15 November 2024, Friday
KSFE Galaxy Chits Banner 2

ആവർത്തിക്കുന്ന ക്രമക്കേടുകൾ

അബ്ദുൾ ഗഫൂർ
വിശ്വാസ്യത നഷ്ടപ്പെടുന്ന പരീക്ഷകൾ — 2
June 28, 2024 4:30 am

2018ൽ സ്റ്റാഫ് സെലക്ഷൻ കമ്മിഷൻ (എസ്എസ്‌സി) നടത്തിയ സംയോജിത ബിരുദതല (സിജിഎൽ) പരീക്ഷയിൽ ക്രമക്കേടുണ്ടെന്ന ആരോപണം ഉയർന്നു. സാങ്കേതിക തകരാറുകളും ചോദ്യപ്പേപ്പർ ചോർച്ചയും ഉൾപ്പെടെ അപാകതകൾ നടന്നതായാണ് ആരോപണമുയർന്നത്. ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് (എയിംസ്) 3,055 നഴ്സിങ് ഓഫിസർമാരെ തിരഞ്ഞെടുക്കുന്നതിനായി 2023 ജൂണിൽ നടത്താൻ തീരുമാനിച്ച പരീക്ഷയുടെ ചോദ്യപ്പേപ്പറുകൾ സമൂഹമാധ്യമങ്ങളിലൂടെ ചോർന്നതും വലിയ വിവാദമുണ്ടാക്കി. പരീക്ഷാ ദിവസം, ചോദ്യക്കടലാസിന്റെ സ്ക്രീൻഷോട്ടുകൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയായിരുന്നു. സിബിഐ അന്വേഷണം ഏറ്റെടുത്ത ഈ കേസിൽ മുഖ്യസൂത്രധാരനെ അറസ്റ്റ് ചെയ്തു.

ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ (ഐഐടി) ബിരുദ പ്രോഗ്രാമുകളിലേക്കുള്ള പ്രവേശനത്തിനായി വർഷം തോറും നടത്തുന്ന ഐഐടി-ജിഇഇ (ഐഐടി-സംയോജിത പ്രവേശന പരീക്ഷ) യുടെ 2021ലെ പരീക്ഷാ ചോദ്യപ്പേപ്പർ ചോർന്നതില്‍ ചില വിദേശ പൗരന്മാർ ഉൾപ്പെട്ടിരുന്നതായും കണ്ടെത്തിയിരുന്നുവെന്ന് ഓൺലൈൻ മാധ്യമമായ മണികൺട്രോൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 2022ലാണ് രാജസ്ഥാനിൽ പരീക്ഷ തുടങ്ങുന്നതിന് മണിക്കൂറുകൾ മാത്രം ശേഷിക്കെ ചോദ്യപ്പേപ്പർ ചോർന്നെന്നാരോപിച്ച് 44 പേരെ അറസ്റ്റ് ചെയ്യുകയും തുടർന്ന് രാജസ്ഥാനിലെ അധ്യാപക നിയമനത്തിനുള്ള പൊതുവിജ്ഞാന പരീക്ഷ റദ്ദാക്കുകയും ചെയ്തത്. രാജസ്ഥാൻ പബ്ലിക് സർവീസ് കമ്മിഷൻ (ആർപിഎസ്‌സി) നടത്തിയ പരീക്ഷയുടെ ചോദ്യാവലി ചോർത്തി നൽകിയതിന് ഓരോ ഉദ്യോഗാർത്ഥികളിൽ നിന്നും സംഘം 10 ലക്ഷം രൂപ കൈപ്പറ്റിയെന്നാണ് പൊലീസ് പറഞ്ഞിരുന്നത്. ഇത് കുറഞ്ഞകാലയളവിനിടെ നടന്ന ഒമ്പതാമത്തെ സംഭവമാണെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

