിജിറ്റൽ ഇടപാട് വ്യാപകമായെന്നതിനെ കുറിച്ച് കേന്ദ്ര ഭരണാധികാരികൾ കൊട്ടിഘോഷം നടത്തിയത്. പക്ഷേ ഇപ്പോൾ കറൻസി വ്യാപനം എത്രയോ ഉയരങ്ങളിലെത്തിയിരിക്കുന്നു. ഇതിന്റെ കൂടെയാണ് 2016ന് ശേഷം 245.33 കോടി രൂപയുടെ വ്യാജനോട്ടുകൾ പിടിച്ചുവെന്ന വാർത്തയുമെത്തിയത്.
എൻസിആർബിയുടെ കണക്കനുസരിച്ച് ഏറ്റവും കൂടുതൽ വ്യാജനോട്ടുകൾ പിടിച്ചെടുത്തത് 2020ലായിരുന്നു. ഏകദേശം 92.17 കോടിയുടെ നോട്ടുകൾ 2020ൽ മാത്രം ഇഡി പിടികൂടി. 2021ൽ 20.39, 2019ൽ 34.79, 2018ൽ 26.35, 2017ൽ 55.71 കോടി വീതം വ്യാജനോട്ടുകളും പിടിച്ചെടുത്തു. ഭീകരവാദം, അഴിമതി എന്നിവയുടെ നിർമ്മാർജനം തുടങ്ങിയ ലക്ഷ്യങ്ങൾ എത്രത്തോളം നേടിയെടുത്തുവെന്ന ചോദ്യം മനസിലുയരുമ്പോൾതന്നെ കശ്മീരിൽ ഭീകരാക്രമണങ്ങളിൽ കൊല്ലപ്പെടുന്ന കുട്ടികളുടെയും സാധാരണക്കാരുടെയും നിലവിളികൾ നമ്മുടെ കാതിൽ വന്നലയ്ക്കുന്നുണ്ട്.
നോട്ടുനിരോധനം സംബന്ധിച്ച വിധിയെ പരിഹാസ്യമാക്കുന്ന, ഇത്രമേൽ ജീവിക്കുകയും അനുഭവിക്കുകയും ചെയ്യുന്ന എന്തെന്ത് വസ്തുതകളാണ് നമുക്ക് മുന്നിൽ ഉയർന്നു നില്ക്കുന്നത്. ഒരു കോടതി വിധിക്കും മായ്ചുകളയാനാകാത്തതുമാണ് അവ.

TOP NEWS

November 14, 2024
November 14, 2024
November 14, 2024
November 14, 2024
November 14, 2024
November 14, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.