26 April 2024, Friday

ശ്രീലങ്കൻ പ്രസിഡന്റായി റെനിൽ വിക്രമസിംഗെ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും

Janayugom Webdesk
July 21, 2022 8:28 am

ശ്രീലങ്കയുടെ എട്ടാമത് പ്രസിഡന്റായി റെനിൽ വിക്രമസിംഗെ ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേൽക്കും. അധികാരമേറ്റശേഷം രാജ്യത്തെ പ്രതിസന്ധി പരിഹരിക്കാനുള്ള പദ്ധതികൾ വിക്രമസിംഗെ പ്രഖ്യാപിച്ചേക്കുമെന്നാണ് സൂചന.

അതേസമയം, വിക്രമസിംഗെയ്ക്കെതിരെ ശക്തമായ പ്രതിഷേധത്തിലേക്ക് കടക്കാനാണ് പ്രക്ഷോഭകാരികളുടെ തീരുമാനം. പ്രതിഷേധക്കാർക്കെതിരെ കടുത്ത നടപടിക്കും സാധ്യതയുണ്ട്.

കടുത്ത സാമ്പത്തിക പ്രതിസന്ധിയും രാഷ്ട്രീയ അരക്ഷിതാവസ്ഥയും ജനകീയ പ്രക്ഷോഭവും തുടരുന്നതിനിടെയാണ് ശ്രീലങ്കന്‍ പ്രധാനമന്ത്രിയായിരുന്ന വിക്രമസിംഗെയെ പ്രസിഡന്റായി തെരഞ്ഞെടുത്തിരിക്കുന്നത്.

ജനകീയ പ്രക്ഷോഭത്തെ തുടര്‍ന്ന് പ്രസിഡന്റായിരുന്ന ഗോതബയ രാജപക്സെ രാജിവച്ച് രാജ്യം വിട്ടതിന് പിന്നാലെ ആക്ടിങ് പ്രസിഡന്റായി ചുമതല വഹിക്കുകയായിരുന്നു യുഎൻപി നേതാവായ റെനിൽ വിക്രമസിംഗെ. ശ്രീലങ്ക പൊതുജന പെരുമനയുടെ വിഘടിത വിഭാഗം നേതാവ് ഡള്ളസ് അലഹപ്പെരുമയെയാണ് വിക്രമസിംഗെ പരാജയപ്പെടുത്തിയത്.

225 അംഗ പാർലമെന്റിൽ 223 പേരാണ് വോട്ടു രേഖപ്പെടുത്തിയത്. 134 വോട്ടുകൾ റെനിൽ നേടിയപ്പോൾ അലഹപ്പെരുമയ്ക്ക് 82 വോട്ടു ലഭിച്ചു. മത്സരരംഗത്തുണ്ടായിരുന്നു ജനത വിമുക്തി പെരുമന നേതാവ് അനുര കുമാര ദിസനായകെയ്ക്കു മൂന്നു വോട്ട് മാത്രമാണ് ലഭിച്ചത്. നാല് വോട്ടുകൾ അസാധുവായി.

റെനില്‍ വിക്രമസിംഗെയെ പുറത്താക്കുന്നതുവരെ പ്രക്ഷോഭം ശക്തിപ്പെടുത്താനാണ് ജനങ്ങളുടെ തീരുമാനം.

Eng­lish summary;Renil Wick­remesinghe will be sworn in as the Pres­i­dent of Sri Lan­ka today

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.