2022 ഫെബ്രുവരിയിൽ അധ്യാപകർക്കുള്ള യോഗ്യതാ നിർണയം, മേയ് 16ന് പൊലീസ് കോൺസ്റ്റബിൾ നിയമനം എന്നിവയ്ക്കുള്ള പരീക്ഷയുടെ ചോദ്യാവലി ചോർന്നതിനെത്തുടർന്ന് റദ്ദാക്കേണ്ടി വന്നിരുന്നു. കോൺഗ്രസായിരുന്നു സംസ്ഥാനം ഭരിച്ചിരുന്നത് എന്നതിനാൽ പ്രതിപക്ഷമായ ബിജെപി വലിയ പ്രതിരോധവും പ്രതിഷേധവുമാണ് അക്കാലത്ത് സൃഷ്ടിച്ചത്.
2022 ഫെബ്രുവരിയിൽ പൊതുജോലികൾക്കായുള്ള സൈനികരെ തിരഞ്ഞെടുക്കുന്നതിനായി ദേശീയതലത്തിൽ നടക്കേണ്ടിയിരുന്ന പൊതുപരീക്ഷ (സിഇഇ) റദ്ദാക്കേണ്ടിവന്നതും ചോദ്യപ്പേപ്പർ ചോർച്ചയെ തുടർന്നായിരുന്നു. ഇന്ത്യയിലുടനീളമുള്ള 40 പരീക്ഷാ കേന്ദ്രങ്ങളിലായാണ് പരീക്ഷ നടക്കേണ്ടിയിരുന്നത്. 30,000 ത്തോളം ഉദ്യോഗാർത്ഥികൾ അതിൽ പങ്കെടുക്കേണ്ടതായിരുന്നു.


 ഇതുകൂടി വായിക്കൂ: സുപ്രീം കോടതി റദ്ദാക്കിയ അഴിമതി ബോണ്ട് വീണ്ടും


സൈന്യത്തിന്റെ രഹസ്യാന്വേഷണ വിഭാഗത്തിന് പേപ്പർ ചോർച്ചയെക്കുറിച്ച് സൂചന ലഭിച്ചതിനെത്തുടർന്നാണ് പരീക്ഷ റദ്ദാക്കിയത്. പൂനെ പൊലീസിന്റെ സഹായത്തോടെ സൈന്യത്തിന്റെ വിജിലൻസ് വിഭാഗം നടത്തിയ സംയുക്താന്വേഷണത്തിൽ ചോർന്ന ചോദ്യപ്പേപ്പറുകൾ പിടിച്ചെടുത്തു. ഇത് യഥാർത്ഥ ചോദ്യപ്പേപ്പറുമായി 100 ശതമാനം പൊരുത്തപ്പെടുന്നതായി കണ്ടെത്തിയതിനെത്തുടർന്ന് മുഴുവൻ പരീക്ഷാപ്രക്രിയയും റദ്ദാക്കി. അന്വേഷണത്തിന്റെ ഭാഗമായി ഒരു ലെഫ്റ്റനന്റ് കേണൽ, മേജർ റാങ്കിലുള്ള രണ്ട് ഉദ്യോഗസ്ഥർ, ഒരു സൈനികൻ, നാല് മുൻ സൈനികർ, ഉള്‍പ്പെടെയുള്ളവരെ പൊലീസ് അറസ്റ്റ് ചെയ്തു. ഇതുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ മധ്യപ്രദേശ്, ഝാർഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങളിലേക്ക് കൂടി വ്യാപിച്ചുകിടക്കുന്ന റെയിൽവേ ഉദ്യോഗത്തട്ടിപ്പ് സംഘത്തെക്കുറിച്ചുള്ള വിവരങ്ങളും ലഭിച്ചിരുന്നു. മധ്യപ്രദേശിൽ നിന്നുള്ള മുഖ്യസൂത്രധാരൻ ഉൾപ്പെടെ 13 പേർക്കെതിരെ കേസെടുത്തു.
സൈന്യത്തിലേക്കും റെയിൽവേയിലേക്കും ജോലി നൽകാമെന്ന് പറഞ്ഞ് പരീശീലനം നൽകുന്ന ചില സ്ഥാപനങ്ങളെക്കുറിച്ചും വിവരങ്ങൾ ലഭിക്കുകയും പരിശോധന നടത്തി കണ്ടെത്തുകയും ചെയ്തിരുന്നു. ആറ് മുതൽ 10 ലക്ഷം രൂപ വരെയാണ് ഉദ്യോഗാർത്ഥികളിൽ നിന്ന് പ്രതിഫലമായി ഈടാക്കിയിരുന്നതെന്നും കണ്ടെത്തുകയുണ്ടായി. ഇതേവർഷം മഹാരാഷ്ട്ര ഹൗസിങ് ആന്റ് ഏരിയ ഡെവലപ്മെന്റ് അതോറിട്ടി നിയമന പരീക്ഷ ഡിസംബർ 12ന് നടക്കാനിരിക്കെ 10ന് ചോദ്യക്കടലാസ് ചോർച്ച കണ്ടെത്തുകയും പരീക്ഷ റദ്ദാക്കുകയും ചെയ്തു. 2018ലെയും അധ്യാപക യോഗ്യതാ പരീക്ഷയുടെ (ടിഇടി) മാർക്കിൽ കൃത്രിമം കാണിച്ച് വൻ അഴിമതി നടന്നതായും അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. ആരോഗ്യവകുപ്പിലെ ഗ്രൂപ്പ് ഡി ജീവനക്കാരുടെ നിയമന നടപടികളിലെ ചോർച്ചയെക്കുറിച്ച് പരാതി ഉയർന്നതിനെ തുടർന്ന് സൈബർ സെൽ നടത്തിയ അന്വേഷണത്തില്‍ വകുപ്പിലെ നിരവധി ഉന്നത ഉദ്യോഗസ്ഥരും അറസ്റ്റിലാവുകയുണ്ടായി.
ഈ വർഷം ജനുവരി 30നാണ് സിബിഐ പ്രത്യേക കോടതി മുൻ റെയിൽവേ റിക്രൂട്ട്മെന്റ് ബോർഡ് (ആർആർബി) ചെയർമാൻ സതേന്ദ്ര മോഹൻ ശർമ്മയെയും മറ്റ് ഒമ്പത് പേരെയും അഞ്ച് വർഷത്തെ കഠിന തടവിന് ശിക്ഷിച്ചത്. 2010ലെ പരീക്ഷപ്പേപ്പർ ചോർച്ച കേസിലായിരുന്നു ഈ ശിക്ഷാവിധി. ബിഹാറിലെ പൊലീസ് കോൺസ്റ്റബിൾ നിയമന പരീക്ഷ (18 ലക്ഷം അപേക്ഷകർ), രാജസ്ഥാനിലെ അധ്യാപക യോഗ്യതാ പരീക്ഷ എന്നിങ്ങനെ കഴിഞ്ഞ അഞ്ച് വർഷത്തിനിടെ കുറഞ്ഞത് 15 സംസ്ഥാനങ്ങളിൽ ചോദ്യപ്പേപ്പർ ചോർച്ച കണ്ടെത്തിയതായി ഇന്ത്യ ടുഡെ കഴിഞ്ഞ ജനുവരിയിൽ റിപ്പോര്‍ട്ട് ചെയ്തിരുന്നു. 10 ദശലക്ഷത്തിലധികം തൊഴിൽ ഉദ്യോഗാർത്ഥികളുടെ സാധ്യതകളെയാണ് ഈ പരീക്ഷകൾ ബാധിച്ചത്.


 ഇതുകൂടി വായിക്കൂ: തെരഞ്ഞെടുപ്പ് ചെലവും അഴിമതി സൂചികയും


ഈ വർഷം ഫെബ്രുവരിയിലാണ് ഉത്തർപ്രദേശ് രാഷ്ട്രീയത്തെ പിടിച്ചുലച്ച ചോദ്യക്കടലാസ് ചോർച്ചാ വിവാദമുയർന്നത്. ഫെബ്രുവരി 17, 18 തീയതികളിൽ നടന്ന പൊലീസ് കോൺസ്റ്റബിൾ നിയമന പരീക്ഷയാണ് ആരോപണത്തെ തുടർന്ന് റദ്ദാക്കിയത്. ആറ് മാസത്തിനുള്ളിൽ വീണ്ടും പരീക്ഷ നടത്താനും ഉത്തരവിട്ടു. സംസ്ഥാനത്തൊട്ടാകെ വിവിധ കേന്ദ്രങ്ങളിൽ നടത്തിയ പരീക്ഷയിൽ 48 ലക്ഷത്തിലധികം ഉദ്യോഗാർത്ഥികൾ പങ്കെടുത്തിരുന്നു. ക്രമക്കേടുകൾ കണ്ടെത്തിയതിനെത്തുടർന്ന് നടന്ന അന്വേഷണത്തിൽ 240ലധികം പേരെയാണ് അറസ്റ്റ് ചെയ്തത്. അറസ്റ്റിലായവരിൽ യുപിക്ക് പുറമേ ഡൽഹി, ഹരിയാന, ഗുജറാത്ത് സംസ്ഥാനങ്ങളിലുള്ളവരും ഉൾപ്പെട്ടിരുന്നു. ഹരിയാനയിലെ ഒരു റിസോർട്ട് കേന്ദ്രീകരിച്ച് നടന്ന കൂടിക്കാഴ്ചകൾ, ഇടപാടുകൾ എന്നിവയും പുറത്തുവന്നു. ഓരോ വ്യക്തിയും ഏഴ് ലക്ഷം രൂപ നൽകിയതായും പൊലീസ് വെളിപ്പെടുത്തിയിരുന്നു.
ബിഹാർ പബ്ലിക് സർവീസ് കമ്മിഷൻ (ബിപിഎസ്‌സി) നടത്തിയ അധ്യാപക നിയമനപരീക്ഷയുടെ മൂന്നാംഘട്ടവും ക്രമക്കേടുകളെ തുടർന്ന് റദ്ദാക്കി. ഈ വർഷം മാർച്ചിലായിരുന്നു ഇത്. പരീക്ഷ നടക്കുന്നതിന് ഒരു ദിവസം മുമ്പേ ചോദ്യക്കടലാസുകളുടെ മാതൃകകൾ സംഘടിത സംഘത്തിന്റെ കയ്യിൽ എത്തിയതായും വില്പന നടത്തിയതായും കണ്ടെത്തിയാണ് റദ്ദാക്കൽ നടപടിയുണ്ടായത്.

പശ്ചിമ ബംഗാളിൽ സ്കൂൾ സർവീസ് കമ്മിഷൻ (എസ്എസ്‌സി) നടത്തിയ നിയമന പരീക്ഷയും നിയമനവും സമീപകാല ഇന്ത്യൻ രാഷ്ട്രീയത്തിലെ വൻ വിവാദത്തിന് വഴിവച്ച സംഭവമാണ്. 2016ൽ നടന്ന പരീക്ഷയും പിന്നീട് നടത്തിയ നിയമനങ്ങളും വിവാദത്തിനിടയായത് സപ്രീം കോടതി തടഞ്ഞപ്പോഴാണ്. 24,640 ഒഴിവുള്ള തസ്തികകളിലേക്ക് 23 ലക്ഷത്തിലധികം ഉദ്യോഗാർത്ഥികൾ 2016ലെ വിവിധ ഘട്ട പരീക്ഷകളിൽ പങ്കെടുത്തിരുന്നു. റാങ്ക് ലിസ്റ്റിൽ ക്രമക്കേടും നിയമവിരുദ്ധ നിയമനവും ആരോപിച്ച് നടന്ന നിയമ പോരാട്ടങ്ങളെത്തുടർന്ന് കോടതിയുടെ നിർദേശാനുസരണം നടത്തിയ അന്വേഷണങ്ങളിലൂടെയാണ് അഴിമതി പുറത്തായത്. എന്നാൽ ഈ അഴിമതിയെ കേന്ദ്രത്തിൽ പ്രതിപക്ഷ കക്ഷിയും ബംഗാളിലെ ഭരണകക്ഷിയുമായ ടിഎംസിക്കെതിരായ രാഷ്ട്രീയ ആയുധമായാണ് ബിജെപി ഉപയോഗിച്ചത്. ക്രമക്കേട് ആരോപണത്തിന്റെ പേരിൽ ഇഡി, സിബിഐ തുടങ്ങിയ ഏജൻസികളെ ഉപയോഗിച്ചുള്ള വേട്ട തുടരുകയുമാണ്.
(അവസാനിക്കുന്നില്ല)

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.